ഇരിങ്ങാലക്കുട : കടം വാങ്ങിയ പണം തിരികെ നൽകിയിട്ടും പാസ്പോർട്ട് തിരികെ നൽകാതെ ഭീഷണിപ്പെടുത്തിയ കേസിൽ കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശിയായ പണിക്കശ്ശേരി വീട്ടിൽ ഷാനു, മാടത്ത ഷാനു എന്നീ വിളിപ്പേരുകളിൽ അറിയപ്പെടുന്ന ഷനിലി(46)നെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു.
കരൂപ്പടന്ന പള്ളിനട സ്വദേശിയായ സൈനബ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൈനബയുടെ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവരുടെ ഭർത്താവിന്റെ നിർദേശപ്രകാരം 2 ലക്ഷം രൂപ ഷനിലിനോട് കടമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ 16000 രൂപ മുൻകൂറായി പലിശ കുറച്ചതിന് ശേഷം സൈനബയുടെയും മകളുടെയും പാസ്പോർട്ടുകളും ഇവരുടെ രണ്ട് പേരുടെയും 4 ചെക്ക് ലീഫുകളും ഈടായി കൈപ്പറ്റിയതിന് ശേഷമാണ് ഷനിൽ 2024 സെപ്റ്റംബർ 9, 10 എന്നീ തിയ്യതികളിലായി 1,84,000 രൂപ നൽകിയത്.
തുടർന്ന് കടമായി വാങ്ങിയ പണത്തിൽ 2024 ഒക്ടോബർ 10 മുതൽ 2025 ഫെബ്രുവരി 18 വരെയുള്ള കാലയളവിൽ 1,64,000 ഷനിലിന് തിരികെ കൊടുത്ത ശേഷം സൈനബ വിദേശത്തേക്ക് ജോലിക്ക് പോകുന്നതിനായി പാസ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ നൽകാതിരിക്കുകയും ഒരു ലക്ഷം രൂപ കൂടി നൽകിയില്ലെങ്കിൽ സൈനബയുടെയും മകളുടെയും പാസ്പോർട്ട് തിരികെ നൽകില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കേസിന്റെ അന്വേഷണം നടത്തി വരവെ ഷനിൽ ഒളിവിൽ പോയി. ഇതിനെതുടർന്ന് നേടിയ കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ ഹാജരായ ഷനിലിനെ സബ് ഇൻസ്പെക്ടർ സി.എം. ക്ലീറ്റസ് അറസ്റ്റ് ചെയ്തു.
ഷനിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കവർച്ച, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി 34 ക്രമിനൽ കേസുകളിലെ പ്രതിയും, കൂടാതെ 2007ൽ കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ളയാളുമാണ്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എസ്. ഷാജൻ, സബ് ഇൻസ്പെക്ടർമാരായ സി.എം. ക്ലീറ്റസ്, കെ.എ. സേവ്യർ, പ്രസന്നകുമാർ, അസി. ഇൻസ്പെക്ടർ കെ.വി. ഉമേഷ് എന്നിരാണ് അന്വേഷണ സംഘത്തിലുള്ളത്.