ഡോ. കെ.ജെ. വർഗ്ഗീസിന് ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ക്ഷണം

ഇരിങ്ങാലക്കുട : ഇന്തൊനേഷ്യയിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ഇൻ്റർനാഷണൽ ഡീനും ബിരുദാനന്തര ബിരുദ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ തലവനുമായ ഡോ. കെ.ജെ. വർഗ്ഗീസിന് ക്ഷണം ലഭിച്ചു.

ജുലൈ 10 മുതൽ 27 വരെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മക്കാസർ, യൂണിവിസ്റ്റാസ് മുഹമ്മദീയ പാലു, മെഡാൻ മുഹമ്മദീയ യൂണിവേഴ്സിറ്റി സുമാത്ര എന്നീ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന അന്തർദേശീയ ഇംഗ്ലീഷ് ഭാഷാ കോൺഫറൻസുകളിൽ മുഖ്യപ്രഭാഷകനായി പങ്കെടുക്കുക, ബൊസോവ യൂണിവേഴ്സിറ്റി സുലവേസിയിലും ഇസ്ലാമിക യൂണിവേഴ്സിറ്റി സൗത്ത് സുലവേസിയിലും ഇംഗ്ലീഷ് ഭാഷ ശില്പശാലകൾ നയിക്കുക, യൂണിവേഴ്സിറ്റികളിലെ അധ്യാപകരും ഗവേഷണ വിദ്യാർഥികളുമായി പുതിയ അധ്യാപന പഠന ഗവേഷണ രീതികളെപ്പറ്റി സംവദിക്കുക എന്നിവയാണ് മുഖ്യ പരിപാടികൾ.

സന്ദർശനവേളയിൽ ഇന്തൊനേഷ്യൻ യൂണിവേഴ്സിറ്റികളും ക്രൈസ്റ്റ് കോളെജുമായി അന്താരാഷ്ട്ര സഹകരണത്തിനായുളള ധാരാണാപത്രങ്ങളിൽ ഡോ. വർഗ്ഗീസ് ഒപ്പുവയ്ക്കും.

സാങ്കേതിക അറിവുകളുടെ വിനിമയം, ഗവേഷണം, അധ്യാപക വിദ്യാർഥി വിനിമയം, അന്താരാഷ്ട്ര ക്രെഡിറ്റ് ട്രാസ്ഫർ എന്നീ മേഖലകളിലായിരിക്കും സഹകരണം.

ക്രൈസ്റ്റ് കോളെജിന് അമ്പതിലധികം വിദേശ സർവകലാശാലകളുമായി ഈ മേഖലകളിൽ സഹകരണമുണ്ട്.

വായനപക്ഷാചരണം : അവിട്ടത്തൂർ സ്കൂളിൽ സംവാദം നടത്തി

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിൻ്റെ ഭാഗമായി അവിട്ടത്തൂർ എൽ.ബി.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യകാരൻ
രാജൻ നെല്ലായി കുട്ടികളുമായി സംവദിച്ചു.

വായന ഏതെങ്കിലും ഒരാഴ്ചയിൽ ഒതുങ്ങുന്നതല്ല ജീവിതകാലം മുഴുവൻ കൂടെ നിർത്തേങ്ങ ഒന്നാണെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.

സൗഹൃദ പവർബ്രിഗേഡിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ
മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ്, പ്രധാനധ്യാപിക എൻ.എസ്. രജനിശ്രീ,
കരിയർ ഗൈഡ് കോർഡിനേറ്റർ ഡി. ഹസിത, സൗഹൃദ ക്ലബ് കോർഡിനേറ്റർ വി.വി. ശ്രീല എന്നിവർ പ്രസംഗിച്ചു.

വായനക്കുറിപ്പ് മത്സരം, പോസ്റ്റർ മത്സരം എന്നിവയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വിദ്യാർഥികളായ
ആദിലക്ഷ്മി, ശ്രുതിലക്ഷ്മി എന്നിവർ
വായനവാര പരിപാടികൾ
വിശദീകരിച്ചു.

നടവരമ്പ് സ്കൂളിൽബഷീർ അനുസ്മരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായന പക്ഷാചരണ സമാപനവും ബഷീർ അനുസ്മരണവും നടത്തി.

നടവരമ്പ് ജനകീയ വായനശാലയും വിദ്യാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പി. ഗോപിനാഥൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.

‘അമ്മ വായന’ പരിപാടിയിൽ മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ അമ്മമാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

വി.എച്ച്.എസ്.ഇ. വിഭാഗം കുട്ടികൾ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു.

ഹെഡ്മിസ്ട്രസ്സ് ഉഷ, വയനശാല ഭാരവാഹികളായ ഡേവിസ്, ലിയോൺ, സതീഷ്, ശ്യാമള, അധ്യാപിക ഷീബ എന്നിവർ പ്രസംഗിച്ചു.

കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടിയ നീത ഫ്രാൻ‌സിസ്

ഇരിങ്ങാലക്കുട : കണ്ണൂർ സർവകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ഡോക്ടറേറ്റ് നേടി നീത ഫ്രാൻ‌സിസ്.

വയനാട് പുൽപള്ളി പഴശ്ശിരാജ കോളെജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയായ ഡോ. നീത ഇരിങ്ങാലക്കുട ചക്കച്ചാംപറമ്പിൽ പ്രൊഫ. സി.വി. ഫ്രാൻസിസിന്റെയും (ക്രൈസ്റ്റ് കോളെജ്) മോളിയുടെയും (റിട്ട. അധ്യാപിക, നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ) മകളും, പനമരം കൂളിവയൽ കുഴിമുള്ളിൽ ഡോ. പ്രദീപിന്റെ (ആറാട്ടുതറ ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ) ഭാര്യയുമാണ്.

ആകാശ് മാത്യു, ഇഷ മാത്യു എന്നിവർ മക്കളാണ്.

പ്രവേശനോത്സവം ‘വോയേജ്’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വി.എച്ച്‌.എസ്.ഇ. വിഭാഗം ഒന്നാംവർഷ വിദ്യാർഥികൾക്കായുള്ള പ്രവേശനോത്സവം ‘വോയേജ്’ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ഭക്തവത്സലൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.കെ. മുരളി, ഹെഡ്‌മിസ്ട്രസ് വി.വി. വിജി, എൻ.വി.ടി. കെമിസ്ട്രി അധ്യാപിക സനൂജ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് വിദ്യാർഥികൾക്ക് സ്‌കൂളിലെ വിവിധ വി.എച്ച്.എസ്.ഇ. കോഴ്സുകളെയും ക്ലബുകളെയും പരിചയപ്പെടുത്തി.

അധ്യാപകരായ കെ.എസ്. നിസ, ഡോ. അനീർ ഹുസൈൻ എന്നിവർ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു.

കരിയർ മാസ്റ്റർ എം.വി. സുരേഖ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിൻ്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

എൻ.എസ്.എസ്. വൊളൻ്റിയർ ലീഡർ ശ്രീനന്ദ കെ. രാജു എൻ.എസ്.എസ്. പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

പ്രിൻസിപ്പൽ എൻ.ആർ. സൂരജ് ശങ്കർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.വി. ബിന്ദു നന്ദിയും പറഞ്ഞു.

പുതുസ്വപ്നങ്ങളുടെ ചിറകേറി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം

ഇരിങ്ങാലക്കുട : പുതുസ്വപ്നങ്ങൾ നെയ്തുകൊണ്ട് എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

വാർഡ് കൗൺസിലർ സുരഭി വിനോദ് ഉദ്ഘാടനം ചെയ്തു.

എസ്.എൻ. സ്‌കൂൾ കറസ്പോണ്ടൻ്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന യുവജനോത്സവ പ്രതിഭയും പൂർവ്വ വിദ്യാർഥിയുമായ കെ. അനിരുദ്ധ് ചടങ്ങിൽ മുഖ്യാഥിതിയായിരുന്നു.

പി.ടി.എ. പ്രസിഡൻ്റ് എ.സി. കുമാരൻ, എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൻ.ബി. ഗോൾഡ എന്നിവർ ആശംസകൾ അർപ്പിച്ചു.

“മക്കളെ അറിയാൻ” എന്ന വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ പി. നീലിന, രാഖി രാമചന്ദ്രൻ എന്നീ അധ്യാപകരും “വിദ്യാർഥികളുടെ കരിയർ തെരഞ്ഞെടുക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക്” എന്ന വിഷയത്തിൽ അധ്യാപിക സുജയയും ക്ലാസ് നയിച്ചു.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സ്റ്റാഫ് സെക്രട്ടറി സിന്ധു എം. ചന്ദ്രൻ നന്ദി പറഞ്ഞു.

നടവരമ്പ് സ്കൂളിൽ  ‘പുസ്തകക്കൂട്ട്’ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ‘പുസ്തകക്കൂട്ട് ‘ പരിപാടി സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട സർഗ്ഗസാഹിതി, സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറിയ 25 പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ്സ് ഉഷ ഏറ്റുവാങ്ങി.

സർഗ്ഗസാഹിതി ഭാരവാഹികളായ രാജേഷ് തെക്കിനിയേടത്ത്, പി.എൻ സുനിൽ, രാധാകൃഷ്ണൻ വെട്ടത്ത്, അരുൺ ഗാന്ധിഗ്രാം, ഷാജിത ബഷീർ എന്നിവർ കുട്ടികളുമായി സംവദിച്ചു.

പി.ടി.എ. പ്രസിഡൻ്റ് ശ്രീഷ്മ സലീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല ടീച്ചർ, അധ്യാപകരായ രാധിക, എം.കെ. സീന, സി.വി. സ്വപ്ന, ഇ.എസ്. ഷീബ എന്നിവർ ആശംസകൾ നേർന്നു.

ഹെഡ്മിസ്ട്രസ്സ് ഉഷ സ്വാഗതവും അധ്യാപിക ജീന അനന്തൻ നന്ദിയും പറഞ്ഞു.

ഓണത്തിന് വിഷരഹിത പച്ചക്കറി ; പച്ചക്കറിത്തൈകൾ വിതരണം ചെയ്ത് ആർഎസ്എസ്

ഇരിങ്ങാലക്കുട : രാഷ്ട്രീയ സ്വയം സേവക സംഘം പൊറത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്വാവലംബൻ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീടുകളിൽ തന്നെ ഉത്പാദിപ്പിക്കുക’ എന്ന ലക്ഷ്യത്തിലേക്ക് അമ്പതോളം കുടുംബങ്ങൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു.

ആർഎസ്എസ് പൊറത്തിശ്ശേരി മണ്ഡൽ കാര്യവാഹ് വിക്രം പുത്തൂക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

സേവാഭാരതി രക്ഷാധികാരി ഐ.കെ. ശിവാനന്ദൻ സേവാസന്ദേശം നൽകി.

ആർഎസ്എസ് ജില്ലാ സേവാ പ്രമുഖ് പി. ഹരിദാസ് ആശംസകൾ നേർന്നു.

പൊറത്തൂർ ശാഖ സേവാപ്രമുഖ് നിധിൻ പട്ടാട്ട് സ്വാഗതവും പര്യാവരൺ പ്രമുഖ് വിനോദ് നന്ദിയും പറഞ്ഞു.

പരിപാടിക്ക് ശാഖാ പ്രവർത്തകർ നേതൃത്വം നൽകി.

സംസ്കൃത പഠനം വിദ്യാഭ്യാസത്തിൻ്റെ കാതൽ : എൽ. ഗിരീഷ്കുമാർ

ഇരിങ്ങാലക്കുട : സംസ്കൃത ഭാഷാ പഠനമാണ് വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം എന്ന് പ്രസിദ്ധ പ്രഭാഷകനും തത്വചിന്തകനുമായ എൽ. ഗിരീഷ്കുമാർ അഭിപ്രായപ്പെട്ടു.

സംസ്കൃത ഭാരതിയുടെ നേതൃത്വത്തിൽ ചെമ്മണ്ട ശാരദാ ഗുരുകുലത്തിൽ കേന്ദ്രീയ സംസ്കൃത സർവകലാശാലയിലെ ബി.എഡ്. വിദ്യാർഥികൾക്കായി ഒരാഴ്ചയായി നടന്നു വരുന്ന പരിശീലന ക്യാമ്പിൻ്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധർമ്മബോധമുള്ള മനുഷ്യനെ വാർത്തെടുക്കുന്നതിൽ സംസ്കൃത ഭാഷയ്ക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാരദാ ഗുരുകുലത്തിൻ്റെ ശൈക്ഷിക നിർദ്ദേശിക ജെ. വന്ദന അധ്യക്ഷത വഹിച്ചു.

പുറനാട്ടുകര കേന്ദ്രീയ സംസ്‌കൃത സർവ്വകലാശാല ഡയറക്ടർ ഡോ. കെ.കെ. ഷൈൻ ഉദ്ഘാടനം ചെയ്തു.

സംസ്കൃത ഭാരതിയുടെ അഖിലേന്ത്യാ മഹാവിദ്യാലയ പ്രമുഖ് ഡോ. കെ.എൻ. പദ്മകുമാർ സമാപന സന്ദേശം നൽകി.

ഉജ്ജയിനി പാണിനി സംസ്കൃത സർവ്വ കലാശാലയുടെ മുൻ കുലപതിയും സംസ്‌കൃത ഭാരതിയുടെ ദക്ഷിണ ക്ഷേത്രാധ്യക്ഷനുമായ ഡോ. സി.ജി. വിജയകുമാർ വിദ്യാർഥികൾക്ക് പ്രമാണപത്രം നൽകി.

ഡോ. പി.കെ. ശങ്കരനാരായണൻ, പി.ആർ. ശശി, ഡോ. എം.വി. നടേശൻ, ശ്രീജ കാവനാട്, പി.ജി. ദിവ്യ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഗുരുകുലം ആചാര്യ പൂർണ്ണിമ സ്വാഗതവും ഡോ. ലക്ഷ്മി നാരായണൻ നന്ദിയും പറഞ്ഞു.

വായന പക്ഷാചരണം: വായനശാല സന്ദർശനവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ഹാഷ്മി കലാവേദി & വായനശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂർ ഗവ. യു.പി. സ്കൂളിലെ വിദ്യാർഥികളുടെ വായനശാല സന്ദർശനം, പുസ്തക പ്രദർശനം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു.

വായനശാല കമ്മിറ്റി അംഗവും ബാലവേദി കൺവീനറുമായ രമ്യ സുദർശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്ന ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.

യുവ സാഹിത്യകാരിയും ചിത്രകാരിയുമായ സൗഭിക രതീഷ് വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.

സ്കൂൾ അധ്യാപകരായ മഞ്ജുഷ, സിന്ധ്യ എന്നിവർ ആശംസകൾ നേർന്നു.

വായനശാല സെക്രട്ടറി എം. ബിജു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷിഹാബ് നന്ദിയും പറഞ്ഞു.