കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് കലാനിലയം ഗോപിയാശാന്

ഇരിങ്ങാലക്കുട : സാംസ്കാരിക മേഖലകളിലെ മികച്ച വ്യക്തികൾക്ക് നൽകിവരുന്ന കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് കഥകളി രംഗത്ത് അഞ്ചു പതിറ്റാണ്ട് പിന്നിട്ട കലാനിലയം ഗോപിയാശാന്.

കൃഷ്ണനാട്ടം കഥകളി എന്ന മേഖലയിൽ രണ്ടു വർഷത്തേക്ക് മാസം 20,000 രൂപയാണ് ഫെലോഷിപ്പ്.

ഇൻ്റർനാഷണൽ ഫാഷൻ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങി മൃദുല മനോജ്

ഇരിങ്ങാലക്കുട : തുർക്കിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫാഷൻ ഷോയിലേക്ക് ‘ലിറ്റിൽ മിസ്സ്‌ യുണൈറ്റഡ് വേൾഡ്- ഇന്ത്യ’ ആയി ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് മൃദുല മനോജ്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയായ മൃദുല വെള്ളാങ്ങല്ലൂർ തറയിൽ മനോജ്‌ കുമാറിന്റെയും മോന മോഹന്റെയും മകളാണ്.

നിര്യാതനായി

കുട്ടൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ പാറപ്പുറം അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച (ജൂൺ 08) രാവിലെ 11.30ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ഓമന

മക്കൾ : സന്ധ്യ, സന്ദീപ്, സലീഷ്

മരുമക്കൾ : കുമാരൻ, കല

ഇരട്ട സ്വർണം നേടി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ. ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ -62 കിലോഗ്രാം വിഭാഗത്തിൽ Gi, No-Gi ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ ഇരട്ട സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യനായി.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ 8 വർഷത്തോളമായി കോച്ച് അഷ്കർ ബഷീറിന്റെ കീഴിൽ കോണത്തുകുന്ന് ആസ്ഥാനമായുള്ള ജി.എഫ്.സി. കോംപാറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഷമീലുദ്ദീൻ, അതേ സ്ഥാപനത്തിലെ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.

ദേശീയ വേദിയിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ഷമീലുദ്ദീന്റെ ഈ നേട്ടത്തിന് കായികരംഗത്തുനിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.

അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം : മരത്തൈകൾ നട്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പറുദീസ ലിവിംഗ്

ഇരിങ്ങാലക്കുട : കേരളത്തിലെ പ്രമുഖ റിട്ടയർമെൻ്റ് ലൈഫ് സ്റ്റൈൽ കമ്മ്യൂണിറ്റി ആയ പറുദീസ ലിവിങ്, അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചു.

വാർഡ് മെമ്പർ ജിപ്സി ജെയ്റ്റസ് മരത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ വാർഡ് മെമ്പർ ജിനീഷ്, കെ.ആർ. മനോജ് എന്നിവർ പ്രസിഡന്റിനോടൊപ്പം മരത്തൈകൾ നട്ട് പരിസ്ഥിതി സംരക്ഷണ സന്ദേശത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി.

തീർത്തും പരിസ്ഥിതി സൗഹൃദ ഹരിത നിർമ്മാണ പദ്ധതിയായ പറുദീസ ലിവിങ്, പ്രകൃതിയോടും സമൂഹത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി ഇത്തരത്തിലുള്ള ഹരിത സംരംഭങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കമ്പനി എംഡി ജീസ് ലാസർ അറിയിച്ചു.

കനത്ത മഴയിൽ മരം വീണ് വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട : കനത്ത മഴയിൽ എസ്.എൻ. പുരം പോഴങ്കാവിൽ റോഡരികിലെ മരം കടപുഴകി വീണ് സ്കൂട്ടർ യാത്രികനായ വെള്ളാങ്ങല്ലൂർ സ്വദേശി മരിച്ചു.

വെള്ളാങ്ങല്ലൂർ കാരുമാത്ര സ്വദേശി ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ എസ്.എൻ. പുരം – പി. വെമ്പല്ലൂർ റോഡിൽ പോഴങ്കാവ് ഷാപ്പിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.

ഇദ്ദേഹം സ്കൂട്ടറിൽ വന്നുകൊണ്ടിരിക്കെ കനത്ത മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“ഓപ്പറേഷൻ തൂഫാൻ” തൃശൂർ റൂറലിൽ ആഞ്ഞടിക്കുന്നു; രണ്ടാം ദിവസം രജിസ്റ്റർ ചെയ്തത് 19 കേസുകൾ ; 9 പ്രതികൾ റിമാൻഡിലേക്ക്

ഇരിങ്ങാലക്കുട : സംസ്ഥാന വ്യാപകമായി ലഹരിമാഫിയക്കെതിരെ നടത്തുന്ന ശക്തമായ പ്രതിരോധ നടപടിയായ “ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്” സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ രണ്ട് ദിവസമായി നടത്തിയ പരിശോധനയിൽ ആകെ 34 കേസ്സുകൾ രജിസ്റ്റർ ചെയ്തു. 16 പ്രതികൾ റിമാൻഡിലായി.

രണ്ടാം ദിവസവും നടന്ന ശക്തമായ പരിശോധനയിൽ രജിസ്റ്റർ ചെയ്തത് 19 കേസുകളാണ്. ഇതിൽ മാത്രം 9 പ്രതികൾ റിമാൻഡിലായി.

ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്ത് 9 കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് 10 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്.

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും പൂർണ്ണമായും തടയുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലുടനീളം വ്യാപകമായ റെയ്ഡുകൾ നടത്തിയത്.

മതിലകത്ത് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച എം.ഡി.എം.എ.യുമായി 4 ലഹരിമരുന്ന് കേസുകളടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിഞ്ഞനം അടിപറമ്പിൽ വീട്ടിൽ ആകാശ് (34) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.10ഓടെ പുന്നക്കുരു റോഡിൽ ഇരുമ്പൻവളവ് എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.

പ്രതിയിൽ നിന്ന് എം.ഡി.എം.എ.യും ലഹരിമരുന്ന് വിൽപനയിലൂടെ സമ്പാദിച്ച 3200 രൂപയും പൊലീസ് പിടിച്ചെടുത്തു.

ആകാശ് മതിലകം, കൈപ്പമംഗലം, കാട്ടൂർ, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി 9 ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

വാടാനപ്പിള്ളിയിൽ
കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി കൊലപാതകശ്രമ കേസിലെ പ്രതിയായ പാടിയത്ത് വീട്ടിൽ സഞ്ജയ് (22) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി 7.55ഓടെ വാടാനപ്പിള്ളി ജവഹർ റോഡ് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതി കഞ്ചാവുമായി പിടിയിലായത്.

സഞ്ജയ് 2025ൽ വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് ഉപയോഗിച്ച കേസ്സിലും പ്രതിയാണ്.

ആളൂരിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാൻ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി സന്തോഷ് (43) പിടിയിലായി.

ജൂൺ 1ന് വൈകീട്ട് 4.30ഓടെ ആളൂർ ഉറോത്തുംപീടിക ജംഗ്ഷനിലുള്ള മുറുക്കാൻ കടയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്.

നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ 911 പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത്.

വരന്തരപ്പിള്ളിയിൽ സ്കൂൾ- കോളെജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ പുളിഞ്ചോട് തുപ്രത്ത് വീട്ടിൽ വിഷ്ണു (30) പിടിയിൽ.

ജൂൺ 1ന് വൈകീട്ട് 3.15ഓടെ ആമ്പല്ലൂർ കൈതകുളത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി പിടിയിലാകുന്നത്.

വിഷ്ണുവിനെതിരെ വരന്തരപ്പിള്ളി, നെടുപുഴ, പുതുക്കാട് പൊലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളുണ്ട്.

പുതുക്കാട് കുട്ടികൾക്കും മറ്റും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവുമായി ചെങ്ങാലൂർ ശാന്തിനഗർ സ്വദേശി ചീരക്കാടൻ വീട്ടിൽ അനീഷ് (26) എന്നയാളെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.

ചാലക്കുടിയിൽ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി. മുരിങ്ങൂർ തെക്കുംമുറി അട്ടപ്പാടം പറമ്പേൽ വീട്ടിൽ വിനായക് (18), മുരിങ്ങൂർ തെക്കുംമുറി കൊരട്ടി പാലാപറമ്പിൽ വീട്ടിൽ ഡിക്സൺ ജോയ് (20), കുറ്റിച്ചിറ വീരാഞ്ചിറ കള്ളിക്കാടൻ വീട്ടിൽ അഭിജിത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35ഓടെ ടി & ടി റസ്റ്റോറന്റിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് വിനായക്, ഡിക്സൺ എന്നിവർ കഞ്ചാവുമായി പിടിയിലായത്.

വൈകീട്ട് 4.55ഓടെ ചാലക്കുടി സൗത്തിൽ സിറ്റി ഹൈറ്റ്സ് ഷോപ്പിംഗ് കോംപ്ലക്സിന് സമീപം നടത്തിയ പരിശോധനയ്ക്കിടെയാണ് അഭിജിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

അന്തിക്കാട് ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. മണലൂർ സ്വദേശി പുളിക്കൻ വീട്ടിൽ അജിൽ ജോസ് (25) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 11.05ഓടെ കാഞ്ഞാണി ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതിയെ ഹാഷിഷ് ഓയിലുമായി പിടികൂടിയത്.

അന്തിക്കാട്, കൊടകര, പുതുക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധികളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിന് തിങ്കളാഴ്ച രാത്രി മുതൽ നടത്തിയ പരിശോധനയിൽ 10 കേസുകളിലായി 10 പ്രതികൾ അറസ്റ്റിലായി.

അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ മനക്കൊടി പള്ളിപുരയ്ക്കൽ വീട്ടിൽ അക്ഷയ് (27), കാരമുക്ക് ചുള്ളിയിൽ വീട്ടിൽ മിഹിർ (22), മണലൂർ നമ്പനാഥ് ഹൗസിൽ മിഥുൻ (30), കാരമുക്ക് വടക്കേത്തല വീട്ടിൽ ജോഷ്വ (28), ചാലക്കുടി സ്റ്റേഷൻ പരിധിയിൽ പെരിങ്ങൽക്കുത്ത് പുളിയിലപ്പാറ കണ്ടലൻവിളയിൽ വീട്ടിൽ ദേവലാൽ (19), ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ ആനന്ദപുരം പള്ളത്ത് വീട്ടിൽ അനന്തു (23), ആനന്ദപുരം പള്ളത്തുവീട്ടിൽ ദേവദേവൻ (20), കൊടകര സ്റ്റേഷൻ പരിധിയിൽ മനകുളങ്ങര വടക്കേക്കടവിൽ വീട്ടിൽ അരുൺ (35), പുതുക്കാട് സ്റ്റേഷൻ പരിധിയിൽ കാട്ടൂർ കരാഞ്ചിറ പുതുവീട്ടിൽ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടിൽ സൂരജ് (21) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് ടീമിലെ പൊലീസ് ഉദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂർ, കൊടകര, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലെ എസ്എച്ച്ഒ-മാരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ലഹരി വിൽപ്പനക്കാരുടെയും ഉപഭോക്താക്കളുടെയും വിവരങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

പുതിയ കളരി നിലയം നിർമ്മിക്കാൻ ഭരണാനുമതി കാത്ത് ഉണ്ണായിവാര്യർ സ്മാരക കലാനിലയം

ഇരിങ്ങാലക്കുട : സംസ്ഥാനത്തിന്റെ സാംസ്കാരിക ജില്ലയായ തൃശ്ശൂരിന്റെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയുടെ തിലകക്കുറിയായ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന് പുതിയ കളരി നിലയം നിർമ്മിക്കുന്നതിന് സർക്കാരിൻ്റെ ഭരണാനുമതി കാത്തിരിക്കുകയാണ് കലാനിലയം ഭരണസമിതി.

60 വർഷത്തിലേറെ പഴക്കമുള്ള അതിശോചനീയാവസ്ഥയിലായ കെട്ടിടം പുനർ നിർമ്മിക്കുന്നതിനായി 3,07,67,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 25 ലക്ഷം രൂപ സർക്കാർ ആദ്യ ഗഡുവായി അനുവദിച്ചിരുന്നു.

നിർമ്മാണ ചുമതലയുള്ള കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് ഈ തുക കൈമാറി നടപടികൾ പൂർത്തിയാക്കിയതുമാണ്. എന്നാൽ പദ്ധതിക്കുള്ള ഭരണാനുമതി കൂടി ലഭിച്ചാൽ മാത്രമേ കെട്ടിടത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകൂ.

തെരഞ്ഞെടുപ്പു മൂലം വൈകിയ ഭരണാനുമതി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു.

നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായിവാര്യരുടെ ജന്മഗൃഹം സ്ഥിതി ചെയ്തിരുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ തെക്കേ നടയിലാണ് 1955ൽ സ്ഥാപിച്ച കലാനിലയം പ്രവർത്തിക്കുന്നത്.

ആറന്മുള വാസ്തുവിദ്യ ഗുരുകുലമാണ് കേരളീയ മാതൃകയിൽ കലാനിലയത്തിനുള്ള രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.4858 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള കളരിനിലയത്തിൽ 150 പേർക്ക് ഇരുന്ന് കളി വീക്ഷിക്കാവുന്ന തരത്തിൽ കളരി സജ്ജീകരിക്കുന്നതോടൊപ്പം സ്റ്റേജ്, അണിയറ എന്നിവയും ഒരുക്കും.

വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കു : ഐഎംഎ വനിതാ വിഭാഗമായ വിമ ഇരിങ്ങാലക്കുടയുടെയും മെട്രോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ആറു തരം ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

നിരവധി പേർ ക്യാമ്പിൽ എത്തി വാക്സിൻ സ്വീകരിച്ചു.

മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ്, വിമ ഇരിങ്ങാലക്കുട പ്രസിഡൻ്റ് ഡോ. ഉഷാകുമാരി, മാനേജർ മുരളിദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഏകദിന സംഗമം നടത്തി

ഇരിങ്ങാലക്കുട : കാട്ടൂർ കാവ്യശിഖ- വള്ളത്തോൾ ടീമിൻ്റെ ഏകദിന സംഗമം നടത്തി.

കാട്ടൂർ രാമചന്ദ്രൻ്റെ വീട്ടുമുറ്റത്ത് ബിന്ദു വലപ്പാട് നഗറിൽ നടന്ന സംഗമത്തിൽ ടീം ലീഡർ ഇരിങ്ങാലക്കുട ബാബുരാജ് ആമുഖ പ്രസംഗം നടത്തി.

അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കവി ഡോ. സി. രാവുണ്ണി മുഖ്യാതിഥിയായി.

ജോസ് മഞ്ഞില,
രാധാകൃഷ്ണൻ വെട്ടത്ത്
എന്നിവർ പ്രസംഗിച്ചു.

“മലയാള കവിത കാലഘട്ടങ്ങളിലൂടെ” എന്ന വിഷയത്തിൽ സെമിനാർ നടന്നു. ടി. ഗീത മോഡറേറ്റേറായി.

ശ്രീനന്ദിനി സജീവ്, കെ.ആർ. ദർശന,
ഡോ. അജയ് നാരായണൻ,
കെ.ജി. കണ്ണൻ,
മഹേഷ് എന്നിവർ പങ്കെടുത്തു.

തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സുധീഷ് ചന്ദ്രൻ,
കൃഷ്ണൻ സൗപർണ്ണിക,
എൻ.എസ്. രാജൻ, സി. തിയോ, പി.ബി. നന്ദകുമാർ, റഷീദ് പാലയ്ക്കൽ, സിന്ധുഭദ്ര, അനില കോട്ടപ്പടി എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് വള്ളത്തോൾ കവിതകളുടെ അവതരണവും ആസ്വാദനവും നടന്നു.

ഗിരിജ ഗിരീഷ്, ടി. ഗംഗാദേവി, ശ്രീലത ടീച്ചർ, സി.ജി. രേഖ, ഹൗവ്വ ടീച്ചർ,
കെ. എൻ. സുരേഷ്‌കുമാർ, രജനി അന്നനാട് എന്നിവർ വള്ളത്തോൾ കവിതകൾ ആലപിച്ചു കൊണ്ട് സംസാരിച്ചു.

തുടർന്ന് നടന്ന കാവ്യാഞ്ജലി
കവി പി.എൻ. സുനിൽ ഉദ്ഘാടനം ചെയ്തു.

കെ. ദിനേശ് രാജ അധ്യക്ഷത വഹിച്ചു.

എ.വി. കൃഷ്ണകുമാർ, ഗീത എസ്. പടിയത്ത്, പഴുവിൽ ഗോപിനാഥ്, ദേവിക പ്രതാപൻ, കെ.എസ്. സുമിഷ, വിജയൻ ചിറ്റേക്കാട്ടിൽ, വിനോദ് എടതിരിഞ്ഞി, സുരേഷ് ബാബു കിഴുത്താണി, ആൻ്റണി കൈതാരത്ത്, ചന്ദ്രൻ കാട്ടൂർ, കെ.വി. മണി എന്നിവർ കവിതകൾ ചൊല്ലി.

സമാപന സമ്മേളനം കവി ഇ. ജിനൻ ഉദ്ഘാടനം ചെയ്തു.

എം.ബി. അജയഘോഷ് അധ്യക്ഷത വഹിച്ചു.

കാവ്യശിഖ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ജയറാം വാഴൂർ, ഡോ. സുഭാഷിണി മഹാദേവൻ, ചാക്കോ ഡി. അന്തിക്കാട് എന്നിവരെ ആദരിച്ചു.
സുരേഷ് ബാബു കിഴുത്താണി, പി.എസ്. ജിതേഷ്, രാധാകൃഷ്ണൻ കിഴുത്താണി, വി.ആർ. ലിഷോയ് എന്നിവർ പ്രസംഗിച്ചു.