ഇരിങ്ങാലക്കുട : കാട്ടൂർ മിനി എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ള മലിനീകരണ പ്രശ്നത്തിൽ ജലപരിശോധന റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കി പരിഹാരം കാണുന്നതിനുള്ള നടപടികൾ നടത്തി വരികയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
കാട്ടൂർ പഞ്ചായത്ത് 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ കുടിവെള്ളം മലിനമായ സംഭവത്തെ തുടർന്ന് കാട്ടൂർ പഞ്ചായത്ത് ഹാളിൽ ജൂലൈ 4ന് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് അധികൃതരുമായി യോഗം ചേർന്നിരുന്നു.
യോഗത്തിന്റെ സുപ്രധാനമായ തീരുമാനം എന്ന നിലയിൽ മന്ത്രി ബിന്ദുവിന്റെ നിർദേശപ്രകാരം തൃശൂർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ്, പഞ്ചായത്ത് സെക്രട്ടറി, ജില്ല വ്യവസായ വകുപ്പ്, ഭൂജല വകുപ്പ് തൃശൂർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളെജ്,
കോഴിക്കോട് സി.ഡബ്ല്യൂ.ആർ.ഡി.എം., ജില്ലാ മെഡിക്കൽ ഓഫീസർ (അലോപ്പതി), സിഡ്കോ ലിമിറ്റഡ് മാനേജർ, ജില്ലാ സോയിൽ സർവ്വെ ഡിപ്പാർട്ട്മെൻ്റ് എന്നിവർ ഉൾപ്പെട്ട 10 അംഗ സബ് കമ്മിറ്റി രൂപീകരിക്കുകയും തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറുടെ അധ്യക്ഷതയിൽ ജൂലൈ 10ന് യോഗം ചേരുകയും ചെയ്തിരുന്നു.
കുടിവെള്ള സ്രോതസുകളിലെ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ തൃശൂർ എഞ്ചിനീയറിംഗ് കോളെജിനെ ചുമതലപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാഫലം വന്നതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.
ജലപരിശോധന നടപടികൾ സ്വീകരിച്ചു വരികയാണെന്നും വേഗത്തിൽ പരിശോധനാ റിപ്പോർട്ടുകൾ ലഭ്യമാക്കി കാട്ടൂർ പഞ്ചായത്തിൽ യോഗം ചേരുമെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ഓൺലൈൻ യോഗവും ചേർന്നിരുന്നു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.