അമ്മന്നൂർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും 4ന് ആരംഭിക്കും

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം സംഘടിപ്പിക്കുന്ന കൂടിയാട്ട കുലപതി പത്മഭൂഷൺ അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണവും ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4ന് ആരംഭിക്കും.

അമ്മന്നൂർ മാധവ ചാക്യാരുടെ 17-ാമത് ചരമദിനമായ ജൂലൈ 1ന് അമ്മന്നൂർ സ്മൃതി പൂജ നടത്തി.

ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ ആരംഭിക്കുന്ന അനുസ്മരണ സമ്മേളനവും നാട്യമിഥുനം (നായികാ- നായകോത്സവം ) ഗുരുസ്മരണ കൂടിയാട്ട മഹോത്സവവും ജൂലൈ 4ന് വൈകീട്ട് 5 മണിക്ക് കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും.

ഗുരു ജി. വേണു, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ആചാര്യവന്ദനം നടത്തും.

ഇരിങ്ങാലക്കുട ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് രമേശൻ നമ്പീശൻ, നാടക സംവിധായകൻ ശങ്കർ വെങ്കിടേശ്വരൻ എന്നിവർ അമ്മന്നൂർ അനുസ്മരണം നടത്തും.

ഡോ. കെ.ജി. പൗലോസ് “നാട്യശാസ്ത്രവും കൂടിയാട്ടവും” എന്ന വിഷയത്തിൽ അമ്മന്നൂർ സ്മാരക പ്രഭാഷണം നടത്തും.

തുടർന്ന് 7 ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ കൂടിയാട്ടത്തിലെ വിവിധ രംഗങ്ങൾ അരങ്ങേറും.

ആദ്യ ദിവസം ശൂർപ്പണഖാങ്കം കൂടിയാട്ടത്തിലെ ശ്രീരാമനായി നേപത്ഥ്യ രാഹുൽ ചാക്യാരും സീതയായി ആതിര ഹരഹരനും രംഗത്തെത്തും.

നാട്യശാസ്ത്ര വിഷയങ്ങളെ കേന്ദ്രീകരിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *