ഒട്ടേറെ സവിശേഷതകളുമായിഗ്രാമികയുടെ മലയാളം കലണ്ടർ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഇ.കെ. ദിവാകരൻ പോറ്റി സ്മാരക വായനശാല & ഡിജിറ്റൽ ലൈബ്രറിയുടെ പേരിൽ പ്രസിദ്ധീകരിക്കുന്ന കൊല്ലവർഷം 1202ലെ മലയാളം കലണ്ടർ പുറത്തിറങ്ങി. പഴയ വട്ടെഴുത്ത് ലിപിയിലുള്ള അക്കങ്ങളാണ് തിയ്യതികൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യസമര സേനാനികളും നവോത്ഥാന നായകരും സാമൂഹ്യ പരിഷ്കർത്താക്കളും പ്രമുഖ സാഹിത്യകാരന്മാരും കലാകാരന്മാരും ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രശസ്തരായ116 പേരുടെ ഫോട്ടോകളും 317 പേരുടെ ഓർമ്മദിനങ്ങളും മറ്റു സ്മരണീയ ദിനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രാമികയുടെ മലയാളം കലണ്ടർ ഒരു സാംസ്കാരിക കലണ്ടർ എന്ന നിലയിൽ കൂടി ശ്രദ്ധേയമാണ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഭരണഘടനാ ശില്പികളുടെ ചിത്രങ്ങളുമുണ്ട്.

ചിങ്ങം 1 (2026 ആഗസ്റ്റ് 17) മുതൽ കർക്കടകം 31 (2027 ആഗസ്റ്റ് 16) വരെ 12 മാസത്തെ മലയാളം അക്കങ്ങൾക്ക് സമാനമായ അറബിക് അക്കങ്ങളും പൊതുവർഷ തിയ്യതികളും (ഗ്രിഗോറിയൻ കലണ്ടർ) രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളികൾക്ക് മാത്രം സ്വന്തമായ കൊല്ലവർഷം എന്ന കാലഗണനാ സമ്പ്രദായം നിലനിർത്തുകയെന്നതാണ് കലണ്ടർ പ്രസിദ്ധീകരണത്തിലൂടെ ഗ്രാമിക ലക്ഷ്യമാക്കുന്നത്.

കലണ്ടറിൻ്റെ പ്രകാശനം കവി ബാലകൃഷ്ണൻ അഞ്ചത്ത് എഴുത്തുകാരൻ ഡോ. വത്സലൻ വാതുശ്ശേരിക്ക് നൽകി പ്രകാശനം ചെയ്തു.

ഗ്രാമിക പ്രസിഡൻ്റ് പി.കെ. കിട്ടൻ അധ്യക്ഷനായി.

പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ ഗ്രാമിക അക്കാദമി വിദ്യാർഥികളെ പഞ്ചായത്ത് അംഗം മിനി പോളി അനുമോദിച്ചു.

വനമിത്ര പുരസ്കാര ജേതാവ് വി.കെ. ശ്രീധരൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, വൈസ് പ്രസിഡൻ്റ് ഇ.കെ. മോഹൻദാസ്, സെക്രട്ടറി എൻ.പി. ഷിൻ്റോ,
ജോ. സെക്രട്ടറി വി.ആർ. മനുപ്രസാദ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *