ഇരിങ്ങാലക്കുട : ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമിട്ട് മുരിയാട് പഞ്ചായത്തിലെ പുല്ലൂരില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുടുംബശ്രീ നിര്‍മ്മിച്ച കിയോസ്‌ക് അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് രണ്ടുവർഷം പിന്നിടുന്നു.
കുടുംബശ്രീ ജില്ലാമിഷന്റെ ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപ ചെലവഴിച്ച് പുല്ലൂർ പുളിഞ്ചോട്ടിൽ വഴിയാത്രക്കാര്‍ക്കായി നിര്‍മ്മിച്ച കിയോസ്‌ക്കാണ് തുറക്കാനാകാതെ നശിക്കുന്നത്.
ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് കുടുംബശ്രീ ഇത്തരം കിയോസ്‌ക് സ്ഥാപിച്ചിട്ടുള്ളത്.
ഒരു കുടുംബശ്രീ അംഗത്തിന് ഇത് നോക്കി നടത്താനുള്ള ചുമതല ഏൽപ്പിച്ചിരുന്നു. മറ്റു കുടുംബശ്രീ അംഗങ്ങള്‍ നിർമ്മിച്ചു നൽകുന്ന ഉൽപ്പന്നങ്ങൾക്കൊപ്പം നോക്കി നടത്താന്‍ ചുമതലപ്പെട്ട കുടുംബശ്രീ അംഗവും സ്വന്തമായി നിർമ്മിച്ചിരുന്ന സാധനങ്ങൾ ഇവിടെ വിൽപ്പന നടത്തിയിരുന്നു.
എന്നാല്‍ ഇതിനെതിരെ കുറച്ചുപേര്‍ പിഡബ്ല്യുഡിക്ക് പരാതി നല്‍കിയതോടെയാണ് അടച്ചിടേണ്ടി വന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാല്‍ എത്രയും വേഗം സ്ഥാപനം മാറ്റാന്‍ നിര്‍ദേശിച്ച് പിഡബ്ല്യുഡി നോട്ടീസ് നല്‍കിയതോടെയാണ് കിയോസ്‌ക് അടച്ചിടേണ്ടിവന്നത്.
സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള ശ്രമം നടന്നുവെങ്കിലും നടപ്പിലായില്ല.
Leave a Reply