നിര്യാതയായി

ശാന്ത

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പരേതനായ
രാമംകുളത്ത് വാസു ഭാര്യ ശാന്ത (69) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച (ഏപ്രിൽ 23) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ : വത്സൻ രാമംകുളത്ത് (റവന്യൂ ഇൻഷർമേഷൻ ബ്യൂറോ – തിരുവനന്തപുരം), ശാലിനി

മരുമക്കൾ : ജലജ (റവന്യു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്), ഉണ്ണി

വിശ്വപ്രകാശ് റസിഡൻ്റ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

പെരിഞ്ഞനം വെസ്റ്റ്‌ :  വിശ്വപ്രകാശ്  റസിഡൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു. 

റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജീവൻ പടിഞ്ഞാറെകുറ്റ് അധ്യക്ഷത വഹിച്ചു. 

രക്ഷാധികാരി ടി.ജി. സച്ചിത്ത് സ്വാഗതവും സെക്രട്ടറി സുശീലൻ തറയിൽ നന്ദിയും പറഞ്ഞു. 

വാർഡ് മെമ്പർ ജയന്തി മനോജ്, കെ.എസ്. ബാബുമോൻ, സി.കെ. ഗോപി, സദാനന്ദൻ വലിയപറമ്പിൽ, ദിനകരൻ  മാസ്റ്റർ, ബാലു പുന്നക്കൽ, വിനയൻ എന്നിവർ പ്രസംഗിച്ചു. 

തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടിയും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം സനിഗ സന്തോഷ് അവതരിപ്പിച്ച സംഗീതവിരുന്നും അരങ്ങേറി.

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ചിത്രശിൽപ്പകല പ്രദർശനം 

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിനോടനുബന്ധിച്ച്  പ്രശസ്ത ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷിന്റെ ചിത്രങ്ങളും ശില്പങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് മെഗാ എക്സിബിഷൻ സംഘടിപ്പിച്ചു.  

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സുധ ദിലീപ് ഉദ്ഘാടനം ചെയ്തു.  

കുട്ടികളിലെ കലാമൂല്യങ്ങളെ ഏറ്റവും മൂല്യവത്തായ രീതിയിൽ പരിപോഷിപ്പിക്കാൻ ഇത്തരം എക്സിബിഷനുകൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും അതിനുവേണ്ടി മുകുന്ദപുരം പബ്ലിക് സ്കൂൾ  വിപുലമായ രീതിയിൽ മുന്നോട്ടു വന്നിരിക്കുകയാണെന്നും സുധ ദിലീപ് പറഞ്ഞു.

 പ്രിൻസിപ്പൽ ജിജി കൃഷ്ണ  അധ്യക്ഷത വഹിച്ചു. 

അഡ്മിനിസ്ട്രേറ്റ് വി. ലളിത, കെ.ജി. കോർഡിനേറ്റർ ആർ. രശ്മി, ക്യാമ്പ് കോർഡിനേറ്റർമാരായ എ.എക്സ്. ഷീബ, ടി.എസ്. രേഖ, കെ.ജി. സിനി, പി.ടി. ഭവ്യ എന്നിവർ ആശംസകൾ അർപ്പിച്ചു.

അംബേദ്കർ ജയന്തി : സെമിനാറും പഠനക്ലാസും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ   അംബേദ്കർ ജയന്തിയോടനുബന്ധിച്ച്  ഏരിയാതല സെമിനാറും പഠനക്ലാസും സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം കെ.എ. വിശ്വംഭരൻ മാസ്റ്റർ “മാർക്സിസവും അംബേദ്കറിസവും” എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. 

”പട്ടികജാതി ഉപവർഗ്ഗീകരണവും : സുപ്രീംകോടതി വിധിയും പ്രത്യാഘാതങ്ങളും പി.കെ.എസ്. നിലപാടും” എന്ന വിഷയത്തിൽ ജില്ലാ കമ്മിറ്റി അംഗം പി.കെ. മോഹനൻ മാസ്റ്റർ ക്ലാസ്സ്‌ നയിച്ചു.

ഏരിയ സെക്രട്ടറി സി.ഡി. സിജിത്ത്, ഏരിയ പ്രസിഡന്റ്‌ എ.വി. ഷൈൻ, പി.കെ. മനുമോഹൻ, വത്സല ബാബു, കെ.ജി. മോഹനൻ മാസ്റ്റർ, കെ.വി. മദനൻ, ടി.വി. ലത എന്നിവർ പ്രസംഗിച്ചു.

ഫ്രാൻസിസ് പാപ്പയ്ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരവ് : മൗന പ്രാർത്ഥന പ്രയാണം നടത്തി 

ഇരിങ്ങാലക്കുട : പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഇരിങ്ങാലക്കുടയില്‍ മൗന പ്രാർത്ഥന പ്രയാണം നടത്തി. നിത്യാരാധന കേന്ദ്രത്തില്‍ നടന്ന ദിവ്യബലിക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 

ദിവ്യബലിക്കു ശേഷം ആരംഭിച്ച മൗന പ്രാര്‍ഥന പ്രയാണം ചന്തക്കുന്ന് ജംഗ്ഷന്‍ ചുറ്റി സെന്റ് തോമസ് കത്തീഡ്രലില്‍ എത്തിച്ചേർന്നു. 

വൈദികരും സന്യസ്തരും വിശ്വാസികളുമടക്കം നൂറുകണക്കിനു പേര്‍ മൗന പ്രാർത്ഥന പ്രയാണത്തിൽ പങ്കെടുത്തു. 

തുടർന്ന് കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഫ്രാന്‍സിസ് പാപ്പായുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നത്തി.

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറാള്‍മാരായ ജോസ് മാളിയേക്കല്‍, വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, ബിഷപ്പ് സെക്രട്ടറി ഫാ. ജോര്‍ജി തേലപ്പിള്ളി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, മുന്‍ വികാരി ജനറാള്‍ ഫാ. ആന്റോ തച്ചില്‍, ചാന്‍സലര്‍ ഫാ. കിരണ്‍, വൈസ് ചാന്‍സലര്‍ ഫാ. അനീഷ് പല്ലിശ്ശേരി, നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ തിമോസ് പാറേക്കാടന്‍, സി.എം. പോള്‍ ചാമപറമ്പില്‍, ബാബു ജോസ് പുത്തനങ്ങാടി, ജോമോന്‍ തട്ടില്‍ മണ്ടി ഡേവി, കുടുംബസമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോമി ചേറ്റുപുഴക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിൻ്റൺ ലീഗ് : കളിക്കാരുടെ ലേലം നടന്നു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗിന്റെ കളിക്കാരുടെ ലേലം ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു.

അവനീർ ഏവിയേഷൻസ് തൃശൂർ, കൊച്ചിൻ സ്മാഷേഴ്സ് എറണാകുളം, കാസ ഇരിങ്ങാലക്കുട, ഡി.ബി.എ.  തൃശൂർ, ഇരിങ്ങാലക്കുട വിന്നേഴ്സ്, ഷാൻ സ്പോർട്സ് ചാലക്കുടി, കോലോത്തുംപടി ഷട്ടിൽ  ക്ലബ്, തൃശൂർ ടെന്നീസ് ട്രസ്റ്റ് 

എന്നീ എട്ടു ഫ്രാഞ്ചൈസികൾ ലേലത്തിൽ പങ്കെടുത്തു. 

അന്തർദേശീയ കളിക്കാർ ഉൾപ്പെടെ പത്തനംതിട്ട, കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ  മലപ്പുറം, പാലക്കാട്  ജില്ലകളിൽ നിന്നുമായി എൺപതോളം പ്രശസ്ത താരങ്ങളെ ഫ്രാഞ്ചെെസികൾ ലേലത്തിൽ പിടിച്ചു,

ലീഗ് മത്സരങ്ങൾ ഏപ്രിൽ 27ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിലും  കാത്തലിക് സെന്ററിലുമായി നടക്കും. 

ലേലനടപടികൾക്ക് പീറ്റർ ജോസഫ്, പി.ആർ. സ്റ്റാൻലി, ടോമി മാത്യു, സ്റ്റാൻലി ലാസർ, ശ്യാം പീറ്റർ എന്നിവർ നേതൃത്വം  നൽകി.

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുമായി നക്ഷത്ര റെസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 35ൽ നക്ഷത്ര റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ് മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സി. ഷിബിൻ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ്‌ കെ.ബി. മാഹിൻ അധ്യക്ഷനായി.

സമൂഹത്തെ കാർന്നു തിന്നുന്ന ഒരു വിപത്തായി ലഹരി മാറി കഴിഞ്ഞു. കുട്ടികളിൽ ചിലർ ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും ഉപാധികളായി ലഹരിയെ തെരെഞ്ഞെടുക്കുകയാണ്. നാട്ടിൽ നടക്കുന്ന അക്രമങ്ങളും, കൊലപാതകങ്ങളും, വാഹന അപകടങ്ങളും, ലഹരിയുടെ ഉപയോഗം മൂലമാണെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ മഹാവിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റുവാൻ നമ്മൾ ഓരോത്തരും ലഹരിക്കെതിരെ അണി ചേരണമെന്നും വാർഡ് കൗൺസിലർ സി. സി. ഷിബിൻ ആഹ്വാനം ചെയ്തു.

സിവിൽ എക്സൈസ് ഓഫീസർ പി. എം. ജദീർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസ്സ്‌
നയിച്ചു.

അസോസിയേഷൻ സെക്രട്ടറി ഗിരിജാവല്ലഭൻ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ഷീന ദാസ് നന്ദിയും പറഞ്ഞു.

ഷീജ ശശികുമാർ, വിനോദ് വട്ടപറമ്പിൽ, ഓമന ലോഹിതക്ഷൻ, പ്രസീന സുജോയ്, ഓഫീസ് സെക്രട്ടറി രാധിക എന്നിവർ നേതൃത്വം നൽകി.

ഭാരതീയ അഭിനയ കല ‘നാട്യശാസ്ത്രം’ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ

ഇരിങ്ങാലക്കുട : ഭാരതീയ അഭിനയ കലയായ ‘നാട്യശാസ്ത്രം’ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയെന്ന വാർത്ത പ്രഖ്യാപിച്ചപ്പോൾ ഇരിങ്ങാലക്കുട നടനകൈരളിയിൽ നടന്നു വരുന്ന 124-മത് ‘നവരസ സാധന’ ശില്പശാലയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ നാനാഭാഗത്തു നിന്നും എത്തിയിട്ടുള്ള പതിനാല് യുവ നർത്തകരും നടീനടന്മാരും ആവേശത്തിൻ്റെ കൊടുമുടിയേറി.

ഗുരു വേണുജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന നവരസ സാധന ശില്പശാല നാട്യശാസ്ത്രത്തിൽ അധിഷ്‌ഠിതമായി ഇന്ത്യയിൽ ഇന്ന് നിലവിലുള്ള ഏക അഭിനയ പരിശീലന കളരിയാണ്.

