നിര്യാതയായി

ത്രേസ്യ

ഇരിങ്ങാലക്കുട : അരിപ്പാലം പൂക്കോട് പരേതനായ വറീത് ഭാര്യ കരേക്കാട്ട് ത്രേസ്യ (91) നിര്യാതയായി.

മക്കള്‍ : ജോയ്, അഗസ്റ്റിന്‍, മേരി, വിന്‍സെന്റ്

മരുമക്കള്‍ : മോളി, മേഴ്‌സി, സെബാസ്റ്റ്യന്‍, പരേതയായ ഫ്‌ളക്‌സി

സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയയ്ക്ക് ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ 149-ാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥിനി വിഷ്ണുപ്രിയക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സ്വീകരണം നൽകി.

സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ ടി.എ. നായർ വിഷ്ണുപ്രിയക്ക് ഉപഹാരം നൽകി അനുമോദിച്ചു.

പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ് പൊന്നാടയണിയിച്ചു.

വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽ ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡൻ്റ് റാണി പ്രദീപ്കുമാർ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ സ്വാഗതവും ഗണിതശാസ്ത്രവിഭാഗം അധ്യാപിക ജോസി ജോർജ്ജ് നന്ദിയും പറഞ്ഞു.

തോൽവികളിൽ തളരാതെ, അവയിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് നിശ്ചയദാർഢ്യത്തോടെ മുന്നേറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വിഷ്ണുപ്രിയ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹികബോധവും ദേശസ്നേഹവുമുള്ള, ചിന്തിക്കുന്ന യുവത്വമാണ് വളർന്നു വരേണ്ടതെന്നും വിഷ്ണുപ്രിയ കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്റെ മൂന്നാംഘട്ട പ്രചാരണങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടന്റെ മൂന്നാഘട്ട പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

വ്യാപാരസ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലെല്ലാം സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.

കാട്ടൂർ, പടിയൂർ, പൂമംഗലം ഇരിങ്ങാലക്കുട ടൗൺ എന്നീ മണ്ഡലങ്ങളിലാണ് സന്ദർശനം നടത്തിയത്.

കെ.എ. തോമസ് മാസ്റ്റർ അനുസ്മരണവും പുരസ്കാര സമർപ്പണവും 27ന് മാളയിൽ

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.എ. തോമസ് മാസ്റ്ററുടെ 15-ാം ചരമ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 27ന് മാള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്, കവി പി.എൻ. ഗോപീകൃഷ്ണൻ നൽകും.

പുതിയ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 5 ഫൗണ്ടേഷൻ അംഗങ്ങൾക്ക് സ്വീകരണം നൽകും.

മരണാനന്തര ശരീരദാന സമ്മതപത്രം നൽകിയവർക്കുള്ള ഡോണർ കാർഡുകൾ വേദിയിൽ വിതരണം ചെയ്യും.

എൽഡിഎഫ് ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് കൺവെൻഷൻ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. ആർ. ബിന്ദുവിന്റെ വിജയത്തിനായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് കൺവെൻഷൻ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

എഐടിയുസി ജില്ലാ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു.

അഡ്വ. രാജേഷ് തമ്പാൻ, ജയൻ അരിമ്പ്ര, അഡ്വ. ജിഷ ജോബി, അഡ്വ. സി.കെ. ഗോപി, രാജു പാലത്തിങ്കൽ, വി.എ. അനീഷ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി
വർദ്ധനൻ പുളിക്കൽ (പ്രസിഡന്റ്), ജയൻ അരിമ്പ്ര (സെക്രട്ടറി), വി.എ. അനീഷ് (ട്രഷറർ) എന്നിവർ അടക്കം 30അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു.

സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ചാലക്കുടി സി വേള്‍ഡ് ഒപ്റ്റിക്കല്‍സും മെട്രോ ഐ കെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും എന്‍എസ്എസ് കരയോഗം പടിഞ്ഞാറെ ചാലക്കുടിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ചാലക്കുടി എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി. രഘുനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ലയണ്‍സ് ക്ലബ്ബ് ജില്ലാ മെഡിക്കല്‍ ക്യാമ്പ് കോർഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

