സെന്റ് ജോസഫ്സ് കോളെജിലെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25ന്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്‌സ് കോളെജിൻ്റെ പൂർവ്വവിദ്യാർഥിനി സംഗമം ജനുവരി 25ന് നടക്കും.

കോളെജ് ദേശീയ തലത്തിൽ 85-ാം റാങ്കും കേരളത്തിൽ ഏഴാം റാങ്കും സ്വന്തമാക്കി അഭിമാനത്തികവിൽ നിൽക്കുന്ന ഈ വർഷം ഒരുമിച്ചുകൂടാൻ എല്ലാ പൂർവവിദ്യാർത്ഥിനികളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെൻ്റ് അറിയിച്ചു.

കൊടകര സെന്റ് ജോസഫ് പള്ളി തിരുനാളിനുണ്ടായ അടിപിടി കേസ്സിലെ പ്രതികളെ പിടികൂടി

ഇരിങ്ങാലക്കുട : കൊടകര സെന്റ് ജോസഫ് പള്ളി തിരുനാളുമായി ബന്ധപ്പെട്ട് നടത്തിയ ടൗൺ അമ്പിൻ്റെ ആഘോഷ വേളയ്ക്കിടയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ കൊടകര കാവുംതറ സ്വദേശിയായ കിരണിനെ ഇടിവള ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് പെരുന്നാൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.

നിരവധി ക്രിമിനൽ കേസിൽ പ്രതികളായ കൊടകര കൊപ്രക്കളം മലയാടൻ വീട്ടിൽ പവിത്രൻ്റെ മക്കളായ പ്രണവ്, നിവേദ്, ആനത്തടം മുതുപറമ്പിൽ വീട്ടിൽ സുധാകരൻ മകൻ ജിഷ്ണു, ആനത്തടം ആച്ചാണ്ടി റോയ് മകൻ ജോസഫ് എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്.

കള്ളനോട്ടുമായി എറണാകുളം സ്വദേശി കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിൽ

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനിയുടെ വടക്കേ നടയിൽ താലപ്പൊലിയുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കച്ചവട സ്റ്റാളുകൾക്കിടയിൽ കീ ചെയിനും, മോതിരവും കച്ചവടം നടത്തുന്ന തേനി സ്വദേശിയായ വിഗ്നേഷിൽ നിന്ന് 100 രൂപയ്ക്ക് രണ്ട് മോതിരം വാങ്ങി 500 രൂപയുടെ കള്ളനോട്ട് കൊടുത്ത എറണാകുളം സ്വദേശിയെ അറസ്റ്റ് ചെയ്തു.

എറണാകുളം തിരുത്തിപ്പുറം ചിറയത്ത് വീട്ടിൽ സുനിൽ മകൻ ആൽഫ്രഡിനെയാണ് കൊടുങ്ങല്ലൂർ പൊലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ സാലിം, എസ് ഐ രാജേഷ് കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അബീഷ് അബ്രഹാം, സജിത്ത് എന്നീ ഉദ്യോഗസ്ഥർ ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിൽ ഒമ്പത് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി.

മൊത്തം പത്ത് 500 രൂപയുടെ കള്ളനോട്ടുകളും, പ്രതിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പ്രിൻ്റർ, പേപ്പറുകൾ എന്നിവയും കണ്ടെടുത്തു.

പ്രതി മുൻപും ഇത്തരത്തിൽ കള്ളനോട്ടുകളുടെ വിപണനം നടത്തിയട്ടുണ്ടോയെന്ന വിവരത്തെ സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

തീരദേശത്ത് സിന്തറ്റിക് ലഹരിയുമായി യുവാവ് പൊലീസ് പിടിയിൽ

ഇരിങ്ങാലക്കുട : വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മുരിയാംതോട് ബീച്ചിൽ മോട്ടോർ സൈക്കിൾ വർക്ക്ഷാപ്പ് നടത്തുന്ന കണക്കാട്ട് അശോകൻ മകൻ തപൻ്റെ (42) പക്കൽ നിന്നും 4 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

തപൻ വർക്ക്ഷോപ്പിൻ്റെ മറവിലായിരുന്നു ലഹരിവിൽപന നടത്തിയിരുന്നത്.

