ഇരിങ്ങാലക്കുട : ഫെബ്രുവരി 5, 6 തിയ്യതികളിലായി നടക്കുന്ന വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി തൃശൂർ റൂറൽ പൊലീസ്.
ഉത്സവത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിക്കും.
പ്രധാന പോയിന്റുകളിലും തിരക്കേറിയ സ്ഥലങ്ങളിലും നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ ഡ്രോൺ നിരീക്ഷണം, മൊബൈൽ, ബൈക്ക് പട്രോളിംഗ്, മഫ്തി പൊലീസിന്റെ രഹസ്യ നിരീക്ഷണം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പൊലീസ് സേവനം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസ് സംഘം, സ്ഥിരം കുറ്റവാളികൾക്കെതിരെ കരുതൽ അറസ്റ്റ് എന്നിവയും ഉറപ്പുവരുത്തും.
ഫെബ്രുവരി 5ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും, വൈകീട്ട് 7 മണി മുതൽ രാത്രി 10 മണി വരെയും വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും അരിപ്പാലം ഭാഗത്തേക്ക് തിരിഞ്ഞ് എടക്കുളം ചേലൂർ വഴി ചെട്ടിപ്പറമ്പ് വഴി ബസ്സ് സ്റ്റാൻഡിൽ എത്തി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്തേക്ക് പോകേണ്ടതാണ്.
തൃശ്ശൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മാപ്രാണത്ത് നിന്നും സിവിൽ സ്റ്റേഷൻ വഴി ബസ് സ്റ്റാൻ്റിലെത്തി അയ്യങ്കാവ് മൈതാനം വഴി മൂന്നുപീടിക ഹൈവേയിൽ എത്തി ചേലൂർ എടക്കുളം വഴി വെള്ളാങ്ങല്ലൂരിലേക്ക് പോകേണ്ടതാണ്.
ചാലക്കുടി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വല്ലക്കുന്നിൽ നിന്നും തിരിഞ്ഞ് മാപ്രാണം റോഡിൽ എത്തേണ്ടതാണ്.
ചാലക്കുടിക്ക് മൂന്നുപീടിക ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചെട്ടിപ്പറമ്പിൽ നിന്നും ബസ് സ്റ്റാൻഡ് കൂടി സിവിൽ സ്റ്റേഷൻ വഴി മാപ്രാണത്ത് എത്തേണ്ടതാണ്.
കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും ചാലക്കുടിക്ക് പോകുന്ന വാഹനങ്ങൾ വെള്ളാങ്ങല്ലൂരിൽ നിന്നും കൊമ്പിടി വഴി പോകേണ്ടതാണ്.
വിവിധ ദേശക്കാരുടെ കാവടികൾ കടന്ന് പോകുന്ന എല്ലാ സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രണങ്ങളും, അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കുന്നതിനായി പട്രോളിംഗ്, പിക്കറ്റ് എന്നീ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
സുരക്ഷാ നടപടികൾ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസുകൾ എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി എന്നിവരാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.












Leave a Reply