പടിയൂർ ഇരട്ടക്കൊലപാതകം : കേദാർനാദില്‍ മരിച്ചത് പ്രേംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം

ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറി(45)നെ തന്നെയാണ് കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ച് അന്വേഷണസംഘം.

വ്യാഴാഴ്ചയാണ് പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിലുള്ള വിശ്രമകേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിക്കുന്നത്.

ഇയാളുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലുണ്ടായിരുന്ന മകളുടെ നമ്പറിലേക്ക് ആശുപത്രി ജീവനക്കാർ ബന്ധപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷണ സംഘത്തെ വിവരമറിയിച്ചത്.

ജൂൺ 4നാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറത്തുവരുന്നത്. പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരാണ് മരിച്ചത്. മരണ വിവരം അറിയുമ്പോൾ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു.

പ്രേംകുമാറിന്റെ ഭാര്യയായ രേഖയുടെ മൃതദേഹത്തിൽ നിന്ന് ലഭിച്ച കുറിപ്പിലൂടെയും ചിത്രങ്ങളിലൂടെയുമാണ് മരണം കൊലപാതകമാണെന്നും പ്രതി പ്രേംകുമാർ ആണെന്നുമുള്ള സൂചന ലഭിക്കുന്നത്.

പ്രതിയുടെ രണ്ടാം ഭാര്യയാണ് രേഖ.

2019ൽ ആദ്യത്തെ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് പ്രേംകുമാർ.

പ്രേംകുമാർ പഠിച്ച സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമത്തിനെത്തിയ സഹപാഠി സുനിതയുമായി പ്രണയത്തിലായതിനെ തുടർന്ന് വിദ്യയെ ഒഴിവാക്കാനായിരുന്നു ആദ്യ കൊലപാതകം.

ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ ജാമ്യത്തിൽ ഇറങ്ങിയാണ് ഇതൊന്നും അറിയിക്കാതെ രേഖയെ വിവാഹം കഴിക്കുന്നത്. രേഖയുടെതും രണ്ടാം വിവാഹമാണ്.

കൊലപാതകം നടത്തിയതിനുശേഷം നാട്ടിൽ മുങ്ങിയ പ്രതിക്കായി പൊലീസ് 3 ഭാഷകളിലായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പ്രതി ഡൽഹിയിലുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ഡൽഹിയിൽ എത്തിയ സമയത്താണ് പ്രേംകുമാറിന്റെ മരണവിവരം അറിയുന്നത്.

തുടർന്ന് അന്വേഷണസംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ഇതുവരെ തയ്യാറായിട്ടില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാത്ത പക്ഷം കേദാർനാഥിൽ തന്നെ സംസ്കരിക്കാനാണ് നീക്കം.

കേസ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഡിഎൻഎ ടെസ്റ്റിനുള്ള സാമ്പിളും ശേഖരിക്കുമെന്ന് പൊലീസ് അറിയിച്ചു.

നിര്യാതയായി

ആനീസ്

ഇരിങ്ങാലക്കുട : കല്ലേറ്റുംകര ചിറ്റിലപ്പിള്ളി തണ്ട്യേയ്ക്കൽ തോമസ് ഭാര്യ ആനീസ് (77) നിര്യാതയായി.

ബി.വി.എം.എച്ച്.എസിലെ റിട്ടയേർഡ് അധ്യാപികയാണ്.

സംസ്കാരം ശനിയാഴ്ച (ജൂൺ 14) വൈകീട്ട് 4.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

പടിയൂർ ഇരട്ടക്കൊലപാതകം : പ്രതി പ്രേംകുമാർ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ

ഇരിങ്ങാലക്കുട : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാർനാദിലുള്ള വിശ്രമ കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മരിച്ചത് പ്രേംകുമാർ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണത്തിനായി കേസ് കൈകാര്യം ചെയ്യുന്ന അന്വേഷണസംഘം ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടു.

ജൂൺ 4നാണ് പടിയൂർ പഞ്ചായത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വെള്ളാനി കൈതവളപ്പിൽ പരമേശ്വരൻ ഭാര്യ മണി (74),
മകൾ രേഖ (43) എന്നിവർ കൊല്ലപ്പെട്ടത്.

തുടരന്വേഷണത്തിൽ നിന്ന് പ്രതിയും രേഖയുടെ ഭർത്താവുമായ പ്രേംകുമാർ ആദ്യ ഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് തെളിഞ്ഞു.

