സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 31-ാമത് ഇന്റർ- സ്കൂൾ ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അസി. പ്രൊഫ. ലിജു അലക്സ് ക്വിസ് മാസ്റ്ററായി മത്സരങ്ങൾക്ക് നേതൃത്വം നൽകി.

വിവിധ സ്കൂളുകളിൽ നിന്നുള്ള മുപ്പത്തെട്ടോളം ടീമുകൾ മാറ്റുരച്ചു.

ആവേശകരമായ മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനവും, തൃശൂർ നിർമലമാതാ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സമ്മാനമായി 3000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും ക്യാഷ് പ്രൈസായി നൽകി.

വിജയികൾക്കുള്ള ക്യാഷ് പ്രൈസും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും ക്വിസ് മാസ്റ്റർ ലിജു അലക്സും ചേർന്ന് വിതരണം ചെയ്തു.

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം ; ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ തന്നെ ഉൾപ്പെടുത്തണമെന്ന് റെയിൽവേ സ്റ്റേഷൻ വികസനസമിതി

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തി പൂർവസ്ഥിതിയിലാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

മുകുന്ദപുരം താലൂക്കിൽനിന്ന് ആളൂർ പഞ്ചായത്ത് വേർതിരിക്കപ്പെട്ടത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്ന അവസ്ഥയാണുള്ളത്‌.

നിലവിൽ ചാലക്കുടി താലൂക്കിലാണ് ആളൂർ പഞ്ചായത്ത് ഉൾപ്പെടുന്നത്. അതിനാൽ തന്നെ താലൂക്ക് പരിധിയിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും ഉൾപ്പെടും. അത് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

മുകുന്ദപുരം താലൂക്കിൽ ആളൂർ പഞ്ചായത്തുൾപ്പെടുത്തി പൂർവസ്ഥിതിയിലാക്കിയാൽ റെയിൽവേ സ്റ്റേഷന്റെ വികസനത്തിൽ അധികാരികൾക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയുമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡന്റ്‌ വർഗ്ഗീസ് പന്തലൂക്കാരൻ, ഡേവിസ് ഇടപ്പിള്ളി, അഡ്വ. കെ.എഫ്. ജോസ്, ഡേവിസ് തുളുവത്ത്, സോമൻ ശാരദാലയം, ജോസ് കുഴിവേലി, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.

“ഒന്നിച്ചോണം പൊന്നോണം” : ഇരിങ്ങാലക്കുടയിലെ  ഓണാഘോഷം ഇത്തവണ താരപ്രഭയിൽ : സംഘാടകസമിതി യോഗം 12ന്

ഇരിങ്ങാലക്കുട : ഐസിഎൽ “ഒന്നിച്ചോണം പൊന്നോണം” പരിപാടിയുടെ ഭാഗമായി വിപുലമായ സംഘാടക സമിതിയോഗം ആഗസ്റ്റ് 12ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കും.

കഴിഞ്ഞ വർഷം ഐസിഎൽ ഫിൻകോർപ്പിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണാഘോഷ പരിപാടിയായ “ഒന്നിച്ചോണം പൊന്നോണം” ജനമനസുകൾ കീഴടക്കിയിരുന്നു. ഇതിന് തുടർച്ചായി ഇത്തവണ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നത്. പുലിക്കളി, കുമ്മാട്ടി, തെയ്യം, തിറ, തിരുവാതിരക്കളി, കഥകളി തുടങ്ങി കേരള തനിമയുള്ള കലാരൂപങ്ങളെല്ലാം അണിനിരത്തി അതിഗംഭീര ഘോഷയാത്രയാണ് ഒരുക്കുന്നത്.

കൂടാതെ ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. സ്‌കൂളുകൾ, കോളെജുകൾ എന്നിവ കേന്ദ്രീകരിച്ച് മത്സരങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

2000ൽ അധികം പേർ ഉൾക്കൊള്ളുന്ന വിപുലമായ സംഘാടകസമിതിക്ക് ഇതിനകം രൂപം നൽകിയിട്ടുണ്ട്.

പരിപാടിയുടെ തുടർച്ചയായി ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ നിരവധി സിനിമാതാരങ്ങൾ അണിനിരക്കുന്ന ബിഗ് സ്‌ക്രീൻ അവാർഡ് ഷോയും മെഗാ മ്യൂസിക്ക് ഡാൻസ് ഷോയും അരങ്ങേറും.

മഹാഘോഷയാത്രയുടെയും ആഘോഷ പരിപാടികളുടെയും സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനായി ചേരുന്ന സംഘാടക സമിതി യോഗത്തിലേക്ക് കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പൊതുജനങ്ങളെയും സ്വാഗതം  ചെയ്യുന്നതായി ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ. കെ.ജി. അനിൽകുമാർ അറിയിച്ചു.

വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്തക ചർച്ച

ഇരിങ്ങാലക്കുട : വീട്ടിലെ ലൈബ്രറി നടത്തിവരുന്ന പ്രതിമാസ പുസ്‌തകചർച്ച പ്രശസ്‌ത നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.

വായനയും സാഹിത്യവും ചർച്ചകളും നാടിൻ്റെ സാംസ്‌കാരികമായ പുരോഗമനത്തിന് അനിവാര്യമാണ്. അതിന് ഏറെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് വീട്ടിലെ ലൈബ്രറി സമൂഹത്തിന് മാതൃകയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.

റഷീദ് കാറളം അധ്യക്ഷത വഹിച്ചു.

സുജാത സോമൻ്റെ “ഒറോതയുടെ കിണർ” എന്ന ചെറുകഥാ സമാഹാരം പി.ബി. അസീന അവതരിപ്പിച്ചു.

മിനി രാജേഷിൻ്റെ “ഇടിയൻ മാണിക്യൻ” എന്ന ബാലസാഹിത്യം സി. ഡോ. റോസ് ആൻ്റോ അവതരിപ്പിച്ചു.

കൃഷ്ണകുമാർ മാപ്രാണം, തുളസി മതിലകം, ലാൽ, സുജാത സോമൻ, മിനി രാജേഷ് എന്നിവർ പ്രസംഗിച്ചു.

കെ.എൻ. രാമൻ മാഷ് സ്വാഗതവും പി. ഗോപിനാഥ് നന്ദിയും പറഞ്ഞു.

റോഡുകൾ സഞ്ചാരയോഗ്യമാക്കണം ; പ്രതിഷേധ സമരവുമായി ബിജെപി

ഇരിങ്ങാലക്കുട : ബിജെപി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി 51-ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയും വെള്ളക്കെട്ടും പരിഹരിച്ച് റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി.

കിംഗ് കോർണർ കിഴുത്താണി ലിങ്ക് റോഡിലെ വെള്ളക്കെട്ടും ശോചനീയാവസ്ഥയും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

സമരം ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡന്റ് പ്രദീപ് അധ്യക്ഷത വഹിച്ചു.

ബൂത്ത് ഇൻ ചാർജ്ജ് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് ലീന ഗിരീഷ്, ജില്ല ജനറൽ സെക്രട്ടറി സിന്ധു സതീഷ്, അജു, മഹേഷ്, ജനീഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ; ഇരിങ്ങാലക്കുടയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് യൂത്ത് കോൺഗ്രസ്

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ആചരിച്ചു.

ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ വച്ചു നടന്ന പരിപാടിയിൽ നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ പതാക ഉയർത്തി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.

മുൻ നിയോജകമണ്ഡലം പ്രസിഡന്റ് സുബീഷ് കാക്കനാടൻ, ടൗൺ മുൻ മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ, നിയോജകമണ്ഡലം ഭാരവാഹികളായ എബിൻ ജോൺ, വിനു ആന്റണി, അഡ്വ. ഗോകുൽ ശർമ്മ, അജയ് മേനോൻ, എൻ.ഒ. ഷാർവി, അനന്തകൃഷ്ണൻ, ആൽബർട്ട് കാനംകുടം, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ഫെസ്റ്റിൻ ഔസേഫ്, ജില്ലാ ഭാരവാഹി ഗിഫ്റ്റ്സൺ ബിജു, മണ്ഡലം പ്രസിഡൻ്റുമാരായ ജോമോൻ മണാത്ത്, ശരത്ദാസ്, ഷാൽബിൻ പെരേര എന്നിവർ പ്രസംഗിച്ചു.

തിരനോട്ടത്തിന്റെ “അരങ്ങി”ന് സാംസ്കാരികപ്പൊലിമയോടെ സമാപനം

ഇരിങ്ങാലക്കുട : ദുബായ് ആസ്ഥാനമായുളള “തിരനോട്ടം” എന്ന കലാസംഘടനയുടെ ആഭിമുഖ്യത്തിൽ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ സംഘാടനത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച “അരങ്ങിന്” സാംസ്കാരികപ്പൊലിമയോടെ സമാപനം കുറിച്ചു.

2007ലെ ആദ്യ ഉത്സവത്തിൽ പങ്കെടുത്ത പ്രശസ്ത കഥകളി വേഷകലാകാരൻ കലാനിലയം ഗോപാലകൃഷ്ണനെയും, അണിയറ കലാകാരൻ ചേർത്തല പ്രശാന്തിനെയും ‘ഗുരുദക്ഷിണ’ നൽകി ആദരിച്ചു. 

ശേഷം കലാമണ്ഡലം സംഗീത പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി അരങ്ങേറി.

സംസ്കൃത നാടകവേദിയിലെ ഏറ്റവും പ്രശസ്തമായ പ്രഹസനം (ഹാസ്യനാടകം) ‘ഭഗവദജ്ജുകം’ കൂടിയാട്ടാവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. 

അന്ധമായ ആചാരങ്ങളെയും പൊള്ളയായ തത്ത്വചിന്തകളെയും പരിഹസിക്കുന്ന ശക്തമായ സാമൂഹിക വിമർശനമായി ഈ കൂടിയാട്ടത്തെ സംവിധാനം ചെയ്ത് രംഗത്തെത്തിച്ചത് യശശ്ശരീരനായ പൈങ്കുളം രാമചാക്യാരാണ്. ഈ രംഗാവതരണത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ കേരള കലാമണ്ഡലമാണ് ‘അരങ്ങി’ന്റെ വേദിയിൽ എത്തിയത്.

നിഴൽക്കുത്ത് ആട്ടക്കഥയുടെ രംഗാവതരണം 100 വർഷം പൂർത്തിയായതിന്റെ ഭാഗമായി പ്രശസ്തരായ കലാകാരന്മാർ അണിനിരന്ന ‘നിഴൽക്കുത്ത്’ കഥകളിയും അരങ്ങേറി.

മണ്ണാത്തിക്കുളം റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം പ്രസിഡൻ്റ് എ.സി. സുരേഷിൻ്റെ അധ്യക്ഷതയിൽ നടന്നു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവർക്കും വിവിധ രംഗങ്ങളിൽ ഉന്നത വിജയം നേടിയവർക്കും ഉപഹാരം നൽകി അനുമോദിച്ചു.

വി. ശിവശങ്കരൻ, എം. രവീന്ദ്രനാഥൻ, നന്ദൻ അമ്പാടി, സുനിത പരമേശ്വരൻ, ദുർഗ്ഗ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

നന്ദൻ അമ്പാടി (പ്രസിഡൻ്റ്), ജയന്തി വേണുഗോപാൽ (വൈസ് പ്രസിഡൻ്റ്), എ.സി. സുരേഷ് (സെക്രട്ടറി), എം. വിവേക് (ജോയിൻ്റ് സെക്രട്ടറി), എ.സി. രമാദേവി (ട്രഷറർ), രൂപക്, സുശീല മേനോൻ, അജിത തങ്കപ്പൻ, മണി പള്ളിപ്പാട്ട് (കമ്മറ്റി അംഗങ്ങൾ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി വേളൂക്കര, തൃപ്പയ്യ ക്ഷേത്ര ക്ഷേമസമിതി, ലയൺസ് ക്ലബ് കൊമ്പൊടിഞ്ഞാമക്കൽ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ
സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് നടവരമ്പ് തൃപ്പയ്യാ ക്ഷേത്ര ക്ഷേമസമിതി ഹാളിൽ വച്ച് നടത്തി.

വേളൂക്കര സേവാഭാരതി പ്രസിഡൻ്റ് രാജേന്ദ്രവർമ്മ അധ്യക്ഷത വഹിച്ചു.

ക്ഷേത്ര ക്ഷേമ സമിതി പ്രസിഡൻ്റ് പി. രാധാകൃഷ്ണൻ ക്യാമ്പിന് തിരി തെളിയിച്ചു.

വേളൂക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.വി. അയ്യപ്പൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മെട്രോ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ്, അസ്ഥിരോഗ വിഭാഗം ഡോ. ജയകുമാർ, നേത്രരോഗവിഭാഗം ഡോ. സുജ ജോർജ്ജ് വളവി എന്നിവർ ആശംസകൾ അർപ്പിച്ചു.

ജില്ലാ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ക്യാമ്പിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിവരണം നൽകി.

പി.എൻ. ശ്രീരാമൻ നന്ദി പറഞ്ഞു.

അഖിലേന്ത്യ വ്യാപാരി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : അഖിലേന്ത്യ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റുമാരായ ടി.വി. ആന്റോ, മണി മേനോൻ, പി.വി. നോബിൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ സെക്രട്ടറി ഷൈജോ ജോസ് സ്വാഗതവും ട്രഷറർ വി.കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു.

ലിഷോൺ ജോസ്, ഡീൻ ഷാഹിദ്, തോമാസ് കാളിയങ്കര, ഫ്രാൻസൻ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.