നിര്യാതനായി

അരവിന്ദാക്ഷ മേനോൻ

ഇരിങ്ങാലക്കുട : റിട്ട. വില്പന നികുതി അസിസ്റ്റൻ്റ് കമ്മീഷണർ മുരിയാട് മണവക്കത്ത് അരവിന്ദാക്ഷ മേനോൻ (88) നിര്യാതനായി.

സംസ്കാരം ജൂൺ 22 (ഞായറാഴ്ച്ച) രാവിലെ 11 മണിക്ക് മുരിയാട് വീട്ടുവളപ്പിൽ.

ഭാര്യ : ഛാത്രാട്ടിൽ സരളാദേവി (മുരിയാട്
എ യു പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക)

മക്കൾ : ശ്രീകുമാർ മുരിയാട് (ഫോട്ടോഗ്രാഫർ), ഡോ വിജയകുമാർ

മരുമകൾ : മിനി ശ്രീകുമാർ

മുരിയാട് പഞ്ചായത്തിൽ പഞ്ചദിന ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി 

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പഞ്ചദിന ഞാറ്റുവേല മഹോത്സവം  മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിളളി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ് 5 ദിവസത്തെ ഞാറ്റുവേല  മഹോത്സവം നടക്കുന്നത്. 

നടീൽ വസ്തുക്കൾ, വിത്തുകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, ഗാർഡനിംങ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയൊക്കെ ഞാറ്റുവേല മഹോത്സവത്തിൻ്റെ  ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാലാവസ്ഥ വ്യതിയാനം, പാചക രംഗത്തെ നൂതന  പ്രവണതകൾ, പുതിയ കാർഷിക രീതികൾ, വളപ്രയോഗം എന്നിവ സംബന്ധിച്ച സെമിനാറുകളും, പഞ്ചായത്തിന്റെ പുതിയ പദ്ധതികളായ മൈഡിഷ് മൈപ്ലേയ്റ്റ്, ചോരക്ക് ചീര, ജാതി കർഷകർക്കൊരു  കൈത്താങ്ങ് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും, ഞാറു നടീൽ മത്സരം, ഓല മെടയൽ മത്സരം, ഓലപ്പന്ത് നിർമ്മാണ മത്സരം, മഴനടത്തം തുടങ്ങിയവയും ഞാറ്റുവേല മഹോത്സവത്തിൻ്റെ  ഭാഗമായി സംഘടിപ്പിക്കും. 

മുരിയാട് പഞ്ചായത്തിനകത്തെ കരിന്തല കൂട്ടത്തിൻ്റെ പ്രവർത്തകരെയും തെരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെയും ആദരിച്ചു. 

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ബ്ലോക്ക് എ.ഡി.എസ്. മിനി,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനിൽകുമാർ, നിജി വത്സൻ, കെ. വൃന്ദകുമാരി, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, മണി സജയൻ, ജിനി സതീശൻ, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത രവി, മുരിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എ. മനോഹരൻ, പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. 

കൃഷി ഓഫീസർ ഡോ. അഞ്ജു പി. രാജ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ജോഷി നന്ദിയും പറഞ്ഞു. 

തുടർന്ന് ഉദിമാനം അയ്യപ്പക്കുട്ടിയുടെയും കരിന്തലക്കൂട്ടത്തിൻ്റെയും  കലാപരിപാടികൾ അരങ്ങേറി.

യുഡിഎഫ് ദുർഭരണത്തിനെതിരെ പ്രതിഷേധവുമായി സിപിഎമ്മിന്റെ ”വഴിസമരം” 

ഇരിങ്ങാലക്കുട : നഗരസഭയിലെ 12, 36, 37 എന്നീ വാർഡുകളുടെ പരിധിയിലൂടെ കടന്ന് പോകുന്ന പള്ളിക്കാട് ബ്ലോക്ക് ഓഫീസ് റോഡ് അതിശോചനീയാവസ്ഥയിലായിട്ടും പുതുക്കി പണിയാൻ തുക അനുവദിക്കാത്ത നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിച്ച് സിപിഎം “വഴി സമരം” നടത്തി.

പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ. ജീവൻലാൽ സമരം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെൻ്റർ ബ്രാഞ്ച് സെക്രട്ടറി പി.കെ. സജി അധ്യക്ഷത വഹിച്ചു. 

പള്ളിക്കാട് ബ്രാഞ്ച് സെക്രട്ടറി സി.കെ. പ്രദീപ്,  നഗരസഭ കൗൺസിലർമാരായ സി.എം. സാനി, സതി സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്സ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതി പുതിയ റോഡുകൾക്കായി ഫണ്ട് അനുവദിക്കാൻ കഴിയില്ല എന്ന് പറയുമ്പോൾ അതിനൊപ്പം നിൽക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്ന് സിപിഎം ആരോപിച്ചു.

റോഡ് വികസനം അമൃത് ടു പദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രി ഡോ. ആർ. ബിന്ദു ഇടപെട്ടിട്ടും അമൃത ടു ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭ മനപ്പൂർവ്വം വൈകിപ്പിച്ചതായും സിപിഎം ആരോപണമുയർത്തി. 

കണ്ണീർ പെയ്ത്ത് തുടരുന്നു ; മുകുന്ദപുരം താലൂക്കിൽ കൂടുതൽ പേർ ക്യാമ്പുകളിലേക്ക് 

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ കൂടുതൽ പേർ ക്യാമ്പുകളിലേക്കെത്തി. 

താലൂക്കിൽ വിവിധ ഇടങ്ങളിൽ ആരംഭിച്ച പതിനൊന്നോളം ക്യാമ്പുകളിലായി 131 വീടുകളിൽ നിന്നുള്ള 345 പേരാണ് ഇതിനകം എത്തിയിട്ടുള്ളത്.

ഇതിൽ 139 പുരുഷന്മാരും 159 സ്ത്രീകളും 47 കുട്ടികളുമുണ്ട്. ക്യാമ്പുകളിലേക്ക് എത്താതെ ബന്ധുവീടുകളിലേക്കും മാറിയവരും നിരവധിയാണ്.

കരുവന്നൂർ പുഴയിലും കെഎൽഡിസി കനാലിലും ജലനിരപ്പ് ഉയർന്നതാണ് വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നതിന്റെ പ്രധാന കാരണം.

കാട്ടൂർ, കാറളം, മുരിയാട്, പൊറത്തിശ്ശേരി, പടിയൂർ, പൂമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് തുടരുകയാണ്.

കാറളം നന്തി – കരാഞ്ചിറ റോഡിലും, മൂർക്കനാട് – കാറളം റോഡിലും, തൊമ്മാന – ചെങ്ങാറ്റുമുറി റോഡിലും വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചു.

മഴ കനത്തതോടെ ശക്തമായ കാറ്റിലും മഴയിലും തുടരുന്ന വെള്ളക്കെട്ടിലും കൃഷിനാശവും ഏറുകയാണ്.

പലരും ഓണവിപണി ലക്ഷ്യമാക്കി ബാങ്കിൽ നിന്നും മറ്റും വായ്പയെടുത്ത് ആരംഭിച്ച കൃഷികളാണ് പ്രകൃതിയുടെ ഈ ദുരിത പെയ്ത്തിൽ ഇല്ലാതായത്.

പൊറത്തിശ്ശേരി, കാറളം, മുരിയാട് തുടങ്ങി പല പ്രദേശങ്ങളിലും വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.

കൃഷി നശിച്ചവർക്ക് സർക്കാരിന്റെ സാമ്പത്തിക സഹായത്തിനുള്ള നടപടി സ്വീകരിക്കണം എന്നാണ് കർഷകരുടെ ആവശ്യം.

