ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ്, ഫ്രണ്ടിയേഴ്സ് ഇൻ എർത്ത് സയൻസ് ലെക്ചർ സീരീസിന്റെ ഭാഗമായി ഏകദിന പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു.

“ബിഹാറിലെ ഭൂഗർഭജല ഗുണനിലവാര ഗവേഷണം: ആർസനിക് മുതൽ പുതുതായി ഉയർന്നുവരുന്ന മലിനീകരണങ്ങൾ, ജനപങ്കാളിത്ത ശാസ്ത്രം, പരിഹാര മാർഗങ്ങൾ വരെ” എന്ന വിഷയത്തിൽ യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫ. ഡോ. ലോറ റിച്ചാർഡ്സും ഡോക്ടറൽ ഗവേഷകനായ അജ്മൽ റോഷനും പ്രഭാഷണം നടത്തി.

150ലധികം ബിരുദാനന്തര വിദ്യാർഥികളും ഗവേഷണ വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

പ്രഭാഷണത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം ബിഹാറിലെയും ഗംഗാതട പ്രദേശങ്ങളിലെയും ഭൂഗർഭജലത്തിൽ കാണപ്പെടുന്ന അലാറമിംഗ് തോതിലുള്ള ആർസനിക്, യുറേനിയം മലിനീകരണവും അവ തമ്മിലുള്ള ശ്രദ്ധേയമായ വിപരീത അനുപാതവുമായിരുന്നു.

ഇവയുടെ സാന്നിധ്യത്തെയും സഞ്ചാരത്തെയും നിയന്ത്രിക്കുന്ന ഭൂ-രാസ ഘടകങ്ങളും വിശദീകരിക്കപ്പെട്ടു. ദീർഘകാല ആർസനിക് സമ്പർക്കം കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ചർച്ചയിൽ വ്യക്തമാക്കി.

ആർസനിക് നീക്കം ചെയ്യുന്നതിനുള്ള ഇരുമ്പ് അധിഷ്ഠിത പരിഹാര മാർഗങ്ങളും ഇരുമ്പ് നെയിലുകൾ ഉപയോഗിച്ചുള്ള ലളിതമായ ശുദ്ധീകരണ രീതികളും പരിചയപ്പെടുത്തി.

എന്നാൽ, മലിനീകരണം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് ശുദ്ധീകരണ കേന്ദ്രങ്ങൾ അകലെയായിരിക്കുന്നത് പ്രധാന വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.

ബിഹാറിലെ സാഹചര്യങ്ങൾക്കപ്പുറം, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ച് ആലപ്പുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലത്തിലെ ആർസനിക് സാന്നിധ്യം സംബന്ധിച്ച പഠനങ്ങളും കണ്ടെത്തലുകളും ചർച്ച ചെയ്തു.

കേരളത്തിലെ മനുഷ്യരക്തത്തിൽ ആർസനിക് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്ത പഠനങ്ങളും പരാമർശിക്കപ്പെട്ടു.

കേരളത്തിലെ ആർസനിക് മലിനീകരണത്തിന്റെ ഉറവിടം, വ്യാപനം, ആരോഗ്യ പ്രത്യാഘാതങ്ങൾ, അനുയോജ്യമായ പരിഹാര മാർഗങ്ങൾ എന്നിവ മനസ്സിലാക്കുന്നതിനായി കൂടുതൽ വിപുലമായ പഠനങ്ങൾ അനിവാര്യമാണെന്നും പ്രഭാഷകർ വ്യക്തമാക്കി.

പരിപാടിയിൽ പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

150ലധികം ബിരുദാനന്തര വിദ്യാർഥികളുടെയും ഗവേഷണ വിദ്യാർഥികളുടെയും സജീവ പങ്കാളിത്തം പരിപാടിയെ അർത്ഥവത്തായ ശാസ്ത്രീയ വേദിയാക്കി മാറ്റുകയും ഭൂഗർഭജല ഗുണനിലവാരവും മനുഷ്യാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ ഗവേഷണത്തിന്റെയും ബോധവൽക്കരണത്തിന്റെയും ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു.

തുടർന്ന് നടന്ന തുറന്ന ചർച്ചയും ചോദ്യോത്തരവേളയും പരിപാടിയെ കൂടുതൽ സജീവമാക്കി.

ജിയോളജി ആൻഡ് എൻവയോൺമെന്റൽ സയൻസ് വകുപ്പ് മേധാവി ഡോ. എൻ.ജെ. മഞ്ജു സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസറും ഗവേഷണ ഡീനുമായ ഡോ. ലിന്റോ ആലപ്പാട്ട് നന്ദിയും പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ : ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ശക്തിപകർന്ന് കേരള പൊലീസിൻ്റെ സ്പോർട്സ് മാരത്തോൺ ; ഐക്യദാർഢ്യവുമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ

ഇരിങ്ങാലക്കുട : ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശവുമായി ലഹരിക്കെതിരായ ബോധവൽക്കരണം ശക്തമാക്കുന്നതിനും യുവാക്കളെ കായികരംഗത്തേക്ക് ആകർഷിക്കുന്നതിനുമായി ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനതലത്തിൽ കേരള പൊലീസ് സ്പോർട്സ് മാരത്തോൺ സംഘടിപ്പിക്കും.

ഇതിൻ്റെ ഭാഗമായി സ്പോർട്സ് മാരത്തോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട സബ് ഡിവിഷനിൽ മെഗാ ടോർച്ച് മാരത്തോൺ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ഠാണാവിൽ നിന്ന് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെയാണ് മെഗാ ടോർച്ച് മാരത്തോൺ നടന്നത്.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം മെഗാ ടോർച്ച് മാരത്തോണിന്റെ ദീപശിഖ കൈമാറി.

ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, ക്രൈസ്റ്റ് കോളെജ് മാനേജർ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം അഡ്വ. വി.സി. വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു.

ഇരിങ്ങാലക്കുട സബ് ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ, ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ, സെന്റ് ജോസഫ് കോളെജിലെ വിദ്യാർഥികൾ എന്നിവർ മെഗാ ടോർച്ച് മാരത്തോണിൽ പങ്കെടുത്തു.

തുടർന്ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ വിദ്യാർഥികൾ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ലഹരിക്കെതിരായ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

ഡിവൈഎസ്പി എം.കെ. ഷാജി സ്വാഗതവും നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എസ്. പ്രദീപ് നന്ദിയും പറഞ്ഞു.

ലഹരിക്കെതിരായ പോരാട്ടത്തിൽ കായികത്തെ ശക്തമായ ആയുധമാക്കുക എന്നതാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളുടെ പ്രധാന ലക്ഷ്യം. കായികരംഗത്തേക്ക് യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിലൂടെ ലഹരിയിൽ നിന്ന് അവരെ അകറ്റിനിർത്താനും ആരോഗ്യകരവും ക്രിയാത്മകവുമായ ജീവിതശൈലിയിലേക്ക് നയിക്കാനും സാധിക്കും.

ലഹരിക്കെതിരായ ബോധവൽക്കരണം പൊലീസിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കായികതാരങ്ങളും പൊതുസമൂഹവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ നൽകിയത്.

സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും ദേശീയപാത 66 ഉൾപ്പെടെയുള്ള റോഡുകളിലൂടെയും ‘യെസ് ടു സ്പോർട്സ്, നോ ടു ഡ്രഗ്സ്’ എന്ന സന്ദേശമുയർത്തിയാണ് കേരള പൊലീസ് സ്പോർട്സ് മാരത്തോൺ സംഘടിപ്പിക്കുന്നത്.

‘കോഫി വിത്ത് ഡി.പി.സി. – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ ; വിദ്യാർഥികളുമായി സംവദിച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം

ഇരിങ്ങാലക്കുട : വിദ്യാർഥികളും പൊലീസും തമ്മിലുള്ള സൗഹൃദപരമായ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും യുവതലമുറ നേരിടുന്ന വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കുന്നതിനുമായി റൂറൽ പൊലീസ് നടപ്പാക്കുന്ന ‘കോഫി വിത്ത് ഡി.പി.സി. – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ പരിപാടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികളുമായി റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം നേരിട്ട് സംവദിച്ചു.

പരിപാടിയിൽ വിദ്യാർഥികൾക്ക് ജില്ലാ പൊലീസ് മേധാവിയുമായി സൗഹൃദാന്തരീക്ഷത്തിൽ നേരിട്ട് ആശയങ്ങൾ പങ്കുവയ്ക്കാനും ചോദ്യങ്ങൾ ചോദിക്കാനും തങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും അവതരിപ്പിക്കാനും സാധിച്ചു.

പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർഥികളും തമ്മിലുള്ള ആശയവിനിമയം കൂടുതൽ സൗഹൃദപരവും തുറന്നതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കോഫി വിത്ത് ഡി.പി.സി. – ഇൻസ്പയറിംഗ് യങ് മൈൻഡ്സ്’ എന്ന പരിപാടിക്ക് റൂറൽ ജില്ലയിൽ തുടക്കമിട്ടത്.

ഔപചാരികമായ ചോദ്യോത്തര രീതിക്ക് പകരം വിദ്യാർഥികളുടെ സ്വതന്ത്രമായ ഇടപെടലിനും അഭിപ്രായ പ്രകടനത്തിനും പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.

യുവാക്കൾ നേരിടുന്ന സമകാലിക സാമൂഹിക പ്രശ്നങ്ങൾ പ്രധാനമായും ചർച്ച ചെയ്തു. പ്രത്യേകിച്ച് ലഹരിവസ്തുക്കളുടെ ഉപയോഗവും ലഹരിക്കെതിരായ യുവജനങ്ങളുടെ ഇടപെടലും വിശദമായി ചർച്ചയായി. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവാക്കൾ ലഹരിയുടെ പിടിയിൽപ്പെടാതിരിക്കേണ്ടതിന്റെ ആവശ്യകത, ഇത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുടെ പ്രാധാന്യം എന്നിവ സംബന്ധിച്ച് സംവാദം നടന്നു.

ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ യുവാക്കൾക്ക് വഹിക്കാവുന്ന പ്രധാന പങ്കിനെക്കുറിച്ചും വിദ്യാർഥികളുമായി അദ്ദേഹം പങ്കുവച്ചു.

സൈബർ ലോകത്ത് വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിലും സംശയാസ്പദമായ ലിങ്കുകളും സന്ദേശങ്ങളും ഇടപാടുകളും ഒഴിവാക്കുന്നതിലും യുവാക്കൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ നൽകുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അവബോധം നൽകുക എന്നതാണ് പരിപാടിയുടെ ലക്ഷ്യങ്ങളിലൊന്ന്.

വിദ്യാർഥികൾക്ക് ഏറെ പ്രസക്തമായ സൈബർ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സോഷ്യൽ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം, റോഡ് സുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ മുൻകരുതലുകൾ തുടങ്ങി യുവതലമുറയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലും ഭാവിയിൽ ഇത്തരം സംവാദങ്ങൾ കേന്ദ്രീകരിക്കും.

കെ.കെ. നിമിഷ, ഐ.എ. ശ്വേത, എം.എസ്. അനജ്, ഷാരോൺ ജോസ്, ഫിസ മറിയം, ആബേൽ സാജു, അശ്വന്ത് ബാബു, പ്രാർത്ഥന പ്രസാദ്, സി.എം. ദേവികൃഷ്ണ, സഫൽ മല്ലിക്, സജൽ മല്ലിക്, ജി.ആർ. രാം മോഹിത്, കെ.വി. കൃഷ്ണ, കെ.യു. നിരഞ്ജന, സാന്ദ്ര കെ.എസ്., അബിന ബിജു എന്നിവരടക്കമുള്ള വിദ്യാർഥികളാണ് പരിപാടിയിൽ പങ്കെടുത്തത്.

ഇൻഡോ – അറബ് കണക്ട് : ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോന് ‘യങ് എന്റർപ്രണർ’ പുരസ്കാരം

ഇരിങ്ങാലക്കുട : ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിനോദസഞ്ചാര- വ്യാപാരബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ സംഘടിപ്പിച്ച ‘ഇൻഡോ-അറബ് കണക്ട്’ സമാപിച്ചു.

ഇന്ത്യ, ജി.സി.സി., മറ്റ് അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ടൂറിസം നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, ട്രാവൽ പ്രൊഫഷണലുകൾ എന്നിവർ സംഗമിച്ച വേദിയിൽ ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വൈസ് ചെയർമാൻ അമൽജിത്ത് മേനോൻ ട്രാവൽ & ടൂറിസം മേഖലയിലെ മികവിനുള്ള ‘യങ് എന്റർപ്രണർ’ പുരസ്കാരം ഏറ്റുവാങ്ങി.

മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുരസ്കാരം സമ്മാനിച്ചത്.

ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, അസോസിയേഷൻ ഓഫ് അറബ് ടൂർ ഓപ്പറേറ്റേഴ്സ് പ്രസിഡന്റ് റഷീദ് കാക്കാട്ട്, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എം.ഡി.യും മാനേജിംഗ് എഡിറ്ററുമായ കെ.വി. രവിശങ്കർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ദീപക് ജോയ് എംഎൽഎ ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലെ പ്രമുഖ വ്യക്തികളും പ്രതിനിധികളും പങ്കെടുത്ത ചടങ്ങിലാണ് ഇൻഡോ- അറബ് കണക്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ഇൻഡോ- അറബ് ടൂറിസം കോൺക്ലേവ്, ബി2ബി മീറ്റ്, ട്രാവൽ എക്സ്പോ, ഇൻഡോ- അറബ് ഗ്ലോബൽ ടൂറിസം അവാർഡുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, നിക്ഷേപം, വ്യാപാരം, സാംസ്കാരിക വിനിമയം എന്നിവയ്ക്ക് കരുത്തുപകരാൻ ഈ വേദി സഹായകമായി.

ട്രാവൽ & ടൂറിസം മേഖലയിൽ യുവ സംരംഭകർ നടത്തുന്ന മികച്ച മുന്നേറ്റങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ഐ.സി.എൽ. ടൂർസ് ആൻഡ് ട്രാവൽസ് വ്യക്തമാക്കി.

സി.ഐ.എസ്.സി.ഇ. ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ. സംഘടിപ്പിച്ച ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിൽ സമാപനമായി.

രാജ്യത്തെ 16 റീജിയനുകളില്‍ നിന്നായി 250ഓളം കായികതാരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിന്റെ സമാപനച്ചടങ്ങില്‍ ഇരിങ്ങാലക്കുട ആര്‍.ഡി.ഒ. ഷിബു പോള്‍ മുഖ്യാതിഥിയായി.

അണ്ടര്‍ 14 വിഭാഗത്തില്‍ മഹാരാഷ്ട്രയും അണ്ടര്‍ 17 വിഭാഗത്തില്‍ ഉത്തര്‍പ്രദേശും അണ്ടര്‍ 19 വിഭാഗത്തില്‍ വെസ്റ്റ് ബംഗാളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ തമിഴ്‌നാട്, പുതുച്ചേരി ആന്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അണ്ടര്‍ 14, അണ്ടര്‍ 17 വിഭാഗങ്ങളില്‍ കര്‍ണാടക ആന്റ് ഗോവയും അണ്ടര്‍ 19 വിഭാഗത്തില്‍ ആന്ധ്രപ്രദേശും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മികച്ച പ്രകടനത്തിലൂടെ 31 പോയിന്റുകള്‍ നേടി തമിഴ്‌നാട്, പുതുച്ചേരി ആന്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ടീമുകള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

അണ്ടര്‍ 14 വ്യക്തിഗത വിഭാഗത്തില്‍ മഹാരാഷ്ട്രയുടെ ധന്യശ്രീ ദത്താത്രേ താര്‍ഡേയും അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ തമിഴ്‌നാട്, പുതുച്ചേരി ആന്റ് ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന്റെ ഇനിയയും, ഡോണിയയും വ്യക്തിഗത ചാമ്പ്യന്മാരായി.

മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെയും ടീമുകളെയും ചടങ്ങില്‍ ആദരിച്ചു.

സി.ഐ.എസ്.സി.ഇ. കേരള റീജിയന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററും എ.എസ്.ഐ.എസ്.സി. കേരള റീജണല്‍ സെക്രട്ടറിയുമായ ഫാ. ഷിനോ കളപ്പുരയ്ക്കല്‍, ഡി.ബി.സി.എസ്. പ്രിൻസിപ്പൽ ഫാ. ജിതിന്‍ മൈക്കിള്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ഷിബു ഡേവിസ്, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ഒറ്റപ്ലാക്കല്‍, ഡി.ബി.സി.എസ്. പി.ടി.എ. പ്രസിഡന്റ് ശാരിക ശിവപ്രസാദ്, അന്താരാഷ്ട്ര അമ്പയറും ചീഫ് റഫറിയുമായ എം.ടി. തോമസ്, ഡി.ബി.സി.എസ്. സ്‌പോര്‍ട്‌സ് കോർഡിനേറ്റര്‍ ബിന്ദു ബാബു, ടേബിള്‍ ടെന്നീസ് കോച്ച് സോമു ബാനര്‍ജി, കായികാധ്യാപകന്‍ ജിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ. ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കം

ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ. സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയായി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സി.ഐ.എസ്.സി.ഇ. നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്നും ടേബിൾ ടെന്നീസ് പോലുള്ള മത്സരങ്ങളിലൂടെ കുട്ടികളിലെ കായികപ്രതിഭ വളർത്താനും ദേശീയതലത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഇത്തരം ചാമ്പ്യൻഷിപ്പുകൾ മികച്ച വേദിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സി.ഐ.എസ്.സി.ഇ. കേരള റീജിയൻ സ്പോർട്സ് കോർഡിനേറ്ററും എ.എസ്.ഐ.എസ്.സി. കേരള റീജിയൻ സെക്രട്ടറിയുമായ റവ. ഫാ. ഷിനോ കളപ്പുരയ്ക്കൽ അനുമോദന പ്രസംഗം നടത്തി.

ഡോൺ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ റവ. ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്.ഡി.ബി. സ്വാഗതവും ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻ മൈക്കിൾ നന്ദിയും പറഞ്ഞു.

സ്പിരിച്വൽ ആനിമേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷിബു ഡേവിസ്, അന്താരാഷ്ട്ര അമ്പയർ എം.ടി. തോമസ്, പി.ടി.എ. പ്രസിഡന്റ് ശാരിക ശിവപ്രസാദ്, പൂർവ്വ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് അലക്സ് സുരേഷ്, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ടേബിൾ ടെന്നീസ് കോച്ച് സോമു ബാനർജി, സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ ബിന്ദു ബാബു എന്നിവർ പങ്കെടുത്തു.

ആഗസ്റ്റ് 31 വരെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ
രാജ്യത്തിന്റെ വിവിധ റീജിയനുകളിൽ നിന്നുള്ള മികച്ച യുവ ടേബിൾ ടെന്നീസ് താരങ്ങൾ മത്സരിക്കും.

ആഗസ്റ്റ് 31ന് നടക്കുന്ന സമാപന ചടങ്ങിൽ ഇരിങ്ങാലക്കുട ആർടിഒ ഷിബു പോൾ മുഖ്യാതിഥിയാകും.

സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് 29ന്

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി നടത്തിവരുന്ന സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

വേളൂക്കര പഞ്ചായത്ത് മെമ്പർ രേണുക സജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ പ്രവർത്തകനും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൻ കോലങ്കണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847359999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

അപൂർവ്വതകൾ തേടി പൂർവ്വ വിദ്യാർഥിയുടെ പുരയിടത്തിൽ സെന്റ് തോമസിലെ പഠിതാക്കൾ

തൃശൂർ : പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ നേരിട്ടറിയാനും നാട്ടറിവുകളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രായോഗിക മാതൃകകൾ മനസ്സിലാക്കാനും സെന്റ് തോമസ് കോളേജിലെ വിദ്യാർഥികൾ പൂർവ്വ വിദ്യാർത്ഥിയും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരന്റെ പുരയിടത്തിലേക്ക് പഠനയാത്ര നടത്തി.

മാള അണ്ണല്ലൂർ ആനപ്പാറയിൽ ഒരേക്കറിൽ വ്യാപിക്കുന്ന ഈ പുരയിടം ദേശീയ അംഗീകാരം നേടിയിട്ടുണ്ട്.

പ്രകൃതിയോടിണങ്ങിയ കൃഷിരീതികളും നാടൻ സസ്യജാലങ്ങളും പക്ഷികളും ശലഭങ്ങളും ഔഷധസസ്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള ഈ ഇടം, ഒരു പുരയിടം എങ്ങനെ ജൈവവൈവിധ്യത്തിന്റെ ചെറിയൊരു ആവാസവ്യവസ്ഥയായി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണ്.

ചീവീടുകളുടെ ശബ്ദത്തിനുമീതെ കിളിയൊച്ചകൾ നിറയുന്ന ശാന്തമായ അന്തരീക്ഷത്തിൽ ശലഭങ്ങൾ പാറിപ്പറക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. തൊണ്ടിപ്പഴം, ഓടപ്പഴം, പൂച്ചപ്പഴം, ചകിരിപ്പഴം, മുട്ടിപ്പഴം, വെട്ടിപ്പഴം തുടങ്ങി ഇന്ന് അപൂർവ്വമായ നിരവധി നാടൻ ഫലവൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും തൈകൾ ഇവിടെ സമൃദ്ധമായി വളർത്തിയിട്ടുണ്ട്.

വൻമരങ്ങളുടെ തണലും കുളിർകാറ്റും വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയും ചേർന്ന് ഒരു ചെറുകാടിന്റെ അനുഭവമാണ് ഈ ഭൂതലം സന്ദർശകർക്ക് നൽകുന്നത്. ശുദ്ധവായുവും ജൈവവൈവിധ്യവും മണ്ണ്- ജല സംരക്ഷണവും ഒരുമിച്ച് സാധ്യമാക്കുന്ന ഈ കൃഷിയിടം പ്രകൃതിയോട് ഇണങ്ങി ജീവിക്കാമെന്നതിന്റെ മനോഹരമായ മാതൃക കൂടിയാണ്.

പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ശ്രീധരന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര, ഭൂമിമിത്ര അവാർഡുകൾ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തോടൊപ്പം വാട്ടർ അതോറിറ്റിയിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച ഭാര്യ രമണിയും മകൻ ധനുസ്സും ഈ ഹരിത ഉദ്യമത്തിന്റെ പരിപാലനത്തിൽ സജീവരാണ്.

നിർമ്മിതബുദ്ധിയിൽ ബിരുദാനന്തര ബിരുദം നേടിയ ധനുസ്സിന് പക്ഷിനിരീക്ഷണത്തിലും നഴ്സറി പരിപാലനത്തിലും പ്രത്യേക താൽപര്യമുണ്ട്. കുടുംബത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അപൂർവ്വ സസ്യങ്ങളടക്കം ഇവിടെ സംരക്ഷിച്ചുവരുന്നത്.

വിദ്യാർത്ഥികൾക്ക് ഇതൊരു അസാധാരണ സന്ദർശനമായിരുന്നു. പ്രകൃതിയെ കാണുക, നാട്ടറിവുകൾ മനസ്സിലാക്കുക, ജൈവവൈവിധ്യത്തെ തിരിച്ചറിയുക, പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള അനുഭവാധിഷ്ഠിത പഠനമായിരുന്നു. ഓരോ സസ്യത്തിന്റെയും പ്രത്യേകതകളും പക്ഷികളുടെയും ശലഭങ്ങളുടെയും സാന്നിധ്യവും നാടൻ സസ്യങ്ങളുടെ സംരക്ഷണവും ജൈവകൃഷിരീതികളും വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു.

ജന്തുശാസ്ത്ര വിഭാഗവും ജൈവ വൈവിധ്യ ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വകുപ്പു മേധാവി ഡോ. വിമല കെ. ജോൺ, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് കോർഡിനേറ്റർമാരായ ഡോ. ഷോൺ പോൾ, ഡോ. ഷീബ റാഫേൽ, ഡോ. പ്രിയദ, കെൽവിൻ എന്നിവർ നേതൃത്വം
നൽകി.

നാട്യശാസ്ത്രത്തിന് അടിത്തറ വിജ്ഞാന ഭൈരവതന്ത്രം : വേണുജി

ഇരിങ്ങാലക്കുട : ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. എന്നാൽ നടരാജനായ പരമശിവനാൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ആദ്യ കൃതി ‘വിജ്ഞാന ഭൈരവ തന്ത്രം’ അവയുടെ ആത്മീയ ലോകം വെളിപ്പെടുത്തുന്നു എന്ന് അഭിനയ ഗുരു വേണുജി നേത്രരാഗ ശിൽപ്പശാല പരമ്പരയുടെ ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.

ഗ്രീക്ക് വംശജനും റഷ്യൻ പൗരനുമായ ജോർജ്ജ് ഗുർജിയേഫ് ലോക നാടക വേദിയിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചത് വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ പൊരുളറിഞ്ഞാണെന്നും വേണുജി കൂട്ടിച്ചേർത്തു.

സാംസ്കാരിക പ്രവർത്തകനും മാനേജമെന്റ് വിദഗ്ധനുമായ കെ. അജയ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തൻ്റെ 81-ാം വയസ്സിലും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ച വേണുജിയെ രാജീവ് മേനോൻ അഭിനന്ദിച്ചു.

വേണുജി ആവിഷ്കരിച്ച നവരസ സാധന ഇതിനകം അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്ന് കലനിരൂപകൻ പ്രൊഫ. ജോർജ്ജ് എസ്. പോൾ അഭിപ്രായപ്പെട്ടു.

കൂടിയാട്ടം കലാകാരി കപില വേണു ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി പ്രഥമ ശ്ലോകത്തിന്റെ അഭിനയ സാധ്യതകൾ പ്രകടിപ്പിച്ചത് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി.

ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം നേടിയ ഉഷ നങ്ങ്യാരെ വേണുജിയും കെ. അജയ്കുമാറും ചേർന്ന് ആദരിച്ചു.

“രംഗകല” കോൺഫറൻസ് 2027ൻ്റെ പ്രഖ്യാപനവും ഫ്ലയർ പ്രകാശനവും

ഇരിങ്ങാലക്കുട : ഭാരതീയ കലാരൂപങ്ങളെ കുറിച്ചുള്ള പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിനുമായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “രംഗകല” കോൺഫറൻസ് രണ്ടാം പതിപ്പിൻ്റെ പ്രഖ്യാപനവും ഫ്ലയർ പ്രകാശനവും ക്രൈസ്റ്റ് കോളെജിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് രമേശൻ നമ്പീശൻ നിർവഹിച്ചു.

“ഭാവ രസാനുഭവ” എന്ന പ്രമേയത്തിൽ 2027 ജനുവരി 13 മുതൽ 17 വരെയാണ് രംഗകല കോൺഫറൻസ് നടക്കുക.

ഭാരതീയ ശാസ്ത്രീയ നൃത്ത- നാട്യ പാരമ്പര്യങ്ങളിലെ ശൃംഗാര രസത്തിന്റെ വൈവിധ്യമാർന്ന മാനങ്ങളും സൗന്ദര്യാത്മക ഭാവങ്ങളുമാണ് ഇക്കുറി പ്രധാനമായും ചർച്ചാവിഷയമാകുന്നത്. അന്തർദേശീയ തലത്തിൽ പ്രശസ്തരായ പ്രമുഖ കലാകാരന്മാരും ഗവേഷകരും ആചാര്യന്മാരും കോൺഫറൻസിൽ പങ്കെടുക്കും.

