ഇരിങ്ങാലക്കുട: യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി കാരുമാത്ര സ്വദേശി ഏറാട്ടുപറമ്പിൽ വീട്ടിൽ മുഹമ്മദ് സഗീറിന് 10 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി.
ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
2018 ആഗസ്റ്റ് മുതൽ 2019 മാർച്ച് വരെയുള്ള വിവിധ കാലയളവിൽ മുഹമ്മദ് സഗീർ യുവതിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്ന് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 2020 ഒക്ടോബറിലാണ് സബ് ഇൻസ്പെക്ടർ പി.ജി. അനൂപ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
അന്നത്തെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോ ആണ് ആദ്യ അന്വേഷണം നടത്തിയത്.
തുടർന്ന് ഇൻസ്പെക്ടർ അനീഷ് കരീം അന്വേഷണം പൂർത്തിയാക്കി കേസിലെ കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്പെക്ടർ ജസ്റ്റിനും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി വിവീജ സേതുമോഹൻ ആണ് വിധി പ്രസ്താവിച്ചത്.
പ്രോസിക്യൂഷനു വേണ്ടി ഇരിങ്ങാലക്കുട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.
എ.എസ്.ഐ. ആർ. രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Leave a Reply