ജീവനിയുടെ സൗജന്യ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ആയുർവേദത്തിന്റെ അനന്ത സാധ്യതകൾ സാധാരണക്കാർക്ക്‌ പ്രാപ്തമാക്കുന്നതിനുവേണ്ടിയുള്ള ജീവനിയുടെ ഉദ്യമത്തിൻ്റെ ഭാഗമായി തൃശൂർ തൈക്കാട്ട് മൂസ്‌ വക എസ്.എൻ.എ. ഔഷധശാലയുടെയും ജീവനിയുടെയും സംയുക്താഭിമുഖ്യത്തിൽ കർക്കടക ഔഷധ കഞ്ഞിക്കൂട്ട് വിതരണം ചെയ്തു.

വല്ലച്ചിറ, ചേർപ്പ്, പറപ്പൂക്കര എന്നീ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട 9 വാർഡുകളിലെ അർഹതയുള്ള 1000 കുടുംബങ്ങൾക്കാണ് കഞ്ഞിക്കൂട്ട് സൗജന്യമായി വിതരണം ചെയ്തത്.

ജീവനിയുടെ ഓഫീസ് അങ്കണത്തിൽ വെച്ച് നടന്ന യോഗം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രമ പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി.

ഔഷധ കഞ്ഞിക്കൂട്ടിന്റെ വിതരണോദ്ഘാടനവും എംഎൽഎ നിർവ്വഹിച്ചു.

ജീവനിയുടെ വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ജീവനിയുടെ മാനേജിംഗ് ട്രസ്റ്റി എം. രാജേന്ദ്രൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി സുനിൽ പി. മേനോൻ നന്ദിയും പറഞ്ഞു.

നിരഞ്ജന എസ്. മേനോൻ്റെയും വാണിലക്ഷ്മിയുടെയും പ്രാർത്ഥനയോടെയാണ് യോഗ നടപടികൾ ആരംഭിച്ചത്.

ജീവനിയുടെ സെക്രട്ടറി എ. പത്മനാഭൻ, ട്രഷറർ എം. സോമസുന്ദരൻ, ഭരണസമിതി അംഗം അഡ്വ. കെ. സുജേഷ്, വല്ലച്ചിറ പഞ്ചായത്ത് 6, 7, 8, 9, 10, വാർഡുകളിലെ മെമ്പർമാർ കെ.എസ്. സുജിത, സജിത ജിജേഷ്, വിശ്വൻ ചക്കോത്ത്, രശ്‌മി സുരേന്ദ്രൻ, സരോജിനി സുധാകരൻ, ചേർപ്പ് പഞ്ചായത്ത് 12-ാം വാർഡ് മെമ്പർ കെ.ആർ. സിദ്ധാർത്ഥൻ, പറപ്പൂക്കര പഞ്ചായത്ത് 1, 19 വാർഡുകളിലെ മെമ്പർമാർ ജീന സലീഷ്, ഫ്രാൻസീസ് പടിഞ്ഞാറെത്തല എന്നിവർ ആശംസകളർപ്പിച്ചു.

നവരയരി, ചെറുപുന്നയരി, കൊത്തമ്പാലയരി, കുടകപ്പാലരി, വിഴാലരി, കാർകോകിലരി, ഏലത്തരി, ജീരകം, മല്ലി, പെരുംജീരകം, ഉലുവ, ആശാളി, തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻ വേര്, ചുക്ക്, കൊടുവേലി, അയമോദകം, ഇന്തുപ്പ്, ചെറൂള, ദേവദാരം എന്നിവയുടെ കൂട്ടാണ് കർക്കടക ഔഷധക്കഞ്ഞി.

കെ.വി. അഷ്ടമൂർത്തി പ്രസിഡന്റും എ. പത്മനാഭൻ സെക്രട്ടറിയും എം. സോമസുന്ദരൻ ട്രഷററും എം. ചന്ദ്രശേഖരൻ വൈസ് പ്രസിഡന്റും സുനിൽ പി. മേനോൻ ജോ. സെക്രട്ടറിയും എം. രാജേന്ദ്രൻ മാനേജിംഗ് ട്രസ്റ്റിയുമായ ജീവനിയുടെ ഭരണസമിതിയാണ് കഞ്ഞിക്കൂട്ട് വിതരണം ചെയ്യുന്നതിന് നേതൃത്വം കൊടുത്തത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ആർ.പി.എഫ്. ഉദ്യോഗസ്ഥൻ കെ.വി. സന്തോഷിനെ ആദരിച്ചു

ഇരിങ്ങാലക്കുട : തൃശൂർ റെയിൽവേ സ്റ്റേഷനിൽ സമയോചിത ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ച ആർ.പി.എഫ്. ഉദ്യോഗസ്ഥൻ കെ.വി. സന്തോഷിനെ പതിയാംകുളങ്ങര യുവജന സംഘം അരിപ്പാലം ദേശ കമ്മിറ്റി ആദരിച്ചു.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രാക്കിലേക്ക് വീണ യുവതിയെ തന്റെ മനസ്സാന്നിധ്യം കൊണ്ട് സാഹസികമായാണ് സന്തോഷ് രക്ഷപ്പെടുത്തിയത്.

പതിയാംകുളങ്ങര യുവജന സംഘം അരിപ്പാലം ദേശ കമ്മിറ്റി അംഗങ്ങൾ കെ.വി. സന്തോഷിന്റെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ച് മൊമെൻ്റോ നൽകി ആദരിച്ചു.

നിര്യാതനായി

സുമൻ

ഇരിങ്ങാലക്കുട : അമരിപ്പാടം വയമ്പനാട്ട് ഉണ്ണികൃഷ്ണൻ (ഉണ്ണിയാശാൻ) മകൻ സുമൻ നിര്യാതനായി.

അമരിപ്പാടത്തിന് സമീപം കോലാഞ്ചിറ ബണ്ടിൽ മത്സ്യബന്ധനത്തിനിടെ തോട്ടിൽ വീണായിരുന്നു അപകടം നടന്നത്.

നിര്യാതയായി

ത്രേസ്യ

ഇരിങ്ങാലക്കുട : തുറവൻകാട് എൻഎസ്എസ് കരയോഗം ഹാളിനടുത്ത് ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരൻ വർഗ്ഗീസ് ഭാര്യ ത്രേസ്യ (61) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച (ആഗസ്റ്റ് 06) ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.

മക്കൾ : ക്ലിന്റൻ, ജാക്ലിൻ

മരുമകൻ : ഫ്രെഡിൻ ആലപ്പാട്ട്

നിർമ്മാണോദ്ഘാടനം കഴിഞ്ഞ് 8 മാസം : എങ്ങുമെത്താതെ മഹാത്മാഗാന്ധി പാർക്ക് : ഓണത്തിന് മുമ്പ് പണിതീർക്കുമെന്ന് കരാറുകാരൻ പറഞ്ഞതായി കൗൺസിലർ

ഇരിങ്ങാലക്കുട : നിർമ്മാണോദ്ഘാടനം കഴിഞ്ഞ് 8 മാസം പിന്നിട്ടിട്ടും മഹാത്മാഗാന്ധി പാർക്ക് നിർമ്മാണം എവിടെയും എത്താത്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കുന്നു.

കൗൺസിലർ സ്മിത കൃഷ്ണകുമാർ മുൻകൈയെടുത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രഫണ്ടായ 35 ലക്ഷം രൂപ ലഭ്യമാക്കിയാണ് പാർക്കിൻ്റെ നവീകരണം ആരംഭിച്ചത്.

42 സെൻ്റിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പാർക്കിൽ കുട്ടികൾക്കുള്ള പാർക്ക്, ഓപ്പൺ ജിം, ബാഡ്മിൻ്റൺ കോർട്ട് എന്നിവയാണ് ഒരുക്കുന്നത്.

എന്നാൽ ഇതുവരെ നടപ്പാതയുടെ കോൺക്രീറ്റിടൽ മാത്രമാണ് ചെയ്തിരിക്കുന്നത്. പാർക്കിന്റെ കവാടത്തിനായി പടുത്തുയർത്തിയ രണ്ട് കോൺക്രീറ്റ് തൂണുകളുടെ നിർമ്മാണവും പാതിയിലായി നിലച്ചിരിക്കുകയാണ്.

