ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുസമീപം റോഡരികിലെ മാവിൻ്റെ ശിഖരങ്ങൾ മുറിച്ചു: റോഡിൽ വീണ് കൂടുകൾ തകർന്ന് പക്ഷിക്കുഞ്ഞുങ്ങൾ ചത്തു

ഇരിങ്ങാലക്കുട : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനടുത്ത് പഴയ റെയിൽവേ ഗേറ്റിന് പടിഞ്ഞാറു വശത്ത് പി.ഡബ്ലിയു.ഡി. റോഡരികിൽ അപൂർവ്വ ഇനം കൊക്കുകൾ ചേക്കേറുന്ന മാവിൻ്റെ ശിഖരങ്ങൾ മുറിച്ചതിനെ തുടർന്ന് കൂടുകൾ തകർന്ന് മാവിൽ കൂടുവച്ചിരുന്ന പക്ഷികളും കുഞ്ഞുങ്ങളും ചത്തു.
പലതിനും ഗുരുതരമായി പരിക്കേറ്റു. കുറേയേറെ മുട്ടകൾ പൊട്ടിക്കിടക്കുന്നതും കാണാം.

അലമുറയിട്ട് കരയുന്ന പക്ഷികളും കുഞ്ഞുങ്ങളും ആരുടെയും കരളലിയിക്കുന്ന കാഴ്ചയാണ്.

സ്വാതന്ത്ര്യദിനത്തിൻ്റെ അവധി ചൂഷണം ചെയ്താണ് മരം മുറി നടന്നത്.

മാള പി.ഡബ്ലിയു.ഡി. എഞ്ചിനീയറുടെ ഉത്തരവു പ്രകാരമാണ് മരം മുറിച്ചതെന്നാണ് കരാറുകാർ പറഞ്ഞത്.

പക്ഷിനിരീക്ഷകനായ കെ.എസ്. റാഫി, പരിസ്ഥിതി പ്രവർത്തകനായ രാജ്കുമാർ നമ്പൂതിരി എന്നിവരും നാട്ടുകാരും ഇടപെട്ടതിനെ തുടർന്നാണ് മാവ് പൂർണ്ണമായും മുറിക്കാനുള്ള നീക്കം ഉപേക്ഷിച്ചത്.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിക്കു പറ്റിയ പക്ഷികളെയും കുഞ്ഞുങ്ങളെയും ഏറ്റെടുത്ത് കൊണ്ടുപോയി.

തുടർന്ന് ചിമ്മിനി ഡിവിഷനിലെ മൊബൈൽ സ്ക്വാഡ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

രണ്ട് മാസങ്ങൾക്കു മുമ്പ് അല്പം അകലെ ആളൂർ ജംഗ്ഷനിലെ നാട്ടുമാവുകൾ ഒരവധി ദിവസം മുറിച്ചു മാറ്റാൻ ശ്രമിച്ചത് വലിയ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു.

ആളൂർ വൃക്ഷസംരക്ഷണ സമിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്നാണ് മാവുകൾ മുറിച്ചു മാറ്റാൻ കഴിയാതിരുന്നത്.

ഇപ്പോൾ ഹൈക്കോടതി ഇടപെടലിനെ തുടർന്ന് മാത്രം മാവുകൾ തൽക്കാലത്തേക്ക് രക്ഷപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *