മെറ്റ്സ് കോളെജിൽ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഡി.കെ.എം.എസ്. ഫൗണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ രക്തദാർബുദ ചികിത്സയിൽ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

“ഇന്നത്തെ അവബോധം, നാളത്തെ രോഗമുക്തി” എന്ന സന്ദേശത്തോടെയാണ് വിദ്യാർഥികളിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുവഴി ഗുരുതര രക്തരോഗങ്ങൾ ബാധിച്ച രോഗികൾക്ക് ലഭിക്കുന്ന ചികിത്സാ സഹായത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

മെറ്റസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

സ്റ്റെം സെൽ ദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും കൂടുതൽ യുവജനങ്ങളെ ദാതാക്കളായി മുന്നോട്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.കെ.എം.എസ്. ഫൗണ്ടേഷൻ ഇന്ത്യയിലെ ദാതാക്കളുടെ രജിസ്ട്രേഷൻ വിഭാഗം അസോസിയേറ്റ് ഇന്ദിര രഞ്ജിനി റോയ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

സ്റ്റെം സെൽ എന്താണെന്നും സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സയുടെ പ്രാധാന്യം എന്താണെന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചു.

രക്താർബുദം ഉൾപ്പെടെയുള്ള ഗുരുതര രക്തരോഗങ്ങൾ ബാധിച്ച നിരവധി രോഗികൾക്ക് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ ജീവൻ നിലനിർത്തുന്നതിനുള്ള പ്രധാന ചികിത്സാ മാർഗമാണ്. എന്നാൽ രോഗിയുമായി ജനിതകമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ ദാതാവിനെ കണ്ടെത്തുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവാന്മാരായ യുവജനങ്ങൾ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ വിശദീകരിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും ദേശീയ സേവന പദ്ധതി പ്രോഗ്രാം ഓഫീസർ സി.എസ്. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

എൻ.എസ്.എസ്. വൊളൻ്റിയർ സെക്രട്ടറിമാരായ കെ.എ. ഫാരീസ്, ആർദ്ര സി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എൻ.എസ്.എസ്. യൂണിറ്റ് വൊളൻ്റിയർമാരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

പ്രോഗ്രാമിന് ശേഷം നൂറിലധികം വിദ്യാർഥികൾ സ്റ്റെം സെൽ ദാതാക്കളായി പേര് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *