രാജീവ്ഗാന്ധി മന്ദിരത്തിൽ ഉമ്മൻ ചാണ്ടി അനുസ്‌മരണം നടത്തി

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മദിനം ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി മന്ദിരത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവയോടെ ആചരിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. വി.സി. വർഗ്ഗീസ്, സുജ സജ്ജീവ്കുമാർ, കെ. വേണുഗോപാൽ, ജോസഫ് ചാക്കോ, സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത്, വിജയൻ എളേടത്ത്, നഗരസഭ കൗൺസിലർമാർ, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

വെള്ളാങ്ങല്ലൂരിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3-ാം ഓർമ്മ ദിനത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂരിൽ പുഷ്‌പാർച്ചനയും അനുസ്മരണവും നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷംസു വെളുത്തേരി ഉദ്ഘാടനം ചെയ്തു.

മേഖല ചെയർമാൻ സുരേഷ് അധ്യക്ഷത വഹിച്ചു.

മെമ്പർ ബിജു പോൾ, ജോർജ്ജ് തൊമ്മാന ജോസഫ്, സെബി അലിയാർ, രവിചന്ദൻ എന്നിവർ പ്രസംഗിച്ചു.

മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം’ സംഘടിപ്പിച്ചു

​ഇരിങ്ങാലക്കുട : മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ അധ്യയന വർഷത്തിലെ വിദ്യാർഥികളെ സ്വാഗതം ചെയ്ത് ‘ആരംഭം’ പ്രവേശനോത്സവം സംഘടിപ്പിച്ചു.

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി, കണ്ണൂർ സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയിലെ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിദേശങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചും, നമ്മുടെ നാട്ടിൽ ഇപ്പോൾ ഉപരിപഠനത്തിനായി ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർഥികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചു.

​ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അധ്യക്ഷത വഹിച്ചു.

വിവിധ മതഗ്രന്ഥങ്ങളിലെ പ്രാർത്ഥനാ വചനങ്ങളുടെ ആലാപനത്തോടെയും കോളെജ് ക്വയറിന്റെ പ്രാർത്ഥനാ ഗീതത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്.

അർച്ചനയും സംഘവും അവതരിപ്പിച്ച മനോഹരമായ രംഗപൂജ ചടങ്ങിന് മാറ്റുകൂട്ടി.

​കഴിഞ്ഞ അധ്യയന വർഷങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ബി.സി.എ. 2021-24 ബാച്ചിലെ വി.എ. ദേവാമൃതൻ, കോഴിക്കോട് സർവ്വകലാശാലയിൽ ബി.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2023-26 ബാച്ചിലെ റാങ്ക് ജേതാക്കളായ പി. ദീതു (ഒന്നാം റാങ്ക്), ആദിൽ റിഫായീൻ (രണ്ടാം റാങ്ക്), രോഹിത് കെ. മോഹൻ (മൂന്നാം റാങ്ക്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെക്കുകയും ചെയ്തു.

​മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ. പ്രൊഫ. ഡോ. ജോർജ്ജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, കോളെജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അലീന റാഫേൽ എന്നിവർ ആശംസകൾ നേർന്നു.

​പുതിയ വിദ്യാർഥികൾക്കായി മാനേജ്മെന്റ് വിഭാഗം മേധാവി പി.എസ്. റസീല കോളെജ് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ബിസിഎ വിഭാഗം മേധാവി ടി.ജെ. ജോമോൾ കോളെജിലെ വിവിധ ക്ലബ്ബുകളെക്കുറിച്ചും വിശദീകരിച്ചു.

​തുടർന്ന് കോളെജ് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഗീത വിരുന്നും എൻഎസ്എസ് വൊളൻ്റിയർമാരുടെ ഫ്ലാഷ് മോബും ഒരുക്കിയിരുന്നു.

കോളെജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ അസി. പ്രൊഫ. വി. രാജി ഹരി നന്ദിയും പറഞ്ഞു.

പി.എൻ. പണിക്കർ മാതൃകയാക്കേണ്ട വ്യക്തി ; അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ

ഇരിങ്ങാലക്കുട : പി.എൻ. പണിക്കരുടെ പ്രവർത്തന ശൈലിയും വായനാശീലവും വിദ്യാർഥി സമൂഹം മാതൃകയാക്കണമെന്ന് അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ പറഞ്ഞു.

പി.എൻ. പണിക്കർ വിജ്ഞാന വികാസ് കേന്ദ്രം 31-ാമത് ദേശീയ വായന മഹോത്സവം ‘വായന സദസ്സ്’ കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എൻ. പണിക്കർ ഫൗണ്ടേഷൻ, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻ വകുപ്പ്, സാക്ഷരത മിഷൻ, ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ മിഷൻ എന്നിവർ ചേർന്നാണ് സദസ് സംഘടിപ്പിച്ചത്.

ജോഷി കൊല്ലാറ അധ്യക്ഷത വഹിച്ചു.

സി.കെ. ഹസ്സൻ കോയ വായനാ സന്ദേശം നൽകി.

ബദറുദ്ദീൻ ഗുരുവായൂർ പി.എൻ. പണിക്കർ സ്മൃതി പ്രസംഗം നടത്തി.

ജില്ലാ പഞ്ചായത്തംഗം ടി.കെ. സുധീഷ്, ഷൈജൻ ശ്രീവത്സം, എം. മുർഷിദ്, ലിൻസി വിൻസെന്റ്, ബിന്ദു സുരേഷ്, എം.കെ. ലത അശ്വതി, പി.എം. ഫൈസൽ എന്നിവർ പ്രസംഗിച്ചു.

ക്രൈസ്റ്റ് കോളെജിൽ ഹെയർ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിന്റെ സാമൂഹ്യസേവന സംഘടനയായ തവനിഷ്, ഹെയർട്രീ എസ്തറ്റിക്സ് ക്ലിനിക് എൽ.എൽ.പി.യുമായി സഹകരിച്ച് ഹെയർ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

കോളെജ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് ആദ്യ കൺസൾട്ടേഷനിൽ പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

ഹെയർട്രീ എസ്തറ്റിക് ക്ലിനിക്കിലെ ഡോക്ടർമാരായ ഡോ. ഗീതാഞ്ജലി, ഡോ. ശിൽപ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പരിശോധനകളും വിദഗ്ധ നിർദേശങ്ങളും പങ്കുവെച്ചു.

എസ്‌പാത് ലാബിന്റെ സഹകരണത്തോടെ സൗജന്യ ഷുഗർ, ബി.പി. പരിശോധനകളും നടത്തി.

കൂടാതെ ജി.എം. തെറാപ്യുറ്റിക്സിന്റെ റീജിയണൽ മാനേജർ ജിൻഷാഭിന്റെ നേതൃത്വത്തിൽ സൗജന്യ മരുന്ന് വിതരണവും നടന്നു.

പരിപാടിയിൽ സ്റ്റാഫ് കോർഡിനേറ്റർ ഡോ. മുവിഷ് മുരളി, തവനിഷ് പ്രസിഡന്റ് നിമിഷ, സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വൊളൻ്റിയർമാർ എന്നിവരും പങ്കെടുത്തു.

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം; സഹകാരി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിനത്തിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരെയും ഭരണസമിതി അംഗങ്ങളെയും ആദരിച്ചുകൊണ്ട് സഹകാരി സംഗമം സംഘടിപ്പിച്ചു.

കാർഷിക മേഖലയുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി ആദരിക്കുകയും സഹകരണ മേഖലയുടെയും കാർഷിക മേഖലയുടെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

സിനിമതാരം ഇന്നസെന്റ്
സോണറ്റ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാരെയും ഭരണസമിതി അംഗങ്ങളെയും ആദരിച്ചു.

വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

ക്രൈസ്റ്റ് എൻജിനീയറിങ് കോളെജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര മുഖ്യപ്രഭാഷണം നടത്തി.

ഇരിങ്ങാലക്കുട ആർഡിഒ ഷിബു, മുകുന്ദപുരം രജിസ്ട്രാർ ബിജു കുറ്റിക്കാട്ട് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ചടങ്ങിൽ ബാങ്ക് പ്രസിഡന്റുമാരായ എൻ. ഉണ്ണികൃഷ്ണൻ (കാറളം സർവീസ് സഹകരണ ബാങ്ക്), വിജയൻ ഇളയേടത്ത് (ഇരിങ്ങാലക്കുട സർവീസ് സഹകരണ ബാങ്ക്), മുരളീധരൻ (എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക്), കെ. ഗോപിനാഥ് (പൂമംഗലം സർവീസ് സഹകരണ ബാങ്ക്), പി.എൻ. ലക്ഷ്മണൻ (കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക്), ജോമോൻ കൊക്കാട്ട് (അവിട്ടത്തൂർ സർവീസ് സഹകരണ ബാങ്ക്), സർഗ്ഗൻ കക്കാട്ട് (പുല്ലൂർ സർവീസ് സഹകരണ ബാങ്ക്) എന്നിവർ ആശംസകൾ അർപ്പിച്ചു.

വിഷൻ ഇരിങ്ങാലക്കുട കോർഡിനേറ്റർമാരായ എ.സി. സുരേഷ് സ്വാഗതവും പ്രമീള അശോകൻ നന്ദിയും പറഞ്ഞു.

ചീഫ് കോർഡിനേറ്റർ സിമിഷ് സാഹു, കോർഡിനേറ്റർമാരായ
ടെൽസൺ കോട്ടോളി,
ജനറൽ കൺവീനർ പി.ആർ. സ്റ്റാൻലി, ജോയിൻ്റ് കൺവീനർമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, മെഡാലിൻ റിജോ, സോണി അജിത്, വൃന്ദ അജിത്കുമാർ, മണി സജയൻ തുടങ്ങീയവർ നേതൃത്വം നൽകി.

കർക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളെജിലെ ബോട്ടണി വിഭാഗം

ഇരിങ്ങാലക്കുട : കർക്കിടക മാസാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിൽ കർക്കിടകക്കഞ്ഞിയുടെയും മരുന്നുണ്ടയുടെയും വിതരണവും വിപണനവും സംഘടിപ്പിച്ചു.

ഈ അധ്യയന വർഷം പുതുതായി ആരംഭിച്ച ‘ആയുർബോട്ടണി’ കോഴ്‌സിന്റെ ഭാഗമായി വിദ്യാർഥിനികളും കോളെജിലെ ഹെർബൽ കോസ്മെറ്റോളജി യൂണിറ്റും ചേർന്നാണ് ഔഷധക്കഞ്ഞിയും മരുന്നുണ്ടയും തയ്യാറാക്കിയത്.

കോളെജിലെ ബോട്ടണി വിഭാഗവും നേച്ചർ ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി ഉദ്ഘാടനം ചെയ്തു.

വർധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ ആരോഗ്യസംരക്ഷണത്തിനായി പരമ്പരാഗത ഭക്ഷണശീലങ്ങളും ഔഷധസസ്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം ഡോ. സി. ബ്ലെസ്സി ഓർമപ്പെടുത്തി.

തുടർന്ന് ബോട്ടണി വിഭാഗം ഹെർബേറിയം കീപ്പർ എൻ.ജെ. വത്സയ്ക്ക് മരുന്നുണ്ടയുടെ ആദ്യ വിൽപ്പന നടത്തി.

ബോട്ടണി വിഭാഗം മേധാവി ഡോ. ആൽഫ്രഡ് ജോ കർക്കിടകക്കഞ്ഞിയുടെ ആദ്യ വിതരണം നിർവഹിച്ചു.

പ്രകൃതിദത്തമായ പാരമ്പര്യ ചികിത്സാരീതികളോടും ആരോഗ്യകരമായ ജീവിതശൈലിയോടും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

“വായിക്കാം ഗോളടിക്കാം” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ. പബ്ലിക് ലൈബ്രറിയുടെയും എസ്.എൻ. സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ “വായിക്കാം ഗോളടിക്കാം” പരിപാടി സംഘടിപ്പിച്ചു.

എസ്.എൻ. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനായ ഡോ. സി.കെ. രവി അധ്യക്ഷത വഹിച്ചു.

എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ കെ.സി. ബിന്ദു മുഖ്യാതിഥിയായി.

വിജയിയായ അതിഥി ബിജോഷിന് ഡോ. സി.കെ. രവി ഫുട്ബോൾ സമ്മാനം നൽകി.

കറസ്പോണ്ടൻ്റ് മാനേജർ പി.കെ. ഭരതൻ മാസ്റ്റർ, ലൈബ്രേറിയൻ ബീന, എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സി.ജി. സിൻല, സ്റ്റാഫ് സെക്രട്ടറി സിന്ധു എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഞാറ്റുവേല മഹോത്സവത്തിന് സാഹിത്യഭംഗി പകർന്ന് “കഥാമധുരം”

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ പത്താമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “കഥാമധുരം” കഥയരങ്ങ് ശ്രദ്ധേയമായി.

മുൻ എം.പി.യും മുൻ എം.എൽ.എ.യുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ. ദിനേശ് രാജ് അധ്യക്ഷത വഹിച്ചു.

സതീഷ് മഠത്തിൽ സ്വാഗതവും നോമി കൃഷ്ണ നന്ദിയും പറഞ്ഞു.

കഥയരങ്ങിൽ ഇരിങ്ങാലക്കുട ബാബുരാജ്, പുഷ്പൻ ആശാരിക്കുന്ന്, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, വിജയൻ ചിറ്റേക്കാട്ടിൽ, നോമി കൃഷ്ണ, വേണുഗോപാൽ, ശ്രീല, വിനോദ് എടതിരിഞ്ഞി, ഷൈജൻ കോമ്പരുപറമ്പിൽ, പ്രീമി ജോൺസൺ, സതീഷ് മഠത്തിൽ എന്നിവർ കഥകൾ അവതരിപ്പിച്ചു.

റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത, ചാലക്കുടി ഫൊറോന പള്ളി ഇടവകാംഗമായ റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പിലിനെ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു.

റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള കോർഡിനേറ്റർ ആയി സേവനം ചെയ്തു വരവേയാണ് പുതിയ നിയോഗം.

ഫാ. ടൈറ്റസ് ചാലക്കുടി കാട്ടുപറമ്പിൽ തറവാട്ടിൽ ലോന- മേരി ദമ്പതികളുടെ മകനായി 1972ൽ ജനിച്ചു. ജോബ്, ബിന്നി, ടിസി എന്നിവർ സഹോദരങ്ങളാണ്.

സ്കൂൾ വിദ്യാഭ്യാസം അന്നനാട് യൂണിയൻ ഹൈസ്കൂളിലും ഡിഗ്രി പഠനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുമാണ് നടത്തിയത്.

പ്രാഥമിക വൈദിക പരിശീലനം ഇരിങ്ങാലക്കുട സെൻ്റ് പോൾസ് മൈനർ സെമിനാരിയിലും ഫിലോസഫി- തിയോളജി പഠനങ്ങൾ കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പൂർത്തിയാക്കി.

1999 ജനുവരി 2ന് ചാലക്കുടി, സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ വച്ച് ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

അസിസ്റ്റൻ്റ് വികാരിയായി എടതിരുത്തി ഫൊറോന, സൗത്ത് താണിശ്ശേരി ഇടവകകളിലും വികാരിയായി കൊടുങ്ങല്ലൂർ, പടിഞ്ഞാറേ വെമ്പല്ലൂർ, ആനത്തടം, കുഴൂർ, സേവിയൂർ ഇടവകകളിലും അജപാലന ശുശ്രൂഷ നിർവഹിച്ചു.

എം.എ., എം.എഡ്. തുടങ്ങിയ ബിരുദാനന്തര ബിരുദങ്ങളും റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാശാസ്ത്രത്തിൽ ലൈഷ്യൻഷേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട രൂപതയിലെ സഹൃദയ കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും ആളൂർ, നവചൈതന്യ, ആനന്തപുരം, സാൻജോ സദൻ എന്നിവയുടെ അസി. ഡയറക്ടർ, രൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി എന്നീ നിലകളിലും ശുശ്രൂഷ ചെയ്തു.

നിലവിൽ ഷംഷാബാദ് അതിരൂപതയുടെ കീഴിൽ വരുന്ന സില്‍ച്ചാര്‍ സീറോ മലബാർ മിഷൻ്റെ കോർഡിനേറ്റർ ആണ്.

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ടൈറ്റസ് നല്ല വാഗ്മിയും മികച്ച സംഘാടകനും തികഞ്ഞ ഒരു അഡ്മിനിസ്ട്രേറ്ററുമാണ്.