മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊച്ചി അമൃത ഹോസ്പിറ്റലും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി ഇരിങ്ങാലക്കുട ടൗൺഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ ദുരിതവും കഷ്ടപ്പാടും നേരിടുന്നവരെ ജാതിയോ മതമോ നോക്കാതെ അവരുടെ ആവശ്യം അനുസരിച്ച് അവരെ ചേർത്തുനിർത്തി സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന സേവാഭാരതിയുടെ പ്രവർത്തനങ്ങൾ തന്നിൽ എന്നും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ടുതന്നെ സേവാഭാരതി വിളിച്ച ഏതൊരു പരിപാടിക്കും എത്തിച്ചേരാൻ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും ഈ പ്രവർത്തനങ്ങൾക്കെല്ലാം തൻ്റെ എല്ലാവിധ ഭാവുകങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവാഭാരതി പ്രസിഡൻ്റ് നളിൻബാബു അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട മാതാ അമൃതാനന്ദമയിമഠം മഠാധിപതി സ്വാമി അമോഘാമൃത ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി.

രാഷ്ട്രീയ സ്വയം സേവക് സംഘം ഉത്തര പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ, ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി എന്നിവർ ആശംസകൾ അർപ്പിച്ചു.

അമൃത മെഡിക്കൽ ഹോസ്പിറ്റൽ മെഡിക്കൽ ക്യാമ്പ് അഡ്മിനിസ്ട്രേറ്റർ എം.ഡി. ജയൻ ക്യാമ്പിൽ നൽകുന്ന സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

പ്രശസ്ത പീഡിയാട്രീഷൻ ഡോ. ബിന്ദു രാംദാസ് സന്നിഹിതയായിരുന്നു.

സേവാഭാരതി ആരോഗ്യ വിഭാഗം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ സ്വാഗതവും സേവാഭാരതി എക്സിക്യൂട്ടീവ് അംഗം ഹരികുമാർ തളിയക്കാട്ടിൽ നന്ദിയും പറഞ്ഞു.

ഏകദേശം ഒമ്പതോളം വിഭാഗങ്ങളിലായി ജനറൽ മെഡിസിൻ വിഭാഗം, പക്ഷാഘാത വിഭാഗം, ഇ.എൻ.ടി., നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ശിശു ഹൃദ്രോഗ വിഭാഗം, ഗൈനക്കോളജി, ജനറൽ സർജറി വിഭാഗം എന്നീ വിവിധങ്ങളായ വിഭാഗങ്ങളിൽ നാല്പതോളം ഡോക്ടർമാർ പങ്കെടുത്തുകൊണ്ട് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽ ഏകദേശം ആയിരത്തിൽപരം ജനങ്ങളാണ് പങ്കെടുത്തത്.

ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി മരുന്നും വിതരണം ചെയ്തു.

ക്യാമ്പിൽ എക്സ്റേ എടുക്കുന്നതിനും ദന്ത വിഭാഗത്തിൽ എക്സ്റേ എടുക്കുന്നതിനും ഇസിജി എടുക്കുന്നതിനുമുള്ള സൗകര്യം ഒരുക്കിയിരുന്നു.

അമൃത ഹോസ്പിറ്റലിലെ രണ്ട് കാരവാൻ ബസ്സ് ഇതിന് സജ്ജമായി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. അതുപോലെ തന്നെ ദന്തരോഗ വിഭാഗത്തിൽ പല്ല് എടുത്തു കൊടുക്കുന്നത് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും ഏർപ്പാടാക്കിയിരുന്നു.

തിരഞ്ഞെടുത്ത നേത്രരോഗബാധിതർക്കും ഹൃദ്രോഗമുള്ള കുട്ടികൾക്കും സൗജന്യ ശസ്ത്രക്രിയ ചെയ്തു കൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *