ഇരിങ്ങാലക്കുട : പ്രതിഭയും പ്രതിബദ്ധതയുമുള്ള കലാമുകുളങ്ങൾക്കായി ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ “നവ്യം – യൗവനത്തിൻ കലൈയാട്ടം” എന്ന പേരിൽ സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന രംഗകലകളുടെ ത്രിദിന അരങ്ങുകൾക്ക് നാളെ തിരി തെളിയും.
യുവനിരയിലെ പ്രയോക്താക്കൾക്ക് അരങ്ങുകൾ നൽകുന്നതോടൊപ്പം പഠിതാക്കൾക്കും കലാസ്വാദകർക്കും കലയുടെ സൗന്ദര്യവശങ്ങളെ കൂടുതൽ അടുത്തറിയുവാൻ ഉതകുന്ന വിധത്തിലാണ് “നവ്യ”ത്തിൻ്റെ ഉള്ളടക്കം വിഭാവനം ചെയ്തിട്ടുള്ളത്.
രംഗാവതരണങ്ങളോടൊപ്പം വിഷയകേന്ദ്രീകൃതമായി പ്രബന്ധാവതരണങ്ങളും, ചർച്ചകളും ഉൾപ്പെടുത്തിക്കൊണ്ട് ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിലാണ് ഈ വർഷത്തെ “നവ്യം” അരങ്ങറുക.
ശ്രീഭരതം സ്കൂൾ ഓഫ് ഡാൻസിലെ യുവനർത്തകികൾ രംഗവന്ദനത്തോടെ അരങ്ങുണർത്തിയതിനുശേഷം സുപ്രസിദ്ധ സംഗീതജ്ഞൻ ശ്രീവത്സൻ ജെ. മേനോൻ ഭദ്രദീപം തെളിയിച്ച് “നവ്യ”ത്തിന് സമാരംഭം കുറിക്കും.
‘ബാലിവധം’ കഥകളിയിലെ രാവണവേഷത്തെ അധികരിച്ച് കലാമണ്ഡലം രവികുമാർ പ്രഭാഷണം നടത്തും.
തുടർന്ന് അരങ്ങേറുന്ന ബാലിവധം കഥകളിയിൽ കലാമണ്ഡലം വിശാഖ് രാവണനായും, കലാമണ്ഡലം മിഥുൻ നായർ അകമ്പനും മാരീചനുമായും, കലാമണ്ഡലം ലക്ഷ്മി ഗോപകുമാർ മണ്ഡോദരിയായും വേഷമിടും.
രണ്ടാം ദിവസം കർണ്ണാടക സംഗീത ത്രിമൂർത്തികളിലെ അമൂല്യരത്നമായ മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാർഷികത്തിൽ നടത്തുന്ന സംഗീതസദസ്സുകൾ അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുൻപിൽ സമർപ്പിക്കും.
രാവിലെ മുത്തുസ്വാമി ദീക്ഷിതരുടെ പഞ്ചലിംഗസ്ഥല കീർത്തനാലാപനം നടത്തും. തുടർന്ന് കമലാംബാ നവാവരണ കൃതികളുടെ പ്രത്യേകതകളെക്കുറിച്ച് ശ്രീലത നമ്പൂതിരിയുടെ പ്രഭാഷണം. ആനന്ദ് കെ. രാജ് നയിക്കുന്ന കർണ്ണാടകസംഗീത കച്ചേരിയിൽ പാലക്കാട് കൈലാസപതി വയലിനിലും വിഷ്ണു ചിന്താമണി മൃദംഗത്തിലും പക്കമേളമൊരുക്കും.
ഉച്ചതിരിഞ്ഞ് സംഗീതജ്ഞൻ കോട്ടയ്ക്കൽ രഞ്ജിത്ത് വാര്യർ
‘കർണ്ണാടക സംഗീതത്തിലെ കാലികമായ ഭാവുകത്വ പരിണാമം’ എന്ന വിഷയത്തിൽ കച്ചേരിയിൽ പങ്കെടുത്ത കലാകാരന്മാരുമായി ചർച്ച നടത്തും.
ഉച്ചതിരിഞ്ഞ് ‘ബാലിവധം കൂടിയാട്ടത്തിന്റെ ഘടനയിൽ ഏകാഹാര്യരംഗാവതരണത്തിലെ സർഗ്ഗാത്മകത’ എന്ന വിഷയത്തിൽ ഡോ. അപർണ്ണ നങ്ങ്യാർ പ്രഭാഷണം നടത്തും.
തുടർന്ന് അമ്മന്നൂർ മാധവ് ചാക്യാർ അവതരിപ്പിക്കുന്ന സുഗ്രീവൻ്റെ നിർവ്വഹണം കൂടിയാട്ടം.
വൈകീട്ട് 6ന് “തായമ്പകയുടെ ഘടനാപരമായ അവതരണങ്ങളിൽ സർഗ്ഗാത്മകതയ്‌ക്കുള്ള സാധ്യതകളും പ്രാധാന്യവും – ഇന്ന്” എന്ന വിഷയത്തിൽ ഇരിങ്ങപ്പുറം ബാബുവിൻ്റെ പ്രഭാഷണം നടക്കും. തുടർന്ന് സന്ധ്യക്ക് മാർഗ്ഗി രഹിത കൃഷ്‌ണദാസിന്റെ തായമ്പക.
മൂന്നാം ദിനത്തിൽ രാവിലെ 9 മണിക്ക് പാഴൂർ ജിതിൻ മാരാരും പെരുമ്പിള്ളി ശ്രീരാഗ് മാരാരും ചേർന്ന് അവതരിപ്പിക്കുന്ന സോപാനസംഗീതവും ഡോ. ഗീത ശിവകുമാറിൻ്റെ പ്രഭാഷണവും അരങ്ങേറും. തുടർന്ന് ഭദ്ര രാജീവ് അവതരിപ്പിക്കുന്ന മോഹിനിയാട്ടം.
ഉച്ചതിരിഞ്ഞ് ഗുരു കലാമണ്ഡലം ചന്ദ്രിക മേനോനുമായി അവന്തിക സ്കൂൾ ഓഫ് ഡാൻസിലെ യുവകലാകാരന്മാർ ‘ദക്ഷിണേന്ത്യൻ നൃത്തകലകളുടെ അരങ്ങും കളരിയും – അന്നും ഇന്നും’ എന്ന വിഷയത്തിൽ നടത്തുന്ന അഭിമുഖം ഉണ്ടായിരിക്കും.
ഉച്ചതിരിഞ്ഞ് കാലൈമാമണി ഡോ. ശ്രീലത വിനോദിൻ്റെ പ്രഭാഷണം. തുടർന്ന് തീർത്ഥ പൊതുവാൾ അവതരിപ്പിക്കുന്ന ഭരതനാട്യം.
വൈകീട്ട് 6ന് നടക്കുന്ന ഗീത പത്മകുമാറിൻ്റെ പ്രഭാഷണത്തെ തുടർന്ന് 6.30ന് ഡോ. സ്നേഹ ശശികുമാറിൻ്റെ കുച്ചിപ്പുടിയോടെ ഈ വർഷത്തെ ‘നവ്യം’ പര്യവസാനിക്കും.