ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയിലൂടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച 650ഓളം പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വെള്ളാനി, ആനന്ദപുരം വിജ്ഞാനവാടികളിലേക്ക് കൈമാറി.
വായനാശീലം വളർത്തുന്നതിനും കുട്ടികളുടെയും യുവജനങ്ങളുടെയും വിജ്ഞാനവികസനത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള പുസ്തക വിതരണം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ വായനയുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനും വിജ്ഞാനകേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്നും ശേഖരിച്ച പുസ്തകങ്ങൾ വിജ്ഞാനവാടികളുടെ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്നും കുട്ടികൾക്കും വിദ്യാർഥികൾക്കും മികച്ച വായനാസൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാനവാടി കോർഡിനേറ്റർമാരായ മാളവിക, ആതിര എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പുസ്തക ശേഖരണ പ്രവർത്തനത്തിന് സഹകരിച്ച എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മുരളി, എ.എം. ജോൺസൺ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ പ്രസീന സജയൻ, അജയൻ തറയിൽ, വാർഡ് മെമ്പർ നിജി ലിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, ജോയിന്റ് ബിഡിഒ എൻ. രാജേഷ്, പട്ടികജാതി വികസന വകുപ്പ് ഡെവലപ്മെന്റ് ഓഫീസർ പി.എസ്. പ്രിയ, ആർജിഎസ്എ ബ്ലോക്ക് കോർഡിനേറ്റർ കെ.എ. അനീഷ, എസ്‌സി പ്രൊമോട്ടർമാരായ ആര്യ, സനിത, പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു.
വിജ്ഞാനവാടികളെ കൂടുതൽ സമ്പന്നമാക്കുകയും വായനയിലൂടെ സാമൂഹികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നും വായനയെ പ്രോത്സാഹിപ്പിക്കുകയും അറിവിന്റെ ലോകത്തേക്ക് പുതുതലമുറയെ കൈപിടിച്ചുയർത്തുകയും ചെയ്യുന്ന മാതൃകാപരമായ പദ്ധതിയായാണ് അക്ഷരോന്നതി ശ്രദ്ധ നേടുന്നതെന്നും പ്രസിഡന്റ് ശങ്കരനാരായണൻ അഭിപ്രായപെട്ടു.












Leave a Reply