വിദ്യ കൊലക്കേസിലെ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് ജാമ്യത്തിലിറങ്ങി രേഖയെ വിവാഹം കഴിക്കുന്നത്.

രേഖയേയും അമ്മ മണിയെയും ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം രക്ഷപ്പെട്ട
പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ്
മൂന്ന് ഭാഷകളിലായി ലുക്കൗട്ട് നോട്ടീസ്
പുറത്തിറക്കിയിരുന്നു.

ഇതിനിടെയാണ് ഇപ്പോൾ ഉത്തരാഖണ്ഡിൽ നിന്നും ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അറിയിപ്പ് വരുന്നത്.

അന്വേഷണസംഘം ഉത്തരാഖണ്ഡിലെത്തി പ്രേംകുമാർ തന്നെയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.

സുവർണ ജൂബിലിയും അശീതിയും സമന്വയിക്കുന്നു : ‘മൃച്ഛകടികം’ കൂടിയാട്ടത്തിന്റെ ആഹാര്യ പരിചയം ജൂൺ 13ന് നടനകൈരളിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ നടനകൈരളിയുടെ സുവർണ ജൂബിലിയും അതിന്റെ സ്ഥാപകനായ വേണുജിയുടെ എൺപതാം പിറന്നാളും (അശീതി) ഒരുമിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് നടനകൈരളിയുടെ കലാപ്രവർത്തകർ.

സംസ്കൃതത്തിൽ എഴുതപ്പെട്ട ഏറ്റവും പ്രാചീനമായ നാടകങ്ങളിലൊന്നായ ”മൃച്ഛകടികം” കൂടിയാട്ടത്തിലൂടെ ഇദംപ്രഥമമായി അവതരിപ്പിക്കുകയാണ് ഈ ആഘോഷ പരിപാടികളുടെ ആത്യന്തികലക്ഷ്യം.

ബാംഗളൂരുവിലെ പ്രശസ്തമായ രംഗശങ്കരയിൽ ജൂലൈ 1, 2 തിയ്യതികളിലായാണ് മൃച്ഛകടികം അരങ്ങേറുന്നത്.

ഈ കൂടിയാട്ടത്തിൻ്റെ ആഹാര്യ പരിചയം ജൂൺ 13ന് വൈകുന്നേരം 5.30ന് ഇരിങ്ങാലക്കുട നടനകൈരളിയുടെ കൊട്ടിച്ചേതം അരങ്ങിൽ പ്രദർശിപ്പിക്കും.

മന്ത്രി ഡോ. ആർ. ബിന്ദു, ഡോ. കെ.ജി. പൗലോസ്, ഡോ. എം.വി. നാരായണൻ, കലാമണ്ഡലം രാമചാക്യാർ എന്നീ രംഗകലാ ആസ്വാദകരും പണ്ഡിതരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.

അരങ്ങിൽ കൂടിയാട്ടം കലാകാരിയും നടനകൈരളിയുടെ ഡയറക്ടറുമായ കപില വേണുവിന്റെ നേതൃത്വത്തിൽ മാർഗി സജീവ് നാരായണ ചാക്യാർ, സൂരജ് നമ്പ്യാർ, പൊതിയിൽ രഞ്ജിത്ത് ചാക്യാർ, നേപത്ഥ്യ ശ്രീഹരി, കലാമണ്ഡലം ജിഷ്ണു പ്രതാപ്, ശങ്കർ വെങ്കടേശ്വരൻ, സരിത കൃഷ്ണകുമാർ, മാർഗി അഞ്ജന എസ്. ചാക്യാർ, ഗുരുകുലം തരുൺ, അരൻ കപില എന്നിവർ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കും.

2000 കൊല്ലങ്ങൾക്കു മുമ്പ് രചിക്കപ്പെട്ടു എന്നു കരുതുന്ന മൃച്ഛകടികം പ്രകരണം മഹാകവി ശൂദ്രകൻ രചിച്ചിട്ടുള്ളതാണ്. സാധാരണക്കാരായ കഥാപാത്രങ്ങളെ മാത്രം ഉൾക്കൊള്ളുന്ന വളരെ വ്യത്യസ്തമായ ഒരു കൃതിയാണിത്.

