ഇരിങ്ങാലക്കുട : നഗരസഭ 34-ാം വാർഡിൽ നിർമ്മാണത്തിലിരിക്കുന്ന പാറപ്പുറം സാംസ്കാരിക നിലയം നിർമ്മിക്കാൻ 2020ൽ 14,90,000 രൂപയും പട്ടികജാതി വികസന ഫണ്ടിൽ നിന്ന് നഗരസഭ വച്ച പ്രോജക്റ്റ് പ്രകാരം 2022ൽ 4 ലക്ഷം രൂപയും,
2023ൽ 10 ലക്ഷം രൂപയും, ഇലക്ട്രിക് വർക്കിന് 60000 രൂപയും ഫണ്ട് അനുവദിച്ചിട്ടും പല മുടന്തൻ ന്യായങ്ങളും പറഞ്ഞ് നഗരസഭ ഭരണപക്ഷവും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങ് നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി.
വാർഡ് കൗൺസിലർ വിജയകുമാരി അനിലനാണ് പ്രതീകാത്മക ഉദ്ഘാടനം നിർവ്വഹിച്ചത്.
കൗൺസിലർ രേഖാമൂലം പരാതി നൽകിയിട്ടും നഗരസഭ അധികാരികൾ സാംസ്കാരിക നിലയത്തിന് കെട്ടിട നമ്പറും വൈദ്യുതിയും വെള്ളവും അനുവദിച്ചു തന്നില്ല. നഗരസഭയുടെ ഈ അനാസ്ഥ പട്ടികജാതി വിഭാഗങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഉദ്ഘാടനവേളയിൽ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ,
പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് എന്നിവർ ആശംസകൾ നേർന്നു.
വാർഡ് കൺവീനർ വിപിൻ രാജ് സ്വാഗതവും സുനിൽ കമലദളം നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ്, കൗൺസിലർമാരായ അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, മണ്ഡലം ട്രഷറർ ജോജൻ കൊല്ലാട്ടിൽ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുശിതാംബരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണൻ, വാർഡ് വികസന ടീം ദശരഥൻ, രഘുനന്ദൻ, കണ്ണൻ നാരാട്ടിൽ, രാജു, വിനോജ് ഹരിത, കാർത്തിക എന്നിവർ നേതൃത്വം നൽകി.