മാത്രമല്ല, നിർമ്മാണ പ്രവർത്തികൾ നടക്കാതായതോടെ പാർക്കിന്റെ പല ഭാഗങ്ങളും വീണ്ടും കാടുകയറി തുടങ്ങി.

നടപ്പാത കട്ട വിരിക്കൽ, ഫെൻസിംഗ്, കവാടം എന്നിവയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്തിരിക്കുന്ന കരാറുകാരൻ പൂർത്തിയാക്കേണ്ട പ്രവർത്തികൾ. ഇത് ജൂലൈ 31നുള്ളിൽ തീർക്കുമെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചിരുന്നു.

എന്നാൽ മഴ കാരണമാണ് നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാതെ വന്നതെന്നും ഓണത്തിന് മുൻപായി പ്രവർത്തികൾ പൂർത്തീകരിക്കുമെന്നുമാണ് കരാറുകാരൻ തന്നെ അറിയിച്ചിരിക്കുന്നത് എന്ന് കൗൺസിലർ സ്മിത കൃഷ്ണകുമാർ പറഞ്ഞു.

കരാറുകാരന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചതിനുശേഷം മാത്രമേ കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, ബാഡ്മിൻ്റൺ കോർട്ട് എന്നിവയുടെ നിർമ്മാണം നടത്താൻ കഴിയൂ.

കാറളം സർവീസ് സഹകരണ ബാങ്ക് നീതി സൂപ്പർമാർക്കറ്റിൽ തൊഴിലവസരം ; അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കാറളം സർവീസ് സഹകരണ ബാങ്കിൻ്റെ കിഴുത്താണി, കാറളം, താണിശ്ശേരി, വെള്ളാനി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന നീതി സൂപ്പർമാർക്കറ്റുകളിലേക്ക് വനിതകൾക്ക് തൊഴിലവസരം.

അപേക്ഷകൾ ബയോഡാറ്റ സഹിതം ആഗസ്റ്റ് 11ന് വൈകീട്ട് 5 മണിക്കുള്ളിൽ ബാങ്കിൻ്റെ കിഴുത്താണിയിലെ ഹെഡ് ഓഫീസിൽ ലഭിക്കണമെന്ന് പ്രസിഡൻ്റ് അറിയിച്ചു.

ഫെർട്ടിലൈസേഴ്സ് & പെസ്റ്റിസൈഡ്സ്, ഡീലേഴ്സ് അസോസിയേഷൻ പൊതുയോഗം

ഇരിങ്ങാലക്കുട : ജില്ലയിലെ അംഗങ്ങളുടെ വ്യാപാര ഉന്നതിക്കും ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി ഒന്നിച്ചു പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്സ് & പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷൻ്റെ പൊതുയോഗം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡൻ്റ് ശ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.

എ.ഐ.ഡി.എ.കെ. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.

എ.ഐ.ഡി.എ.കെ. സംസ്ഥാന ട്രഷറർ സുരേഷ്കുമാർ ആശംസകൾ നേർന്നു.

ജില്ലാ പ്രസിഡൻ്റായി ടി.കെ. സ്‌മിതേഷ് (കൃഷിമിത്ര ഫെർട്ടിലൈസേഴ്സ് & അഗ്രോ കെമിക്കൽസ് ഏനാമാക്കൽ), ജനറൽ സെക്രട്ടറിയായി സെബി പോൾ (കള്ളാപറമ്പിൽ ട്രേഡേഴ്‌സ്, മാപ്രാണം), ട്രഷററായി എം.ഒ. പോളി (ട്രേഡേഴ്സ് കുഴൂർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : വ്യാപാരി വ്യവസായി ഏകോപനസമിതി പുല്ലൂർ – അവിട്ടത്തൂർ – തൊമ്മാന യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്‌ഘാടനം ചെയ്തു.

പ്രസിഡന്റ് ബൈജു മൂക്കുളം അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗംങ്ങളായ കെ.കെ. സുരേഷ് ബാബു, ഷാരി വീനസ്, സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ജോയ് പള്ളിപ്പാട്ട്, ഡോണി പോൾ എന്നിവർ പ്രസംഗിച്ചു.