എൻ.എസ്.എസ്. യൂണിയൻ സംഭാര വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് മുകുന്ദപുരം എൻ.എസ്.എസ്. താലൂക്ക് യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സംഭാര വിതരണം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവും മീനച്ചിൽ താലൂക്ക് യൂണിയൻ ചെയർമാനുമായ മനോജ് ബി. നായർ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഓഫീസിന് മുൻപിൽ നടന്ന ചടങ്ങിൽ താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ആർ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും യൂണിയൻ കമ്മിറ്റി അംഗം വിജയൻ ചിറ്റേത്ത് നന്ദിയും പറഞ്ഞു.

പ്രതിനിധി സഭാംഗങ്ങളായ ടി. ഉണ്ണികൃഷ്ണമേനോൻ, ഡി.പി. നായർ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ചന്ദ്രമതി സുരേഷ്, ബിന്ദു ജി. മേനോൻ, രമ വിജയൻ, രവി കണ്ണൂർ, യൂണിയൻ ഇലക്ട്രറൽ റോൾ മെമ്പർ കെ.പി. ഹരീഷ്കുമാർ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശ്രീദേവി മേനോൻ, ജയന്തി രാഘവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആറാട്ട് ദിനമൊഴികെ എല്ലാ ദിവസവും രാവിലെ പതിനൊന്ന് മണി മുതലാണ് സംഭാരവിതരണം നടത്തുക.

ഗ്രാമിക അക്കാദമി 18-ാം വാർഷികം ‘അരങ്ങ്’ മെയ് 3ന്

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയുടെ 18-ാം വാർഷികാഘോഷങ്ങൾ “അരങ്ങ് 2026” മെയ് 3ന് ആശ ബോസ്ലേ വേദിയിൽ നടക്കും.

വൈകീട്ട് 5.30ന് മന്ത്രി
ഡോ. ആർ. ബിന്ദു വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

പുരസ്കാര ജേതാക്കളായ പ്രമുഖ വ്യക്തികളെ മന്ത്രി ആദരിക്കും.

വിവിധ കലോത്സവ മത്സര വിജയികൾക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് അനുമോദനം നൽകും.

നൃത്തവേദിയിൽ അരങ്ങേറ്റം കുറിക്കുന്ന 35 പേർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ഫ്രാൻസിസ് സ്മൃതി ഫലകങ്ങൾ സമർപ്പിക്കും.

തുടർന്ന് 6.30 മുതൽ അരങ്ങേറുന്ന നൃത്തോത്സവത്തിൽ അമ്പതിൽപരം നൃത്ത വിദ്യാർഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്താവതരണങ്ങൾ നടക്കും.

29 നൃത്തവിദ്യാർഥികളുടെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി അരങ്ങേറ്റത്തോടൊപ്പം അമ്മമാരുടെ ആദ്യ ബാച്ചിലെ 6 പേരുടെ ഭരതനാട്യം അരങ്ങേറ്റവും ഉണ്ടാകും.

രാവിലെ 10ന് ആരംഭിക്കുന്ന സംഗീതോത്സവത്തിൽ സംഗീത കച്ചേരി, കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകും.

യുദ്ധത്തെയും ഫാസിസത്തെയും ചെറുക്കാൻ തൊഴിലാളികൾ മുന്നിട്ടിറങ്ങണം : കെ.ജി. ശിവാനന്ദൻ

ഇരിങ്ങാലക്കുട : സാമ്രാജ്യത്വ രാജ്യങ്ങൾ ബോധപൂർവ്വം സുഷ്ടിക്കുന്നതാണ് യുദ്ധമെന്നും യുദ്ധത്തെയും ഫാസിസത്തെയും ചെറുക്കാൻ തൊഴിലാളികൾ രംഗത്തിറങ്ങണമെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ.ജി. ശിവാനന്ദൻ അഭിപ്രായപ്പെട്ടു.

ഇടതുപക്ഷ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മണ്ഡലം തലത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുസ്മൃതി പ്രകാരം തൊഴിൽ അവകാശമല്ല, ധർമ്മം മാത്രമാണ്. തൊഴിൽ അവകാശങ്ങൾ ഹനിക്കുന്ന നിയമമാണ് മോദി സർക്കാർ സൃഷ്ടിച്ച തൊഴിൽ സംഹിത (ലേബർ കോഡുകൾ). മോദി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ ഫാസിസ്റ്റ് സമീപനമാണ് ലേബർ കോഡ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഠാണാ സിഗ്നൽ ജങ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ഹാളിൽ സമാപിച്ചു.

പൊതുസമ്മേളനത്തിൽ സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി അധ്യക്ഷത വഹിച്ചു.

സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്‌കുമാർ, എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവൻ, സിഐടിയു ജില്ലാ ട്രഷറർ ലത ചന്ദ്രൻ, എഐടിയുസി ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു.

സ്മിത രാജൻ, വിഷ്ണുദാസ്, സി.ഡി. സിജിത്, റഷീദ് കാറളം, റസിൽ എന്നിവർ പ്രസംഗിച്ചു.

യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം ഏപ്രിൽ 30ന് സർവീസിൽ നിന്ന് വിരമിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥർക്കും, മിനിസ്റ്റീരിയൽ സ്റ്റാഫിനും യാത്രയയപ്പ് നൽകി തൃശൂർ റൂറൽ പൊലീസ്.

കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എസ്ഐ ടി.എം. കശ്യപൻ, വരന്തരപ്പിള്ളി സ്റ്റേഷനിലെ എസ്ഐ ആർ. ഷാജി, ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ജിഎസ്ഐ ഒ.എ. അജയഘോഷ്, കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ജിഎസ്ഐ ടി.ആർ. ബാബു, ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഎസ്ഐ വി.കെ. ഷാജി, കാട്ടൂർ സ്റ്റേഷനിലെ ജിഎഎസ്ഐ എൻ.എം. ഗിരിജ, സീനിയർ ക്ലർക്ക് ജോൺ ലൂയിസ് എന്നിവർക്കാണ് ഇരിങ്ങാലക്കുടയിലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വെച്ച് യാത്രയയപ്പ് നൽകിയത്.

റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉദ്യോഗസ്ഥരുടെ സേവനകാലത്തെ അഭിനന്ദിച്ച അദ്ദേഹം, അവർക്ക് പ്രശംസാപത്രങ്ങൾ കൈമാറുകയും ഭാവിജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.

അഡീഷണൽ എസ്പി വി.എ. കൃഷ്ണദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എൻ.എസ്. സലീഷ്, വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കെ.ജെ.യു. മാള മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപകദിനം ആചരിച്ചു.

മേഖലാ പ്രസിഡൻ്റ് പി.വി. യശ്പാൽ പതാക ഉയർത്തി.

തുടർന്ന് നടന്ന മേഖലാ യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് ഷാൻ്റി ജോസഫ് തട്ടകത്ത് ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡൻ്റ് പി.വി. യശ്പാൽ അധ്യക്ഷത വഹിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകരായ ഇ.സി. ഫ്രാൻസിസ്, കെ.എം. ബാവ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പി.കെ. അബ്ബാസ്, രമേശ് ഇളയിടത്ത്, സന്ദീപ് ഉണ്ണികൃഷ്ണൻ, കെ.എസ്. സൗമ്യ എന്നിവർ പ്രസംഗിച്ചു.

കൂടൽമാണിക്യം ഉത്സവം : പ്രദർശന മൈതാനിയിൽ സംഗമസാഹിതിയുടെ പുസ്തകോത്സവം തുടങ്ങി

ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെയും സമീപദേശങ്ങളിലെയും സാഹിത്യകാരന്മാരുടെ സംഘടനയായ സംഗമസാഹിതി കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് പ്രദർശനമൈതാനിയിൽ ഒരുക്കിയിട്ടുള്ള പുസ്തകശാല ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

മുൻ കൗൺസിലർ സുജ സഞ്ജീവ്കുമാർ ആദ്യ വില്പന നടത്തി.

താലൂക്കിലും സമീപപ്രദേശങ്ങളിലുമുള്ള സാഹിത്യകാരന്മാർക്ക് സ്വന്തം പുസ്തകങ്ങൾ സംഗമസാഹിതിയുടെ പുസ്തകശാലയിലൂടെ വില്‌പന നടത്തുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.

പ്രസിഡന്റ് ജോസ് മഞ്ഞില അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഇരിങ്ങാലക്കുട ബാബുരാജ്, അരുൺ ഗാന്ധിഗ്രാം, കാട്ടൂർ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

നഫ്രീത് ഗുലാമിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അഖിലേന്ത്യ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് മാനേജർ പദവിയിൽ എത്തിച്ചേർന്ന നഫ്രീത് ഗുലാമിനെ നീഡ്സ് അനുമോദിച്ചു.

അനുമോദനസംഗമം നീഡ്സ് പ്രസിഡൻ്റ് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ നിന്ന് 2 പേർ മാത്രമാണ് ഈ പരീക്ഷയിൽ വിജയം നേടിയത്.