ഇയാൾ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയതെന്നും എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നുമുള്ള അന്വേഷണം ആരംഭിച്ചു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, ഡി സി ബി ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്ഐ എബിൻ, ജൂനിയർ എസ് ഐ ജിഷ്ണു, ഡാൻസാഫ് എസ്ഐ സി ആർ പ്രദീപ്, എ എസ് ഐ ലിജു ഇയ്യാനീ, എസ് സി പി ഒ ബിജു, സി പി ഒ നിഷാന്ത്, വലപ്പാട് പൊലീസ് സ്റ്റേഷൻ എസ് സി പി ഒ പ്രബിൻ, മനോജ്, ബിജോഷ്, എ എസ് ഐ ചഞ്ചൽ, സ്പെഷ്യൽ ബ്രാഞ്ച് എസ് സി പി ഒ മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പടിഞ്ഞാട്ടുമുറി കളരിപ്പറമ്പ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം : കോൺഗ്രസ്

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഒന്നാം വാർഡിലുള്ള പടിഞ്ഞാട്ടുമുറി കളരിപ്പറമ്പ് റോഡിൻ്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കാലങ്ങളായി തകർന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമല്ല.

അങ്കണവാടി അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് തകർന്നു കിടക്കുന്ന റോഡിലൂടെ വരേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.

പഞ്ചായത്തിലെ മറ്റ് പല റോഡുകളും റീടാറിംഗ് നടന്നപ്പോഴും ഈ റോഡിനെ മാത്രം അവഗണിച്ചത് സ്ഥലം പഞ്ചായത്ത് മെമ്പറുടെ അനാസ്ഥ മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി.

വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ കക്കേരി അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി ഡി സൈമൺ ഉദ്ഘാടനം ചെയ്തു.

മുൻ പഞ്ചായത്ത് മെമ്പർ കെ ബി ഷമീർ, രവി കീഴ്മട എന്നിവർ പ്രസംഗിച്ചു.

ബോയ്സ് സ്കൂളിനൊപ്പം തവനിഷ് : സ്കൂളിലെ വിദ്യാർഥിക്ക് വീട് നിർമ്മിച്ചു നൽകാൻ ധനസഹായം കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക്‌ വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ധനസഹായം നൽകി.

തവനിഷ്
സമാഹരിച്ച തുക ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ ഫാ ഡോ ജോളി ആൻഡ്രൂസ് ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം കെ മുരളിക്ക് കൈമാറി.

കായിക വിഭാഗം അധ്യാപകൻ ലാൽ, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസി പ്രൊഫ വി ബി പ്രിയ, മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, പ്രസിഡന്റ്‌ ആരോൺ, ട്രഷറർ അക്ഷര, അതുൽ അമിഷ എന്നിവർ പങ്കെടുത്തു.

അവിട്ടത്തൂർ മഹാദേവ ക്ഷേത്രോത്സവം : കലവറ നിറയ്ക്കൽ ചടങ്ങ് ജനുവരി 30ന്

ഇരിങ്ങാലക്കുട : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ ഭാഗമായി ജനുവരി 30 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ക്ഷേത്രത്തിലെ കൊടിമരത്തിന്റെ മുന്നിൽ വച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും.

ചടങ്ങിലേക്ക് ഭക്തജനങ്ങൾക്ക് അരി, ശർക്കര, മറ്റു പല വ്യഞ്ജനങ്ങൾ, നാളികേരം, പച്ചക്കറികൾ എന്നിവ സമർപ്പിക്കാവുന്നതാണെന്ന് പ്രസിഡന്റ് ഡോ മുരളി ഹരിതം അറിയിച്ചു.

നേത്രചികിത്സ – തിമിര ശസ്ത്രക്രിയ ക്യാമ്പ് 26ന്

ഇരിങ്ങാലക്കുട : പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കില്‍ നേത്ര പരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് 26ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അശോകന്‍ മണപറമ്പില്‍ അധ്യക്ഷത വഹിക്കും.

സെക്രട്ടറി അഡ്വ എം എസ് രാജേഷ്, പ്രദീപ്, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

”മുനയം പാലം എവിടെ?” -താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരവുമായി കേരള കോൺഗ്രസ്

ഇരിങ്ങാലക്കുട : കാട്ടൂർ മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കൾ മുനയത്തെ താൽക്കാലിക ബണ്ടിൽ നിൽപ്പ് സമരം നടത്തി.

പാലം നിർമ്മാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് 8 വർഷത്തിലധികമായിട്ടും ബണ്ട് നിർമ്മിക്കാതെ വർഷം തോറും താൽക്കാലിക ബണ്ട് നിർമ്മാണം മാത്രമാണ് നടക്കുന്നത്.

നാടിനോടുള്ള അനീതിയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് നടപടികൾ പൂർത്തീകരിച്ച ഈ പദ്ധതിയാണ് ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരിക്കുന്നത്.

പദ്ധതിയുടെ പൂർത്തീകരണം
ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.

കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കുന്നത് വരെ കേരള കോൺഗ്രസ് സമരം നടത്തുമെന്ന് നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു.

പ്രസിഡന്റ് അഷ്റഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, അശോകൻ ഷാരടി, സി ബി മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

ബിജെപി മണ്ഡലം പ്രസിഡൻ്റായി ആർച്ച് അനീഷ് സ്ഥാനമേറ്റു

ഇരിങ്ങാലക്കുട : ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആർച്ച അനീഷ്കുമാർ നൂറു കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശകരമായ മുദ്രാവാക്യങ്ങൾക്കിടെ അധികാരമേറ്റു.

ചടങ്ങിൽ മുൻ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.

പാർട്ടി സീനിയർ നേതാവ് കെ സി വേണുമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഭാരതാംബയുടെയും പാർട്ടി താത്വികാചാര്യന്മാരായ ദീനദയാൽ ഉപാദ്ധ്യായ, ശ്യാമപ്രസാദ് മുഖർജി, ബലിദാനികൾ എന്നിവരുടെ ഛായാചിത്രങ്ങളിൽ ആർച്ച പുഷ്പാർച്ചന നടത്തി.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ടീം ഇരിങ്ങാലക്കുട ഊന്നൽ നൽകുമെന്ന് ആർച്ച അനീഷ് പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ ആർ ഹരി, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, ആളൂർ മണ്ഡലം പ്രസിഡന്റ് പി എസ് സുബീഷ്, ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രൻ, ബി എം എസ് മേഖലാ സെക്രട്ടറി കണ്ണൻ, പാർട്ടി നേതാക്കളായ എ ടി നാരായണൻ നമ്പൂതിരി, വിൻസെൻ്റ് ചിറ്റിലപ്പിള്ളി, രാമചന്ദ്രൻ കോവിൽപറമ്പിൽ, വി സി രമേഷ്, രാജൻ കുഴുപ്പുള്ളി, ജോജൻ കൊല്ലാട്ടിൽ, സുനിൽ തളിയപ്പറമ്പിൽ, കെ പി അഭിലാഷ്, ലീന ഗിരീഷ്, സുചിത ഷിനോബ്, രിമ പ്രകാശ്, രഞ്ജിത്ത് മേനോൻ, റീജ സന്തോഷ്, സ്മിത കൃഷ്ണകുമാർ, ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, ലിഷോൺ ജോസ്, അജയൻ തറയിൽ, ടി ഡി സത്യദേവ്, വി ജി ഗോപാലകൃഷ്ണൻ, സുചി നീരോലി, ലാമ്പി റാഫേൽ, സിന്ധു സോമൻ, സോമൻ പുളിയത്തുപറമ്പിൽ, മായ അജയൻ, സരിത സുഭാഷ്, വിജയകുമാരി അനിലൻ എന്നിവർ ആശംസകൾ നേർന്നു.