പരമ്പരാഗത കലകളെ കുറിച്ച് സമൂഹത്തിൽ ആഴത്തിലുള്ള ധാരണ വളർത്തുന്നതിനും ഭാവിതലമുറയ്ക്ക് അവയെ ബൗദ്ധികമായി പരിചയപ്പെടുത്തുന്നതിനും കോൺഫറൻസ് ലക്ഷ്യമിടുന്നു.

പുതിയ ദേശീയ വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ ക്രൈസ്റ്റ് കോളെജിലെ ഐ.കെ.എസ്. സെല്ലിന്റെ “നാട്യപാഠശാല” പാഠ്യപദ്ധതിയുടെ ഭാഗമായാണ് രംഗകല കോൺഫറൻസ് 2027ന്റെ ഉള്ളടക്കം വിഭാവനം ചെയ്യുന്നത്.

ഭാരതീയ ശാസ്ത്രീയ കലകളുടെ പ്രചരണത്തിനും കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനു മായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സർവ്വമംഗള ട്രസ്റ്റ് കൂടി രംഗകല കോൺഫറൻസിന്റെ സംഘാടനത്തിൽ സഹകരിക്കും.

കേരളത്തിന്റെ തനത് സംഗീത നൃത്ത നാടകമായ കഥകളി, യുനെസ്കോ പൈതൃക പട്ടികയിൽ ഉള്ള സംസ്കൃത നാടകാവതരണമായ കൂടിയാട്ടം, ലാസ്യ നൃത്ത വിഭാഗത്തിലെ മോഹിനിയാട്ടം എന്നിവയ്ക്ക് പുറമേ ഭരതനാട്യം, കുച്ചിപ്പുടി, ഒഡീസി, കഥക്, മണിപ്പൂരി തുടങ്ങിയ ഭാരതത്തിൻ്റെ മറ്റ് പ്രമുഖ രംഗകലാരൂപങ്ങളും ഈ പഞ്ചദിന അരങ്ങുകളിൽ സമന്വയിക്കും.

ഭാരതീയ രംഗകലകളിലെ ശാസ്ത്രീയ വശങ്ങൾക്കൊപ്പം ഓരോ കലയിലും ഇഴപിരിയാനാവാത്ത വിധം ബന്ധിച്ചു കിടക്കുന്ന മാർഗി, ദേശി സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകൾ, ചർച്ചകൾ, സോദാഹരണ പ്രഭാഷണങ്ങൾ, ചൊല്ലിയാട്ടങ്ങൾ, രംഗാവതരണങ്ങൾ എന്നിവയും രംഗകല കോൺഫറൻസിന്റെ ഭാഗമായി അരങ്ങേറും.

കൾച്ചറൽ ടൂറിസത്തിന്റെ ഭാഗമായി വിദേശത്തുനിന്നും നാട്ടിൽ നിന്നുമുള്ള കലാകാരന്മാർക്കും ആസ്വാദകർക്കും പരസ്പരം ഒത്തുകൂടാനും സംവദിക്കാനുമുള്ള വേദിയായും രംഗകല കോൺഫറൻസ് മാറും.

കൂടാതെ വിവിധ കലാസ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി പ്രത്യേക ക്യാമ്പുകളും വിഭാവനം ചെയ്യുന്നുണ്ട്.

കല ആസ്വദിക്കുന്നവർക്കും പഠിക്കുന്നവർക്കും ഭാവിയിൽ ഒരു മികച്ച റഫറൻസ് സ്രോതസ്സായി ഉപയോഗിക്കാൻ തക്കവണ്ണം എല്ലാ പരിപാടികളുടെയും സമഗ്രമായ ഡോക്യുമെന്റേഷനും ഇതിനോടനുബന്ധിച്ച് തയ്യാറാക്കുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

സെക്രട്ടറി അഡ്വ. രാജേഷ് തമ്പാൻ, ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവിയർ ജോസഫ്, ഐ.കെ.എസ്. സെൽ കോർഡിനേറ്റർ ഡോ. വിനീത ജയകൃഷ്ണൻ, രംഗകല കോൺഫറൻസ് ഡയറക്ടർ ശ്രീലക്ഷ്മി വർദ്ധനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.