ഇരിങ്ങാലക്കുട സ്വദേശികളായ ഗുലാം മുഹമ്മദിൻ്റെയും എം.എ. അനിതയുടെയും മകനാണ് നഫ്രീത്.

സഹോദരി അഫീന ഗുലാം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ മൂന്നാം റാങ്ക് നേടി വിജയിച്ചിരുന്നു.

നടനകൈരളിയുടെ പാവക്കഥകളി സംഘത്തിന് ‘ദക്ഷിണചിത്ര വിരുദു’ പുരസ്കാരം

ഇരിങ്ങാലക്കുട : ഇന്ത്യയിലെ പ്രമുഖ കലാസ്ഥാപനങ്ങളിലൊന്നായ ചെന്നൈയിലെ ദക്ഷിണചിത്ര മ്യൂസിയം ഇരിങ്ങാലക്കുട നടനകൈളിയുടെ പാവക്കഥകളി സംഘത്തിന് അവരുടെ ഉന്നത പുരസ്കാരമായ ‘ദക്ഷിണചിത്ര വിരുദു’ നൽകി ആദരിക്കും.

പാവക്കഥകളി കലാകാരന്മാരായ കുന്നമ്പത്ത് ശ്രീനിവാസനെയും കെ.സി. രാമകൃഷ്ണനെയുമാണ് ബഹുമതി സ്വീകരിക്കുവാൻ തിരഞ്ഞെടുത്തിട്ടുള്ളത്.

കുന്നമ്പത്ത് ശ്രീനിവാസന് സർട്ടിഫിക്കറ്റും 30000 രൂപയും കെ.സി. രാമകൃഷ്ണന് 20000 രൂപയും നൽകും.

അവാർഡ്ദാന ചടങ്ങിൽ നടനകൈരളി സംഘം പാവക്കഥകളി അവതരിപ്പിക്കും.

കലാനിലയം ഹരിദാസ്, ഹരീഷ് രാമകൃഷ്ണൻ, രതീഷ്, വി. മാണിക്യൻ, കലാനിലയം രാമകൃഷ്ണൻ എന്നിവരാണ് അവതരണത്തിൽ പങ്കെടുക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട 8 പാവകളി കലാരൂപങ്ങളെ പോസ്റ്റൽ സ്റ്റാമ്പായി അംഗീകരിച്ചതിൽ പാവക്കഥകളിയും ഉൾപ്പെടുത്തിയത്.

ഗ്രെയ്സ് ഫെസ്റ്റ് നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പാറെക്കാട്ടുകര സെൻ്റ് മേരീസ് ദൈവാലയത്തിലെ മതബോധന വിദ്യാർഥികൾക്കായുള്ള ഗ്രെയ്സ് ഫെസ്റ്റ് വികാരി ഫാ. ജോർജ്ജി തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

മതബോധന പ്രധാനാദ്ധ്യാപകൻ സി.പി. ജോബി, പി.ടി.എ. പ്രസിഡൻ്റ് ജെസ്റ്റിൻ വെട്ടത്തുപറമ്പിൽ, കൈക്കാരൻ ഡൊമിനി കണ്ണമ്പിള്ളി, മദർ സിസ്റ്റർ റാണി ഗ്രേസ്, ജെൻസൻ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു.

ബ്രദർ ആൽബിൻ, ബ്രദർ ജോയൽ, സിസ്റ്റർ സോണിയ എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള ആരോഗ്യ സർവകലാശാലയുടെ ഒക്യുപേഷണൽ ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ

ഇരിങ്ങാലക്കുട : കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്യുപേഷണൽ തെറാപ്പി ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടി അന്ന ജീസൻ.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നിപ്മറിലെ 2021 ബാച്ചിലെ ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി കോഴ്സിലാണ് അന്ന ജീസൻ റാങ്ക് സ്വന്തമാക്കിയത്.

ഈ വർഷം ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളെജുകളിൽ നിന്നുള്ള കുട്ടികൾക്കായി ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വറിൽ വച്ച് നടത്തിയ “ഗോൾഡ് മെഡൽ ഫോർ ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ്” മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തി ഗോൾഡ് മെഡലും അന്ന സ്വന്തമാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിന് സമീപം താമസിക്കുന്ന ചെറുവത്തൂർ വീട്ടിൽ ജീസൻ- ഡെൽറ്റി (ഊരകം കടലാശ്ശേരി സ്കൂളിലെ ഹെഡ്മിസ്ട്രസ്) ദമ്പതികളുടെ മകളാണ് അന്ന.