സി വേള്‍ഡ് ഒപ്റ്റിക്കല്‍സ് മാനേജിങ് ഡയറക്ടര്‍ ലിന്റോ ജോയ്, ചാലക്കുടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.വി. പോള്‍ കൗണ്‍സിലര്‍മാരായ രാമന്‍ തട്ടായത്ത്, ലിന്റോ ജോയ്, മുന്‍ നഗരസഭ കൗണ്‍സിലര്‍ മാമ്പ്രക്കാട്ടില്‍ ഭാസ്‌കരന്‍, ചാലക്കുടി എന്‍എസ്എസ് കരയോഗം സെക്രട്ടറി പെരിഞ്ചേരി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങൾക്ക് സഹായകരമായ ഉപകരണത്തിന് പേറ്റന്റ് നേടി ഇരിങ്ങാലക്കുട സ്വദേശി ഡോ. വരുൺ മേനോൻ

ഇരിങ്ങാലക്കുട : മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ക്ക് സഹായകരമായ ‘സ്ലോപ്പ് വൾനറബിലിറ്റി ആൻഡ് ലാൻഡ് സ്ലൈഡ് അസസ്മെൻ്റ് ഡിവൈസ്’ എന്ന “മൾട്ടി ഏർലി വാണിംഗ്” സംവിധാനത്തിന് ഇന്ത്യൻ ഗവൺമെന്റിന്റെ പേറ്റൻ്റ് നേടി ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശിയായ ഡോ. ഒ. വരുണ്‍ മേനോന്‍.

പശ്ചിമഘട്ട പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഉപകരണം വികസിപ്പിച്ചിരിക്കുന്നത്.

മണ്ണിടിച്ചിലിനെ മുന്‍കൂട്ടി തിരിച്ചറിയുന്നതിനായി മൂന്ന് ഘട്ട മുന്നറിയിപ്പ് സംവിധാനം ഉപകരണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദ്യഘട്ടമായ ഹൈഡ്രോളജിക്കല്‍ ത്രെഷോള്‍ഡില്‍ മഴയുടെ തീവ്രതയും ദൈര്‍ഘ്യവും അടിസ്ഥാനമാക്കി മുന്നറിയിപ്പ് നല്‍കും. രണ്ടാം ഘട്ടമായ ജിയോടെക്നിക്കല്‍ ത്രെഷോള്‍ഡില്‍ ചരിവിലെ ഈര്‍പ്പം നിരീക്ഷിച്ച് ഫാക്ടർ ഓഫ് സേഫ്റ്റി വിലയിരുത്തും. മൂന്നാംഘട്ടത്തില്‍ പാർട്ടിക്കിൾ ഇമേജ് വെലോസിമെട്രി സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണിന്റെ ചലനം നിരീക്ഷിച്ച് അന്തിമ മുന്നറിയിപ്പ് നല്‍കും.

ഹാം റേഡിയോ സിഗ്നലുകള്‍ ഉപയോഗിച്ച് ഡാറ്റയും ചിത്രങ്ങളും കൈമാറുന്നതിനാല്‍ ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലും സംവിധാനം പ്രവര്‍ത്തിക്കും.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയിൽ പഠിക്കുന്ന സമയത്താണ് ഉപകരണം വികസിപ്പിച്ചത്.

ഡോ. ശ്രീവല്‍സ കൊളത്തയ്യാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം നടന്നത്.

ശിരൂര്‍ മണ്ണിടിച്ചിലിനിടെ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളിൽ പങ്കെടുക്കുകയും വയനാട് മണ്ണിടിച്ചിലിന് ശേഷമുള്ള അന്വേഷണ പ്രവര്‍ത്തനങ്ങളില്‍ ഡോ. ശ്രീവല്‍സ കൊളത്തയ്യാറിനെ സഹായിക്കുകയും ചെയ്തിട്ടുണ്ട് ഡോ. വരുണ്‍ മേനോൻ.

വി. ഭാസുരംഗന്‍, വരദ മേനോന്‍ ദമ്പതികളുടെ മകനാണ് വരുൺ.

ഡോ. ശിവാനി രമേഷ് തോട്ടത്ത് ഭാര്യയും ആത്മജ മേനോൻ സഹോദരിയുമാണ്.

അമൃത് യാത്രയുടെ ചിന്മയവാഹിനിക്ക് 27ന് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : ചിന്മയ മിഷൻ്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന”അമൃത് യാത്ര”യുടെ ചിന്മയവാഹിനിക്ക് 27ന് ഉച്ചയ്ക്ക് 12 മണിക്ക് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം നൽകും.

