ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “സൈബർ ഷീൽഡ് 2026” എന്ന പേരിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു.
“തിങ്ക് സെക്യുർ, സ്റ്റേ കണക്റ്റഡ്” എന്ന സന്ദേശത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ ഇരിങ്ങാലക്കുട ഡിവിഷൻ ഡിവൈഎസ്പി എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സെമിനാർ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധവും അറിവും വർധിപ്പിക്കുന്നതിനുള്ള വേദിയായി.
പ്രിൻസിപ്പൽ റവ. പ്രൊഫ. ജോളി ആൻഡ്രൂസിൻ്റെ നേതൃത്വത്തിലും കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കെ.കെ. പ്രിയങ്കയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.
സൈബർ സുരക്ഷാ മേഖലയിലെ പുതിയ സാധ്യതകൾ, വെല്ലുവിളികൾ, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സുരക്ഷിതമായ ഡിജിറ്റൽ ഇടപെടലുകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു.
പ്രൊഫ. ഡോ. എസ്. ഉമാറാണി മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് യുകെയിലെ നോട്ടിംഗ്ഹാം ട്രെന്റ് സർവകലാശാലയിലെ റിസർച്ച് ഫെലോ ഡോ. ആകർഷ് കെ. നായർ സൈബർ സുരക്ഷയുടെ പ്രാധാന്യത്തെപ്പറ്റി സെഷൻ കൈകാര്യം ചെയ്തു.
തുടർന്ന് തിരുവനന്തപുരം സൈബർഡോമിലെ സബ് ഇൻസ്പെക്ടർ എ. പ്രമോദും തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സിറാജുദ്ദീനും നേതൃത്വം നൽകിയ മാൽവെയർ അനാലിസിസ് ഹാൻഡ്സ്-ഓൺ വർക്ക്ഷോപ്പ് നടന്നു.
സൈബർ ആക്രമണങ്ങളെ തിരിച്ചറിയുന്നതിനും മാൽവെയർ വിശകലനം ചെയ്യുന്നതിനുമുള്ള പ്രായോഗിക പരിശീലനം പങ്കാളികൾക്ക് ലഭിച്ചു.
വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ എന്നിവർക്ക് സൈബർ സുരക്ഷാരംഗത്തെ പുതിയ അറിവുകൾ നേടാനും ആശയവിനിമയം നടത്താനും അവസരമൊരുക്കിയ സെമിനാർ ശ്രദ്ധേയമായി.












Leave a Reply