ദ്വിദിന സമ്പൂർണ രാമായണ പാരായണ സമർപ്പണം നടത്തി എൻഎസ്എസ് താലൂക്ക് യൂണിയൻ

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള ദ്വിദിന സമ്പൂർണ രാമായണ പാരായണ സമർപ്പണം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ. ഡി. ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്തു.

താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.

ഭരണസമിതി അംഗങ്ങളായ പി.ആർ. അജിത്കുമാർ, സുനിൽ കെ. മേനോൻ, സോമൻ മുത്രത്തിക്കര, രവി കണ്ണൂർ, കെ.ബി. ശ്രീധരൻ, പ്രതിനിധി സഭാംഗം സദാശിവൻ കുറുവത്ത്, താലൂക്ക് വനിതാ യൂണിയൻ പ്രസിഡൻ്റ് ജയശ്രീ അജയ്, വൈസ് പ്രസിഡൻ്റ് ചന്ദ്രമതി സുരേഷ്, കമ്മിറ്റി അംഗങ്ങളായ ജയന്തി രാഘവൻ, ശ്രീദേവി മേനോൻ, സ്മിത ജയകുമാർ, മായ നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാക്ഷേത്രത്തോട് ചേർന്നുള്ള എൻഎസ്എസ് ഹാളിലാണ് പാരായണത്തിന് വേദിയൊരുക്കിയത്.

മൊബൈൽ ഫോട്ടോഗ്രാഫി മത്സരവുമായി സംസ്കാരസാഹിതി

ഇരിങ്ങാലക്കുട : ആഗസ്റ്റ് 9ന് ആനന്ദപുരത്ത് വച്ച് നടക്കുന്ന “നാട്ടുത്സവം” കലാസാംസ്കാരിക പരിപാടിക്ക് മുന്നോടിയായി, സംസ്കാരസാഹിതി മുരിയാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

“സായംസന്ധ്യയിലെ ഗ്രാമഭംഗി” എന്ന വിഷയത്തിൽ സ്വന്തം മൊബൈലിൽ എടുത്ത ചിത്രങ്ങളാണ് അയക്കേണ്ടത്.

മത്സരാർത്ഥികൾ ഫോട്ടോ എടുത്ത സ്ഥലത്തിൻ്റെ ലൊക്കേഷൻ മാപ്പ് ഫോട്ടോയോടൊപ്പം അയക്കണം.

മികച്ച ചിത്രങ്ങൾക്ക് ഓഗസ്റ്റ് 9ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പുരസ്കാരങ്ങൾ ലഭിക്കും.

ആഗസ്റ്റ് 7നുള്ളിൽ 9846682931 എന്ന വാട്സ്ആപ്പ് നമ്പറിലേക്കാണ് ചിത്രങ്ങൾ അയക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്ക്: 9846682931 (വിബിൻ വെള്ളയത്ത്‌), 9946395214 (വി.കെ. മണി)

വി.കെ. ശ്രീധരന് സൗഹൃദം സാഹിത്യ പുരസ്കാരം

ഇരിങ്ങാലക്കുട : സൗഹൃദം ലിറ്റററി & കൾച്ചറൽ സൊസൈറ്റി മികച്ച സാഹിത്യകാരന്മാർക്ക് നൽകുന്ന സൗഹൃദം സാഹിത്യ അവാർഡിന് നാട്ടു വിജ്ഞാനത്തിൻ്റെയും ദേശചരിത്രത്തിൻ്റെയും പ്രയോക്താവും ഇരുപതോളം പുസ്തകങ്ങളുടെ കർത്താവുമായ വി.കെ. ശ്രീധരൻ (അണ്ണല്ലൂർ) അർഹനായി.

പ്രശസ്തി ഫലകവും ക്യാഷ് അവാർഡും ആഗസ്റ്റ് 2ന് രാവിലെ 10ന് വടക്കാഞ്ചേരി അമ്പിളി ഭവനിൽ നടത്തുന്ന സാഹിത്യ സമ്മേളനത്തിൽ ഡയറക്റ്റർ പ്രൊഫ. പുന്നക്കൽ നാരായണൻ സമ്മാനിക്കും.

സംസ്ഥാന സാക്ഷരത സമിതിയിൽ സബ് എഡിറ്ററായിരുന്നു വി.കെ. ശ്രീധരൻ. നവസാക്ഷര പുസ്തകങ്ങൾ, ആദിവാസി ഭാഷയിലുള്ള മലയാളം ലിങ്ക് പ്രൈമർ, കേരളത്തിലെ പട്ടിക വർഗ്ഗ പൈതൃകം ശേഖരിച്ച് തയ്യാറാക്കിയ ഗോത്ര സ്‌മൃതി തുടങ്ങിയവയുടെ പ്രസിദ്ധീകരണത്തിന് മുൻകൈയെടുത്തു.

സംഗീത നാടക അക്കാദമിയിൽ അസ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന കാലയളവിൽ കേളി മാസികയുടെ ഏകോപനത്തിൻ പ്രധാന പങ്കുവഹിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ നാട്ടറിവിൻ്റെ നിറവ്, പുഴക്കൽ ബ്ലോക്കിൻ്റെ പൊലിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ എഡിറ്റോറിയൽ ബോർഡ് മെമ്പറായിരുന്നു.

വാണിയംകുളം, തൃശൂർ കോർപ്പറേഷൻ ചരിത്ര രചനകളിൽ പങ്കാളിയായി.

അമ്മവഴികൾ, ശീലാന്തി, അതിരോലം, ആരാനുമല്ല കൂരാനുമല്ല, ന്യായാധിപൻ്റെ മകൻ, കുന്നുകൾ താണ്ടി, കുന്നിമണി തേടി എന്നിവയാണ് പ്രധാന രചനകൾ.

നാല് പതിറ്റാണ്ടായി നാട്ടറിവ് മേഖലയിൽ പ്രവർത്തിക്കുന്നു. കഴിഞ്ഞ 30 വർഷമായി തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിൻ്റെ നിർവ്വാഹക സമിതിയംഗമാണ്. കേന്ദ്രം പ്രസിദ്ധീകരിച്ച 20 നാട്ടറിവ് പഠന ഗ്രന്ഥങ്ങളുടെ എഡിറ്റോറിയൽ അംഗമായിരുന്നു. എഡിറ്റ് ചെയ്ത ‘കൃഷിയുടെ നാട്ടറിവുകൾ’ എന്ന പുസ്തകത്തിൻ്റെ ഏഴു പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് 2ന് ആനയൂട്ട്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ ആഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 8.30ന് ആനയൂട്ട് നടക്കും.

അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഭഗവതിസേവ, ശ്രീരാമ പൂജ എന്നിവയും ഉണ്ടായിരിക്കും.