പാർട്ടി പ്രവർത്തകന്റെ മരണം : കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്കിലെ നിക്ഷേപത്തുക ലഭിക്കാത്തതിനാൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച കോൺഗ്രസ്സ് പ്രവർത്തകനായ കോട്ടക്കകത്തുകാരൻ പൗലോസിൻ്റെ (പൈലി) മരണത്തിൽ പ്രതിഷേധിച്ച് പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ബാങ്കിന്റെ പൊറത്തിശ്ശേരി ബ്രാഞ്ചിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ബാങ്ക് നിക്ഷേപകർക്ക് ഉടൻ പണം നൽകണമെന്നും സിപിഎമ്മിനെ പ്രതി ചേർത്ത കേസായതിനാൽ സിപിഎമ്മിന്റെ സ്വത്തുവഹകൾ വിറ്റ് ബാങ്കിനു പണം നൽകണമെന്നും, മന്ത്രി ഡോ. ആർ. ബിന്ദുവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും നിക്ഷേപകർക്ക് നിക്ഷേപം തിരികെ നൽകുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു.

ഡിസിസി സെക്രട്ടറി സതീഷ് വിമലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ഭാരവാഹികളായ എം.ആർ. ഷാജു, സിജൊ പാറക്കാടൻ, ടി.എ. പോൾ, എം.ബി. നെൽസൺ, കർഷക കോൺഗ്രസ് നേതാവ് ശ്രീധരൻ, കെ. ഗണേഷ്, എ.കെ. വർഗ്ഗീസ്, ക്യാപ്റ്റൻ ദാസൻ , പി.വി. ഷാജി, പ്രഭാകരൻ, എന്നിവർ പ്രസംഗിച്ചു.

എൻ. ആർ. ശ്രീനിവാസൻ സ്വാഗതവും രാജേന്ദ്രൻ പുലാനി നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കെ.കെ.ടി.എം. ഗവ. കോളെജിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

കോളെജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക യോഗ മുറിയിൽ നടത്തിയ പരിപാടിയിൽ എൻ.എസ്.എസ്. വൊളൻ്റിയർമാർക്ക് സി.ആർ.സി. സർട്ടിഫൈഡ് യോഗ ആൻഡ് മാർഷ്യൽ ആർട്സ് ട്രെയിനർ യു. ദേവപ്രയാഗ് യോഗ പരിശീലനം നൽകി.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ടി.കെ. ബിന്ദുശർമിള ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ഡോ. കൃഷ്ണകുമാർ കെ.എ. സ്വാഗതവും എൻ.എസ്.എസ്. വൊളൻ്റിയർ ഐ.ബി. ഭരത് നന്ദിയും പറഞ്ഞു.

ശക്തമായ സാംസ്കാരിക ബദലാവാൻ സംസ്കാര സാഹിതിക്ക് കഴിയും : എം.പി. ജാക്സൺ

ഇരിങ്ങാലക്കുട : എതിർ ശബ്ദങ്ങളെ ദുർബലമാക്കുന്ന സാംസ്കാരിക രംഗത്തെ ഏകാധിപത്യത്തിനെതിരെ ശക്തമായ ബദലാകാൻ സംസ്കാര സാഹിതിക്ക് കഴിയുമെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലം സംസ്കാര സാഹിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും വായനാദിനാചരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുട നിയോജക മണ്ഡലം സംസ്കാര സാഹിതി ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾ ഹഖ്, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.

മുൻ എം.പി. സാവിത്രി ലക്ഷ്മണൻ അംഗത്വ വിതരണം നടത്തി.

ഇരിങ്ങാലക്കുട മണ്ഡലം സംസ്കാര സാഹിതി പ്രസിഡൻ്റായി അഡ്വ. ജോൺ നിധിൻ തോമസ്, കൺവീനറായി ഗോപിക മനീഷ്, ട്രഷററായി ശിവരഞ്ജിനി പ്രസന്നൻ എന്നിവരും കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.

വായനാദിനാചരണത്തോട് അനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരി സുധ മേനോൻ്റെ ”ഇന്ത്യ എന്ന ആശയം” എന്ന പുസ്തകത്തെക്കുറിച്ച് നടത്തിയ ചർച്ചക്ക് ജോസഫ് ജെ. പള്ളിപ്പാട്ട് നേതൃത്വം നൽകി.

