ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 2,97,82585 രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും പിടികൂടി.
ബാങ്കിലെ ജൂനിയർ ക്ലാർക്ക് ആയിരുന്ന മാള വടമ കാവനാട് സ്വദേശി ആത്തപ്പിള്ളി വീട്ടിൽ ഡോജോ ഡേവീസ് (41) എന്നയാളെയാണ് തൃശൂർ റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, ഡോജോ ഡേവീസ്, മറ്റൊരു ജൂനിയർ ക്ലാർക്ക് എന്നിവർ ചേർന്ന് 2011 ഡിസംബർ 3 മുതൽ 2019 നവംബർ 5 വരെയുള്ള കാലയളവിൽ സ്ഥാപനത്തിലെ മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 2,9782585 രൂപയുടെ തട്ടിപ്പ് നടത്തിയത്.
ഈ സംഭവത്തിന് ബാങ്ക് സെക്രട്ടറി കല്ലേറ്റുംകര സ്വദേശി നെരേപറമ്പൻ വീട്ടിൽ നിക്സൺ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസടുത്തത്.
റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
വിദേശത്തേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ എത്തിയപ്പോഴാണ് ഡോജോ ഡേവീസ് പിടിയിലായത്.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ, മാള സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ സബ്ബ് ഇൻസ്പെക്ടർ ബെനഡിക്ട്, ജിഎസ്ഐ ടി.ആർ. രാജേഷ്, ജിഎഎസ്ഐ-മാരായ റാഫി, ഷിൽജ, ഷനിദ, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Leave a Reply