പതിനെട്ടാം നൂറ്റാണ്ടു മുതൽ കൊടുങ്ങല്ലൂർ കോവിലകത്തു നിലവിൽ വരികയും ഗുരു അമ്മന്നൂർ മാധവചാക്യാർ, പട്ടിക്കാംതൊടി രാവുണ്ണി മേനോൻ എന്നീ അതുല്യ നടന്മാരെ സൃഷ്ടിക്കുകയും ചെയ്ത ‘സ്വരവായു’ എന്ന അഭിനയ പരിശീലന സമ്പ്രദായത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 2005-ലാണ് ‘നവരസ സാധന’ വേണുജി രൂപം നൽകുന്നത്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും, സിങ്കപ്പൂരിലെ ഇന്റർ കൾച്ചറൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടിലും, നടനകൈരളിയിലുമായി മൂവായിരത്തോളം പേരെ ഇതിനകം നവരസ സാധന അഭ്യസിപ്പിച്ചിട്ടുണ്ട്.

“ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും ഫലപ്രദമായ അഭിനയ പരിശീലന സമ്പ്രദായങ്ങൾ നാട്യശാസ്ത്രത്തിലുള്ളതാണ്. നിർഭാഗ്യവശാൽ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും ഇതര നാടക വിദ്യാലയങ്ങളിലും നാട്യശാസ്ത്രം മുഖ്യ പാഠ്യ വിഷയമല്ല” – വേണുജി അഭിപ്രായപ്പെട്ടു.

നൃത്യ നാട്യ രംഗത്തെ പ്രശസ്തരായ കപിലാ വേണു, മീരാ ശ്രീനാരായണൻ, മലയാള നടിമാരായ കനി കസൃതി, റിമാ കല്ലിങ്കൽ, നവ്യ നായർ എന്നിവർക്കു പുറമെ ആദിൽ ഹുസൈൻ, സന്ധ്യ മൃദുൽ, ഇഷ തൽവാർ എന്നിവരും നവരസ സാധന പരിശീലിച്ചവരിൽ ഉൾപ്പെടുന്നു.

മാതൃകാപരമീ ജയിൽ ജീവിതം : ജയിൽ പാർക്കിൽ ഒന്നാന്തരം ഫ്രഷ് പച്ചക്കറി ഷോപ്പും തുറന്നു

വിയ്യൂർ : സെൻട്രൽ ജയിൽ പാർക്കിൽ പച്ചക്കറികൾ വിൽക്കാൻ ഗാർഡൻ ഫ്രഷ് വെജി ഷോപ്പ് ആരംഭിച്ചു.

പച്ചക്കറി വിളവ് ആവശ്യത്തിലധികം ലഭിച്ചപ്പോഴാണ് സെൻട്രൽ ജയിൽ കവാടത്തിനരികെയുള്ള ഫ്രീഡം പാർക്കിൽ കെട്ടുവള്ളം മാതൃകയിൽ വില്പന കൗണ്ടർ ആരംഭിച്ചത്. 600 ടണ്ണിലധികം വിളവാണ് ഇപ്രാവശ്യം ലഭിച്ചത്.

21 മുതൽ 27 വരെ വില്പന ഉണ്ടാകും.

ചീര, പടവലം, കോവൽ, ചുരക്ക, വള്ളിപയർ, ചക്ക, ഇടിച്ചക്ക, മാങ്ങ, പപ്പായ, വാഴക്കൂമ്പ്, വാഴ പിണ്ടി, മുരിങ്ങയില, ചെങ്കദളി എന്നിവയ്ക്കു പുറമെ ഈർക്കിൽ ചൂൽ, വാഴയില, വാഹനങ്ങൾ ക്ലീൻ ചെയ്യാനുള്ള കോട്ടൺ വേസ്റ്റ് തുടങ്ങിയവയും മിതമായ നിരക്കിൽ ലഭിക്കും.

കൃഷി വിജ്ഞാൻ കേന്ദ്രയുടെ 12 തരം പച്ചക്കറി വിത്തുകൾ പാക്കറ്റിന് 10 രൂപ നിരക്കിൽ ലഭിക്കും.

മുൻകൂർ ഓർഡർ ലഭിച്ചാൽ ഫ്രീഡം കോമ്പോ ലഞ്ചും (Rs 100) പാർക്കിലിരുന്ന് കഴിക്കാം.