ടാക്സ് പ്രാക്ടീഷണേഴ്സ് മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട : സർക്കാർ ഖജനാവിലേക്ക് നികുതി സമാഹരിച്ച് സേവനമനുഷ്ഠിക്കുന്ന രജിസ്ട്രേഡ് ടാക്സ് പ്രാക്ടീഷണർമാർക്ക് ഗവ. അംഗീകൃത ഐഡന്റിറ്റി കാർഡ് അനുവദിക്കണമെന്ന് കെ.ടി.പി.എ. മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

മേഖലാ പ്രസിഡന്റ് കെ.ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു.

സമ്മേളനം ജില്ലാ പ്രസിഡന്റ് സി.എ.
ബിജു ഉദ്ഘാടനം ചെയ്തു.

മാഗസിൻ എഡിറ്റർ പി.ഡി. സൈമൺ മുഖ്യപ്രഭാഷണം നടത്തി.

വിവിധ മേഖലകളിൽ കഴിവു തെളിയച്ചവരെ യോഗത്തിൽ അനുമോദിച്ചു.

സംസ്ഥാന കൗൺസിൽ അംഗം ഫ്രാൻസൻ മൈക്കിൾ, അക്കാദമിക് ചെയർമാൻ അഡ്വ. ഉണ്ണികൃഷ്ണൻ, ഭാരവാഹികളായ പി.എസ്. രമേഷ് ബാബു, വി. രതീഷ്, പി.ആർ. വിത്സൻ എന്നിവർ പ്രസംഗിച്ചു.

സുഷമ പി. മോഹൻ സ്വാഗതവും ജോജി ചാക്കോ നന്ദിയും പറഞ്ഞു.

കെ.എ. തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴയ്ക്ക് നൽകി

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനി കെ.എ. തോമസ് മാസ്റ്ററുടെ സ്മരണക്കായി മികച്ച പൊതുപ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന് കവി പി.എൻ. ഗോപീകൃഷ്ണൻ നൽകി.

പ്രൊഫ. കുസുമം ജോസഫ് പ്രശസ്തിപത്രം സമർപ്പിച്ചു. 20000 രൂപയും പ്രശസ്തിപത്രവും സ്മൃതി ഫലകവുമാണ് പുരസ്കാരം.

അനുസ്മരണ സമ്മേളനത്തിൽ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡൻ്റ് സി.ആർ. പുരുഷോത്തമൻ അധ്യക്ഷനായി.

ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഫൗണ്ടേഷൻ ഭാരവാഹികളായ എം.കെ. ബാബു, സി.എൻ. സുധാർജ്ജനൻ, പി.വി. അരുൺ, ശോഭന ഗോകുൽനാഥ്, സി.എൻ. പ്രദീപ്കുമാർ എന്നിവരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ ആദരിച്ചു.

മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയ ഫൗണ്ടേഷൻ പ്രവർത്തകരായ പി.കെ. കിട്ടൻ, വി.എം. വത്സൻ, കെ.വി. കാഞ്ചനവല്ലി, ടി.വി. അശോകൻ, അനിത അശോകൻ എന്നിവർക്ക് കുരീപ്പുഴ ശ്രീകുമാർ ഡോണർ കാർഡുകൾ വിതരണം ചെയ്തു.

മാള പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. രാധാകൃഷ്ണൻ, യുക്തിവാദി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മാനവം, കൊച്ചുത്രേസ്യ തോമസ്, റസ്സൽ തോമസ്, ഫൗണ്ടേഷൻ ഭാരവാഹികളായ പി.കെ. കിട്ടൻ, സി.ടി. ഗോകുൽനാഥ്, ബൈജു മണന്തറ എന്നിവർ പ്രസംഗിച്ചു.

ഹരിതചട്ടം ഉറപ്പാക്കാൻ കർശന പരിശോധന തുടർന്ന് ജില്ലാ സ്‌ക്വാഡ്

ഇരിങ്ങാലക്കുട : നിരോധിത പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനും, ഹരിതചട്ടം കർശനമാക്കുന്നതിന്റെയും ഭാഗമായി നഗരസഭാ പരിധിയിലെ പ്രിന്റിങ് സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി ജില്ലാ സ്ക്വാഡ്.

പ്രചാരണ സാമഗ്രികളിൽ നിരോധിത വസ്‌തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന.

ഇരിങ്ങാലക്കുട നഗരസഭാ ക്ലീൻ സിറ്റി മാനേജർ എസ്. ബേബി, ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് ടീം ആണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ആകെ 155 മീറ്ററോളം നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സ്, കൊറിയൻ ക്ലോത്ത് ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു.

100% പുനചംക്രമണം ചെയ്യാവുന്ന പോളിഎത്തിലീൻ, കോട്ടൺ തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന നിർദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശം പാലിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും സ്‌ക്വാഡ് ടീം ലീഡർ മുന്നറിയിപ്പ് നൽകി.

നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ നിസാർ, ഹസ്ന, ലേഖ, ജില്ലാ ശുചിത്വ മിഷൻ ഓഫീസർ സുനിത എന്നിവർ സ്‌ക്വാഡ് ടീമിൽ ഉണ്ടായിരുന്നു.

‘യാത്രായാത്രികം’ ലോഗോ പ്രകാശനം ചെയ്തു

തൃശൂർ : യാത്രക്കാരുടെ കൂട്ടായ്മയായ ‘യാത്ര’യുടെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ ഏപ്രിൽ 10 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ത്രിദിന യാത്രാമൊബൈൽ ഫോട്ടോ പ്രദർശനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

ഏപ്രിൽ 9ന് ആരംഭിക്കേണ്ട പ്രദർശനാരംഭം തെരഞ്ഞെടുപ്പുമൂലം 10ലേക്ക് മാറ്റി.

സംഘാടക സമിതി വൈസ് ചെയർമാൻ കെ.വി. രാമകൃഷ്ണൻ ലോഗോ, മത്സരവിഭാഗം കൺവീനർ കെ.ഡി. അശോക് കുമാറിന് നൽകി പ്രകാശനം ചെയ്തു.

ചെയർമാൻ കെ. വിജയരാഘവൻ അധ്യക്ഷനായി.

ജെഷിൻ പാലത്തിങ്കൽ, ബിന്ദു വാലിപ്പറമ്പിൽ, പി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

പ്രദർശനത്തിനുള്ള ഫോട്ടോകൾ മാർച്ച് 31 വരെ അയക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9745287360

ഓപ്പറേഷൻ കാപ്പ : വേട്ട തുടരുന്നു ; കാപ്പ ഉത്തരവ് ലംഘിച്ച കുപ്രസിദ്ധ ഗുണ്ട രാജു പിടിയിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട കല്ലേറ്റുംകര വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ രാജു (46) എന്നയാളെ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.

2025 ജൂലൈ 12 മുതൽ ഒരു വർഷക്കാലത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ബുധനാഴ്ച ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വടക്കുമുറിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

രാജു ആളൂർ, കൊടകര സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സുകളിലും നാല് അടിപിടി കേസുകളിലും ഉൾപ്പെടെ ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എസ്ഐ മനു പി. ചെറിയാൻ, ജിഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സമീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സനില, രാജശേഖർ, ഹരികൃഷ്ണൻ, വിനീഷ്, ഡ്രൈവർ സിപിഒ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

എന്തിനീ മിനി എംസിഎഫ് കേന്ദ്രങ്ങൾ ?

ഇരിങ്ങാലക്കുട : മാലിന്യ നിര്‍മാര്‍ജനത്തിനായി ഇരിങ്ങാലക്കുട നഗരസഭ പല വാർഡുകളിലായി സ്ഥാപിച്ചിട്ടുള്ള മിനി എംസിഎഫ് കേന്ദ്രങ്ങൾ കാടു കയറുന്നു.

വള്ളിച്ചെടികൾ വളര്‍ന്ന് കാടുമൂടിയ നിലയിലാണ് ലക്ഷങ്ങള്‍ മുടക്കി പാതയോരങ്ങളില്‍ സ്ഥാപിച്ച എംസിഎഫുകളില്‍ പലതും.

ഇരിങ്ങാലക്കുട നഗരസഭയില്‍ ചേലൂര്‍ ജംഗ്ഷനു സമീപമുള്ള എംസിഎഫും കാടുകയറി കിടക്കുകയാണ്.

വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവമാലിന്യം ഹരിതകര്‍മസേന ശേഖരിച്ച് ഇതുപോലുള്ള മിനി എംസിഎഫുകളില്‍ സൂക്ഷിക്കുകയും പിന്നീട് സംസ്‌കരിക്കാനും തരം തിരിക്കാനുമൊക്കെയായി മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തിരുന്നത്.

എന്നാൽ മാസങ്ങളായി മിനി എംസിഎഫുകള്‍ പരിചരിക്കപ്പെടാത്തതിനാല്‍ ഇതിന്റെ പരിസരത്തും പാതയോരങ്ങളിലും മാലിന്യം കുമിഞ്ഞു കൂടുകയാണ്. ഇതില്‍ ഭക്ഷണാവശിഷ്ടങ്ങള്‍, കുട്ടികളുടെ ഉപയോഗിച്ച ഡയപ്പറുകള്‍ തുടങ്ങിയവയാണ് കൂടുതലും. ഇതുമൂലം പരിസരത്ത് രൂക്ഷമായ ദുർഗന്ധം സംഭവിക്കുന്നതും സാധാരണയായിരിക്കുന്നു.

കൂടാതെ ചുറ്റും നായ്ക്കളുടെ ശല്യവും ഇഴജന്തുകളുടെ ശല്യവും വ്യാപകമായുണ്ട്.

വിഷയത്തിൽ നഗരസഭാ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരിശീലക ഇല്ല : പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനം നിലച്ചു ; തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നിയമനം ഉണ്ടാകുമെന്ന് പ്രസിഡൻ്റ്

ഇരിങ്ങാലക്കുട : പരിശീലക ഇല്ലാതായതോടെ പടിയൂര്‍ പഞ്ചായത്തിലെ വനിതാ ജിം പ്രവര്‍ത്തനരഹിതമായി.

ജില്ലാ പഞ്ചായത്തിന്‍റെ 2024 – 25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച വനിതാ ജിമ്മിനാണ് പൂട്ടുവീണത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിന്‍റെ മുകളിലത്തെ മീറ്റിംഗ് ഹാളിലാണ് ജിം ഒരുക്കിയിരിക്കുന്നത്.

പഞ്ചായത്തിലെ ഒട്ടേറെ സ്ത്രീകള്‍ ഈ ജിം ഉപയോഗിച്ചിരുന്നു.

എന്നാല്‍ മറ്റൊരു ജോലി കിട്ടിയതോടെ പരിശീലക ഇവിടത്തെ ജോലി അവസാനിപ്പിച്ചു.

പുതിയ പരിശീലകയെ നിയമിക്കാനോ, ജിം പുനരാരംഭിക്കാനോ പഞ്ചായത്തിന് സാധിച്ചില്ലെന്ന് സ്ത്രീകളും പ്രതിപക്ഷവും കുറ്റപ്പെടുത്തി.

അതേസമയം മുന്‍ ഭരണസമിതിയുടെ കാലത്താണ് പരിശീലക പോയതെന്നും പുതിയ ഭരണസമിതി അധികാരത്തിൽ കയറിയതിനു ശേഷം ഒരു പുതിയ പരിശീലകയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു എന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രോട്ടോക്കോൾ അവസാനിക്കുന്നതിനു പിന്നാലെ തന്നെ പരിശീലകയെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ജിം പ്രവർത്തന പുനരാരംഭിക്കുമെന്നും കെ.പി. കണ്ണന്‍ കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു : കുപ്രസിദ്ധ ഗുണ്ട മിഥുൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ള വ്യക്തിയും പതിനൊന്ന് ക്രിമിനൽ കേസുകളിലെ പ്രതിയുമായ കോമ്പാറ സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ മിഥുനെ (27) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ഉത്തരവ് പ്രകാരം പ്രതിയെ ആറ് മാസക്കാലത്തേക്ക് ജയിലിലാക്കും.

ഇരിങ്ങാലക്കുട, കാട്ടൂർ, കോഴിക്കോട്, വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് കൊലപാതക ശ്രമക്കേസിലും, ആറ് അടിപിടിക്കേസിലും വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്കൂട്ടർ തീ വെച്ച് നശിപ്പിച്ച കേസിലും മനുഷ്യ ജീവന് അപകടം വരത്തക്ക് വിധം വാഹനമോടിച്ച കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസുകളിലെ പ്രതിയാണ് മിഥുൻ.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ദിലീഷ്, ജിഎഎസ്ഐ ഷാബു, സിപിഒ മാരായ സവീഷ്, എം.എം. ഷാബു എന്നിവർ പ്രധാന പങ്കു വഹിച്ചു.

ആറാട്ടുപുഴ മന്ദാരക്കടവ് ആറാട്ടിന് സജ്ജമാക്കി തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആറാട്ടിനായി മന്ദാരക്കടവ് വൃത്തിയാക്കി തുടങ്ങി.

പുഴയിൽ അടിഞ്ഞു കൂടിയ മൺകൂനകൾ ജങ്കാർ ഇറക്കി അതിന് മുകളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തള്ളി നീക്കിയാണ് വൃത്തിയാക്കുന്നത്.

നൂറ്റി അമ്പതോളം മീറ്റർ നീളത്തിലാണ് മണ്ണ് നീക്കുന്നത്.

ഊരകത്തമ്മതിരുവടി, ചേർപ്പ് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാൾ ഭഗവതി, കടലാശ്ശേരി പിഷാരിക്കൽ ഭഗവതി, എടക്കുന്നി ഭഗവതി, അയ്കുന്ന് ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാർക്കാവ് ഭഗവതി, ചാലക്കുടി പിഷാരിക്കൽ ഭഗവതി എന്നീ ഭഗവതിമാരും തൃപ്രയാർ തേവരും ആറാടുന്നത് ഈ മന്ദാരക്കടവിലാണ്.

പൂരം ദിവസം അർദ്ധരാത്രി മുതൽ മന്ദാരം കടവിൽ ഗംഗാദേവിയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് സങ്കല്പം. ഗംഗയുടെ വിശുദ്ധിയിൽ ആറാടാൻ നൂറ് കണക്കിന് ഭക്തർ ഒത്തുകൂടും.

തേവർക്കും ഊരകത്തമ്മ തിരുവടിക്കും ചേർപ്പ് ഭഗവതിക്കും അന്തിക്കാട് ഭഗവതിക്കും മന്ദാരക്കടവിൽ മണ്ഡപം ഒരുക്കാറുണ്ട്.

എട്ട് മണിക്കൂറോളം സമയം നീണ്ട് നിൽക്കുന്ന ആറാട്ടിൽ നിരവധി ഭക്തരും ആറാടും. പുഴയുടെ ഇരുകരകളിലും ശാസ്താംകടവ് പാലത്തിലും ആറാട്ട് കാഴ്ച കാണാൻ നിരവധി പേർ തടിച്ച് കൂടും.

പങ്കെടുക്കുന്ന ദേവീദേവന്മാരുടെ എണ്ണം കൊണ്ടും ഒപ്പം ആറാടുന്ന ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ടും സമയ ദൈർഘ്യം കൊണ്ടും മന്ദാരക്കടവിൽ നടക്കുന്ന ആറാട്ട്
വേറിട്ട് നിൽക്കുന്ന ഒന്നാണ്.

വടക്കുകിഴക്കൻ മലനിരകളിൽ നിന്ന് പുതിയ ഇനം സസ്യത്തെ കണ്ടെത്തി സെന്റ് ജോസഫ്സ് കോളെജിലെ ഗവേഷകർ

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളെജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആൽഫ്രഡ് ജോയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വടക്കേടത്ത് മലനിരകളിൽ നിന്ന് പുതിയൊരു സസ്യ ഇനം കണ്ടെത്തി.

“ടാക്ക സാങ്‌റ്റിജോസഫി” എന്ന് ശാസ്ത്രീയനാമം നൽകിയ ഈ സസ്യത്തിന് “സെന്റ് ജോസഫിന്റെ വൈറ്റ് ബാറ്റ് ഫ്ലവർ” എന്ന പേരാണ് നൽകിയിരിക്കുന്നത്.

വടക്കുകിഴക്കൻ മലനിരകളിൽ നിന്നാണ് ഈ സസ്യം കണ്ടെത്തിയത്. പൂക്കളെ പൊതിഞ്ഞിരിക്കുന്ന വെളുത്ത നിറത്തിലുള്ള ഉപപത്രങ്ങൾ (ബ്രാക്റ്റുകൾ) പറക്കുന്ന വവ്വാലിന്റെ ചിറകുകളെ അനുസ്മരിപ്പിക്കുന്നതാണെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇതാണ് “വൈറ്റ് ബാറ്റ് ഫ്ലവർ” എന്ന പേരിന് ആധാരം.

സാധാരണയായി കറുത്ത പൂക്കളുള്ള ബാറ്റ് ഫ്ലവർ ഇനങ്ങൾ അലങ്കാരസസ്യമായി വ്യാപകമായി കാണപ്പെടുന്നുണ്ടെങ്കിലും ഈ പുതിയ ഇനം മുൻപ് അറിയപ്പെട്ടിരുന്ന വൈറ്റ് ബാറ്റ് ഫ്ലവർ ഇനങ്ങളിൽ നിന്ന് വ്യക്തമായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നു.

കണ്ടെത്തിയ സസ്യം കോളെജ് തോട്ടത്തിൽ വളർത്തി പൂവിട്ടപ്പോഴാണ് ഇതിന്റെ പ്രത്യേകതകൾ വ്യക്തമായത്. തുടർന്ന് നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഇത് പുതിയ ഇനമാണെന്ന് സ്ഥിരീകരിച്ചു.

സെന്റ് ജോസഫ്സ് കോളെജിനോടും വിശുദ്ധ ജോസഫിനോടുമുള്ള ആദരസൂചകമായാണ് ഈ സസ്യത്തിന് പേര് നൽകിയത്.

വിദ്യാഭ്യാസ- ഗവേഷണ രംഗത്ത് സെൻ്റ് ജോസഫ്സ് കോളെജ് നൽകിയ സംഭാവനകളുടെ സ്മരണ കൂടിയാണ് ഈ നാമകരണം.

ഗവേഷക സംഘത്തിൽ തൃശൂർ സെന്റ് തോമസ് കോളെജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സന്ധ്യ വിൻസെൻ്റ് നീലംകാവിലും പങ്കെടുത്തു.

ഈ കണ്ടെത്തൽ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലായ ഫൈറ്റോ ടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.