നിയോജകമണ്ഡലം കൺവീനർ എം.ജെ. ടോം, ട്രഷറർ എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഗവ. എൽ.പി. സ്കൂളിൽ വായന മാസാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഗവ. എൽ.പി. സ്കൂളിൽ ആരംഭിച്ച വായന മാസാചരണം ബി.പി.സി. കെ.ആർ. സത്യപാലൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് അംഗന അർജുനൻ അധ്യക്ഷത വഹിച്ചു.

”വായനയ്ക്ക് വളർച്ചയോ തളർച്ചയോ?” എന്ന വിഷയത്തിൽ നടന്ന സംവാദം ഏറെ ശ്രദ്ധേയമായി.

ഇലക്ട്രോണിക് മീഡിയ വഴിയുള്ള വായനയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടന്നു.

അർച്ചന, ശ്രുതി, വിദ്യ, തുഷാര, അംഗന, വിൻസി, മീന, നീതു, സുജിത, സുദർശനൻ, നിത്യ, ഹിനിഷ, വിനിത, ലക്ഷ്മി തുടങ്ങിയവർ സംവാദത്തിൽ സജീവമായി പങ്കെടുത്തു.

പി.ടി.എ. വൈസ് പ്രസിഡന്റ് വി.എസ്. സുധീഷ് മോഡറേറ്റർ ആയിരുന്നു.

ഹെഡ്മിസ്ട്രസ് പി.ബി. അസീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്.ആർ. വിനിത നന്ദിയും പറഞ്ഞു.

വായന മാസാചരണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിലും വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കടുപ്പശ്ശേരി ജി.യു.പി. സ്കൂളിൽ വായന പക്ഷാചരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കടുപ്പശ്ശേരി ജി.യു.പി. സ്കൂളിൽ വായന പക്ഷാചരണം വിവിധ പരിപാടികളോടെ ആരംഭിച്ചു.

രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മിസ്ട്രസ്സും എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയുമായ ഉഷ അഷ്ടമിച്ചിറ വായന പക്ഷാചരണം ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് ഭാഗ്യലക്ഷ്മി അധ്യക്ഷത വഹിച്ചു.

എം.പി.ടി.എ. വൈസ് പ്രസിഡന്റ് വിദ്യ വിനോദ്, അധ്യാപിക ജിഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.

ഹെഡ്മിസ്ട്രസ്സ് സി. ബിന്ദു സ്വാഗതവും ധനീജ നന്ദിയും പറഞ്ഞു.

“ചുവന്ന പൂവിനെ പ്രണയിച്ചവൾ” കവിതയ്ക്ക് ശബ്ദാവിഷ്കാരം ഒരുങ്ങി

ഇരിങ്ങാലക്കുട :
ഖാദർ പട്ടേപ്പാടം രചിച്ച ”ചുവന്ന പൂവിനെ പ്രണയിച്ചവൾ” എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം കോഴിക്കോട് മുൻ രജിസ്ട്രാറും കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ടി.കെ. നാരായണൻ പ്രകാശനം ചെയ്തു.

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലയും മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും സംയുക്തമായി ബി.ആർ.സി. ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വത്സല ബാബു അധ്യക്ഷത വഹിച്ചു.

രാജൻ നെല്ലായി, സി.ബി. ഷക്കീല, ആർ.എൻ. രവീന്ദ്രൻ, പി. ഗോപിനാഥൻ, ഡോ. കെ. രാജേന്ദ്രൻ, ശാസ്ത്രശർമ്മൻ എന്നിവർ സംസാരിച്ചു.

സ്മിത പി. മേനോൻ, ആർ.എൻ. രവീന്ദ്രൻ എന്നിവരാണ് കവിതയുടെ ആലാപനം നിർവ്വഹിച്ചിരിക്കുന്നത്.