ദേശീയ ആയുർവേദ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പൂമംഗലം ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, പൂമംഗലം പഞ്ചായത്ത് എന്നിവർ സംയുക്തമായി 10 ദിവസമായി ആചരിച്ചുവന്നിരുന്ന ദേശീയ ആയുർവേദ ദിനാചരണ പരിപാടികളുടെ സമാപന സമ്മേളനവും പഞ്ചായത്തിൻ്റെ 2025 -26 സാമ്പത്തിക വർഷത്തെ “വനിതകളുടെ സൗജന്യ യോഗ പരിശീലന പദ്ധതി”യും പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.

സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ടി. രജിത ആയുർവേദ ദിന സന്ദേശവും 10 ദിവസമായി നടത്തി വന്നിരുന്ന ആയുർവേദ ദിനാചരണ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും അവതരിപ്പിച്ചു.

ദേശീയ ആയുർവേദ ദിനത്തിൽ വടക്കുംകര ഗവ. യു.പി. സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബര ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മവും ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി “ആയുർവേദം മാനവരാശിക്കും ഭൂമിയ്ക്കും” എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് അപരാജിത ധൂപനം നടത്തി നിർവഹിച്ചു.

പഞ്ചായത്തിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും തുടർ പ്രവർത്തനങ്ങൾക്കായി ആയുഷ് ക്ലബ്ബുകൾ രൂപീകരിച്ച് ഔഷധസസ്യ ദ്രവ്യ പ്രദർശനവും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

സ്കൂൾ വിദ്യാർഥികൾക്കും അംഗനവാടി കുട്ടികൾക്കുമായി ആയുർവേദ സംബന്ധിയായ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

പഞ്ചായത്തിലെ
ഐ.സി.ഡി.എസ്., സി.ഡി.എസ്., ഹരിത കർമ്മ സേന, ആശ വർക്കർമാർ, കർഷകർ, ക്ഷീരകർഷകർ, യോഗ വിദ്യാർഥികൾ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, പൊതുജനങ്ങൾ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ. സന്തോഷ്, മെമ്പർമാരായ ലത വിജയൻ, ജൂലി ജോയ്, ലാലി വർഗ്ഗീസ്, കെ.എൻ. ജയരാജ്, എ.എം.എ.ഐ. ഇരിങ്ങാലക്കുട പ്രതിനിധി ഡോ. പൂജ, പൂമംഗലം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് യോഗ പരിശീലകരായ പി. പ്രീത, ഗീതു എന്നിവർ യോഗ ബോധവൽക്കരണവും മാസ് യോഗ പരിശീലനവും നൽകി.

പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്കും പൊതുജനങ്ങൾക്കും ഔഷധത്തോട്ട നിർമ്മാണത്തിനായി ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.

ഔഷധസസ്യം, ദ്രവ്യം, ഔഷധ പൂച്ചെണ്ട് തുടങ്ങിയവയുടെ പ്രദർശനങ്ങളും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എന്‍.സി.ഡി. സ്ക്രീനിംഗ് നടത്തി.

ശീലിച്ച് നടപ്പിൽ വരുത്താൻ ശ്രമകരമെങ്കിലും മധുരമായ ഫലപ്രാപ്തി പ്രദാനം ചെയ്യുന്ന ആയുർവേദ തത്വങ്ങളെ ഓർമിപ്പിച്ചു കൊണ്ട് “ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുന്ന” നിത്യോപയോഗ യോഗ്യമായ നെല്ലിക്കയും ഔഷധ കാപ്പിയും ലഘു ഭക്ഷണവും ചടങ്ങിനെത്തിയവർക്ക് വിതരണം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കത്രീന ജോർജ്ജ് സ്വാഗതവും പഞ്ചായത്ത് ഉദ്യോഗസ്ഥൻ വിപിൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *