അവിട്ടത്തൂർ ഉത്സവം : ഉത്സവബലിക്ക് വൻ ഭക്തജന തിരക്ക്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവമായ വ്യാഴാഴ്ച ഉത്സവബലിക്ക് കാണിക്കയിട്ട് മാതൃക്കൽ ദർശനത്തിന് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.

വെള്ളിയാഴ്ചയാണ് വലിയ വിളക്ക്. ഞായറാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.

ഇരിങ്ങാലക്കുടയിൽ ബസ്സ് ജീവനക്കാർ തമ്മിലുള്ള തർക്കം കൊലപാതക ശ്രമത്തിലേക്ക് : പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ബസ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പൂമംഗലം എടക്കുളത്തുകാരൻ സതീഷി(45)നെ ആക്രമിച്ച കേസിൽ തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി സുന്ദരപാണ്ഡ്യ(30)നെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 4ന് രാത്രി 10 മണിയോടെ ഇരിങ്ങാലക്കുട അവറാൻ പെട്രോൾ പമ്പിന് എതിർവശത്തുള്ള സ്റ്റാർ ബെൻസ് സ്പെയർ പാർട്സ് സ്ഥാപനത്തിന് മുൻവശത്ത് വെച്ചാണ് ആക്രമണം നടന്നത്.

തർക്കത്തിനിടെ “നീ” എന്നു വിളിച്ചതിന്റെ വിരോധത്തിൽ സുന്ദരപാണ്ഡ്യൻ സതീഷിനെ തള്ളിയിട്ട ശേഷം വാഹനത്തിന്റെ ബ്രേക്ക് ലൈനർ കൊണ്ട് തലയിലും മുഖത്തും അടിക്കുകയായിരുന്നു.

ആക്രമണത്തിനിടെ വീണ്ടും തലക്ക് അടിക്കാൻ ശ്രമിച്ചപ്പോൾ സതീഷ് കൈകൊണ്ട് തടഞ്ഞതിന് സുന്ദരപാണ്ഡ്യൻ സതീഷിന്റെ തള്ളവിരലിൽ കടിച്ച് പരിക്കേൽപ്പിച്ചു.

സുന്ദരപാണ്ഡ്യനെ ഇരിങ്ങാലക്കുട ജെ എഫ് സി എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് വിയ്യൂർ ജില്ലാ ജയിലിലാക്കി.

നിര്യാതനായി

ഷാബു

ഇരിങ്ങാലക്കുട : ചെമ്മണ്ട കുറുമ്പാടൻ വീട്ടിൽ പരേതനായ കുട്ടൻ മകൻ ഷാബു (53) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച (ഫെബ്രുവരി 7) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

അമ്മ : ശാരദ

ഭാര്യ : ദീപ്തി

മക്കൾ : ദിൽഷൻ, ദർശൻ

സഹോദരങ്ങൾ : കൃഷ്ണൻ, രാജൻ, ഷൈജു, സജീവൻ

വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ലയൺസ് ക്ലബ്ബ്

തൃശൂർ : ലയൺസ് ഇൻ്റർനാഷണലിൻ്റെ
റീഡിങ് ആക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി നൂറിലധികം പുസ്തകങ്ങൾ ഒല്ലൂർ ലയൺസ് ക്ലബ്ബ് വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

വൈസ് ഡിസ്ട്രക്റ്റ് ഗവർണർ ജയകൃഷ്ണനിൽ നിന്നും സൂപ്രണ്ട് കെ അനിൽകുമാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ഒല്ലൂർ ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ശങ്കരനാരായണൻ, കോർഡിനേറ്റർ രാധാകൃഷ്ണൻ
എന്നിവർ പങ്കെടുത്തു.

പുസ്തകത്തിനെ വെല്ലുന്ന ഒരു കറക്ഷണൽ ഉപായം ഇല്ല എന്നു സൂപ്രണ്ട് അഭിപ്രായപ്പെട്ടു.

വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറിയിൽ 18000 പുസ്തകങ്ങൾ ഉണ്ട്.

തടവുകാർ തന്നെ ലൈബ്രേറിയൻമാരായി പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിന്നും ദിനംപ്രതി നൂറിലധികം പേർ പുസ്തകങ്ങൾ വായിക്കാൻ എടുക്കുന്നുണ്ട്.

“ഗ്രാമജാലകം” പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് കഴിഞ്ഞ 28 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന
ഗ്രാമജാലകം പുതിയ ലക്കത്തിൻ്റെ പ്രകാശനം വികസന സെമിനാറിനോടനുബന്ധിച്ച്‌ പ്രകാശനം ചെയ്തു.

പുതിയ ലക്കത്തിലെ എഴുത്തുകാരായ ഇ ഡി അഗസ്റ്റിൻ, കെ എൻ ഹണി എന്നിവർക്ക് കോപ്പി നൽകി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രനാണ് പ്രകാശനം നിർവഹിച്ചത്.

പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു.

ഇതോടൊപ്പം ഡിജിറ്റൽ പതിപ്പും പുറത്തിറക്കി.

എഡിറ്റർ തുമ്പൂർ ലോഹിതാക്ഷൻ, വൈസ് പ്രസിഡന്റ് ജെൻസി ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഗാവരോഷ്, വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.

പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ കലാസാംസ്കാരിക സന്ധ്യ 8ന്

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ദേശാഭിമാനി കലാവേദിയുടെ കലാസാംസ്കാരിക സന്ധ്യയും പൊതു സമ്മേളനവും 8ന് വൈകീട്ട് 6 മണിക്ക് കണ്ടാരംതറ മൈതാനിയിൽ നടക്കും.

മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.

പ്രസിഡൻ്റ് വി സി പ്രഭാകരൻ അധ്യക്ഷത വഹിക്കും.

വൈകീട്ട് 5 മണി മുതൽ വിവിധ കലാപരിപാടികളും രാത്രി 9 മണിക്ക് “മക്കളറിയാൻ” നാടകവും അരങ്ങേറും.

പി എം ഷാഹുൽ ഹമീദ് അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : സാമൂഹ്യ- സാംസ്കാരിക – വിദ്യാഭ്യാസ- മാധ്യമ പ്രവർത്തകനും മികച്ച സംഘാടകനും, കേരള സിറ്റിസൺ ഫോറം സംസ്ഥാന പ്രസിഡന്റുമായിരുന്ന പി എം ഷാഹുൽ ഹമീദ് മാസ്റ്ററുടെ നാലാം ചരമവാർഷികം ആചരിച്ചു.

സിറ്റിസൺ ഫോറത്തിൻ്റെയും കർഷക മുന്നേറ്റത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോസ്മോസ് ക്ലബ്ബ് ഹാളിൽ നടന്ന അനുസ്മരണം ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു.

സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ഡോ മാർട്ടിൻ പി പോൾ അധ്യക്ഷത വഹിച്ചു.

വർഗ്ഗീസ് തൊടുപറമ്പിൽ, അച്യുതൻ മാസ്റ്റർ, കെ ഡി ജോയ്, പി എ അജയഘോഷ്, ബാലകൃഷ്ണൻ അഞ്ചത്ത്, എൻ കെ ജോസഫ്, സോമൻ ചിറ്റേത്ത്, വർഗ്ഗീസ് പന്തല്ലൂക്കാരൻ, എ സി സുരേഷ്, ഡേവീസ് തുളുവത്ത്, രാജ അൻവർഷ, പി എം മീരാസ, ഐ കെ ചന്ദ്രൻ, കെ കെ ബാബു, ഹസീന നിഷാബ്, കെ പി കുര്യൻ എന്നിവർ പ്രസംഗിച്ചു.

വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ദേശഗുരുതി തർപ്പണം നടത്തി

ഇരിങ്ങാലക്കുട : വെട്ടിക്കര നനദുർഗ്ഗ നവഗ്രഹ ക്ഷേത്രത്തിൽ ദേശഗുരുതി നടത്തി. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ഉഗ്രരൂപിയായ ഭദ്രകാളിയെ വാദ്യങ്ങളോടെ പുറത്തേക്ക് എഴുന്നള്ളിച്ചു ഗുരുതി കളത്തിലേക്ക് ആവാഹിച്ചതിനുശേഷം പുറംകളത്തിലാണ് ഗുരുതി തർപ്പണം നടത്തിയത്.

തന്ത്രി സനൂഷ് വിഷ്ണു നമ്പൂതിരി നേതൃത്വം നൽകി.

ഗുരുസ്വാമി വേലായുധൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സമാപ്തബലിയും നടന്നു.

നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ഗുരുതി നടന്നത്.

നടനകൈരളിയിൽ നവരസോത്സവം 7ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന 121-ാമത് നവരസ സാധന ശില്പശാലയുടെ സമാപനം ഫെബ്രുവരി 7ന് വൈകുന്നേരം 6 മണിക്ക് നവരസോത്സവമായി ആഘോഷിക്കും.

ഇന്ത്യയുടെ നാനാഭാഗത്തുനിന്നും എത്തിയിട്ടുള്ള പത്തൊമ്പത് നടീനടന്മാരും നർത്തകരും നവരസോത്സവത്തിൽ പങ്കെടുക്കും.

ഹിന്ദി ചലച്ചിത്ര വേദിയിൽ ശ്രദ്ധേയരായിക്കൊണ്ടിരിക്കുന്ന ഹീര സോഹൽ, ഹിത അരൻ എന്നീ നടിമാരും, ഐശ്വര്യ രാംനാഥ്, യാമിനി കല്ലൂരി, ദീപ്ത ശേഷാദ്രി എന്നീ നർത്തകരും പങ്കെടുക്കും.