ഇരിങ്ങാലക്കുടയിൽ ‘നാട്യസൗരഭം’ കൂടിയാട്ട ആസ്വാദന കളരിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : വളർന്നുവരുന്ന പുതുതലമുറയ്ക്ക് കൂടിയാട്ടത്തിന്റെ മഹത്തായ നാട്യസംസ്കാരം പരിചയപ്പെടുത്തുന്നതിനായി ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും അമ്മന്നൂർ ഗുരുകുലവും സംയുക്തമായി സ്കൂൾ- കോളെജ് വിദ്യാർഥികൾവേണ്ടി ഒരുക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ‘നാട്യസൗരഭം’ കൂടിയാട്ട പരിചയ- ആസ്വാദന കളരിക്ക് മാധവനാട്യഭൂമിയിൽ തുടക്കമായി.

മാധവനാട്യഭൂമിയിൽ നടന്ന ചടങ്ങ് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സ്കൂൾ- കോളെജ് അധികൃതരുമായി ആലോചിച്ച്, ഇരിങ്ങാലക്കുട കഥകളി ക്ലബ്ബിന്റെയും അമ്മന്നൂർ ഗുരുകുലത്തിന്റെയും സഹകരണത്തോടെ, സർക്കാർ- സർക്കാരേതര സംവിധാനങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് കൂടിയാട്ടം, കഥകളി പോലുള്ള രംഗകലകളെ പരിചയപ്പെടുത്തുന്ന വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു.

കലകളുടെ സംഗമഭൂമിയായ ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകം വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് ഈ ചൊല്ലിയാട്ട പരമ്പരയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശൻ ആമുഖത്തിൽ പറഞ്ഞു.

ഒരു വർഷംകൊണ്ട് കൂടിയാട്ടം എന്ന കലാരൂപത്തെക്കുറിച്ച് സമഗ്രമായ അറിവ് വിദ്യാർഥികൾക്ക് പകർന്നുകൊടുക്കുന്ന തരത്തിലാണ് ക്ലാസിന്റെ പാഠ്യക്രമവും ഉള്ളടക്കവും ക്രമീകരിച്ചിരിക്കുന്നതെന്ന് ഗുരുകുലം പ്രസിഡൻ്റ് കലാമണ്ഡലം രാജീവൻ സ്വാഗതപ്രസംഗത്തിൽ സൂചിപ്പിച്ചു.

ഉദ്ഘാടനച്ചടങ്ങിന് ശേഷം പർണ്ണശാലാങ്കം കൂടിയാട്ടത്തിലെ ലളിതയുടെ ഭാഗം പ്രശസ്ത കൂടിയാട്ട കലാകാരി കപില വേണു ചൊല്ലിയാടി.

മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്ണനും താളത്തിൽ കൂടിയാട്ട കലാകാരി സരിത കൃഷ്ണകുമാറും പക്കമേളമൊരുക്കി.

പ്രശസ്ത കൂടിയാട്ട കലാകാരി ഡോ. അപർണ്ണ നങ്ങ്യാർ ആസ്വാദന ക്ലാസ്സ് നയിച്ച് കഥാസന്ദർഭങ്ങളും കൂടിയാട്ടത്തിലെ സൗന്ദര്യവശങ്ങളും വിശദീകരിച്ചു.

തുടർന്നുള്ള ക്ലാസ്സുകൾ സ്കൂൾ- കോളെജ് അവധിദിവസങ്ങളിലോ, രാവിലെ 10നും വൈകീട്ട് 6നും മധ്യേ സൗകര്യപ്രദമായ ഒഴിവുസമയങ്ങളിലോ ആയിരിക്കും നിശ്ചയിക്കുക എന്ന് കലാമണ്ഡലം നാരായണൻ അറിയിച്ചു.

ഈ ആസ്വാദനക്കളരി വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക്, കഥകളി ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന രംഗകലാ കോൺഫറൻസ് സമാപന വേദിയിൽ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.

നൃത്തം പഠിക്കുന്ന, കലകളെ സ്നേഹിക്കുന്ന എല്ലാ വിദ്യാർഥികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *