ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണം : എംഎൽഎ ഓഫീസിൽ പരാതി നൽകി യുവമോർച്ച

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിലവിലെ ജീവനക്കാരുടെ ക്ഷാമത്തിനും അതുമൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിനും ഉടനടി പരിഹാരം കാണണം എന്നാവശ്യപ്പെട്ട് യുവമോർച്ച എംഎൽഎ ഓഫീസിൽ പരാതി നൽകി.

സമീപകാല വാർത്തകളിൽ വന്നതുപോലെ ഡിപ്പോയിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുകൾ, സാങ്കേതിക- ഓഫീസ് ജീവനക്കാർ എന്നിവരുടെ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഫലമായി നിരവധി സർവീസുകൾ റദ്ദാക്കപ്പെടുകയോ സമയബന്ധിതമായി നടത്താൻ കഴിയാതിരിക്കുകയോ ചെയ്യുന്നു. ബസുകളുടെ അറ്റകുറ്റപ്പണികളും വൈകുന്നതോടെ പൊതുജനങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ലഭിക്കാത്ത അവസ്ഥയാണ്.
ഈ വിഷയത്തിന് അടിയന്തര പ്രാധാന്യം നൽകി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് യുവമോർച്ചയുടെ ആവശ്യം.

എത്രയുംവേഗം നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച മുന്നറിയിപ്പ് നൽകി.

യുവമോർച്ച ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി അമീഷ്, സെക്രട്ടറി കീർത്തി, ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത്, നവനീത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എംഎൽഎ ഓഫീസിൽ എത്തി പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *