ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ ‘സുവർണ്ണരേഖ’ ആഗസ്റ്റ് 16ന് അനുവാചകരിലേക്ക്

ഇരിങ്ങാലക്കുട : ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി സ്മരണികയായ ‘സുവർണ്ണരേഖ’യുടെ വിതരണവും സാംസ്കാരിക സംഗമവും ആഗസ്റ്റ് 16ന് വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടക്കും.

കഥകളി ക്ലബ്ബിന്റെ സുവർണ്ണജൂബിലിയാഘോഷ പരമ്പരയിൽ ഒരു വർഷക്കാലം നീണ്ടുനിന്ന നൂറിലധികം രംഗാവതരണങ്ങളിൽ പങ്കെടുത്ത പ്രമുഖ കലാകാരന്മാർ, കലാനിരൂപകർ, ചിന്തകർ, പ്രഭാഷകർ തുടങ്ങിയവരുടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുവർണ്ണരേഖ’ എന്ന സവിശേഷ സ്മരണിക തയ്യാറാക്കിയിരിക്കുന്നത്.

വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക ചടങ്ങിൽ സുവർണ്ണരേഖയുടെ ചെയർമാൻ അനിയൻ മംഗലശ്ശേരി പ്രവേശികയും, എഡിറ്റർ ദിലീപ്കുമാർ പീഠികയും അവതരിപ്പിക്കും.

ഡോ. എൻ. അജയ്കുമാർ, സജനീവ് ഇത്തിത്താനം എന്നിവർ സ്മരണികയെ കേന്ദ്രീകരിച്ച് പ്രഭാഷണം നടത്തും.

സ്മരണികയുടെ ആദ്യപ്രതി കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശുഭ വാസുദേവന് നൽകി വിതരണത്തിന് തുടക്കം കുറിക്കും.

സ്മരണികയുടെ മുഖചിത്രം രൂപകല്പന ചെയ്ത പ്രശസ്ത കാലിയോഗ്രാഫർ നാരായണ ഭട്ടതിരിയെയും സോവനീർ ഡിസൈനറായ അഷറഫിനേയും
തദവസരത്തിൽ അനുമോദിക്കും.

ശേഷം വൈകീട്ട് 6 മണിക്ക് ചെന്നൈ വിശ്വാസ് ഹരി നയിക്കുന്ന ‘തന്ത്രിധ്വനി’ മാൻഡോലിൻ സംഗീതസന്ധ്യ അരങ്ങേറും.

മൃദംഗത്തിൽ കൃപാൽ സായ്റാമും, ഘടത്തിൽ ശ്രീജിത്ത് വെള്ളാറ്റഞ്ഞൂരും അകമ്പടിയേകും.

കൂടൽമാണിക്യത്തിലെ ഇല്ലം നിറ

ഇരിങ്ങാലക്കുട : കൂടൽമാണിക്യത്തിലെ ഇല്ലം നിറ ആഘോഷത്തിന് മുന്നോടിയായി കൊയ്ത്തുത്സവം നടന്നു.

പൊൻകതിരുകൾ വിളഞ്ഞ വയലിൽ കൊയ്ത്തിന്റെ ആവേശത്തിനൊപ്പം ഉദിമാനം അയപ്പൻകുട്ടിയുടെ നേതൃത്വത്തിലുള്ള നാടൻ കലാസംഘത്തിന്റെ നാടൻപാട്ടുകളും അരങ്ങേറി.

ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു.

ദേവസ്വം മെമ്പർമാരായ ഡോ. മുരളി ഹരിതം, അഡ്വ. കെ.ജി. അജയകുമാർ, രാഘവൻ മുളങ്ങാടൻ എന്നിവർ പ്രസംഗിച്ചു.

ധാരാളം ഭക്തജനങ്ങൾ, പൊതുപ്രവർത്തകർ, ക്ഷേത്രം ജീവനക്കാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

കൂൺ കൃഷി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്‌ കാർഷിക സേവന കേന്ദ്രത്തിൽ നടന്ന കൂൺ കൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ നിർവഹിച്ചു.

സംസ്ഥാന കൃഷി വകുപ്പ് കൂൺഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ഇരിങ്ങാലക്കുട കാർഷിക സേവന കേന്ദ്രത്തിൽ രണ്ട് യൂണിറ്റുകളിലായി കൂൺ കൃഷി ആരംഭിച്ചത്.

മുഖ്യാതിഥികളായി കാറളം പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ സരള വിക്രമൻ എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എൻ.ബി. പവിത്രൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി. നെൽസൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്ത്കുമാർ, മെമ്പർമാരായ അംബുജ രാജൻ, പ്രസീന സജയൻ, രജനി നന്ദകുമാർ, മണി സജയൻ, കെ.എ. സുരേഷ്ബാബു, കെ. രാജേഷ്, കെ.യു. വിജയൻ, അജയൻ തറയിൽ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, കാർഷിക സേവന കേന്ദ്രം ഫെസിലിറ്റേറ്റർ അനിത ശശിധരൻ, പ്രസിഡന്റ്‌ വിനോദ്, അംഗങ്ങളായ ജയചന്ദ്രൻ, സച്ചിൻ, ഉമാനന്ദ്, വർക്കിങ് ഗ്രൂപ്പ്‌ മെമ്പർമാർ എന്നിവർ പങ്കെടുത്തു.

മെറ്റ്സ് കോളെജിൽ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മാള മെറ്റ്സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ ഡി.കെ.എം.എസ്. ഫൗണ്ടേഷൻ ഇന്ത്യയുടെ സഹകരണത്തോടെ രക്തദാർബുദ ചികിത്സയിൽ സ്റ്റെം സെൽ ദാനത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

“ഇന്നത്തെ അവബോധം, നാളത്തെ രോഗമുക്തി” എന്ന സന്ദേശത്തോടെയാണ് വിദ്യാർഥികളിൽ സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതുവഴി ഗുരുതര രക്തരോഗങ്ങൾ ബാധിച്ച രോഗികൾക്ക് ലഭിക്കുന്ന ചികിത്സാ സഹായത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന പരിപാടി സംഘടിപ്പിച്ചത്.

മെറ്റസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

സ്റ്റെം സെൽ ദാനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിനും കൂടുതൽ യുവജനങ്ങളെ ദാതാക്കളായി മുന്നോട്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം ബോധവത്കരണ പരിപാടികൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.കെ.എം.എസ്. ഫൗണ്ടേഷൻ ഇന്ത്യയിലെ ദാതാക്കളുടെ രജിസ്ട്രേഷൻ വിഭാഗം അസോസിയേറ്റ് ഇന്ദിര രഞ്ജിനി റോയ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.

സ്റ്റെം സെൽ എന്താണെന്നും സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സയുടെ പ്രാധാന്യം എന്താണെന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചു.

രക്താർബുദം ഉൾപ്പെടെയുള്ള ഗുരുതര രക്തരോഗങ്ങൾ ബാധിച്ച നിരവധി രോഗികൾക്ക് സ്റ്റെം സെൽ മാറ്റിവയ്ക്കൽ ചികിത്സ ജീവൻ നിലനിർത്തുന്നതിനുള്ള പ്രധാന ചികിത്സാ മാർഗമാണ്. എന്നാൽ രോഗിയുമായി ജനിതകമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ ദാതാവിനെ കണ്ടെത്തുക എന്നത് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവാന്മാരായ യുവജനങ്ങൾ സ്റ്റെം സെൽ ദാതാക്കളായി രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകതയും പരിപാടിയിൽ വിശദീകരിച്ചു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതവും ദേശീയ സേവന പദ്ധതി പ്രോഗ്രാം ഓഫീസർ സി.എസ്. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

എൻ.എസ്.എസ്. വൊളൻ്റിയർ സെക്രട്ടറിമാരായ കെ.എ. ഫാരീസ്, ആർദ്ര സി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എൻ.എസ്.എസ്. യൂണിറ്റ് വൊളൻ്റിയർമാരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.

പ്രോഗ്രാമിന് ശേഷം നൂറിലധികം വിദ്യാർഥികൾ സ്റ്റെം സെൽ ദാതാക്കളായി പേര് രജിസ്റ്റർ ചെയ്തു.

വെളയനാട്ടമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : വെളയനാട് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ വെളയനാട്ടമ്മയുടെ സ്വർഗ്ഗാരോഹണ തിരുനാളിന് കൊടിയേറി.

സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടർ ഫാ. ആന്റണി മുക്കാട്ടുകരക്കാരൻ കൊടിയേറ്റം നിർവഹിച്ചു.

ദേവാലയ വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പിൽ സന്നിഹിതനായിരുന്നു.

ആഗസ്റ്റ് 15 ശനിയാഴ്ചയാണ് തിരുനാൾ ആഘോഷിക്കുന്നത്.

രാവിലെ 9 മണിക്ക് ഊട്ടുസദ്യ ആരംഭിക്കും.

9.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. റിനിൽ കാരാത്ര മുഖ്യകാർമികത്വം വഹിക്കും. ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ തിരുനാൾ സന്ദേശം നൽകും.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 സാമ്പത്തിക വർഷത്തേക്കുള്ള പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൻ്റെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

2026-2 7 വാർഷത്തേക്കുള്ള 24,88,000 രൂപയ്ക്കുള്ള പദ്ധതികൾ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബി. പവിത്രൻ അവതരിപ്പിച്ചു.

കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൃന്ദ അജിത്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബുജ രാജൻ, പ്രസീന സജയൻ, കെ.എ. സുരേഷ് ബാബു, കെ. രാജേഷ്, കെ.യു. വിജയൻ, മണി സജയൻ, അജയൻ തറയിൽ, രജനി നന്ദകുമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി. നെൽസൺ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ നന്ദിയും പറഞ്ഞു.

സംഘടനയുടെ ലൈഫ് ലൈന്‍ പദ്ധതിയില്‍ നിന്ന് ലഭിച്ച പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള

ഇരിങ്ങാലക്കുട : അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് കേരള ഇരിങ്ങാലക്കുട യൂണിറ്റ് മെമ്പറായിരുന്ന ഗോപി മാപ്രാണത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സംഘടനയുടെ ലൈഫ് ലൈന്‍ പദ്ധതിയില്‍ നിന്ന് ലഭിച്ച 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

യൂണിറ്റ് പ്രസിഡന്റ് ദിലീപ് കുമാര്‍, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എടച്ചാലി, ട്രഷറര്‍ ചന്ദ്രശേഖരന്‍, വൈസ് പ്രസിഡൻ്റ് വിന്‍സെന്റ്, ജോയിൻ്റ് സെക്രട്ടറി സുരേന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ വേണു, ശിവന്‍ കാറളം, ജോണ്‍സണ്‍, ദാസന്‍, കെ.ആര്‍. ഉണ്ണികൃഷ്ണന്‍, കെ.കെ. ബാലൻ, കുട്ടന്‍ എന്നിവർ സന്നിഹിതരായിരുന്നു.

കുഴഞ്ഞുവീണു മരിച്ചു

ഇരിങ്ങാലക്കുട : പുല്ലൂർ കുഞ്ഞുമാണിക്യൻ മൂല കയ്യാലപ്പറമ്പിൽ വീട്ടിൽ പരേതനായ കുഞ്ഞൻ മകൻ സുബ്രഹ്മണ്യൻ (57) കുഴഞ്ഞുവീണു മരിച്ചു.

കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ അംഗമാണ്.

സംസ്കാരം ആഗസ്റ്റ് 14 (വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് മുക്തിസ്ഥാനിൽ.

ഭാര്യ : ലിജ

മകൻ : സൂരജ് (ഗൾഫ്)

വെസ്റ്റ ഐസ്ക്രീം തൊഴിലാളികൾക്ക്20% ബോണസ്

ഇരിങ്ങാലക്കുട : വെസ്റ്റ ഐസ്ക്രീം നിർമാതാക്കളായ കെഎസ്ഇ ലിമിറ്റഡിന്റെ കോനിക്കര
ഡയറി ഡിവിഷനിലെ തൊഴിലാളികൾക്ക് 2025- 26 വർഷത്തേക്കുള്ള ബോണസ് ആയി അവരുടെ മൊത്തവേതനത്തിന്റെ 20% വരുന്ന സംഖ്യ നൽകാൻ മാനേജ്മെന്റ് – യൂണിയൻ പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി.

ഇരിങ്ങാലക്കുട സോൾവെന്റ് ഹൗസിൽ ചേർന്ന ചർച്ചയിൽ ഉണ്ടായ കരാറിൽ തൊഴിലാളികളെ പ്രതിനിധീകരിച്ച്‌
കെഎസ്ഇ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) പ്രസിഡന്റ്‌ കെ.എൻ. നാരായണൻ, സെക്രട്ടറി പി.എസ്. കുമാർ, കെഎസ്ഇ ലേബർ യൂണിയൻ (എഐടിയുസി) ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, പ്രസിഡന്റ് എം.എസ്. ബിന്ദു എന്നിവരും മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ എം. സെന്തിൽകുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. അനിൽകുമാർ, മാനേജർമാരായ സി. അരുൺ, പി. രമേഷ്, റോഷൻ ജോസ് എന്നിവരും ഒപ്പ് വെച്ചു.

ക്രൈസ്റ്റ് കോളെജിൽ എൻ.സി.സി. സൈക്ലത്തോൺ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര യുവജനദിനാചരണത്തിന്റെയും “ഹർ ഘർ തിരംഗ” പ്രചാരണത്തിന്റെയും ഭാഗമായി ക്രൈസ്റ്റ് കോളെജിലെ എൻ.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ സൈക്ലത്തോൺ സംഘടിപ്പിച്ചു.

യുവജന പങ്കാളിത്തം, ദേശസ്നേഹം, ശാരീരികക്ഷമത, സാമൂഹിക ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ്, എൻ.സി.സി. എഎൻഒ ലെഫ്റ്റനന്റ് ഡോ. ഫ്രാങ്കോ ടി. ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലും 23 കേരള ബറ്റാലിയൻ എൻ.സി.സി.യിലെ പി.ഐ. സ്റ്റാഫ് ഹവിൽദാർ കെ. സൂരജിൻ്റെ സഹകരണത്തോടെയുമാണ് പരിപാടി നടന്നത്.

പൊലീസ് വകുപ്പിലെ സബ് ഇൻസ്പെക്ടർ പാട്രിക് സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

ഇരിങ്ങാലക്കുടയിലെ വിവിധ പ്രധാന കേന്ദ്രങ്ങളിലൂടെ സൈക്ലത്തോൺ കടന്നുപോയി.

ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന എൻ.സി.സി. മൈം അവതരിപ്പിച്ചു.