ചിന്മയ മിഷൻ ചിന്മയവാഹിനിക്ക് കൂടൽമാണിക്യം കിഴക്കേ നടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : ചിന്മയ മിഷൻ്റെ എഴുപത്തിയഞ്ചാം വാർഷികം വിവിധ പരിപാടികളോടെ അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഭാരതത്തിലുടനീളം 35000 കിലോമീറ്റർ യാത്ര ചെയ്യുന്ന അമൃത് യാത്രയ്ക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സ്വീകരണം നൽകി.

നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം ഒരുക്കിയത്.

സ്വാമി ചിന്മയാനന്ദജിയുടെ പാദുകങ്ങളും മൂർത്തിയും വഹിച്ച ചിന്മയ വാഹിനിക്ക് ക്ഷേത്രനടയിൽ അർച്ചനയും തുടർന്ന് സമൂഹ പ്രാർത്ഥനയും നടത്തി.

ആശ സുരേഷ്, പി. നന്ദകുമാർ എന്നിവരുടെ സോപാന സംഗീതം ചടങ്ങിൻ്റെ ഭാഗമായി അരങ്ങേറി.

ചിന്മയ മിഷൻ ആചാര്യ സ്വാമിനി സംഹിതാനന്ദ, ബ്രഹ്മചാരി സുധീഷ് ചൈതന്യ, വാഹന പ്രചരണ ജാഥ കോർഡിനേറ്റർ ബ്രഹ്മചാരിണി താരിണി ചൈതന്യ, ജാഥാ അംഗങ്ങൾ മിഷൻ പ്രവർത്തകർ ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഡോ. മുരളി ഹരിതം സ്വാഗതവും തൃശൂർ ചിന്മയ മിഷൻ പ്രസിഡൻ്റ് വേണുഗോപാൽ നന്ദിയും പറഞ്ഞു.

കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാർഷികമേഖലയായ കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പര്യടനത്തിൽ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദു.

കാട്ടൂർ മാവുംവളവിൽ നിന്നും രാവിലെ ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം കാട്ടൂരിന്റെ വിവിധ മേഖലകളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഹരിപുരം വഴി കാറളം പഞ്ചായത്തിലേക്ക് കടന്ന് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കിഴുത്താണി ആൽ പരിസരത്ത് അവസാനിപ്പിച്ചു.

സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊച്ചിൻ ഐ ഫൗണ്ടേഷനും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് ഇരിങ്ങാലക്കുട സേവാഭാരതി ഓഫീസിൽ വച്ച് നടന്നു.

ഇരിങ്ങാലക്കുട സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.

കാറളം 11-ാം വാർഡ് കൗൺസിലർ നീതു അനീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി മുഖ്യാതിഥിയായി പങ്കെടുത്തു.

കൊച്ചിൻ ഐ ഫൗണ്ടേഷൻ്റെ ശിവൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരും ക്യാമ്പിൽ ഉണ്ടായിരുന്നു.

ഇരിങ്ങാലക്കുട സേവാഭാരതി എക്സിക്യൂട്ടീവ് സമിതി അംഗം സൗമ്യ സംഗീത് സ്വാഗതവും വാനപ്രസ്ഥാശ്രമം സെക്രട്ടറി ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

സേവാഭാരതി ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപ്പറമ്പിൽ, ട്രഷറർ ഐ. രവീന്ദ്രൻ, ആരോഗ്യ ആയാം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ, വിദ്യാഭ്യാസ ആയാം കൺവീനർ ശ്രീകല കൃഷ്ണകുമാർ, സേവാഭാരതി പ്രവർത്തകരായ കവിത ലീലാധരൻ, മണിമോൾ, ഷീന ബാബു, മണികണ്ഠൻ ചൂണ്ടാണി
എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനം ആരംഭിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ സ്ഥാനാർഥി പര്യടനം ആരംഭിച്ചു.

കാട്ടൂർ പഞ്ചായത്തിലെ ഇല്ലിക്കാട് സെന്ററിൽ നിന്നാരംഭിച്ച പര്യടനം ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്‌ഘാടനം ചെയ്തു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ അശോക് തൻവർ, ജനറൽ കൺവീനർ, ഡിസിസി സെക്രട്ടറി അഡ്വ. സതീഷ് വിമലൻ, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, ആന്റോ പെരുമ്പുള്ളി, കാട്ടൂർ ബ്ലോക്ക് പ്രസിഡന്റ് ഷാറ്റൊ കുര്യൻ, മണ്ഡലം ചെയർമാൻ എ.പി. വിൽസൺ, കൺവീനർ ജയ്‌ഹിന്ദ്‌ രാജൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജലക്ഷ്മി കുറുമത്ത്, ജില്ലാ സെക്രട്ടറി അംബുജം രാജൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷെറിൻ തേർമഠം, ഫോർവേർഡ് ബ്ലോക്ക് സംസ്ഥാന സമിതിയംഗം വിനീഷ് സുകുമാരൻ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പാലിയത്താഴത്ത്, ജില്ലാ കമ്മിറ്റിയംഗം സതീഷ് കാട്ടൂർ എന്നിവർ പ്രസംഗിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ആർ. ബിന്ദുവിന്റെ മണ്ഡലംതല സ്വീകരണ പര്യടനം തുടരുന്നു

ഇരിങ്ങാലക്കുട : എൽഡിഎഫ് സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിൻ്റെ മണ്ഡലം തല സ്വീകരണപര്യടനം തുടരുന്നു.

ഞായറാഴ്ച കാട്ടൂരിലെ മാവുംവളവിൽ നിന്ന് തുടങ്ങിയ പര്യടനം കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ സമാപിച്ചു.

40 കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.

മുന്നണി നേതാക്കളായ പി. മണി, ഉല്ലാസ് കളക്കാട്ട്, വി.എ. മനോജ് കുമാർ, എൻ.കെ. ഉദയപ്രകാശ്, ബിജു ആൻ്റണി, ആർ.എൽ. ശ്രീലാൽ, അഡ്വ. കെ.ആർ. വിജയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

സ്വീകരണ കേന്ദ്രങ്ങളിൽ ടി.ജി. ശങ്കരനാരായണൻ, എ.വി. അജയൻ, കെ.കെ. ശിവൻ, റഷീദ് കാറളം, മിഥുൻ പോട്ടക്കാരൻ, ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

24 കുണ്ഡ ഗായത്രി മഹായജ്ഞത്തിൽ പങ്കെടുത്ത് എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം ആനന്ദപുരം വൈദ്യരാജ് ഔഷധശാല അങ്കണത്തിൽ നടക്കുന്ന 24 കുണ്ഡ ഗായത്രി മഹായജ്ഞത്തിൽ പങ്കെടുത്ത് സ്വാമി മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി.

ബിജെപി തൃശൂർ സൗത്ത് ജില്ലാ സെക്രട്ടറി അജീഷ് പൈക്കാട്ട്, ബിജെപി ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ.ആർ. രഞ്ജിത്ത്, ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, എസ്‌സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് സുമേഷ് ആനന്ദപുരം എന്നിവരും കൂടെ ഉണ്ടായിരുന്നു.

ഓശാന ഞായർ ആചരിച്ച് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ

ഇരിങ്ങാലക്കുട : ഓശാന ഞായർ ആചരിച്ച് വിശുദ്ധവാരത്തിലേക്ക് കടന്ന് ക്രൈസ്തവ സഭകൾ.

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ കുരുത്തോല പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകളും യേശുവിൻ്റെ ജറുസലേമിലേക്കുള്ള ആഘോഷപൂർവ്വമായ ആഗമനത്തെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങളുടെ വായനയും കുരുത്തോലകളുടെ ആശീർവാദവും ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ നേതൃത്വത്തിൽ കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും നടത്തി.

ഗ്രാമരക്ഷയ്ക്കായി ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി മാർച്ച് 31ന്

ഇരിങ്ങാലക്കുട : ഗ്രാമത്തിൻ്റെ രക്ഷക്കായി ആറാട്ടുപുഴ ശാസ്താവിൻ്റെ ഗ്രാമബലി മാർച്ച് 31ന്.

അത്താഴപൂജയും ശ്രീഭൂതബലിയും കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിന് മുമ്പ് വലിയ പാണി കൊട്ടി ഒമ്പത് മണിയോടുകൂടി ശാസ്താവിനെ ഗ്രാമബലിക്കായി എഴുന്നെള്ളിക്കും. ഗോപുരത്തിലും വില്ലൂന്നിതറയിലും ബലിതൂവും. തുടർന്ന് കൈതവളപ്പ്, പല്ലിശ്ശേരി കവല, തേവർ റോഡ് ജങ്ഷൻ, കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം, കിടായികുളങ്ങര, അയിനിക്കാട്, മുത്തുള്ളിയാൽ, ചേർപ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപറമ്പ്, പിഷാരിക്കൽ ക്ഷേത്രങ്ങളിലും കവലകളിലും ബലി തൂവും.

പിഷാരിക്കൽ കടവിൽ നിന്നും വഞ്ചിയിൽ കൂടി പുഴ കടന്ന് പുഴയ്ക്ക് അക്കരെ മുളങ്ങ് തുടങ്ങിയ ക്ഷേത്രത്തിലും മറ്റും ബലി തൂവി വഞ്ചിയിൽ തന്നെ ആറാട്ടുപുഴ ശാസ്താംകടവിൽ ഇക്കരയിലേക്ക് കടന്ന് ക്ഷേത്രത്തിൽ എത്തി ക്ഷേത്രപാലകന് ബലി തൂവി ഗ്രാമബലി അവസാനിപ്പിക്കും.

തുടർന്ന് ശാസ്താവിനെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നെള്ളിച്ചതിനുശേഷം കൊടിയിറക്കി കൊടിമരം മാറ്റി വടക്കേനടയിൽ മതിൽ കെട്ടിനോട് ചേർത്തിടും.

ഇതോടെ ഈ വർഷത്തെ പൂരം ചടങ്ങുകൾ സമാപിക്കും.

സ്റ്റേഷൻ റൗഡി ജിഷ്ണുവിനെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകളെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം തടങ്കലിലാക്കുന്നതിന്റെ ഭാഗമായി രണ്ട് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ എട്ടുമന തരിശ് സ്വദേശി പുതിയേടത്ത് വീട്ടിൽ ജിഷ്ണു (31) എന്നയാളെ അറസ്റ്റ് ചെയ്തു.

റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിന്മേൽ പ്രതിക്കെതിരെ ഒരു വർഷത്തെ തടങ്കൽ ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.

2025 മുതൽ റൂറൽ ജില്ലയിൽ പിറ്റ് എൻഡിപിഎസ് നിയമപ്രകാരം പുറപ്പെടുവിച്ച പതിനൊന്നാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്.

മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻഡിപിഎസ്.

ജിഷ്ണു 2016ൽ ചേർപ്പ് സ്റ്റേഷൻ പരിധിയിൽ 88.5 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, 2025ൽ ചേർപ്പ് സ്റ്റേഷൻ പരിധിയിൽ മാരക രാസലഹരിയായ 11.650 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ കേസ്സിലും അടക്കം രണ്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

ചേർപ്പ് സ്റ്റേഷൻ എസ്എച്ച്ഒ കെ.എൻ. മനോജ്, എസ്ഐ കെ. ഷിജു, ജിഎഎസ്ഐ എ.എ. ജ്യോതിഷ് കുമാർ, ജിഎസ്‌സിപിഒ സി.ഡി. ധനേഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിലും പിറ്റ് എൻഡിപിഎസ് പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിലും പ്രധാന പങ്കുവഹിച്ചു.

നമ്പ്യാങ്കാവ് സാകേതം സേവാനിലയത്തിൽ സന്ദർശനം നടത്തി എൻഡിഎ സ്ഥാനാർത്ഥി സന്തോഷ് ചെറാക്കുളം

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം എൻഡിഎ സ്‌ഥാനാർത്ഥി സന്തോഷ്‌ ചെറാക്കുളം തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാപ്രാണം നമ്പ്യാങ്കാവ് സാകേതം സേവാനിലയത്തിൽ സന്ദർശനം നടത്തി.

തുടർന്ന് സ്ഥലത്തെ പ്രധാനപ്പെട്ട സാമുദായിക നേതാക്കന്മാരെയും സന്ദർശിച്ചു.

ബിജെപി പൊറത്തിശ്ശേരി ഏരിയ ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ്, ഇരിങ്ങാലക്കുട നിയോജകമണ്ഡലം മഹിളമോർച്ച വൈസ് പ്രസിഡന്റ്‌ സരിത സുഭാഷ്, ബൂത്ത്‌ പ്രസിഡന്റ്‌ കെ.എസ്. നന്ദകുമാർ എന്നിവർ സ്‌ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.