ദുഷ്ടനായ ഒരു രാജാവിനെ നിഷ്കാസനം ചെയ്ത് ഒരു ഇടയനെ രാജാവാക്കുന്നുയെന്നതാണ് ഈ കൃതി നൽകുന്ന ഉന്നതമായ ജനാധിപത്യമൂല്യം. ഒരു മൺവണ്ടിയെ പൊൻവണ്ടിയായി ഉയർത്തുന്ന ഉന്നതമായ സങ്കൽപ്പവും ഈ നാടകത്തിലൂടെ പ്രതികാത്മകമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം വിനീഷ്, കലാനിലയം ഉണ്ണികൃഷ്ണൻ, ഗുരുകുലം അതുല്യ എന്നിവർ പശ്ചാത്തല മേളം നൽകും. കലാനിലയം ഹരിദാസ്, കലാമണ്ഡലം വൈശാഖ് എന്നിവരാണ് അണിയറ പ്രവർത്തകർ.

ലോകത്തിലെ തന്നെ ഏറ്റുവും പ്രാധാന്യമുള്ള സാംസ്കാരിക പ്രസിദ്ധീകരണമായ ‘ഹൗൽ റൗണ്ട് തീയേറ്റർ കോമൺസ്’ (യു.എസ്.) അവരുടെ ഏറ്റവും പുതിയ ലക്കത്തിൽ വേണുജിയുടെ 80-ാം പിറന്നാളിനോടനുബന്ധിച്ച് വളരെ പ്രാധാന്യം നൽകി ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനം തയ്യാറാക്കിയത് ന്യൂ മെക്സികോയിലെ പ്രശസ്ത നാടക സംവിധായിക ഷെബാന കൊ‌യ്ലോയാണ്.

കാളിദാസ കൃതിയായ അഭിജ്ഞാന ശാകുന്തളം, വിക്രമോർവശീയം, ഭാസന്റെ ഊരുഭംഗം ഇവ ഇദംപ്രദമമായി കൂടിയാട്ടത്തിൽ അവതരിപ്പിച്ചിട്ടുള്ള വേണുജിയാണ് മൃച്ഛകടികവും സംവിധാനം ചെയ്യുന്നത്.

നാടകം കൂടിയാട്ടത്തിലൂടെ അവതരിപ്പിക്കുകയെന്നത് വേണുജിയുടെ ദീർഘകാല സ്വപ്നമാണ് ഇതിലൂടെ സഫലീകരിക്കുന്നത്.

ജി.എസ്.ടി. ഫയലിംഗ് പ്രതിസന്ധിയിൽ

ഇരിങ്ങാലക്കുട : ജി.എസ്.ടി. വകുപ്പ് നടപ്പിലാക്കിയ പുതിയ പരിഷ്ക്കരണം മൂലം രാജ്യത്തെ ജി.എസ്.ടി. റിട്ടേൺ ഫയലിംഗ് പ്രതിസന്ധിയിലായതായി പരാതി.

വിൽപ്പന ബില്ലിൽ രേഖപ്പെടുത്തുന്ന എച്ച്.എസ്.എൻ. നമ്പറിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ മൂലം മെയ്‌ മാസത്തെ റിട്ടേൺ ഫയലിംഗ് സമയബന്ധിതമായി ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

രാജ്യത്തെ നികുതി വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് ജി.എസ്.ടി.യിൽ നിന്നാണ്.

ഫയലിംഗ് തിയ്യതി നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ്‌ കെ.ആർ. മുരളീധരൻ, സെക്രട്ടറി പി.എസ്. രമേഷ് ബാബു എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

മനുഷ്യന്റെ അന്തസ്സ് ഉയർത്തുന്നതിൽ അച്യുതമേനോൻ ചരിത്രപരമായ പങ്ക് നിർവ്വഹിച്ചു : കെ. പ്രകാശ് ബാബു

ഇരിങ്ങാലക്കുട : ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയതിലൂടെ സാധാരണ മനുഷ്യന്റെ അന്തസ്സ് ഉയർത്തിയ ഭരണാധികാരിയായിരുന്നു സി. അച്യുതമേനോൻ എന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ് ബാബു പറഞ്ഞു.

സിപിഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഡ്വ. കെ.ആർ. തമ്പാന്റെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് നടത്തിയ “സി. അച്യുതമേനോൻ – ആധുനിക കേരളത്തിന്റെ വികസനശില്പി” എന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു.

“ഫെഡറലിസം – അതിർവരമ്പുകളും അധിനിവേശങ്ങളും” എന്ന വിഷയത്തിൽ സാമൂഹ്യപ്രവർത്തകനും പ്രഭാഷകനുമായ അഡ്വ. ഹരീഷ് വാസുദേവൻ സംസാരിച്ചു.

സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. വി.എസ്. സുനിൽകുമാർ, ഷീല വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്. ജയ, ഷീന പറയങ്ങാട്ടിൽ, മുതിർന്ന നേതാവ് കെ. ശ്രീകുമാർ, അഡ്വ. രഞ്ജിത്ത് തമ്പാൻ, ജില്ലാ കൗൺസിൽ അംഗം പി. മണി എന്നിവർ സന്നിഹിതരായിരുന്നു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പ് മുഖ്യപ്രതി സജീഷ് കുമാർ പിടിയിൽ

ഇരിങ്ങാലക്കുട : വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ ചെയർമാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാറി(45)നെ കരിപ്പൂർ എയർപോർട്ടിൽ നിന്നും പിടികൂടി.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പൊലീസ് ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദേശത്തുനിന്ന് മടങ്ങിവന്ന ഇയാളെ കരിപ്പൂർ എയർപോർട്ടിൽ നിന്നും പിടികൂടിയത്.

മുൻ ചെയർമാൻ സജീഷ് കുമാറിനും മറ്റു പ്രതികൾക്കുമെതിരെ നൂറുകണക്കിന് പേരുടെ പരാതിയിൽ കോടികൾ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ മാത്രം 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരിങ്ങാലക്കുട പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

പോസിറ്റീവ് കമ്യൂണ്‍ ജനറല്‍ബോഡി യോഗം

തൃശൂര്‍ : പി.ഡബ്ല്യു.ഡി. ഹാളില്‍ സംഘടിപ്പിച്ച പോസിറ്റീവ് കമ്യൂണ്‍ ജനറല്‍ബോഡി യോഗം സംസ്ഥാന ചെയര്‍മാന്‍ അനില്‍ കുരിശിങ്കല്‍ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ ചാപ്റ്റർ ചെയര്‍മാന്‍ ദിനേഷ് ശങ്കരന്‍ അധ്യക്ഷനായി.

എം.കെ. ശങ്കരനുണ്ണി, ടി.വി. സതീഷ്‌, സി.സി. ജിഷ, ലൈസ സെബാസ്റ്റ്യന്‍, റജീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടർന്ന് മോട്ടിവേഷന്‍ ക്ലാസ്, ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാര വിതരണം എന്നിവ നടന്നു.

ടി.വി. സതീഷ്‌ (ചെയർമാൻ), ഷംല കരീം (ജനറൽ കണ്‍വീനർ), അഡ്വ. സൈബി ജോസ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. പ്രസാദാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.

എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ “വിജയോത്സവം” നടത്തി

ഇരിങ്ങാലക്കുട : എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ച് “വിജയോത്സവം” നടത്തി.

എസ്.എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ്‌ ചെയർമാൻ ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു.

പൂർവ്വ വിദ്യാർഥിയും ഡോക്ടറുമായ അപർണ ജോർജ്ജ് “വിജയോത്സവം” ഉദ്ഘാടനം ചെയ്തു.

കറസ്പോണ്ടന്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ, പ്രിൻസിപ്പൽ സി.ജി. സിൻല, പി.ടി.എ. പ്രസിഡന്റ് എ.സി. കുമാരൻ, അധ്യാപികയായ സിന്ധു എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഭാരതീയ വിദ്യാഭവനിൽ ആഘോഷമാക്കി മെറിറ്റ് ഡേ

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ആഘോഷമാക്കി മെറിറ്റ് ഡേ.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

ഓരോ കുട്ടിയുടെയും കഴിവിനും അഭിരുചിക്കും ഇണങ്ങുന്ന പഠന മേഖലയാണ് തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും കേവലം വിവരശേഖരണത്തിൽ നിന്ന് അറിവിനെ ഫലപ്രദമായ വിധത്തിൽ പ്രയോഗിക്കാൻ കഴിയുന്ന തലത്തിലേക്കുള്ള വളർച്ചയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ അധ്യക്ഷത വഹിച്ചു.

ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിലും പത്താം ക്ലാസിലും ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത, പി.ടി.എ. പ്രസിഡന്റ്‌ ഡോ. ജീന ബൈജു എന്നിവർ പങ്കെടുത്തു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും മലയാളം അധ്യാപിക സിന്ധു ദിലീപ് നന്ദിയും പറഞ്ഞു.