“ആസാദിയുടെ രാഷ്ട്രീയം” പ്രഭാഷണവും “സത്യപ്പുല്ല്” ഡോക്യുമെൻ്ററി പ്രദർശനവും 29ന്

ഇരിങ്ങാലക്കുട : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 29ന് ചലച്ചിത്ര പ്രദർശനവും പ്രഭാഷണവും സംവാദവും സംഘടിപ്പിക്കും.

5 മണിക്ക് “ആസാദിയുടെ രാഷ്ട്രീയം” എന്ന കാലികപ്രസക്തമായ വിഷയത്തിൽ കവിയും എഴുത്തുകാരിയുമായ ഡോ. അനു പാപ്പച്ചൻ പ്രഭാഷണം നടത്തും.

തുടർന്ന് ശ്രോതാക്കൾ പങ്കെടുക്കുന്ന സംവാദവും ഉണ്ടാകും.

6 മണിക്ക് സംവിധായകൻ രാംദാസ് കടവല്ലൂരിൻ്റെ ശ്രദ്ധേയമായ പുതിയ ഡോക്യുമെൻറ്റി “സത്യപ്പുല്ല് ” പ്രദർശിപ്പിക്കും.

തുടർന്ന് സംവിധായകനും അണിയറ പ്രവർത്തകരും പ്രേക്ഷകരുമായി സംവദിക്കും.

ഗ്രാമിക ചർച്ചാവേദിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം : നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ്

ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്ത് ഓഫീസിനും കുടുംബശ്രീ ജനകീയ ഹോട്ടലിനും തൊട്ടടുത്ത് പഞ്ചായത്ത് വളപ്പിൽ വൻതോതിൽ മാലിന്യം തള്ളുന്ന സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി സ്വീകരിക്കണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡൻ്റ് വാക്സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു.

വൻതോതിൽ അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് മൂലം പ്രദേശത്ത് കടുത്ത ആരോഗ്യപ്രതിസന്ധി നിലനിൽക്കുകയാണ്.

മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധം കാരണം പഞ്ചായത്ത് ഓഫീസിൽ വരുന്നവർക്കും ജനകീയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തുന്ന സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വഴിയാത്രികർക്കും പരിസരവാസികൾക്കും വളരെയധികം ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്.

നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിട്ടും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണത്തിന് സ്ഥലമില്ല എന്ന തൊടുന്യായം പറഞ്ഞ് പഞ്ചായത്തിലെ തദ്ദേശ- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണകൂടവും വർഷങ്ങളായി ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വാക്സറിൻ പെരേപ്പാടൻ ആരോപിച്ചു.

സർക്കാർ/ പൊതു സ്ഥാപനങ്ങളുടെ വളപ്പിലും പരിസരത്തും മാലിന്യം കുന്നുകൂടാതെ നോക്കേണ്ടതും ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ നേരിട്ടുള്ള ചുമതലയാണെന്നിരിക്കെ മൂക്കിൻ തുമ്പിൽ മാലിന്യം കുന്നുകൂടിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്ത അവസ്ഥ ശോചനീയമാണെന്നും മാലിന്യ കൂമ്പാരത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത് അതിലും ഗുരുതര വീഴ്ചയാണെന്നും വാക്സറിൻ പെരേപ്പാടൻ കുറ്റപ്പെടുത്തി.

ഹരിതകർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ കൃത്യമായി വേർതിരിച്ച് ആർ.ആർ.എഫുകൾക്ക് കൈമാറി 15 മുതൽ 30 ദിവസത്തിനുള്ളിൽ പഞ്ചായത്ത് പരിധിയിൽ നിന്ന് നീക്കം ചെയ്യണമെന്ന കേന്ദ്രനിയമത്തിൻ്റെ നഗ്‌നമായ ലംഘനമാണിവിടെ നടക്കുന്നത്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ ശേഖരണവും പണം വാങ്ങലും നടക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും ശരിയായ പുനരുപയോഗം നടക്കുന്നില്ല. ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലും വിലയിരുത്തി ആഴത്തിൽ പഠനം നടത്തി ശാശ്വത പരിഹാരം കണ്ടെത്തി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഈ വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് പരിസരത്തെ മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്യാനും ജനകീയ ഹോട്ടലിന്റെ ശുചിത്വം ഉറപ്പാക്കാനും അധികൃതർ തയ്യാറായില്ലെങ്കിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസുകളിലേക്ക് ശക്തമായ ജനകീയ പ്രക്ഷോഭവും നിയമനടപടികളും ആരംഭിക്കുമെന്ന് വാക്സറിൻ പെരേപ്പാടൻ മുന്നറിയിപ്പ് നൽകി.

വിഷയത്തിൽ ആരോഗ്യ – തദ്ദേശ സ്വയംഭരണ വകുപ്പ്
മന്ത്രിമാരുടെ ശ്രദ്ധ ക്ഷണിച്ച് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രവർത്തകർ കത്തയച്ചു.

സൗജന്യ നേത്ര തിമിര പരിശോധന ക്യാമ്പ് 29ന്

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചി ഐ ഫൗണ്ടേഷൻ ഹോസ്പിറ്റലും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി നടത്തിവരുന്ന സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ സേവാഭാരതി ഓഫീസിൽ വച്ച് സംഘടിപ്പിക്കും.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

വേളൂക്കര പഞ്ചായത്ത് മെമ്പർ രേണുക സജി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ പ്രവർത്തകനും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൻ കോലങ്കണ്ണി മുഖ്യാതിഥിയായി പങ്കെടുക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847359999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ശബരിമല അയ്യപ്പനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ സണ്ണി കപിക്കാടിനെതിരെ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച

ഇരിങ്ങാലക്കുട : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും സംബന്ധിച്ച് അത്യന്തം നിന്ദ്യവും അപലപനീയവുമായ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച് സാമൂഹ്യപ്രവർത്തകൻ സണ്ണി കപിക്കാടിനെതിരെ യുവമോർച്ച റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

മലയാളം സർവകലാശാലയിലെ പ്രതിഷേധത്തിനിടയിലാണ് സണ്ണി കപിക്കാടിന്റെ പരാതിക്കാധാരമായ പരാമർശങ്ങൾ ഉയർന്നത്.

ഹിന്ദു വിശ്വാസത്തെ അപമാനിച്ച് കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സണ്ണി കപിക്കാടിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ജിനു ഗിരിജൻ, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് സുഖിൻ പടിയൂർ, ആളൂർ മണ്ഡലം പ്രസിഡൻ്റ് വിശ്വജിത്ത് അരയാംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.

അവിട്ടത്തൂരിൽ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കെപിഎംഎസ് അവിട്ടത്തൂർ ശാഖയുടെ അയ്യങ്കാളി ജന്മദിനാഘോഷം അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് എം.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

കൂടൽമാണിക്യം ദേവസ്വം ഭരണസമിതിയംഗം ഡോ. മുരളി ഹരിതം, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ, സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. ശിവൻ, സംസ്ഥാന സമിതി അംഗം ചന്ദ്രൻ മനവളപ്പിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ശിവൻ, പഞ്ചായത്തംഗങ്ങളായ സി.എസ്. ഓമനക്കുട്ടൻ, വിദ്യ നെഹ്‌റു, ബിന്ദു സതീശൻ, കെപിഎംഎസ് ഭാരവാഹികളായ എ.സി. രാമകൃഷ്ണൻ, ഇ.കെ. മോഹൻദാസ്, സി.വി. ശിവൻ, ടി.കെ. ജയൻ, എം.വി. രജിതൻ എന്നിവർ പ്രസംഗിച്ചു.

പുല്ലൂർ ഊരകത്ത് അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : കെപിഎംഎസ് പുല്ലൂർ ഊരകം ശാഖയുടെ അയ്യങ്കാളി ജന്മദിനാഘോഷം മുരിയാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്‌ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ് തുളസി വേലായുധൻ അധ്യക്ഷത വഹിച്ചു.

മുരിയാട് യൂണിയൻ അസി. സെക്രട്ടറി കെ.കെ. ഷാജു പതാക ഉയർത്തി.

മീഡിയ കോർഡിനേറ്റർ അശ്വതി സുബിൻ, കമ്മിറ്റിയംഗം എ.വി. വിജു, ശാഖാ സെക്രട്ടറി സാവിത്രി കുമാരൻ, വൈസ് പ്രസിഡന്റ് പുഷ്പ ഭാസ്കരൻ, ട്രഷറർ രജിത സുനിൽ എന്നിവർ പ്രസംഗിച്ചു.

ടോൾ ഫ്രീ നമ്പറുകൾ അടങ്ങിയ വിമുക്തി കാർഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുന്നതിന് കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗത്തിൽ ടോൾഫ്രീ നമ്പറുകൾ അടങ്ങിയ വിമുക്തി കാർഡ് വിതരണം ചെയ്തു.

തൃശൂർ എക്സൈസ് ഡിവിഷൻ ഓഫീസിലെ വിമുക്തി റിസോഴ്സ് പേഴ്സണും, സിവിൽ എക്സൈസ് ഓഫീസറുമായ പി.എം. ജദീർ ടോൾഫ്രീ നമ്പറുകൾ അടങ്ങിയ വിമുക്തി കാർഡ് അധ്യാപകനും ലഹരി വിരുദ്ധ ക്ലബ് കൺവീനറുമായ മുഹമ്മദ് റോഷലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് ക്ലബ്ബംഗങ്ങൾക്കും, വിദ്യാർഥികൾക്കും അധ്യാപകർക്കും കാർഡുകൾ വിതരണം ചെയ്തു.

മയക്കുമരുന്ന് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കേണ്ട നമ്പർ, വിമുക്തി ടോൾഫ്രീ നമ്പർ, ചാലക്കുടി ഡി അഡിക്ഷൻ കേന്ദ്രം നമ്പറുകൾ, നേർവഴി നമ്പർ, തൃശൂർ എക്സൈസ് കൺട്രോൾ നമ്പർ എന്നീ നമ്പറുകളുടെ പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

അധ്യാപകരായ ഭവ്യ, മായാദേവി എന്നിവർ നേതൃത്വം നൽകി.

കാട്ടൂരിൽ വസന്തം തീർത്ത് ഹരിത വസന്തം പദ്ധതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സായൂജ്യം ജെഎൽജി ഗ്രൂപ്പ്‌ കൃഷി ചെയ്ത ചെണ്ടുമല്ലി, പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എസ്. മനു അധ്യക്ഷത വഹിച്ചു.

കാട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൂറ റിയാസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അംബുജ രാജൻ, പഞ്ചായത്ത്‌ അംഗങ്ങളായ അംബിക ഷാജി, ജൂലിയസ് ആന്റണി, ഹൈദ്രോസ്, രാധിക സുരേഷ്, സി.എൽ. ജോയ്, കുടുംബശ്രീ ചെയർപേഴ്സൺ ബസീല സഗീർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, എഡിഎസ് അംഗം ഇ.വി. അരവിന്ദാക്ഷൻ, ഇരിങ്ങാലക്കുട ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, കൃഷി ഓഫീസർ രേഷ്മ എന്നിവർ പ്രസംഗിച്ചു.

അയ്യങ്കാളി സ്ക്വയറിൽവന്ദേമാതര സദസ്സ് സംഘടിപ്പിച്ച് ബിജെപി

ഇരിങ്ങാലക്കുട : ജമാ അത്തെ ഇസ്ലാമി, മുസ്ലീം ലീഗ് വർഗ്ഗീയ വിഭജന അജണ്ടയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്ദേമാതര സദസ്സ് സംഘടിപ്പിച്ചു.

സദസ്സിൽ എല്ലാവരും ഒത്തൊരുമിച്ച് വന്ദേമാതരം ആലപിച്ചു.

ജില്ലാ വൈസ് പ്രസിഡൻ്റ് പി.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.പി. ഉണ്ണികൃഷ്ണൻ, കൃപേഷ് ചെമ്മണ്ട, മഹിളാ മോർച്ച ജില്ല പ്രസിഡൻ്റ് രശ്മി ബാബു, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ അജീഷ് പൈക്കാട്ട്, ശെൽവൻ മണക്കാട്ടുപടി, അഡ്വ. സുബീഷ്, സിബിൻ, രിമ പ്രകാശ്, ശ്രീജേഷ് ഊരകം, രാജേഷ് കൊട്ടാരത്തിൽ, മണ്ഡലം പ്രസിഡൻ്റുമാരായ പി.എസ്. സുബീഷ്, ജിതേഷ്, കാർത്തിക സജയ്, ആർച്ച അനീഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ഓണാഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബിൽ ഓണാഘോഷം സംഘടിപ്പിച്ചു.

പ്രസ് ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം മുതിർന്ന അംഗം റിയാസുദ്ദീന് ആദ്യ കിറ്റ് നൽകി സാമൂഹ്യപ്രവർത്തകൻ വിപിൻ പാറമേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ടി.ജി. സിബിൻ, ട്രഷറർ രാഹുൽ അശോകൻ എന്നിവർ ആശംസകൾ നേർന്നു.

പ്രസിഡൻ്റ് വി.ആർ. സുകുമാരൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ബെന്നറ്റ് തൗണ്ടശ്ശേരി നന്ദിയും പറഞ്ഞു.