എൻ.ആർ. കോച്ചൻ ചരമവാർഷികവും കർഷക തൊഴിലാളികൾക്കുള്ള അവാർഡ് സമർപ്പണവും

ഇരിങ്ങാലക്കുട : ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാറളത്തും ഇരിങ്ങാലക്കുടയിലും നയിച്ച, കാൽ നൂറ്റാണ്ടോളം പഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്ന കർഷക തൊഴിലാളി നേതാവ് എൻ.ആർ. കോച്ചന്റെ നാലാം ചരമവാർഷിക ദിനാചരണവും സഖാവിന്റെ സ്മരണാർത്ഥമുള്ള കർഷക തൊഴിലാളി അവാർഡ് സമർപ്പണവും നടന്നു.

സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എം.എൽ.എ.യുമായ കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. ബൈജു അധ്യക്ഷത വഹിച്ചു.

ലോക്കൽ സെക്രട്ടറി എം. സുധീർദാസ് സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി സി.കെ. ആരോമൽ നന്ദിയും പറഞ്ഞു.

സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുധീഷ്, മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മുൻ സംസ്ഥാന കൗൺസിൽ അംഗം കെ. ശ്രീകുമാർ, ബി.കെ.എം.യു. ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ദാസൻ, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി പി.വി. വിഘ്നേഷ് എന്നിവർ പ്രസംഗിച്ചു.

തെക്കേക്കര കുടുംബയോഗം വാർഷികം

ഇരിങ്ങാലക്കുട : തെക്കേക്കര കുടുംബയോഗം വാർഷികം കരാഞ്ചിറ പള്ളി പാരിഷ് ഹാളിൽ വച്ച് റവ. ഫാ. ജെയിംസ് പള്ളിപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്‌ ടി.എ. പ്ലാസിഡ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വർഗീസ്‌ ബാബു തെക്കേക്കര റിപ്പോർട്ടും ട്രഷറർ മാത്തൻ തെക്കേക്കര കണക്കുകളും അവതരിപ്പിച്ചു.

എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ചടങ്ങിൽ ആദരിച്ചു.

വ്രതവാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റർ മാർഗ്രെറ്റ് മാത്യു തെക്കേക്കരയെ അനുമോദിച്ചു.

ഫാ. ഷാജി തെക്കേക്കര, സി. ജൻസി, സി. പൗലിട്ട ജെയ്സൺ തെക്കേക്കര, വർഗീസ്‌ ജോർജ്ജ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു.

പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 27 കാരുകുളങ്ങരയിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, സി.ബി.എസ്.ഇ. വിഭാഗങ്ങളിൽ ‘ഫുൾ എ പ്ലസ്’, ഫുൾ ‘എ വൺ’ നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും വാർഡിലെ മുഴുവൻ വിദ്യാർഥികൾക്കായുള്ള പഠനോപകരണ വിതരണവും നടത്തി.

പരിപാടി നഗരസഭ ചെയർമാൻ എം.പി. ജാക്സൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.

ഡോളേഴ്സ് ചർച്ച് വികാരി റവ. ഫാ. ഫ്രാൻസിസ് കൊടിയൻ, അബ്ദുൽ ഹഖ് മാസ്റ്റർ, വിനു, ശ്രീധരൻ തൈവളപ്പിൽ, ഹരികുമാർ, ബെന്നി ചെനിയാറ, ശശിധര മേനോൻ, രാധ ബാലകൃഷ്ണൻ, ലത ഭരതൻ, മനീഷ പ്രശാന്ത്, ശശികല പ്രഭാകരൻ, റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വാർഡ് 27ലെ നാട്ടുകാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

വാഴച്ചാൽ ജി.ഡബ്ല്യു.എൽ.പി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിൻ്റെ “തണൽ” പദ്ധതിയിലൂടെ വാഴച്ചാൽ ജി.ഡബ്ല്യു.എൽ.പി. സ്കൂളിലെ
വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഹെഡ്മിസ്ട്രസ്സ് അജിത തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ നിവേദ്യയിൽ നിന്ന് പഠനോപകരങ്ങൾ ഏറ്റുവാങ്ങി.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരും അസിസ്റ്റൻ്റ് പ്രൊഫസർമാരുമായ തൗഫീഖ്, ഡോ. വിഷ്ണു മോഹൻ, സി.എൽ. സിജി, ജി.ഡബ്ല്യു.എൽ.പി. സ്കൂൾ അധ്യാപകരായ ശ്രിജില, ലിജി മരിയ, തവനിഷ് സെക്രട്ടറി ടി.എം. അഭിഷേക്, ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു, തവനിഷ് ട്രഷറർ ഐശ്വര്യ പ്രവീൺ, ജോയിന്റ് ട്രഷറർ ഐ.എ. ശ്വേത എന്നിവരും മറ്റു തവനിഷ് വൊളന്റീയർമാരും പങ്കെത്തു.

സെന്റ് തോമസ് കത്തീഡ്രലില്‍ മിനി മാരത്തോണ്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവക ദിനത്തിന്റെ ഭാഗമായി മിനി മാരത്തോണ്‍ സംഘടിപ്പിച്ചു.

വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, ട്രസ്റ്റിമാരായ പി.ടി. ജോർജ്ജ്‍, സാബു ചെറിയാടന്‍, അഡ്വ. എം.എം. ഷാജന്‍, തോമസ് തൊകലത്ത്, സ്‌പോർട്‌സ് കണ്‍വീനര്‍ ഡോ. സുനില്‍ ഡേവീസ്, ജോ. കണ്‍വീനര്‍ സൈമണ്‍ കുറ്റിക്കാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

20 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെനോ ലിയോ ഒന്നാം സ്ഥാനവും ജോബ് ജോസ് രണ്ടാം സ്ഥാനവും എമില്‍ റോയ് മൂന്നാം സ്ഥാനവും നേടി.

20 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹെലന്‍ മേരി സുനില്‍ ഒന്നാം സ്ഥാനവും തെരേസ സുനില്‍ രണ്ടാം സ്ഥാനവും അഞ്ജു യേശുദാസ് മൂന്നാം സ്ഥാനവും നേടി.

40 വയസിന് മുകളിലുള്ള പുരുഷന്മാരുടെ വിഭാഗത്തില്‍ പി.ഡി. ആന്റോ, റിജോ ജോണി, ടി.സി. ജോമോന്‍ എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.

40 വയസിന് മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ ലിറ്റി ജോസ് ഒന്നാം സ്ഥാനവും മിനി ബെന്നി രണ്ടാം സ്ഥാനവും മഞ്ജു മൈസണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

20 വയസിനും 40 വയസിനും ഇടയിലുള്ളവരില്‍ അനൂപ് ബോസ്, ലിസി എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

മഴക്കാല പൂർവ്വ ശുചീകരണം നടത്തി

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണം നടത്തി.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ ഡെലി സിജു യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ്‌ വി. ഭക്തവത്സലൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ എം.കെ. മുരളി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ, വൊളൻ്റിയർ ലീഡർമാരായ എ.എ. പാർവതിദയ, ടി.എസ്. അഞ്ചിൽ എന്നിവർ പ്രസംഗിച്ചു.

പാറേക്കാട്ടുകര സെൻ്റ് മേരീസ് ദേവാലയത്തിലെ ഊട്ടുതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : മെയ് 31ന് നടക്കുന്ന പാറേക്കാട്ടുകര
സെൻ്റ് മേരീസ് ദേവാലയത്തിലെ
പരിശുദ്ധ കന്യകാമറിയത്തിന്റെ ഊട്ടുതിരുനാളിന് കൊടിയേറി.
മോൺ. വിൽസൻ ഈരത്തറയാണ് കൊടിയേറ്റം നിർവഹിച്ചത്.

ഞായറാഴ്ച രാവിലെ 8.30ന് പ്രസുദേന്തിയുടെ ഭവനത്തിൽ നിന്നും പള്ളിയിലേക്ക് വള എഴുന്നള്ളിപ്പ്, റവ. ഫാ. ബെനറ്റ് എടാട്ടുകാരന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി, റവ. ഫാ. റിജോയ് പഴയാറ്റിലിൻ്റെ സന്ദേശം, തുടർന്ന് തിരുനാൾ പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവ നടക്കും.

വൈകീട്ട് 6 മണിക്ക് ഇടവകയിലെ കലാപ്രതിഭകൾ അണിനിരക്കുന്ന “കലാസന്ധ്യ” അരങ്ങേറും.

സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂൺ 3ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും, റീജണൽ കാൻസർ സെന്റർ തിരുവനന്തപുരം, ട്രിനിറ്റി ട്രാവൽസ് മുംബൈ എന്നിവരും സംയുക്തമായി നടത്തുന്ന സൗജന്യ കാൻസർ നിർണയ ക്യാമ്പ് ജൂൺ 3ന് സേവാഭാരതി ഓഫീസിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയാകും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9497624692 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുടെ വീട്ടിൽ മോഷണം : നഷ്ടപ്പെട്ടത് 9 പവനോളം സ്വർണം

ഇരിങ്ങാലക്കുട : നഗരസഭ 41-ാം വാർഡ് കൗൺസിലർ വിമി ബിജേഷിന്റെ വീട്ടിൽ മോഷണം.

തളിയക്കോണത്തുള്ള വിമിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ച ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ വിമി ആഭരണങ്ങൾ ഊരി അലമാരയിൽ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച ഇവർ പുറത്തു പോയി വന്നപ്പോൾ വീടിൻ്റെ പുറകുവശത്തെ വാതിൽ തുറന്ന നിലയിൽ കിടക്കുകയായിരുന്നു. അടയ്ക്കാൻ മറന്നതാകാം എന്ന് കരുതി ശ്രദ്ധിച്ചിരുന്നില്ല.

പിന്നീട് ഭർത്താവ് ബിജേഷ് മോതിരം ഊരി വെയ്ക്കാനായി നോക്കിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.

തുടർന്ന് ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പുറകുവശത്തെ ആളൊഴിഞ്ഞ പറമ്പിലൂടെയാകാം മോഷ്ടാക്കൾ എത്തിയതെന്നാണ് സംശയിക്കുന്നത്.