ഭാരതത്തിലുടനീളം 35000 കിലോമീറ്റർ യാത്ര ചെയ്യുന്ന “അമൃത് യാത്ര” പത്തു ലക്ഷം യുവജനങ്ങളുടെ ശാക്തീകരണമാണ് വിഭാവനം ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു.

2025 ഡിസംബർ 31ന് പൂനയിൽ നിന്നാണ് അമൃത് യാത്ര ആരംഭിച്ചത്.

സ്വാമി ചിന്മയാനദജിയുടെ പാദുകങ്ങളും, മൂർത്തിയും വഹിക്കുന്ന ചിന്മയവാഹിനിക്കാണ് കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ സ്വീകരണം ഒരുക്കുന്നത്.

ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി തുടങ്ങി

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ ശുദ്ധി ആരംഭിച്ചു.

ശുദ്ധിക്കാവശ്യമായ കഴിനൂൽ ആറാട്ടുപുഴ പറതൂക്കംപറമ്പിൽ കുടുംബാംഗം രാമചന്ദ്രൻ രാവിലെ എട്ട് മണിക്ക് തൃപ്പടിയിൽ സമർപ്പിച്ചു.

അത്തിയും പ്ലാവും ചേർത്ത് നിർമ്മിച്ച ധാരാ തട്ട് , സ്രുവം, ജുഹു എന്നിവ ദേശത്തെ ആചാരി എ.ജി ഗോപി ക്ഷേത്രനടപ്പുരയിൽ വെച്ച് ശാസ്താവിന് സമർപ്പിച്ചു.

മേൽശാന്തിമാർ കൂറ്റംപ്പിള്ളി മന പത്മനാഭൻ നമ്പൂതിരി, മൂർക്കനാട് മന മോഹനൻ നമ്പൂതിരി എന്നിവർ
ചേർന്ന് ഏറ്റുവാങ്ങി.

തുടർന്ന് തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്‌ന ഹോമം, വാസ്തു ഹോമം, വാസ്തുകലശപൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നിവ ഉൾക്കൊള്ളുന്ന പ്രാസാദ ശുദ്ധി ആരംഭിച്ചു.

കൊടിയേറ്റ ദിവസം രാവിലെ 5 ന് ചതു:ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, ഇരുപത്തിയഞ്ച് കലശം, മുതലായ കലശപൂജകളും അഭിഷേകങ്ങളും ഉൾപ്പെടുന്ന ബിംബ ശുദ്ധി തുടങ്ങും .

ആറാട്ടുപുഴ ശാസ്താവിന് ഭക്തർ ചമയങ്ങൾ സമർപ്പിച്ചു

ഇരിങ്ങാലക്കുട : ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ ഭക്തർ സമർപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം
പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയിലായിരുന്നു സമര്‍പ്പണം.

കോലം, പട്ടുകുടകള്‍, ചൂരപ്പൊളി നെറ്റിപ്പട്ടങ്ങള്‍, വക്കകൾ, മണിക്കൂട്ടങ്ങള്‍, ആലവട്ടം, ചാമരം എന്നിവയും തിരുവുടയാട, ഓണപ്പുടവകൾ, നെയ്യ്, കെെപ്പന്തത്തിനുവേണ്ടതായ വെളിച്ചെണ്ണ, എള്ളെണ്ണ, മറ്റു ദ്രവ്യങ്ങള്‍ എന്നിവയും ശാസ്താവിന് സമര്‍പ്പിച്ചു.

കുടയുടെ ഒറ്റല്‍ പെരുമ്പിളളിശ്ശേരി സ്മിതേഷ് ശശിധരനാണ് നിർമ്മിച്ചത്. സ്വര്‍ണ്ണം മുക്കല്‍ ചേര്‍പ്പ് കെ.എ. ജോസും തുന്നൽ തൃശ്ശൂര്‍ വി.എന്‍. പുരുഷോത്തമനും മണിക്കൂട്ടം മിനുക്കിയതിൽ പെരിങ്ങാവ് ഗോള്‍ഡിയുടെ രാജനും ആലവട്ടം, ചാമരം എന്നിവ ഒരുക്കിയതിൽ കുറ്റുമുക്ക് ചാത്തനാത്ത് രാംകുമാറും ചുമതലക്കാരാണ്.