ഐടിയു ബാങ്ക് പ്രതിസന്ധി ; സഹകരണ വകുപ്പ് മന്ത്രിക്ക് സങ്കട ഹർജി സമർപ്പിച്ച് നിക്ഷേപക സംരക്ഷണ സമര സമിതി

ഇരിഞ്ഞാലക്കുട : ഐടിയു ബാങ്കിൻ്റെ പ്രതിസന്ധി മറികടക്കുന്നതിനും നിക്ഷേപകരുടെ പണം തിരികെ ലഭിക്കുന്നതിനു മുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമരസമിതി അംഗങ്ങൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജുവിന് സങ്കടഹർജി സമർപ്പിച്ചു.

സമരസമിതി പ്രസിഡൻ്റ് പ്രിൻസ് മാത്യു ചക്കാലക്കൽ, സെക്രട്ടറി ലിയോ പി. ആന്റോ, ജോയിൻ്റ് സെക്രട്ടറി ടോയ് വാറുണ്ണി എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

നിലവിൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി തുടരുമെന്നാണ് വിവരം. 2025- 26 വാർഷിക കണക്കനുസരിച്ച് 123 കോടിയോളം രൂപ ബാങ്കിന് സഞ്ചിത നഷ്ടമുണ്ട്. 460 കോടിയോളം രൂപയാണ് ബാങ്കിൽ നിന്നും നിക്ഷേപകർക്ക് ലഭിക്കാനുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബാങ്കിൻ്റെ പ്രതിസന്ധിക്ക് കാരണക്കാരായവരുടെയും കൂട്ടുനിന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിനും ക്രിമിനൽ നിയമനടപടി കൈക്കൊള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സമരസമിതി അംഗങ്ങൾ മന്ത്രിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *