ലഹരി വിമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കണം : മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാർഥികളെ സാമൂഹ്യമായി സജീവമാക്കുക എന്നതാണ് യഥാർത്ഥത്തിൽ ലഹരി വിമുക്ത കേരളം കെട്ടിപ്പടുക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം എന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ലഹരിവിമുക്ത ഇരിങ്ങാലക്കുട സാധ്യമാക്കുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ, ചിത്രരചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുട്ടികളുടെ കലാകായിക താത്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അവരുടെ മികവുകൾ പ്രദർശിപ്പിക്കാൻ അവസരം നൽകുക, കളിക്കളങ്ങളിലേക്കും സാമൂഹ്യ പ്രവർത്തനങ്ങളിലേക്കും അവരെ തിരിച്ചു കൊണ്ടുവരിക, സാമൂഹ്യമായി സജീവമാക്കുക എന്നിവ പ്രധാനമാണ്. വെർച്വൽ ലോകത്ത് മാത്രമുള്ള ജീവിതത്തിനപ്പുറം, മനുഷ്യജീവികളുമായി ഇടപഴകുന്ന സാമൂഹ്യജീവികളാക്കി വിദ്യാർഥികളെ മാറ്റാൻ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ലഹരിക്കെതിരെ മാത്രമല്ല, സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായുള്ള ബോധവത്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

പ്രാദേശിക തലം വരെ എത്താൻ കഴിയുന്ന വിവിധങ്ങളായ പരിപാടികളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നത്.

ജീവിതം മധുരമാണ് എന്ന് മനസിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കിക്കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അധ്യക്ഷത വഹിച്ചു.

മധുരം ജീവിതം ജനറൽ കൺവീനർ ഡോ. കേസരി ആമുഖപ്രഭാഷണം നടത്തി.

അഡീഷണൽ എസ്.പി. സിനോജ്, ക്രൈസ്റ്റ് കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സാഹിത്യ മത്സരം കൺവീനർ കെ.ആർ. സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.

ഓപ്പറേഷൻ കാപ്പ തുടരുന്നു : കുപ്രസിദ്ധ ഗുണ്ട അക്ഷയ് അച്ചുവിനെ ജയിലിലാക്കി

ഇരിങ്ങാലക്കുട : ഓപ്പറേഷൻ കാപ്പയുടെ ഭാഗമായുള്ള തൃശൂർ റൂറൽ പൊലീസിന്റെ വേട്ട തുടരുന്നു.

കുപ്രസിദ്ധ ഗുണ്ടയായ കരുവന്നൂര്‍ ചെറിയപാലം പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന അക്ഷയ് (23) എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചു.

അക്ഷയ് ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

അക്ഷയ്ക്ക് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും ചേർപ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജൻ, സബ് ഇന്‍സ്പെക്ടര്‍ കെ.എസ്. സുബിന്ദ്, എ.എസ്.ഐ. ജ്യോതിഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് എന്നിവർ പ്രധാന പങ്ക് വഹിച്ചു.

2025ൽ മാത്രം ഇതുവരെ തൃശൂർ റൂറൽ ജില്ലയിൽ 71 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 210 ഗുണ്ടകളെ കാപ്പ ചുമത്തി. 139 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും മറ്റുമുളള നടപടികൾ സ്വീകരിച്ചു.

ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടു

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും 24 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിക്കുന്ന ഇരിങ്ങാലക്കുട ഗവ. ഹോമിയോ ആശുപത്രിയുടെ കെട്ടിടത്തിന് മന്ത്രി ഡോ. ആർ. ബിന്ദു തറക്കല്ലിട്ടു.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എം. ബിജു മോഹൻ സ്വാഗതവും ഹോമിയോ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റ് മിഥുൻ അശോക് നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന് തുടക്കമായി.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസർ ഷിബു പോൾ പ്രശസ്ത കഥകളി കലാകാരൻ സദനം കൃഷ്ണൻകുട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് എന്യുമറേഷൻ ഫോറം കൈമാറിയാണ് നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന് തുടക്കം കുറിച്ചത്.

ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ കെ.ആർ. രേഖ, ഇലക്ഷൻ ക്ലർക്ക് ആതിര, ടെക്നിക്കൽ അസിസ്റ്റൻ്റ് ലിൻസി, മനവലശ്ശേരി വില്ലേജ് ഓഫീസർ കെ.എസ്. ബിന്ദു എന്നിവർ സന്നിഹിതരായിരുന്നു.

ആർ.ഡി. ഒ. സദനം കൃഷ്ണൻകുട്ടിക്കും വീട്ടുകാർക്കും തീവ്ര പരിഷ്കരണത്തിൻ്റെ ആവശ്യകതയും ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുക്കുകയും അദ്ദേഹത്തിൻ്റെ സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.

ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തം ഭൂമിയായി : അനുമതിപത്രം മന്ത്രി ആർ. ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി റൂറൽ ജില്ലാ പൊലീസ് മേധാവി

ഇരിങ്ങാലക്കുട : ഒമ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതിപത്രം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് കൈമാറി.

ആളൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് ഭൂമിയും, പൊലീസ് സ്റ്റേഷൻ നിർമ്മാണ ജനകീയ സമിതി സ്വകാര്യ വ്യക്തിയിൽ നിന്നും വാങ്ങി പഞ്ചായത്തിന് നൽകിയ 4 സെന്റ് ഭൂമിയുംഉൾപ്പെടെ ആകെ 19 സെന്റ് ഭൂമിയുടെ അനുമതിപത്രമാണ് ചടങ്ങിൽ കൈമാറിയത്.

പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജോജോ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം പി.കെ. ഡേവിസ് മുഖ്യാതിഥിയായി.

തൃശൂർ റൂറൽ അഡിഷണൽ എസ്പി ടി.എസ്. സിനോജ്, സെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ജനകീയ സമിതി വർക്കിംഗ്‌ കൺവീനർ ഡേവിസ് തുളുവത്ത്, കെ.ഡി. ജോയ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, അഡ്വ. എം.എസ്. വിനയൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ നൈസൻ, ജുമൈല സഗീർ, പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സുനിൽ തുടങ്ങിയവർ പങ്കെടുത്തു.

മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് : ജൂനിയർ ക്ലാർക്കിനെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് പിടികൂടി

ഇരിങ്ങാലക്കുട : മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിൽ 2,97,82585 രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ ലുക്കൗട്ട് സർക്കുലർ പ്രകാരം നെടുമ്പാശ്ശേരി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും പിടികൂടി.

ബാങ്കിലെ ജൂനിയർ ക്ലാർക്ക് ആയിരുന്ന മാള വടമ കാവനാട് സ്വദേശി ആത്തപ്പിള്ളി വീട്ടിൽ ഡോജോ ഡേവീസ് (41) എന്നയാളെയാണ് തൃശൂർ റൂറൽ ക്രൈം ബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മാള കുരുവിലശ്ശേരി സർവ്വീസ് സഹകരണ ബാങ്കിലെ പ്രസിഡന്റ്, അസ്സിസ്റ്റന്റ് സെക്രട്ടറി, ഡോജോ ഡേവീസ്, മറ്റൊരു ജൂനിയർ ക്ലാർക്ക് എന്നിവർ ചേർന്ന് 2011 ഡിസംബർ 3 മുതൽ 2019 നവംബർ 5 വരെയുള്ള കാലയളവിൽ സ്ഥാപനത്തിലെ മെമ്പർമാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കി ലോൺ പാസാക്കിയെടുത്താണ് 2,9782585 രൂപയുടെ തട്ടിപ്പ് നടത്തിയത്.

ഈ സംഭവത്തിന് ബാങ്ക് സെക്രട്ടറി കല്ലേറ്റുംകര സ്വദേശി നെരേപറമ്പൻ വീട്ടിൽ നിക്സൺ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച പരാതിയെ തുടർന്നാണ് കേസടുത്തത്.

റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.

വിദേശത്തേക്ക് കടക്കുന്നതിനായി നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ എത്തിയപ്പോഴാണ് ഡോജോ ഡേവീസ് പിടിയിലായത്.

നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് കുമാർ, മാള സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായ സബ്ബ് ഇൻസ്പെക്ടർ ബെനഡിക്ട്, ജിഎസ്ഐ ടി.ആർ. രാജേഷ്, ജിഎഎസ്ഐ-മാരായ റാഫി, ഷിൽജ, ഷനിദ, രാജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സ്നേഹക്കൂട് പദ്ധതി : വേളൂക്കരയിൽ പുതിയ ഭവനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട : ‘സ്നേഹക്കൂട് പദ്ധതി’യിലൂടെ വേളൂക്കരയിൽ നിർമ്മിക്കുന്ന പുതിയ ഭവനത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭവനരഹിതരും സർക്കാർ പദ്ധതികളിൽ ഉൾപ്പെടാതെ പോയവരുമായ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ മന്ത്രി ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്‌നേഹക്കൂട്.

സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി വേളൂക്കര പഞ്ചായത്തിലെ
പരേതനായ മേക്കാട്ടുപറമ്പിൽ ഷിബുവിൻ്റെ ഭാര്യ റാണിക്കാണ് ആശ്വാസ തണല്‍ ഒരുങ്ങുന്നത്.

ഇതോടെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതം നയിക്കുകയായിരുന്ന കുടുംബത്തിന് കൈത്താങ്ങ് ആയിരിക്കുകയാണ് ‘സ്‌നേഹക്കൂട്’ പദ്ധതി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റാണ് ഭവനനിർമാണം ഏറ്റെടുത്തിരിക്കുന്നത്.

എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്‌നേഹക്കൂട് ഭവനം നിർമ്മിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു നൽകിയതായും രണ്ട് വീടുകളുടെ നിർമ്മാണം നടക്കുന്നതായും ഒമ്പതാമത്തെ വീടിൻ്റെ നിർമ്മാണോദ്ഘാടനമാണ് ഇപ്പോൾ നടത്തിയതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.

ഹോളി ഫാമിലി പാവനാത്മാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും സെന്റ് ജോസഫ്സ് കോളെജ് മാനേജരുമായ ഡോ. സിസ്റ്റർ ട്രീസ ജോസഫ് മുഖ്യാതിഥിയായി.

വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കോളെജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, വാർഡ് മെമ്പർമാരായ ശ്യാംരാജ്, ലീന ഉണ്ണികൃഷ്ണൻ, കൂടൽമാണിക്യം ആർക്കൈവ്സ് ഡയറക്ടർ ഡോ. രാജേന്ദ്രൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ സമ്മാനങ്ങൾ നേടി ആരാധ്യ

ഇരിങ്ങാലക്കുട : സി.ബി.എസ്.ഇ. തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി 1 വിഭാഗത്തിൽ സമ്മാനങ്ങൾ നേടി കെ.ജി. ആരാധ്യ.

മലയാളം പ്രസംഗത്തിൽ ഫസ്റ്റ് എ ഗ്രേഡും, നാടോടിനൃത്തത്തിൽ സെക്കൻഡ് എ ഗ്രേഡും, ഇംഗ്ലീഷ് റെസിറ്റേഷനിൽ എ ഗ്രേഡുമാണ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ 4-ാം ക്ലാസ്സ് വിദ്യാർഥിനിയായ ആരാധ്യ എന്ന കൊച്ചുമിടുക്കി കരസ്ഥമാക്കിയിരിക്കുന്നത്.

കൂടൽമാണിക്യം കിഴക്കേനടയിൽ താമസിക്കുന്ന കെ.എൻ. ഗിരീഷ്, രേണുക ദമ്പതികളുടെ മകളാണ് ആരാധ്യ.

ഇരിങ്ങാലക്കുട – മൂന്നുപീടിക റോഡിൽ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട : മൂന്നുപീടിക റോഡിൽ ചന്തക്കുന്ന് മുതൽ കാക്കാത്തുരുത്തി പാലം വരെ റോഡിൻ്റെ ടാറിംഗ് പ്രവൃത്തികൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നതിനാൽ അന്നേ ദിവസം മുതൽ പ്രവൃത്തി അവസാനിക്കുന്ന ദിവസം വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിക്കുമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ആദ്യഘട്ടത്തിൽ മൂന്നുപീടിക പള്ളിവളവ് മുതൽ എടത്തിരിഞ്ഞി ജംഗ്ഷൻ വരെയാണ് ബ്ലോക്ക് ചെയ്യുന്നത്.

ആയതിനാൽ ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും മൂന്നുപീടികയിലേക്ക് വരുന്ന വാഹനങ്ങൾ എടതിരിഞ്ഞിയിൽ നിന്നും തിരിഞ്ഞ് പടിയൂർ – മതിലകം വഴി മൂന്നുപീടികയിലേക്കും, മൂന്നുപീടികയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള വാഹനങ്ങൾ മൂന്നുപീടിക പള്ളിവളവിൽ നിന്നും ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് വഴി തിരിഞ്ഞ് പോകേണ്ടതുമാണ്.

പൊതുഗതാഗതത്തിന് തടസ്സം നേരിടാത്ത വിധത്തിൽ ബസ്സുകളും ഇരുചക്ര വാഹനങ്ങളും മാത്രമേ പ്രവൃത്തി നടക്കുന്ന ഭാഗത്ത് കൂടി കടത്തി വിടുകയുള്ളൂ. ബാക്കിയുള്ള എല്ലാത്തരം വാഹനങ്ങളും ഭാരവാഹനങ്ങൾ അടക്കം മേൽ സൂചിപ്പിച്ചിരിക്കുന്ന തരത്തിൽ തിരിഞ്ഞു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വിജയകുമാർ മേനോൻ സ്മാരക അവാർഡ് ജേതാവ് രേണുരാമനാഥിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : കേരള ലളിതകലാ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ വിജയകുമാർ മേനോൻ സ്മാരക അവാർഡിന് തെരഞ്ഞെടുക്കപ്പെട്ട രേണു രാമനാഥിനെ പുരോഗമന കലാസാഹിത്യ സംഘം ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.

ജില്ലാ സെക്രട്ടറി ഡോ. വി.എൻ. വിനയകുമാർ പൊന്നാട അണിയിച്ചു.

ജില്ല ട്രഷറർ ഡോ. കെ.ജി. വിശ്വനാഥൻ, ഖാദർ പട്ടേപ്പാടം, ഡോ. കെ. രാജേന്ദ്രൻ, ഉദിമാനം അയ്യപ്പക്കുട്ടി, ഷെറിൻ അഹമ്മദ്, പി. ഗോപിനാഥൻ, ഐ.എസ്. ജ്യോതിഷ്, ഡോ. സോണി ജോൺ എന്നിവർ സന്നിഹിതരായിരുന്നു.