സെന്റ് ജോസഫ്സ് കോളെജിൽ “മാറ്റത്തിന്റെ കാറ്റ്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന് തുടക്കമായി

ഇരിങ്ങാലക്കുട : കേരള സർക്കാർ ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ– ദ നാർക്കോ ഹണ്ട്” മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സെന്റ് ജോസഫ്സ് കോളെജും തൃശൂർ റൂറൽ പൊലീസും ചേർന്ന് “മാറ്റത്തിന്റെ കാറ്റ്” എന്ന പേരിൽ ബോധവത്കരണ പരിപാടിക്ക് തുടക്കമായി.

രണ്ടായിരത്തോളം വിദ്യാർഥിനികൾ അണിനിരന്നു നടത്തിയ എയ്റോബിക്സ് പരിപാടിയുടെ മുഖ്യ ആകർഷണമായി.

കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഉദ്ഘാടനം ചെയ്തു.

മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

ക്യാപ്റ്റൻ ലിറ്റി ചാക്കോ, ഡോ. സ്റ്റാലിൻ റാഫേൽ, വീണ സാനി തുടങ്ങിയ അധ്യാപകരും കോളെജ് യൂണിയൻ, എൻ.സി.സി., എൻ.എസ്.എസ്., സ്പോർട്സ് ക്ലബ് അംഗങ്ങൾ, വിദ്യാർഥി വൊളൻ്റിയർമാർ എന്നിവരും ചേർന്നാണ് പരിപാടി ഏകോപിപ്പിച്ചത്.

എൻ.സി.സി. കേഡറ്റുകളും സ്പോർട്സ് ക്ലബ് വിദ്യാർഥികളും ചേർന്ന് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളുടെ തെരുവുനാടകവും ശ്രദ്ധേയമായി.

ചടങ്ങിൻ്റെ സമാപനത്തിൽ ഡോ. സി. ബ്ലെസി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർഥിനികൾ ഏറ്റുചൊല്ലി.

മാള മെറ്റ്‌സ് സിൽവർ ജൂബിലി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു : 25 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായം ലഭിക്കും

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ സേവന പാരമ്പര്യം ആഘോഷിക്കുന്ന മാള മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “മെറ്റ്‌സ് സിൽവർ ജൂബിലി സ്കോളർഷിപ്പ്” പ്രഖ്യാപിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ മികവുറ്റ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.

സ്കോളർഷിപ്പിന്റെ ഭാഗമായി ഓരോ മെറ്റ്സ് സ്ഥാപനങ്ങളിലും (മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്, മെറ്റ്സ് കോളെജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ച്, മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്) ഈ വർഷം അഡ്മിഷൻ എടുക്കുന്ന 25 വിദ്യാർഥികൾക്ക് വീതം സാമ്പത്തിക സഹായം നൽകും.

ബി.ഫാം (4 വർഷം) പഠനത്തിനായി 50,000 രൂപയും, എൻജിനീയറിംഗ് ബി.ടെക്. ബിരുദ പഠനത്തിനായി 25,000 രൂപയും സ്കോളർഷിപ്പായി അനുവദിക്കും.

കൂടാതെ ആർട്സ് ആൻഡ് സയൻസ് കോളെജ് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കപ്പെടുന്ന കോഴ്സിന് അനുയോജ്യമായ പ്രത്യേക സ്കോളർഷിപ്പും ലഭ്യമാക്കും.

മെറ്റ്‌സ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ ഈ പദ്ധതി, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം മുടങ്ങാൻ സാധ്യതയുള്ള വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

വിദ്യാഭ്യാസ മേഖലയിലെ മികവും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രൽ കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട രൂപത പ്രസിഡൻ്റ് കെ.എഫ്. ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

രൂപത ഡയറക്ടർ റവ. ഫാ. ജോഷി കല്ലേലി അധ്യക്ഷത വഹിച്ചു.

വർക്കിംഗ് ഡയറക്ടർ റവ. ഫാ. ക്രിസ്റ്റേൺ കൈനാടത്തുപറമ്പിൽ, സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലൻ എന്നിവർ ആശംസകൾ നേർന്നു.

പ്രസിഡൻ്റ് ബാബു ആൻ്റണി സ്വാഗതവും വൈസ് പ്രസിഡൻ്റ് സൈമൺ കാട്ടൂക്കാരൻ നന്ദിയും പറഞ്ഞു.

ലഹരി വിരുദ്ധ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : കേരളത്തെ സമ്പൂർണ്ണ ലഹരി വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന “ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്” പദ്ധതിയുമായി ബന്ധപ്പെട്ട് പൊറത്തിശ്ശേരി മഹാത്മാ എൽ.പി. & യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി.

ലഹരി വിരുദ്ധ സന്ദേശം, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങല, സുരക്ഷാമതിൽ, ഫ്ലാഷ് മോബ്, കൂട്ടയോട്ടം, കൂട്ട നടത്തം, സൈക്കിൾ റാലി, ചിത്രരചന, ക്വിസ് തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.

ഫസ്റ്റ് അസിസ്റ്റന്റ് എൻ.പി. രജനി പരിപാടികൾക്ക് നേതൃത്വം നൽകി.

ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം തുമ്പൂർ ലോഹിതാക്ഷന്

ഇരിങ്ങാലക്കുട : വിവർത്തനത്തിൻ്റെ മേഖലയിൽ
വർഷംതോറും ഗ്രാമിക നൽകിവരുന്ന ഇ.കെ. ദിവാകരൻ പോറ്റി പുരസ്കാരം തുമ്പൂർ ലോഹിതാക്ഷന്.

20000 രൂപയും സ്മൃതി ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വിവർത്തകനുമായിരുന്ന ഇ.കെ. ദിവാകരൻ പോറ്റിയുടെ പേരിലുള്ള പുരസ്കാരം.

മലയാളത്തിൽ വിവർത്തന മേഖലയെ പരിപോഷിപ്പിക്കുന്നതിനായി തുമ്പൂർ ലോഹിതാക്ഷൻ നൽകിയ സംഭാവനകൾ മുൻനിർത്തിയാണ്, വിവർത്തന മേഖലയിൽ മികവ് പ്രകടിപ്പിക്കുന്നവർക്കായി ഏർപ്പെടുത്തിയ ഈ പുരസ്കാരം നൽകുന്നത്.

തുമ്പൂർ സ്വദേശിയായ ലോഹിതാക്ഷൻ അധ്യാപക വൃത്തിയിൽ നിന്നും വിരമിച്ച ശേഷം പൂർണ്ണമായും സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുകി ജീവിക്കുന്ന വ്യക്തിയാണ്.

ദസ്തയോവ്സ്കിയുടെ പുവർ ഫോക്സ്, “ഒന്നുമില്ലാത്തവർ” എന്ന പേരിലും നിക്കൊളായ് ലെസ്കോവിൻ്റെ ലേഡി മാക്ബത്ത് ഓഫ് മെസൻസ്ക് ഡിസ്ട്രിക്ട്, “മെസൻസ്കിലെ ലേഡി മാക്ബത്ത്” എന്ന പേരിലും വിക്ടർ ഹ്യൂഗോയുടെ ദി ലാസ്റ്റ് ഡേ ഓഫ് എ കണ്ടംഡ് മാൻ, “വിധിക്കപ്പെട്ടവൻ്റെ അന്ത്യദിനം” എന്ന പേരിലും അദ്ദേഹം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

കൂടാതെ ലൂയി പിരാന്തലോ, ഹെർമൻ മെൽവിൽ, ആർതർഷ് നൈസ്റ്റ്ലർ, ജോൺ സ്റ്റെയിൻബക്ക്, തോമസ് മാൻ തുടങ്ങിയവരുടെ കൃതികളും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലുണ്ടായ ക്ലാസ്സിക് കൃതികളെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടു
വരുന്നതു വഴി, നാലപ്പാടനും ഇടപ്പള്ളി കരുണാകരമേനോനും എൻ.കെ. ദാമോദരനും മറ്റും പ്രവർത്തിച്ചിരുന്ന മലയാള ഭാഷയുടെ ചിന്താശേഷിയെയും വൈകാരികതയെയും വിവർത്തനത്തിലൂടെ കനപ്പെടുത്തുക എന്ന പ്രവർത്തനത്തെ ഇക്കാലത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ് തുമ്പൂർ ലോഹിതാക്ഷൻ്റെ വിവർത്തന സപര്യയെന്ന്
കെ. സച്ചിദാനന്ദൻ ചെയർമാനും പി.എൻ. ഗോപീകൃഷണൻ, വടക്കേടത്ത് പത്മനാഭൻ എന്നിവർ അംഗങ്ങളുമായ പുരസ്കാര സമിതി വിലയിരുത്തി.

കുട്ടികൾക്കായി നിരവധി കൃതികൾ തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്തതും പുരസ്കാര സമിതി കണക്കിലെടുക്കുകയുണ്ടായി. കുട്ടികളെ സാഹിത്യത്തിൻ്റെ വിശാലതയിലേക്ക് കൈപിടിച്ചു കയറ്റുന്നതിൽ വിവർത്തനമണ്ഡലത്തിൻ്റെ തന്നെ ഒരു ഉപശാഖയായി കണക്കാക്കാവുന്ന ഈ പുനരാഖ്യാനങ്ങൾ വലിയ
പങ്കുവഹിക്കുന്നതായും പുരസ്കാര സമിതി ചൂണ്ടിക്കാട്ടി.

മലയാളത്തിലേക്ക് വിവർത്തനം വഴി വിശിഷ്യാ ഹിന്ദിയിലെയും മറ്റ് ഭാഷകളിലെയും വിശിഷ്ട കൃതികളെ കൂട്ടിക്കൊണ്ടു വന്ന
ഇ.കെ. ദിവാകരൻ പോറ്റിയുടെ പേരിലുള്ള പുരസ്കാരം, വർഷങ്ങളായി
നൽകിവരുന്നത് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ കുഴിക്കാട്ടുശ്ശേരി ഗ്രാമികയാണ്.

ജൂലൈ 26 ഞായറാഴ്ച, കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ പോറ്റി മാഷിൻ്റെ 21-ാം ചരമ വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

തൃശൂർ പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പുരസ്കാര നിർണ്ണയ സമിതി ചെയർമാൻ
കെ. സച്ചിദാനന്ദൻ, അംഗങ്ങളായ പി.എൻ. ഗോപീകൃഷ്ണൻ, വടക്കേടത്ത് പത്മനാഭൻ, ഗ്രാമിക പ്രസിഡൻ്റ്
പി.കെ. കിട്ടൻ, വൈസ് പ്രസിഡൻ്റ് ഇ.കെ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.

മെറിറ്റ് ഡേ : സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തലത്തിൽ എല്ലാ വർഷവും നടത്തി വരുന്ന മെറിറ്റ് ഡേ ജൂലായ് 11ന് നടത്തും.

സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നഗരസഭ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി, അഡ്വ. സതീഷ് വിമലൻ, ടി.വി. ചാർളി, ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത്, ആളൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോസിലി ഫ്രാൻസിസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, മണ്ഡലം സെക്രട്ടറി എ.സി. സുരേഷ് എന്നിവർ പ്രസംഗിച്ചു.

എം.പി. ജാക്സൺ (ചെയർമാൻ), സോമൻ ചിറ്റേത്ത്, ഷാൻ്റോ കുര്യൻ (വൈസ് ചെയർമാൻമാർ), റോസിലി ഫ്രാൻസിസ് (ജനറൽ കൺവീനർ), സി.എസ്. അബ്ദുൾ ഹഖ്, എ.സി. സുരേഷ് (കോർഡിനേറ്റേഴ്‌സ്) എന്നിവർ അംഗങ്ങളായ 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ലഹരിക്കെതിരെ ബോധവൽക്കരണവും ഒപ്പു ശേഖരണവും

ഇരിങ്ങാലക്കുട : മഹിള ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്കൂളുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസും ഒപ്പ് ശേഖരണവും നടത്തി.

മഹിള ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഷീബ ശിവദാസൻ, വർക്കിംഗ് പ്രസിഡൻ്റ് ഗീത ഉദയശങ്കർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് കെ.ആർ. രാജേഷ്, മഹിള ഐക്യവേദി താലൂക്ക് സംയോജകൻ സതീഷ് കോമ്പാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഗവ. ഗേൾസ് സ്കൂളിൽ ലഹരിക്കെതിരെ “1 മില്ല്യൻ തൂഫാൻ ഗോൾസ്” ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ “1 മില്യൺ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026” ക്യാമ്പയിൻ സംഘടിപ്പിച്ചു.

“ധീരമായി കളിക്കുക, ശുദ്ധിയായി ജീവിക്കുക, ഒരുമിച്ച് മുന്നേറുക” എന്ന സന്ദേശം നൽകുന്ന ക്യാമ്പയിൻ ഇരിങ്ങാലക്കുട റൂറൽ പൊലീസ് വനിതാ സെൽ എസ്ഐ അനു ജോസ് ഉദ്ഘാടനം ചെയ്തു.

വി.എച്ച്.എസ്.ഇ. വിഭാഗം സീനിയർ അധ്യാപിക എം. ജസീല ആശംസകൾ നേർന്നു.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ സ്വാഗതവും
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ.എസ്. സുഷ നന്ദിയും പറഞ്ഞു.

പി.ടി.എ. ഭാരവാഹികൾ, എസ്എംസി അംഗം ലാജി വർക്കി, അധ്യാപകർ, വിദ്യാർഥിനികൾ എന്നിവർ പങ്കെടുത്തു.

ഫുട്ബോൾ എന്ന ആവേശ ലഹരിയിലേക്ക് വിദ്യാർഥിനികളെ കൈപിടിച്ചുയർത്തുന്ന ‘തൂഫാൻ ഗോൾസ്’ ക്യാമ്പയിന്റെ ഊർജ്ജസ്വലതയും ആവേശവും പരിപാടിയിലുടനീളം പ്രകടമായിരുന്നു.

ചാലക്കുടി ഗവ. ഐ.ടി.ഐ.ലേക്ക് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ചാലക്കുടി ഗവ. ഐ.ടി.ഐ.ലെ 20 ട്രേഡുകളിലെ 832 സീറ്റുകളിലേക്ക് അഡ്മിഷനുള്ള അപേക്ഷ ക്ഷണിച്ചു.

ജൂൺ 30ന് വൈകീട്ട് 5 മണി വരെ ഓൺലൈനായി https://www.itiadmissions.kerala.gov.in/എന്ന പോർട്ടൽ മുഖേനയും https://det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിച്ചതിനു ശേഷം അടുത്തുള്ള ഐ.ടി.ഐ.കളിൽ നിന്ന് വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രോസ്പെക്റ്റ്സും മാർഗ്ഗനിർദ്ദേശങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 04802701491

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഫ്യൂഷൻ ഓഫ് അടയ്ക്കാപന്തൽ ആർട്സ് & സ്പോർട്സ് ക്ലബ്‌, ഡോ. അഗർവാൾസ് ബെസ്റ്റ് ഐ ഹോസ്പിറ്റൽ കാട്ടുങ്ങച്ചിറ എന്നിവർ സംയുക്തമായി കിഴുത്താണിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലബ് പ്രസിഡന്റ്‌ കിരൺ, വൈസ് പ്രസിഡൻ്റ് നിഷ പ്രവീൺ, സെക്രട്ടറി ബിനീഷ് കോക്കാട്ട്, ട്രഷറര്‍ സുജിത ബിനീഷ്, ജോയിൻ്റ് സെക്രട്ടറി വിദ്യാധരൻ, എക്സിക്യൂട്ടീവ് മെമ്പർ അനുപമ സിബിൻ, ക്ലബ്‌ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.