ഇരിങ്ങാലക്കുട : സ്വജന സമുദായ സഭ മുകുന്ദപുരം യൂണിയന്റെ 12-ാം വാർഷിക സമ്മേളനം ആഘോഷിച്ചു.
ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗവും മുൻ യൂണിയൻ സെക്രട്ടറിയും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ എം.വി. കുട്ടൻ പതാക ഉയർത്തി.
ഇന്ദു സജീവനും പദ്മിനിയും ചേർന്നാലപിച്ച സംഘടനാ ഗാനത്തോടെ തുടക്കം കുറിച്ച പൊതുസമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് പി.സി. കുമാരൻ അധ്യക്ഷത വഹിച്ചു.
വി.കെ. സുഭാഷ് സ്വാഗതം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി.
ആളൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ജിഷ ബാബു, ഇ.പി.സി. യൂണിയൻ പ്രസിഡന്റ് വി.എസ്. മോഹനൻ എന്നിവർ ആശംസകൾ നേർന്നു.
സെക്രട്ടറി സുമേഷ് കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി എം.എൻ. മണികണ്ഠൻ വരവ് – ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കോടതിവിധിയെയും മറ്റു സമകാലിക വിഷയങ്ങളെയും ആസ്പദമാക്കി സംസ്ഥാന സെക്രട്ടറി വി.എ. ദിനേശൻ വിഷയാവതരണം നടത്തി.
ഇരിങ്ങാലക്കുട പൊലീസ് സൂപ്രണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ മണി “മയക്കുമരുന്നിന്റെ അതിവ്യാപനത്തെയും അത് തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന്റെ ആവശ്യകതയെയും” സംബന്ധിച്ച ക്ലാസ്സ് നയിച്ചു.
യൂണിയൻ പരിധിയിലെ വിവിധ ശാഖകളിൽ നിന്നും കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിഗ്രി ക്ലാസ്സുകളിൽ മികച്ച വിജയം കൈവരിച്ചവരെയും, കലാ കായിക മത്സരങ്ങളിൽ ജില്ലാ/ സംസ്ഥാന തലങ്ങളിൽ വിജയം നേടിയവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
Leave a Reply