നവതി ആഘോഷിക്കുന്ന പ്രതാപ്സിംഗിനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : പ്രതാപ്സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പും കഥാതല്പം തൃശൂരും കൈകോർത്ത് നവതി ആഘോഷിക്കുന്ന സംഗീത സംവിധായകൻ പ്രതാപ്സിംഗിനെ അനുമോദിച്ചു.

റിട്ട. ജില്ലാ ജഡ്ജി കെ. വിജയകുമാർ പ്രതാപ്സിംഗിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ മ്യൂസിക് ഗ്രൂപ്പ് പ്രസിഡൻ്റ് ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ചിറ്റിലപ്പിള്ളി, എം.പി. സുരേന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

കഥാതല്പം തൃശൂർ പരിപാലകൻ യു.കെ. സുരേഷ് കുമാർ, പി കെ. ഭരതൻ മാസ്റ്റർ, പരശുറാം, രാജേഷ് തെക്കിനിയേടത്ത്, രാധാകൃഷ്ണൻ വെട്ടത്ത്, പി.എൻ. സുനിൽ, ആൻ്റണി കൈതാരത്ത്, ഇരിങ്ങാലക്കുട ബാബുരാജ്, മനീഷ് അരീക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി ഗോപാലൻ തമ്പി സ്വാഗതവും, ട്രഷറർ കെ.ആർ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

തുടർന്ന് നന്മ ഇരിങ്ങാലക്കുട അവതരിപ്പിച്ച സംഗീത വിരുന്ന് അരങ്ങേറി.

സൗജന്യ നേത്ര – എല്ലുരോഗ – ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറും മെട്രോ ഐ കെയറും സംയുക്തമായി സൗജന്യ നേത്ര – എല്ലുരോഗ – ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പിന്നോക്ക ബസ്തി പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി ദത്തെടുത്ത ഇരിങ്ങാലക്കുട കനാൽ ബേസിൽ സംഘടിപ്പിച്ച ക്യാമ്പ് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിച്ചു.

പ്രശസ്ത എല്ലുരോഗ വിദഗ്ധൻ ഡോ. കെ.പി. ജയകുമാർ, പ്രമുഖ ഫിസിഷ്യൻ ഡോ. രാജീവ്, പ്രമുഖ കണ്ണുരോഗ വിദഗ്ധ ഡോ. രജനി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി വി. സായ്റാം സ്വാഗതവും ട്രഷറർ ഐ. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

സേവാഭാരതി വൈസ് പ്രസിഡൻ്റ് പ്രകാശൻ കൈമാപറമ്പിൽ, ജോയിൻ്റ് സെക്രട്ടറി ഗോപിനാഥൻ പീടികപറമ്പിൽ, ഐടി കോർഡിനേറ്റർ ലിബിൻ രാജ്, ആരോഗ്യ ആയാം കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ, വിദ്യാഭ്യാസ ആയാം കൺവീനർ കല കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എൻ. സുരേഷ്, ഹരികുമാർ തളിയക്കാട്ടിൽ, സൗമ്യ സംഗീത്, സ്വാവലംബൻ ആയാം കൺവീനർ ജയശങ്കർ, സാമാജികം ആയാം കൺവീനർ രാജേഷ് കുട്ടൻ, അന്നദാന സമിതി സെക്രട്ടറി ബാബു നടുവളപ്പിൽ, മെഡിസെൽ സെക്രട്ടറി മിനി സുരേഷ്, വിദ്യാഭ്യാസ സമിതി സെക്രട്ടറി ഷൈലജ ഗോപിനാഥൻ, സേവാഭാരതി പാലിയേറ്റീവ് നേഴ്സ് ടിൻ്റു സുഭാഷ്, സേവാഭാരതി പ്രവർത്തകരായ ഷീന ബാബു, മോഹിത്, മണികണ്ഠൻ ചൂണ്ടാണി, കനാൽ ബേസിലെ കീ പേഴ്സൺ മണി ഗോപി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ എല്ലിന്റെ സാന്ദ്രത അളക്കുന്ന ബിഎംഡി ടെസ്റ്റും ക്രിയാറ്റിൻ ടെസ്റ്റും ഇസിജിയും സൗജന്യമായി ചെയ്തു നൽകി.

കൂടാതെ ക്യാമ്പിൽ പങ്കെടുത്ത അർഹതപ്പെട്ടവർക്ക് സൗജന്യമായി നേത്ര തിമിര ശസ്ത്രക്രിയയും ചെയ്തു നൽകും.

മദ്രാസ് ഐഐടിയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ രാഹുൽ രാജൻ വൈപ്പുള്ളിയെ പ്രസ്തുത പരിപാടിയിൽ വച്ച് ഡോ. രാജീവ് ആദരിച്ചു.

ജീവിതശൈലി രോഗ നിവാരണവും സൗജന്യ പൾസ് തെറാപ്പി ക്യാമ്പും ആരംഭിച്ചു

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബും കംപാനിയോ കമ്പനിയും സംയുക്തമായി തുമ്പൂർ ലയൺസ് ക്ലബ്ബ് ഹാളിൽ ജീവിതശൈലി രോഗനിവാരണവും സൗജന്യ പൾസ് തെറാപ്പി ക്യാമ്പും ആരംഭിച്ചു.

ജീവിതശൈലി രോഗ നിവാരണത്തിനായി മരുന്നുകളോ ഇഞ്ചക്ഷനുകളോ ഇല്ലാതെയാണ് തികച്ചും സൗജന്യമായി 30 മിനിറ്റ് വെച്ച് 20 ദിവസം കൊണ്ട് സൗജന്യ പൾസ് തെറാപ്പി രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ ഏപ്രിൽ 30 വരെ സംഘടിപ്പിക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി നിർവഹിച്ചു.

റോയ് ജോർജ്ജ് ആലുക്കൽ, ലയൺസ് ക്ലബ്ബ് സോൺ ചെയർമാൻ ഹാരിഷ് പോൾ, പ്രസിഡൻ്റ് രാജേഷ് സിദ്ധാർത്ഥൻ, സെക്രട്ടറി പ്രദീപ്, ട്രഷറർ ജെയ്സൺ ദേവസ്സി എന്നിവർ സന്നിഹിതരായിരുന്നു.

ആളൂരിൽ നാല് ആടുകളെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി ; കുറുനരി ആക്രമണമെന്ന് സംശയം

ഇരിങ്ങാലക്കുട : ആളൂർ പഞ്ചായത്തിലെ 4-ാം വാർഡിൽ ആനത്തടം ഭാഗത്ത്‌ ചാതേലി പൗലോസ് മകൻ മാത്യുവിൻ്റെ 4 ആടുകളെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽ കണ്ടെത്തി.

രണ്ട് മാസത്തിനുള്ളിൽ ഈ പരിസരത്തു നിന്ന് എട്ടോളം ആടുകളെ ഇതുപോലെ കടിച്ചു കൊന്നിട്ടുണ്ട്.

ആക്രമണത്തിനു പിന്നിൽ കുറുനരിയാണെന്നാണ് കർഷകരുടെ സംശയം.

വളർത്തുമൃഗങ്ങൾക്കു നേരെയുള്ള ഇവയുടെ നിരന്തര ആക്രമണത്തിനെതിരെ എത്രയും വേഗം ശാശ്വത പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

നിർമ്മല പണിക്കരെ ആദരിച്ചു

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നർത്തകിയും കലാപ്രവർത്തകയുമായ നിർമ്മല പണിക്കരെ നടനകൈരളിയിൽ വെച്ച് ആദരിച്ചു.

സ്വാതി തിരുനാൾ സംഗീതോത്സവത്തോടനുബന്ധിച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന ആദരവു ചടങ്ങാണ് അന്നേ ദിവസം അവർക്ക് പങ്കെടുക്കാൻ സാധിക്കാതിരുന്നതിനാൽ പ്രത്യേകം സംഘടിപ്പിച്ചത്.

കലാരംഗത്ത് ദീർഘകാലമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നിർമ്മല പണിക്കരെ നാദോപാസന ആദരിച്ചത്.

ചടങ്ങിൽ നാദോപാസന ഭാരവാഹികളും കലാസാംസ്കാരിക പ്രവർത്തകരും സന്നിഹിതരായിരുന്നു.

ജില്ലാ കളക്ടർക്ക് പരാതി നൽകി ; സിലിണ്ടറുകൾ അനുവദിച്ചതിനെ തുടർന്ന് പൂമംഗലം ശാന്തിതീരം വാതക ശ്മശാനം താൽക്കാലികമായി തുറന്നു

ഇരിങ്ങാലക്കുട : രാജ്യത്തെ പിടിച്ചുലച്ച പാചക വാതക ക്ഷാമം രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടറുകൾക്ക് നിയന്ത്രണം വന്നതോടെ അടച്ചുപൂട്ടിയ പൂമംഗലം പഞ്ചായത്തിന്റെ ശാന്തിതീരം വാതക ശ്മശാനം താൽക്കാലികമായി തുറന്നു.

ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് നാല് സിലിണ്ടറുകൾ ലഭിച്ചതിനെ തുടർന്നാണ് ശ്മശാനം വീണ്ടും തുറന്നത്. എട്ടു സിലിണ്ടറുകളാണ് അനുവദിച്ചിരിക്കുന്നതെങ്കിലും നാലെണ്ണം മാത്രമാണ് ഏജൻസി ശ്മശാനത്തിൽ എത്തിച്ചു നൽകിയത്. ബാക്കി നാലെണ്ണം ചാലക്കുടിയിലുള്ള ഗോഡൗണിൽ പോയി എടുക്കാനാണ് ഏജൻസിയുടെ നിർദ്ദേശം.

1300 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടറിന് ഇപ്പോൾ 2092 രൂപയാണ് ഈടാക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോൾ ഏജൻസിയിൽ പോയി സിലിണ്ടർ സ്വീകരിക്കണമെന്ന നിർദ്ദേശം വെച്ചിരിക്കുന്നത്. ഇതോടെ പഞ്ചായത്ത് പ്രതിസന്ധിയിലായിരിക്കുകയാണ്.

നിർധനരായ ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്തിന്റെ ശ്മശാനത്തിൽ 2500 രൂപ മാത്രമാണ് ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി വാങ്ങുന്നത്. ഒരു മൃതദേഹം സംസ്കരിക്കാൻ ഒരു സിലിണ്ടർ മുഴുവനായും വേണ്ടിവരും. അതിനാൽ തന്നെ ഇപ്പോഴത്തെ അവസ്ഥ പഞ്ചായത്തിന് വലിയ സാമ്പത്തിക വെല്ലുവിളിയായിരിക്കുകയാണ്.

അതിനാൽ തന്നെ ബാക്കി നാല് സിലിണ്ടറുകൾ സ്വീകരിച്ചിട്ടില്ലെന്നും അടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും പ്രസിഡൻ്റ് കൂട്ടിച്ചേർത്തു.

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം

ഇരിങ്ങാലക്കുട : സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് തിളക്കമാർന്ന 100% വിജയം.

ആകെ പരീക്ഷയെഴുതിയ 113 കുട്ടികളിൽ 105 പേർ ഡിസ്റ്റിങ്ഷൻ നേടി.

62 പേർ 90%ന് മുകളിൽ മാർക്ക്‌ നേടി.

99.2% മാർക്കോടെ കെ.എസ്. നന്ദകിഷോർ ഒന്നാമതെത്തി. 98.4% മാർക്ക് നേടിയ മഞ്ജിമ മനോജ്‌ രണ്ടാം സ്ഥാനവും 97.8% മാർക്കോടെ കാർത്തിക മനോജ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് രാത്രി 9 മണി മുതൽ 6 ദിവസത്തേക്ക് പൂർണ്ണമായും നിരോധിച്ചു

കൊരട്ടി : നാഷണൽ ഹൈവേ 544ൽ മുരിങ്ങൂർ- കൊരട്ടി- ചിറങ്ങര അടിപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അറ്റകുറ്റപണികൾക്കും ഭാരപരിശോധന നടത്തുന്നതിനുമായി ഇന്ന് (ഏപ്രിൽ 18) രാത്രി 9 മണി മുതൽ തുടർച്ചയായി 6 ദിവസത്തേക്ക് ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പടിഞ്ഞാറു വശത്തെ പഴയ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും പകരം കിഴക്കു ഭാഗത്തുള്ള പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ ഓരോ വരി വീതം കടത്തിവിടുകയും ചെയ്യും.

ഇതിൻ്റെ പശ്ചാത്തലത്തിൽ കൊരട്ടി മേഖലയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി തൃശൂർ റൂറൽ പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹനങ്ങൾ സുഗമമായി കടന്നുപോകാനുമാണ് ഗതാഗത ക്രമീകരണങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

തൃശൂർ ഭാഗത്തുനിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കോട്ടമുറിയിൽ നിന്നും തിരിഞ്ഞ് സാജോ നഗർ, പാറക്കൂട്ടം, കിൻഫ്ര, കോനൂർ, പെരുമ്പി വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

എറണാകുളം ഭാഗത്തുനിന്നും തൃശൂരിലേക്ക് വരുന്ന വാഹനങ്ങളെ ചിറങ്ങര മേൽപ്പാലം വഴി തിരിഞ്ഞ് ദേവമാത, കൊരട്ടി പള്ളി, കാടുകുറ്റി, മുരിങ്ങൂർ വഴി ദേശീയപാതയിലേക്ക് തിരിച്ചു വിടും.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി പി.എച്ച്. ഇബ്രാഹിമിൻ്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത നിയന്ത്രണത്തിനായി വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.

24 മണിക്കൂറും ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തിച്ചു വരുന്ന കൺട്രോൾ റൂമിന് പുറമെ ഗതാഗത ക്രമീകരണങ്ങൾക്കായി കൊരട്ടി എസ്എച്ച്ഒ ഹബീബുള്ള അടക്കം 10 പൊലീസ് ഉദ്യോഗസ്ഥരെയും 10 ട്രാഫിക് വാർഡൻമാരെയും 5 സായുധ പൊലീസ് സേനാംഗങ്ങൾ, 2 ഹോം ഗാർഡുകൾ എന്നിവരെയും ഗതാഗതം സുഗമമാക്കാൻ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ ഹൈവേ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണവും സ്ഥലത്തുണ്ടാകും.

കുട്ടൻകുളം നികത്തി സ്മാരകം പണിയുന്നതിൽ നിന്ന് പിന്മാറണം : കൂടൽമാണിക്യം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി ബിജെപി

ഇരിങ്ങാലക്കുട : കുട്ടൻകുളം നികത്തിയുള്ള സമര സ്മാരക നിർമ്മാണം
ഉപേക്ഷിക്കണമെന്നും, ക്ഷേത്രോത്സവ ചടങ്ങുകൾക്ക് മാറ്റം ആവശ്യമെങ്കിൽ തന്ത്രിമാർ, ദേവജ്ഞർ, ഭക്തജനങ്ങൾ എന്നിവരുമായി ചർച്ച ചെയ്തു മാത്രമേ നടപ്പിലാക്കാവൂ എന്നും ആവശ്യപ്പെട്ടു കൊണ്ട് ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി കൂടൽമാണിക്യം ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി.

കുട്ടന്‍കുളം നവീകരണം നടക്കുന്നതിന്റെ ഭാഗമായി കുട്ടൻകുളത്തിന്റെ കിഴക്കുവശം മണ്ണിട്ട് നികത്തി രാഷ്ട്രീയ സ്മാരകം നിർമ്മിക്കുന്നതിനുള്ള ദേവസ്വത്തിന്റെ നീക്കം അപലപനീയമാണ്. ക്ഷേത്ര നട മറച്ചു കൊണ്ടും, വാസ്തുപരമായ കണക്കുകൾ തെറ്റിച്ചു കൊണ്ടും, തണ്ണീർത്തട നിയമം ലംഘിച്ചു കൊണ്ടും നടത്തുന്ന ഇത്തരം പ്രവൃത്തികൾ ഭക്തർക്ക് അങ്ങേയറ്റം മനോവ്യഥ ഉണ്ടാക്കുന്നതാണെന്നും,
ക്ഷേത്രോത്സവ ചടങ്ങുകളിൽ നിലവിലെ ആചാരാനുഷ്ഠാന ക്രമങ്ങൾക്ക് മാറ്റം വരുത്തുവാനുള്ള നീക്കം അങ്ങേയറ്റം അപലനീയമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.

മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി. രമേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് രമേഷ് അയ്യർ, ടൗൺ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം. ബാബുരാജ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് പിഷാരടി, സൗമ്യ മനോജ് എന്നിവരാണ് നിവേദനം നൽകിയ സംഘത്തിൽ ഉണ്ടായിരുന്നത്.

മെത്രാഭിഷേകത്തിന്റെ 16-ാം വാർഷികം : ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന് പ്രാർത്ഥനാ മംഗളങ്ങൾ നേർന്ന് ഇടവക

ഇരിങ്ങാലക്കുട : മെത്രാഭിഷേകത്തിന്റെ 16-ാം വാർഷികദിനത്തിൽ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടന് സെന്റ് തോമസ് കത്തീഡ്രൽ ഇടവക സമൂഹം പ്രാർത്ഥനാ മംഗളങ്ങൾ നേർന്നു.

വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടൻ, ഫാ. ക്രിസ്‌റ്റോൺ കൈനാടത്തുപറമ്പിൽ, ഫാ. ജസ്റ്റിൻ കളർപാറ, കൈക്കാരന്മാരായ പി.ടി. ജോർജ്ജ്, സാബു ജോർജ്ജ്, തോമസ് തൊകലത്ത്, അഡ്വ. എം.എം. ഷാജൻ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് മാർ പോളി കണ്ണൂക്കാടൻ പിതാവ് കൃതജ്ഞതാ ദിവ്യബലി അർപ്പിച്ചു.