ഇരിങ്ങാലക്കുട : ഡൽഹിയിൽ നടക്കുന്ന സി.ജെ.പി. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രശസ്ത സിനിമാ നടൻ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വസതിക്ക് മുമ്പിൽ യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധ സമരം പൊതുസമൂഹത്തിന് അപമാനകരമാണെന്ന് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ വിദ്യാർഥി യുവജന വിരുദ്ധ നയങ്ങൾക്കെതിരെ വലിയ രീതിയിലുള്ള പ്രക്ഷോപമാണ് രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നടക്കുന്നത്. സമൂഹിക സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവർ ഇതിനകം തന്നെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് യുവജന വിദ്യാർഥി സമരത്തെ കേന്ദ്രഭരണകൂടം നേരിട്ട രീതിയെക്കുറിച്ച് നടൻ ടൊവിനോ തോമസ് സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം പങ്കുവെച്ചത്. തങ്ങൾക്കെതിരെ അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തി ശബ്ദമടപ്പിക്കുക എന്ന സംഘപരിവാർ നയമാണ് നടൻ ടൊവിനോക്കെതിരെയും യുവമോർച്ച നടത്തുന്നത്.
തീർച്ചയായും ഇതിനെതിരെ പൊതുസമൂഹം രംഗത്ത് വരണമെന്നും സംഘപരിവാർ ഫാസിസത്തിനെതിരെയുള്ള പോരാട്ടം എഐവൈഎഫ് ശക്തമാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡൻ്റ് ടി.വി. വിബിൻ, മണ്ഡലം സെക്രട്ടറി പി.എസ്. ശ്യാംകുമാർ, പ്രസിഡൻ്റ് എം.പി. വിഷ്ണുശങ്കർ എന്നിവർ പ്രസംഗിച്ചു.












Leave a Reply