ഇരിങ്ങാലക്കുടയിൽ കുടിവെള്ളക്ഷാമം രൂക്ഷം ; നഗരസഭയ്ക്കും കെ. എസ്. ടി. പി.ക്കും എതിരെ കടുത്ത വിമർശനവുമായി കൗൺസിൽ യോഗം

ഇരിങ്ങാലക്കുട : കെ.എസ്.ടി.പി.യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ പലയിടത്തും കുടിവെള്ള പൈപ്പുകൾ പൊട്ടി രൂക്ഷമാകുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ നഗരസഭയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാരോപിച്ച് വെള്ളിയാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിലേക്ക് ഒഴിഞ്ഞ ബക്കറ്റും കുടങ്ങളുമായി എത്തി ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു.

പഴയ പൊറത്തിശ്ശേരി പഞ്ചായത്തിൽ ഉൾപ്പെട്ട മൂർക്കനാട്, കരുവന്നൂർ, മാടായിക്കോണം, തളിയക്കോണം, കുഴിക്കാട്ടുകോണം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളം ലഭിച്ചിട്ട് 36 ദിവസത്തിലേറെയായെന്ന് കൗൺസിലർ ഷാജുട്ടൻ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചു ചേർക്കാത്തതിനെതിരെ നഗരസഭയെ എൽഡിഎഫ് ബിജെപി അംഗങ്ങൾ വിമർശിച്ചു.

പൂതംകുളം മുതൽ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ വരെയുള്ള കെ.എസ്.ടി.പി.യുടെ റോഡ് നിർമ്മാണം നടക്കുന്ന സമയത്ത് പ്രദേശത്ത് 120 ദിവസത്തോളം കുടിവെള്ള വിതരണം നിലച്ച സാഹചര്യം ഉണ്ടായിരുന്നെന്ന് ബിജു പോൾ അക്കരക്കാരനും ചൂണ്ടിക്കാട്ടി.

മുന്നറിയിപ്പില്ലാതെ ക്രൈസ്റ്റ് കോളെജ് ജംഗ്ഷൻ റോഡിലേക്കുള്ള റോഡ് കെ.എസ്.ടി.പി. പൊളിച്ചതിനാൽ ഈ പരീക്ഷാക്കാലത്തും അന്നേദിവസം 22ഓളം സ്കൂൾ ബസ്സുകളാണ് ബ്ലോക്കിൽപ്പെട്ടതെന്നും കെ.എസ്.ടി.പി.ക്കെതിരെ എന്ത് പറഞ്ഞാലും നിങ്ങൾ വികസനത്തിന് എതിരെ നിൽക്കുന്നു എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ബിജു പോൾ അക്കരക്കാരൻ പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിനായി മാർച്ച് 3ന് രാവിലെ 10.30ന് കെ.എസ്.ടി.പി. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെയും മുഴുവൻ കൗൺസിലർമാരെയും ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുമെന്ന് ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അറിയിച്ചു.

കെ.എസ്.ടി.പി.യുടെ ഭാഗത്തുനിന്ന് ഉണ്ടായ അനാസ്ഥ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ നഗരസഭയ്ക്ക് കഴിയും വിധം ടാങ്കറുകളിൽ എല്ലായിടത്തേക്കും കുടിവെള്ളം എത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.

മാപ്രാണം മാടായിക്കോണത്ത് ആരംഭിക്കാനിരുന്ന നഗരസഭയുടെ 3-ാമത് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻ്റർ കരുവന്നൂർ ബംഗ്ലാവിലുള്ള നഗരസഭയുടെ ജൂബിലി മന്ദിരത്തിൽ ആരംഭിക്കാൻ കൗൺസിലിൽ തീരുമാനിച്ചു. വിഷയത്തിൽ ബിജെപി വിയോജനക്കുറിപ്പ് സമർപ്പിച്ചു.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള കാലാവധി 7 വർഷത്തിൽ നിന്ന് 12 വർഷത്തേക്കായി മാറ്റം വരുത്തിയ സർക്കാർ ഉത്തരവിനെതിരെ ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധമറിയിച്ചു.

7 വർഷത്തിൽ നിന്നും 12 വർഷമാക്കി ഉയർത്തിയത് അടിയന്തര സാഹചര്യത്തിൽ പോലും വീട് കൈമാറ്റം ചെയ്യാൻ സാധിക്കാത്ത വിധം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഉത്തരവിനെതിരെ സർക്കാരിന് കത്ത് നൽകണമെന്ന ആവശ്യവുമായാണ് ഭരണപക്ഷവും ബിജെപി കൗൺസിലർമാരും പ്രതിഷേധം അറിയിച്ചത്.

എന്നാൽ എല്ലാവർക്കും സുരക്ഷിത ഭവനം എന്ന സർക്കാർ ലക്ഷ്യത്തിൽ നിന്ന് വീട് ലഭിച്ച ഉപഭോക്താക്കൾക്ക് വീണ്ടും വീട് നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു ഉത്തരവെന്ന് എൽഡിഎഫ് കൗൺസിലർമാരും ചൂണ്ടിക്കാട്ടി.

തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് പദ്ധതി പ്രകാരമുള്ള വാക്സിൻ തുടങ്ങിയവ വാങ്ങുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച അജണ്ടയിൽ നഗരസഭാ പരിധിയിലെ നായ ശല്യം വീണ്ടും ചർച്ചയായി.

നഗരസഭയിൽ നായകൾക്ക് വന്ധ്യംകരണ പദ്ധതി ഇല്ലാത്തത് ഒരു കുറവായി സന്തോഷ് ബോബൻ, പി.ടി. ജോർജ്, സുജ സഞ്ജീവ് കുമാർ എന്നിവർ ചൂണ്ടിക്കാട്ടി. വന്ധ്യംകരണത്തിലൂടെ മാത്രമേ വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യം കുറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നും ഭയപ്പെടുത്തുന്ന വിധമുള്ള ആക്രമണങ്ങളാണ് വാർത്തകളിൽ നിറയുന്നതെന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.

നഗരസഭയുടെ ടേക്ക് എ ബ്രേക്ക് നടത്തിപ്പ് കുടുംബശ്രീക്ക് നൽകുന്നത് സംബന്ധിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കാമെന്ന് കൗൺസിലിൽ തീരുമാനിച്ചു.

27 അജണ്ടകളുമായി ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *