കത്തോലിക്ക കോൺഗ്രസിന്റെ ഓണാഘോഷം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി.യുടെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഓണാഘോഷ കമ്മറ്റി ജനറൽ കൺവീനർ രഞ്ജി അക്കരക്കാരന് പതാക നൽകിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ചന്തക്കുന്ന് വഴി ടൗൺ ചുറ്റി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിസന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ചു.

വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, കത്തീഡ്രൽ ട്രസ്റ്റി ടോണി ചെറിയാടൻ, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ മാവേലി, ബാബു ചേലക്കാട്ട്‌ പറമ്പിൽ, രൂപത പി.ആർ.ഒ. ടെൽസൺ കോട്ടോളി, മിനി കാളിയങ്കര, വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടകുളത്തി, ബീന രാജേഷ്, ജോയിൻ്റ് കൺവീനർ സുനിൽ ആന്റപ്പൻ, പ്രോഗ്രാം കൺവിനർ ജയ ജോസഫ്, ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.

മികച്ച വനിത കർഷകയായി നഗരസഭ തിരഞ്ഞെടുത്ത ജോയ്സി ഡെന്നിയെ പൊന്നാടയണിച്ച് ആദരിച്ചു.

ദേശീയ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം

ഇരിങ്ങാലക്കുട : ഒക്ടോബറിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ദേശീയ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിനെ യുവമോർച്ച ആദരിച്ചു.

കഴിഞ്ഞ മാസം മണ്ണുത്തിയിൽ വച്ച് നടന്ന സംസ്ഥാനതല മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയാണ് ഋതുനന്ദ് ദേശീയതലത്തിലേക്ക് യോഗ്യത നേടിയത്.

യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്‌ ജിനു ഗിരിജൻ, ആളൂർ മണ്ഡലം പ്രസിഡന്റ്‌ വിശ്വജിത്ത് അരയാംപറമ്പിൽ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ്‌ സുഖിൻ പടിയൂർ, ജനറൽ സെക്രട്ടറി അമീഷ്, രാഹുൽ തുടങ്ങിയവർ നേതൃത്വം നൽകി.

അന്ന ജീസനെ അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട : കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്യുപേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും ഇന്ത്യയിലെ ഒക്യുപേഷണൽ തെറാപ്പിയിൽ പരിശീലനം നൽകുന്ന 40 കോളെജുകളിൽ നിന്നുള്ള കുട്ടികൾക്കായി ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ്സ് അസോസിയേഷൻ ഒറീസയിലെ ഭൂവനേശ്വരിൽ നടത്തിയ ‘ദ ബെസ്റ്റ് ഒക്യുപേഷണൽ തെറാപ്പി ഗ്രാജുവേറ്റ്’ മത്സരത്തിൽ ഗോൾഡ് മെഡലും നേടിയ കല്ലേറ്റുംകര നിപ്മറിലെ അവസാന വർഷ വിദ്യാർഥി അന്ന ജീസനെ തോമസ് ഉണ്ണിയാടൻ എംഎൽഎ അഭിനന്ദിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിനടുത്ത് ചെറുവത്തൂർ ജീസന്റെയും ഡെൽറ്റിയുടെയും മകളാണ് അന്ന.

മുൻ കൗൺസിലർ ജെയ്‌സൺ പാറേക്കാടനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

വാര്യർ സമാജം ഓണാഘോഷവും കുടുംബസംഗമവും

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷവും കുടുംബസംഗമവും കോയമ്പത്തൂർ ഇൻ്റർനാഷണൽ സ്കൂൾ മുൻ പ്രിൻസിപ്പൽ പ്രതിഭ സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ അധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡൻ്റ് വി.വി. ഗിരീശൻ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ ഉപഹാരം നൽകി അനുമോദിച്ചു.

ദുർഗ്ഗ ശ്രീകുമാർ, ഉഷ ദാസ്, എ.സി. സുരേഷ്, എ. അച്യുതൻ, എസ്. കൃഷ്ണകുമാർ, എ.സി. രമാദേവി, വി.വി. ശ്രീല, ടി. രാമൻകുട്ടി, പ്രഭ വേണുഗോപാൽ, എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തോടനുബന്ധിച്ച് കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നും നാമജപ ഘോഷയാത്ര നടത്തി.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി.

തിരുനാളിന്റെ കൊടിയേറ്റുകര്‍മം വികാരി റവ. ഡോ. ഫാ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. വിബിന്‍ വേരന്‍പിലാവ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സെപ്റ്റംബര്‍ 5 വരെ എല്ലാ ദിവസവും വൈകീട്ട് 5ന് പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.

6ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് വെള്ളാനി സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി ഫാ. ബിനീഷ് കോട്ടയ്ക്കല്‍ മുഖ്യകാര്‍മിത്വം വഹിക്കും. തുടര്‍ന്ന് വൈദ്യുതി ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കും.

7ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന പ്രസുദേന്തി വാഴ്ച, ലദീഞ്ഞ്, നൊവേന, ദിവ്യബലി രൂപം എഴുന്നള്ളിച്ചു വെയ്ക്കല്‍ എന്നിവയ്ക്ക് പോട്ട ലിറ്റില്‍ ഫ്ലവർ ചര്‍ച്ച് അസി. വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മിത്വം വഹിക്കും.

തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് മുനിപ്പാറ സെന്റ് ജൂഡ് ചര്‍ച്ച് വികാരി ഫാ. മെജിന്‍ കല്ലേലി മുഖ്യകാര്‍മിത്വം വഹിക്കും.

വടക്കുംകര സെന്റ് ആന്റണീസ് ചര്‍ച്ച് വികാരി റവ. ഡോ. ജിജോ വാകപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ജപമാല പ്രദക്ഷിണം.

ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന ആശീര്‍വാദം നല്‍കും.

തുടര്‍ന്ന് ഗ്രോട്ടോയില്‍ സമാപനം, വര്‍ണമഴ, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.

തിരുനാളിന്റെ വിജയത്തിനായി വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, ജനറല്‍ കണ്‍വീനര്‍ എ.ടി. ജോയ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

പ്രമേഹ നിര്‍ണ്ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പ്രമേഹരോഗ നിര്‍ണയവും നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയ ക്യാമ്പും പി.എല്‍. തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ സംഘടിപ്പിച്ചു.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.സി. തോമസ് അധ്യക്ഷത വഹിച്ചു.

സോണ്‍ ചെയര്‍മാന്‍ എം.സി. പ്രദീപ്, സെക്രട്ടറി എം.എസ്. രാജേഷ്, ശിവന്‍ നെന്മാറ എന്നിവർ പ്രസംഗിച്ചു.

നാഷണൽ സ്കൂളിലെ എസ്പിസി ക്യാമ്പ് “പൂത്തുമ്പി”ക്ക് പരിസമാപ്തിയായി

ഇരിങ്ങാലക്കുട : നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഓണം ക്യാമ്പ് “പൂത്തുമ്പി”ക്ക് പരിസമാപ്തിയായി.

3 ദിവസങ്ങളിലായി നടന്ന ക്യാമ്പ് കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ രുക്മിണി രാമചന്ദ്രൻ, വി.പി.ആർ. മേനോൻ എന്നിവർ ചേർന്ന് പതാക ഉയർത്തി.

പ്രധാന അധ്യാപിക എൻ.എ. ലേഖ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡൻ്റ് വി.ബി. അനിത് ആശംസകൾ നേർന്നു.

വിവിധ സെഷനുകളിൽ എൻസിസി ഓഫീസർ ഷിജി പൗലോസ്, എസ്പിസി അധ്യാപകരായ ശ്രീകൃഷ്ണൻ നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

തുടർന്ന് എസ്പിസി പദ്ധതിയുടെ റൂറൽ ജില്ല അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ആസാദ്, എഎസ്ഐ എം.സി. ബിജു എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

തുടർന്നുള്ള സെഷനുകളിൽ മോട്ടിവേഷണൽ ട്രെയിനർ വൈശാഖ് അശോകൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് വിദ്യാർഥിനിയും സൈക്കോളജിസ്റ്റുമായ അലീഷ മരിയ, അഡ്വ. . ഉമാദേവി, ഇരിങ്ങാലക്കുട നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിസാർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

ക്യാമ്പിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിക്കുകയും അടിയന്തര സാഹചര്യത്തിൽ അറിയേണ്ട പൊതുവിവരങ്ങളെ കുറിച്ച് കുട്ടികൾക്ക് ഇൻസ്പെക്ടർമാരായകെ.എസ്. സജിത്, ആർ. രാജേഷ് എന്നിവർ പരിശീലനം നൽകി.

തുടർന്ന് കുട്ടികൾക്ക് എയറോബിക് പരിശീലനത്തിന് ഇന്ദ്ര സോനുവും പരേഡ് പരിശീലനത്തിന് റൂറൽ ജില്ല അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ആസാദും എഎസ്ഐ എം.സി. ബിജുവും നേതൃത്വം നൽകി.

ക്യാമ്പിൻ്റെ സമാപന സമ്മേളനം കൗൺസിലർ ശ്രീലക്ഷ്മി മനോജ് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.വി. സുശീൽ അധ്യക്ഷത നിർവഹിച്ചു.

ക്യാമ്പിൻ്റെ മികച്ച കേഡറ്റുകളായി സീനിയർ കേഡറ്റുകളായ അനാമിക വിനീഷ്, ടി.ബി. അതുൽ എന്നിവരെ തിരഞ്ഞെടുത്തു.

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ സി.ഐ.എസ്.സി.ഇ. ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് തുടക്കം

ഇരിങ്ങാലക്കുട : സി.ഐ.എസ്.സി.ഇ. സ്പോർട്സ് ആൻഡ് ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയതല പെൺകുട്ടികളുടെ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയായി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളുടെ സമഗ്ര വ്യക്തിത്വവികസനത്തിനും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സി.ഐ.എസ്.സി.ഇ. നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണെന്നും ടേബിൾ ടെന്നീസ് പോലുള്ള മത്സരങ്ങളിലൂടെ കുട്ടികളിലെ കായികപ്രതിഭ വളർത്താനും ദേശീയതലത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഇത്തരം ചാമ്പ്യൻഷിപ്പുകൾ മികച്ച വേദിയൊരുക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സി.ഐ.എസ്.സി.ഇ. കേരള റീജിയൻ സ്പോർട്സ് കോർഡിനേറ്ററും എ.എസ്.ഐ.എസ്.സി. കേരള റീജിയൻ സെക്രട്ടറിയുമായ റവ. ഫാ. ഷിനോ കളപ്പുരയ്ക്കൽ അനുമോദന പ്രസംഗം നടത്തി.

ഡോൺ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ റവ. ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ എസ്.ഡി.ബി. സ്വാഗതവും ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജിതിൻ മൈക്കിൾ നന്ദിയും പറഞ്ഞു.

സ്പിരിച്വൽ ആനിമേറ്റർ റവ. ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ഷിബു ഡേവിസ്, അന്താരാഷ്ട്ര അമ്പയർ എം.ടി. തോമസ്, പി.ടി.എ. പ്രസിഡന്റ് ശാരിക ശിവപ്രസാദ്, പൂർവ്വ വിദ്യാർഥി സംഘടന വൈസ് പ്രസിഡന്റ് അലക്സ് സുരേഷ്, ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ടേബിൾ ടെന്നീസ് കോച്ച് സോമു ബാനർജി, സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ ബിന്ദു ബാബു എന്നിവർ പങ്കെടുത്തു.

ആഗസ്റ്റ് 31 വരെ നടക്കുന്ന ഈ ചാമ്പ്യൻഷിപ്പിൽ
രാജ്യത്തിന്റെ വിവിധ റീജിയനുകളിൽ നിന്നുള്ള മികച്ച യുവ ടേബിൾ ടെന്നീസ് താരങ്ങൾ മത്സരിക്കും.

ആഗസ്റ്റ് 31ന് നടക്കുന്ന സമാപന ചടങ്ങിൽ ഇരിങ്ങാലക്കുട ആർടിഒ ഷിബു പോൾ മുഖ്യാതിഥിയാകും.

ഗ്രാമികയിൽ പ്രഭാഷണവും ഡോക്യുമെൻ്ററി പ്രദർശനവും

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയും പ്രതിമാസ ചർച്ചാവേദിയും സംയുക്തമായി ഡോക്യുമെൻ്ററി സിനിമ പ്രദർശനവും പ്രഭാഷണവും സംഘടിപ്പിച്ചു.

ആസാദിയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ കവിയും എഴുത്തുകാരിയുമായ ഡോ. അനു പാപ്പച്ചൻ പ്രഭാഷണം നടത്തി.

ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡൻ്റ് യു.എസ്. അജയകുമാർ അധ്യക്ഷനായി.

വി.ആർ. മനുപ്രസാദ്, വി.പി. ഗൗതം, കെ.വി. ശ്യാം, പി.ടി. സ്വരാജ്, എം.എ. ബാബു, കെ.വി. ഹനീഫ, സുബമണി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത സത്യപ്പുല്ല് എന്ന ഡോക്യുമെൻ്ററി സിനിമ പ്രദർശിപ്പിച്ചു. ശേഷം സംവിധായകനും പ്രേക്ഷകരും പങ്കെടുത്ത മുഖാമുഖവും നടന്നു.

നിര്യാതയായി

ശർമിള അന്തർജനം

ഇരിങ്ങാലക്കുട : തൃശൂർ തെക്കേമഠം സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ(പൂർവാശ്രമം അവിട്ടത്തൂർ ഏക്കോട്ടില്ലം ശശിധരൻ നമ്പൂതിരി)യുടെ പൂർവാശ്രമ പത്നി ശർമിള അന്തർജനം (58) നിര്യാതയായി.

സംസ്കാരം തിങ്കളാഴ്ച (ആഗസ്റ്റ് 31) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : സൂര്യനാരായണൻ, വരദാംബിക

മരുമക്കൾ : കൃഷ്ണദാസ്, സുമ