ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത, ചാലക്കുടി ഫൊറോന പള്ളി ഇടവകാംഗമായ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു.
റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള കോർഡിനേറ്റർ ആയി സേവനം ചെയ്തു വരവേയാണ് പുതിയ നിയോഗം.
ഫാ. ടൈറ്റസ് ചാലക്കുടി കാട്ടുപറമ്പിൽ തറവാട്ടിൽ ലോന- മേരി ദമ്പതികളുടെ മകനായി 1972ൽ ജനിച്ചു. ജോബ്, ബിന്നി, ടിസി എന്നിവർ സഹോദരങ്ങളാണ്.
സ്കൂൾ വിദ്യാഭ്യാസം അന്നനാട് യൂണിയൻ ഹൈസ്കൂളിലും ഡിഗ്രി പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമാണ് നടത്തിയത്.
പ്രാഥമിക വൈദിക പരിശീലനം ഇരിങ്ങാലക്കുട സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ഫിലോസഫി- തിയോളജി പഠനങ്ങൾ കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൂർത്തിയാക്കി.
1999 ജനുവരി 2ന് ചാലക്കുടി, സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
അസിസ്റ്റൻ്റ് വികാരിയായി എടതിരുത്തി ഫൊറോന, സൗത്ത് താണിശ്ശേരി ഇടവകകളിലും വികാരിയായി കൊടുങ്ങല്ലൂർ, പടിഞ്ഞാറേ വെമ്പല്ലൂർ, ആനത്തടം, കുഴൂർ, സേവിയൂർ ഇടവകകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചു.
എം.എ., എം.എഡ്. തുടങ്ങിയ ബിരുദാനന്തര ബിരുദങ്ങളും റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാശാസ്ത്രത്തിൽ ലൈഷ്യൻഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട രൂപതയിലെ സഹൃദയ കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും ആളൂർ, നവചൈതന്യ, ആനന്തപുരം, സാൻജോ സദൻ എന്നിവയുടെ അസി. ഡയറക്ടർ, രൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു.
നിലവിൽ ഷംഷാബാദ് അതിരൂപതയുടെ കീഴിൽ വരുന്ന സില്‍ച്ചാര്‍ സീറോ മലബാർ മിഷൻ്റെ കോർഡിനേറ്റർ ആണ്.
വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ടൈറ്റസ് നല്ല വാഗ്മിയും മികച്ച സംഘാടകനും തികഞ്ഞ ഒരു അഡ്മിനിസ്ട്രേറ്ററുമാണ്.












Leave a Reply