നീതി ലഭിച്ചില്ലെന്ന് പരാതി ; ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനു മുന്നിൽ ശവപ്പെട്ടിയുമായി സമരം

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ ഡെലിവറി വാൻ തട്ടി എന്നാരോപിച്ച് വാൻ ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശിയെ സ്കൂട്ടർ യാത്രികനായ യുവാവ് ആക്രമിച്ചെന്ന പരാതിയിൽ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനു മുൻപിൽ ശവപ്പെട്ടിയുമായി എത്തി സമരം നടത്തി.

ഡെലിവറി വാൻ ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടിൽ സജീവ്കുമാറിനെ (50) കുഴിക്കാട്ടുകോണം സ്വദേശി ബലറാം എന്നയാൾ ആക്രമിച്ചതായാണ് പരാതി.

താക്കോൽ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ സജീവ് കുമാറിന്റെ മൂക്കിനും കണ്ണിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂക്കിൻ്റെ എല്ലിനും കണ്ണിൻ്റെ രക്തക്കുഴലിനും പൊട്ടലും കൃഷ്ണമണിക്ക് പോറലും സംഭവിച്ചിട്ടുണ്ടെന്ന് സജീവ്കുമാറിന്റെ ഭാര്യ പറഞ്ഞു.

ആഗസ്റ്റ് 1ന് നടന്ന സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് നീതിയുക്തമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇതിനിടയിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസ് കേസിന്റെ ബലത്തിനെന്ന് പറഞ്ഞ് മൊഴി മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു.

തുടർന്ന് പ്രതിക്കെതിരെ നിസ്സാരവകുപ്പുകൾ ചുമത്തി കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നും കുടുംബം ചൂണ്ടിക്കാട്ടി.

ഇരിങ്ങാലക്കുട സ്റ്റേഷനിൽ പുതിയ സർക്കിൾ ഇൻസ്പെക്ടർ ചാർജ് എടുത്ത ദിവസമാണ് സമരം നടന്നത്. കേസ് വിവരങ്ങൾ അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളിൽ നടപടിയെടുക്കാമെന്ന് അദ്ദേഹം സജീവ്കുമാറിന്റെ കുടുംബത്തിന് ഉറപ്പുനൽകി.

യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി വിനീത് വിൻസെൻ്റ്, ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് ചേലൂക്കാരൻ, ജനറൽ സെക്രട്ടറി ആന്റണി പാറോക്കാരൻ, സെക്രട്ടറി അർജുൻ പ്രദീപ്, വൈസ് പ്രസിഡൻ്റ് ലാലു വിൻസെന്റ്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് റെൻജോ ജോണി, മണ്ഡലം സെക്രട്ടറിമാരായ അൻബിൻ, അഫ്സൽ എന്നിവർ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തു.

ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട : മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ ലയൺസ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

ആശുപത്രി മാനേജിങ് ഡയറക്ടർ, ഡോ. എം.ആർ. രാജീവ്, ഡോ. എ.വി. ഗോപാലകൃഷ്ണൻ, ഡോ. കെ.സി. രജനി, ഡോ. ഹരീന്ദ്രനാഥ്, ഡോ. ജോസഫ് ലിജോ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കലാപരിപാടികളും വിവിധ മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.

പ്രതീക്ഷാ ഭവൻ ട്രെയിനിങ് സെന്ററിൽ കതിർ കാർഷിക ക്ലബ്‌ – ജൈവ പച്ചക്കറികൃഷി പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കൃഷിഭവന്റെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പ്രതീക്ഷാ ഭവൻ ട്രെയിനിങ് സെന്ററിൽ ആരംഭിച്ച കതിർ കാർഷിക ക്ലബ്‌ – ജൈവ പച്ചക്കറികൃഷി പദ്ധതി നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോണി പോൾ മാവേലി അധ്യക്ഷത വഹിച്ചു.

കൃഷി ഫീൽഡ് ഓഫീസർ എം.ആർ. അജിത്കുമാർ പദ്ധതി വിശദീകരണം നടത്തി.

പദ്ധതിയുടെ ഭാഗമായി 200 മൺചട്ടിയിൽ പച്ചക്കറി കൃഷി നടപ്പിലാക്കാൻ തീരുമാനിച്ചു.

യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.സി. വർഗ്ഗീസ്, പി.ടി.എ. പ്രസിഡന്റ്‌ പി.സി. ജോർജ്ജ്, ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ സി. സുജിത, ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗർ റസിഡൻഷ്യൽ അസോസിയേഷൻ സെക്രട്ടറി തോംസൺ ചിരിയൻകണ്ടത്ത്, കൺവീനർ മാത്യു ജോർജ്ജ്, ഇരിങ്ങാലക്കുട അർബൻ മാർക്കറ്റ് പ്രസിഡന്റ്‌ ഷിൻസി, കതിർ കാർഷിക ക്ലബ് സ്റ്റാഫ്‌ കൺവീനർ സി. ജോളി, അധ്യാപകർ, കതിർ ക്ലബ് ഭാരവാഹികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

ധീരവും സമയോചിതവുമായ ഇടപെടലിന് ആദരം

ഇരിങ്ങാലക്കുട : റെയിൽവേ ട്രാക്കിൽ നിന്ന് കാൽ തെറ്റി ട്രെയിനിനടിയിലേക്ക് വീഴാൻ തുടങ്ങിയ യുവതിയെ സ്വന്തം സുരക്ഷ പോലും മറന്ന് സമയോചിതമായ ഇടപെടലിലൂടെ സാഹസികമായി രക്ഷിച്ച തൃശൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിൾ കെ.വി. സന്തോഷിനെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ആദരിച്ചു.

സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിയായ നന്ദകിഷന്റെയും ആറാം ക്ലാസ്സ്‌ വിദ്യാർഥിനി നന്ദശിവാനിയുടെയും അച്ഛനാണ് കെ.വി. സന്തോഷ്‌.

സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ. നായർ പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് പൂച്ചെണ്ട് നൽകി.

തുടർന്ന് അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഓരോ ചുവടും ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും മുന്നോട്ടുവയ്ക്കാൻ ചെറുപ്പം മുതലേ ശീലിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു.

സന്തോഷിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട സപ്ലൈകോയിൽ ഓണച്ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഈ വർഷത്തെ ഓണച്ചന്ത ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ആരംഭിച്ചു.

ആഗസ്റ്റ് 25 വരെ തുടരുന്ന ഓണച്ചന്തയുടെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ, മുസ്ലിം ലീഗ് ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് കെ.എ. റിയാസുദ്ദീൻ, കേരള കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ, സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി പി.ബി. മനോജ്കുമാർ, ആർജെഡി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻ്റ് എ.ടി. വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു.

സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി കെഎസ്കെടിയു

ഇരിങ്ങാലക്കുട : സാമൂഹ്യ സുരക്ഷ പെൻഷൻ അട്ടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പൊറത്തിശ്ശേരി, കരുവന്നൂർ മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പൊറത്തിശ്ശേരി വില്ലേജ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കർഷകത്തൊഴിലാളി ഫെഡറേഷൻ കേന്ദ്ര വർക്കിംഗ് കമ്മിറ്റിയംഗം ലളിത ബാലൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മറ്റി അംഗം എം.ബി. രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സിപിഎം കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി.കെ. ജയാനന്ദൻ, കെഎസ്കെടിയു ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. പുരുഷോത്തമൻ, ജയശ്രീ കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.

പി.വി. സദാനന്ദൻ സ്വാഗതവും, ആലുങ്ങൽ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

അപൂർവ്വതകൾ തേടി പൂർവ്വ വിദ്യാർഥിയുടെ പുരയിടത്തിൽ സെന്റ് തോമസിലെ പഠിതാക്കൾ

തൃശൂർ : പാഠപുസ്തകങ്ങൾക്കപ്പുറം പ്രകൃതിയെ നേരിട്ടറിയാനും നാട്ടറിവുകളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രായോഗിക മാതൃകകൾ മനസ്സിലാക്കാനും സെന്റ് തോമസ് കോളേജിലെ വിദ്യാർഥികൾ പൂർവ്വ വിദ്യാർത്ഥിയും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരന്റെ പുരയിടത്തിലേക്ക് പഠനയാത്ര നടത്തി.

മാള അണ്ണല്ലൂർ ആനപ്പാറയിൽ ഒരേക്കറിൽ വ്യാപിക്കുന്ന ഈ പുരയിടം ദേശീയ അംഗീകാരം നേടിയിട്ടുണ്ട്.

പ്രകൃതിയോടിണങ്ങിയ കൃഷിരീതികളും നാടൻ സസ്യജാലങ്ങളും പക്ഷികളും ശലഭങ്ങളും ഔഷധസസ്യങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള ഈ ഇടം, ഒരു പുരയിടം എങ്ങനെ ജൈവവൈവിധ്യത്തിന്റെ ചെറിയൊരു ആവാസവ്യവസ്ഥയായി മാറ്റാം എന്നതിന്റെ മികച്ച ഉദാഹരണമാണ്.

ചീവീടുകളുടെ ശബ്ദത്തിനുമീതെ കിളിയൊച്ചകൾ നിറയുന്ന ശാന്തമായ അന്തരീക്ഷത്തിൽ ശലഭങ്ങൾ പാറിപ്പറക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. തൊണ്ടിപ്പഴം, ഓടപ്പഴം, പൂച്ചപ്പഴം, ചകിരിപ്പഴം, മുട്ടിപ്പഴം, വെട്ടിപ്പഴം തുടങ്ങി ഇന്ന് അപൂർവ്വമായ നിരവധി നാടൻ ഫലവൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും തൈകൾ ഇവിടെ സമൃദ്ധമായി വളർത്തിയിട്ടുണ്ട്.

വൻമരങ്ങളുടെ തണലും കുളിർകാറ്റും വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയും ചേർന്ന് ഒരു ചെറുകാടിന്റെ അനുഭവമാണ് ഈ ഭൂതലം സന്ദർശകർക്ക് നൽകുന്നത്. ശുദ്ധവായുവും ജൈവവൈവിധ്യവും മണ്ണ്- ജല സംരക്ഷണവും ഒരുമിച്ച് സാധ്യമാക്കുന്ന ഈ കൃഷിയിടം പ്രകൃതിയോട് ഇണങ്ങി ജീവിക്കാമെന്നതിന്റെ മനോഹരമായ മാതൃക കൂടിയാണ്.

പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച ശ്രീധരന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വനമിത്ര, ഭൂമിമിത്ര അവാർഡുകൾ ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തോടൊപ്പം വാട്ടർ അതോറിറ്റിയിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറായി വിരമിച്ച ഭാര്യ രമണിയും മകൻ ധനുസ്സും ഈ ഹരിത ഉദ്യമത്തിന്റെ പരിപാലനത്തിൽ സജീവരാണ്.

നിർമ്മിതബുദ്ധിയിൽ ബിരുദാനന്തര ബിരുദം നേടിയ ധനുസ്സിന് പക്ഷിനിരീക്ഷണത്തിലും നഴ്സറി പരിപാലനത്തിലും പ്രത്യേക താൽപര്യമുണ്ട്. കുടുംബത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അപൂർവ്വ സസ്യങ്ങളടക്കം ഇവിടെ സംരക്ഷിച്ചുവരുന്നത്.

വിദ്യാർത്ഥികൾക്ക് ഇതൊരു അസാധാരണ സന്ദർശനമായിരുന്നു. പ്രകൃതിയെ കാണുക, നാട്ടറിവുകൾ മനസ്സിലാക്കുക, ജൈവവൈവിധ്യത്തെ തിരിച്ചറിയുക, പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുക എന്നീ ലക്ഷ്യത്തോടെയുള്ള അനുഭവാധിഷ്ഠിത പഠനമായിരുന്നു. ഓരോ സസ്യത്തിന്റെയും പ്രത്യേകതകളും പക്ഷികളുടെയും ശലഭങ്ങളുടെയും സാന്നിധ്യവും നാടൻ സസ്യങ്ങളുടെ സംരക്ഷണവും ജൈവകൃഷിരീതികളും വിദ്യാർത്ഥികൾ അനുഭവിച്ചറിഞ്ഞു.

ജന്തുശാസ്ത്ര വിഭാഗവും ജൈവ വൈവിധ്യ ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വകുപ്പു മേധാവി ഡോ. വിമല കെ. ജോൺ, ബയോഡൈവേഴ്സിറ്റി ക്ലബ്ബ് കോർഡിനേറ്റർമാരായ ഡോ. ഷോൺ പോൾ, ഡോ. ഷീബ റാഫേൽ, ഡോ. പ്രിയദ, കെൽവിൻ എന്നിവർ നേതൃത്വം
നൽകി.

നാട്യശാസ്ത്രത്തിന് അടിത്തറ വിജ്ഞാന ഭൈരവതന്ത്രം : വേണുജി

ഇരിങ്ങാലക്കുട : ഭരതമുനിയുടെ നാട്യശാസ്ത്രം അഭിനയ സങ്കേതങ്ങളുടെ സാങ്കേതിക വിവരണങ്ങളാണ്. എന്നാൽ നടരാജനായ പരമശിവനാൽ രചിക്കപ്പെട്ടതെന്ന് കരുതുന്ന ആദ്യ കൃതി ‘വിജ്ഞാന ഭൈരവ തന്ത്രം’ അവയുടെ ആത്മീയ ലോകം വെളിപ്പെടുത്തുന്നു എന്ന് അഭിനയ ഗുരു വേണുജി നേത്രരാഗ ശിൽപ്പശാല പരമ്പരയുടെ ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു.

ഗ്രീക്ക് വംശജനും റഷ്യൻ പൗരനുമായ ജോർജ്ജ് ഗുർജിയേഫ് ലോക നാടക വേദിയിൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചത് വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ പൊരുളറിഞ്ഞാണെന്നും വേണുജി കൂട്ടിച്ചേർത്തു.

സാംസ്കാരിക പ്രവർത്തകനും മാനേജമെന്റ് വിദഗ്ധനുമായ കെ. അജയ്കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തൻ്റെ 81-ാം വയസ്സിലും പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ച വേണുജിയെ രാജീവ് മേനോൻ അഭിനന്ദിച്ചു.

വേണുജി ആവിഷ്കരിച്ച നവരസ സാധന ഇതിനകം അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു എന്ന് കലനിരൂപകൻ പ്രൊഫ. ജോർജ്ജ് എസ്. പോൾ അഭിപ്രായപ്പെട്ടു.

കൂടിയാട്ടം കലാകാരി കപില വേണു ശ്രീശങ്കരാചാര്യരുടെ സൗന്ദര്യലഹരി പ്രഥമ ശ്ലോകത്തിന്റെ അഭിനയ സാധ്യതകൾ പ്രകടിപ്പിച്ചത് നിറഞ്ഞ സദസ്സിന്റെ പ്രശംസ നേടി.

ചടങ്ങിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കൂടിയാട്ടത്തിനുള്ള പുരസ്കാരം നേടിയ ഉഷ നങ്ങ്യാരെ വേണുജിയും കെ. അജയ്കുമാറും ചേർന്ന് ആദരിച്ചു.

കെങ്കേമമായി മഹാത്മാ വയോജന സംഘത്തിൻ്റെ ഓണാഘോഷം

ഇരിങ്ങാലക്കുട : നഗരസഭ 17-ാം വാർഡ് ചാലാംപാടം ജ്യോതി നഗർ നമ്പർ ടു അംഗൻവാടിയിൽ മഹാത്മാ വയോജന സംഘത്തിൻ്റെ ഓണാഘോഷം സിനിമാതാരം ഇന്നസെന്റ് സോണറ്റ് ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി ജോസ് ചാക്കോള അധ്യക്ഷത വഹിച്ചു.

പ്രശസ്ത കലാകാരന്മാരായ രാജേഷ് തംബുരു, അജി ഡെൻ റോസ് എന്നിവർ മുഖ്യാതിഥികളായി.

മുൻ കൗൺസിലർ തോമസ് കോട്ടോളി, ഗീത ബിനോയ്, ഇരിങ്ങാലക്കുട വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, നഗരസഭ സെക്രട്ടറി ഇൻ ചാർജ് നിർവഹിക്കുന്ന സന്തോഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ ബേബി, ഹെൽത്ത് ഇൻസ്പെക്ടർ നിസാർ, കൃഷി ഓഫീസർ വിജയകുമാർ, ഐസിഡി സൂപ്പർവൈസർ ഐശ്വര്യ, ഗവ. ഹോസ്പിറ്റലിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മഞ്ജു, മംഗളം പത്രം എഡിറ്റർ ഷാജൻ ചക്കാലക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

മുൻ ചെയർപേഴ്സൺ നിമ്മ്യ ഷിജു സ്വാഗതവും അംഗൻവാടി അധ്യാപിക ലളിത നന്ദിയും പറഞ്ഞു.

തുടർന്ന് ഓണസദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം

ഇരിങ്ങാലക്കുട : തുമ്പൂർ ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ മുകുന്ദപുരം താലൂക്ക് സമ്മേളനം സംസ്ഥാന ഉപദേശക സമിതി അംഗം ഒ.ജി. ബാബു ഉദ്ഘാടനം ചെയ്തു.

താലൂക്ക് പ്രസിഡൻ്റ് ജെയ്സൺ ദേവസ്സി അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ ജോൺസൺ കോലങ്കണ്ണിയെ ആദരിച്ചു.

ജില്ലാ പ്രസിഡൻ്റ് യു.എൻ. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ.ഡി. ബിജു, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി മനോജ് മേനോൻ, ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ഡേവിസ് നെല്ലിപ്പിള്ളി, ജില്ലാ ഉപദേശക സമിതി അംഗം ജോസഫ്, ജില്ലാ ട്രഷറർ ബൈജു എന്നിവർ ആശംസകൾ നേർന്നു.