“കരുതലായ് കാവലായ്” : ലഹരി വിരുദ്ധ ബോധവൽക്കരണവും അനുമോദനവും 28ന്

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസ് നടപ്പിലാക്കുന്ന “കരുതലായ് കാവലായ്” ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് “ലഹരിമുക്ത വിദ്യാലയം” എന്ന വിഷയത്തെ ആസ്‌പദമാക്കി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദനവും സമ്മാനദാനവും 28ന് രാവിലെ 10.30ന് ഇരിങ്ങാലക്കുട എം.സി.പി. കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുമെന്ന് റൂറൽ എസ്പി ബി. കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

തൃശൂർ റൂറൽ പരിധിയിലെ 524 സ്കൂളുകളിലായി ഇരുപതിനായിരത്തിലധികം കുട്ടികൾ പങ്കെടുത്ത മത്സരങ്ങളിലെ വിജയികളായ 2478 വിദ്യാർഥികൾ ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങും.

ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.

തൃശൂർ മേഖല ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഓഫ് പൊലീസ് ഹരിശങ്കർ മുഖ്യാതിഥിയാകും.

നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.

മുതിർന്നവർ കാവൽ നിന്ന് കരുതലോടെ വളർത്തുന്ന കുട്ടികൾ ലഹരിക്കടിമപ്പെടാതെ നാളെ തിരികെ മുതിർന്നവർക്ക് കാവലായി അവരെ കരുതലോടെ നോക്കുംവിധം മിടുക്കരായി വളരണം എന്നതാണ് തങ്ങൾ ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് റൂറൽ എസ്പി ബി. കൃഷ്ണകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *