ഇൻ്റർനാഷണൽ ഫാഷൻ ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങി മൃദുല മനോജ്

ഇരിങ്ങാലക്കുട : തുർക്കിയിൽ വച്ച് നടക്കുന്ന ഇന്റർനാഷണൽ ഫാഷൻ ഷോയിലേക്ക് ‘ലിറ്റിൽ മിസ്സ്‌ യുണൈറ്റഡ് വേൾഡ്- ഇന്ത്യ’ ആയി ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട് മൃദുല മനോജ്.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയായ മൃദുല വെള്ളാങ്ങല്ലൂർ തറയിൽ മനോജ്‌ കുമാറിന്റെയും മോന മോഹന്റെയും മകളാണ്.

ഓട്ടിസം സെന്റർ പ്രവേശനോത്സവവും പഠനോപകരണ വിതരണവും

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബി.ആർ.സി.യിലെ ഓട്ടിസം സെന്ററിലെ പ്രവേശനോത്സവവും പഠനോപകരണ വിതരണവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി ഉദ്ഘാടനം ചെയ്തു.

എഇഒ എം.എസ്. രാജീവ് അധ്യക്ഷനായി.

സ്പെഷ്യൽ എഡ്യുക്കേറ്റർ ആതിര രവീന്ദ്രൻ ആമുഖപ്രഭാഷണം നടത്തി.

ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. ബ്രിജി മുഖ്യാതിഥിയായി.

ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ നിഷ പോൾ നന്ദിയും പറഞ്ഞു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : കാറളം സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2025-26 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എപ്ലസ് വിദ്യാർഥികളിൽ നിന്ന് വിദ്യഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു.

മാർക്ക് ലിസ്റ്റിന്റെ അറ്റസ്‌റ്റഡ് കോപ്പി, വിദ്യാർഥിയുടെ ഫോട്ടോ, ഫോൺ നമ്പർ രക്ഷിതാവിൻ്റെ ബാങ്കിലെ അംഗത്വനമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 16ന് വൈകീട്ട് 5 മണിക്കകം ബാങ്കിന്റെ കിഴുത്താണി ഹെഡ് ഓഫീസിൽ എത്തിക്കണമെന്ന് സെക്രട്ടറി വി.എ. ആശ അറിയിച്ചു.

പ്രതിഭാ സംഗമം നടത്തി

ഇരിങ്ങാലക്കുട : ആനന്ദപുരത്ത് നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സമിതി ചെയർമാൻ ജോൺസൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ സുനിത മുരളി, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനിൽകുമാർ, അജീഷ്, വാർഡ് സമിതി അംഗം എ.സി. ചന്ദ്രൻ, തങ്കപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

പ്രതിഭാ സംഗമത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികൾക്കുള്ള സ്വീകരണവും, പഠനോപകരണ വിതരണവും ഹെൽത്ത് വെൽനസ് മെഡിറ്റേഷൻ പ്രോഗ്രാമും നടന്നു.

സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവരെ അനുമോദിച്ചു

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ മിനി, സബ്ജൂനിയർ, വിഭാഗത്തിൽ പങ്കെടുത്ത കായികതാരങ്ങളെ പ്രോ വീൽസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.

ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് രാജു ജോൺ അധ്യക്ഷത വഹിച്ചു.

നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ ഉദ്ഘാടനം ചെയ്തു.

സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആൻസൺ ഡൊമനിക് സമ്മാനദാനം നിർവഹിച്ചു.

ക്ലബ്ബ് സെക്രട്ടറി മേരി ഹേദൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ.ആർ. രനീഷ് നന്ദിയും പറഞ്ഞു.

എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ബാസ്കറ്റ് ബോൾ കോർട്ടിൽ പ്രൊവിൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്കേറ്റിംഗ് പരിശീലനം നൽകുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

പ്രവേശനോത്സവവും പോഷകാഹാര ക്ലാസും നടത്തി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് അമൃതം 111-ാം നമ്പർ അങ്കണവാടിയിൽ പുതിയ വിദ്യാർഥികളുടെ സ്വീകരണവും തുടർപഠനത്തിന് പോകുന്നവരെ അനുമോദിക്കലും നടത്തി.

ഇതോടനുബന്ധിച്ച് അമ്മമാർക്കും കുട്ടികൾക്കുമുള്ള പോഷകാഹാര ക്ലാസും സംഘടിപ്പിച്ചു.

പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ കെ.വി. ഹജീഷ് അധ്യക്ഷനായി.

വി.ആർ. രഞ്ജിത്ത്, ആശാവർക്കർമാരായ മിനി, സുഷമ, മുൻ സി.ഡി.എസ്. മെമ്പർ ഗീത മോഹൻ, ലത സഹദേവൻ, അങ്കണവാടി വർക്കർ വിജി എന്നിവർ പ്രസംഗിച്ചു.

നാട്ടറിവ് ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ വി.കെ. ശ്രീധരൻ, ചെറുധാന്യങ്ങളുടെ പ്രചാരകനായ വി.കെ. സുരേഷ് കുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.

കരിയർ ഗൈഡൻസ് ക്ലാസും നിർമിതബുദ്ധി ബോധവത്ക്കരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസും നിർമിതബുദ്ധി ബോധവത്ക്കരണവും സംഘടിപ്പിച്ചു.

കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ ഉദ്ഘാടനം ചെയ്തു.

കേരള മഹിളാ സംഘം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിന്ധു ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ സെക്രട്ടറി ബിന്ദു പ്രദീപ് സ്വാഗതവും അഫീല നന്ദിയും പറഞ്ഞു.

കൈപ്പമംഗലം ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ഗീത, ആദിത്യൻ വെമ്പനാട് എന്നിവർ ക്ലാസുകൾ നയിച്ചു.

കേരള മഹിളാസംഘം മണ്ഡലം സെക്രട്ടറി അൽഫോൺസ തോമസ്, സിപിഐ കാറളം ലോക്കൽ സെക്രട്ടറി എം. സുധീർദാസ്, പഞ്ചായത്ത് അംഗം നിജി ലിജു തുടങ്ങിയവർ പ്രസംഗിച്ചു.

നിര്യാതനായി

കുട്ടൻ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് റോഡിൽ പാറപ്പുറം അച്ചങ്ങാടൻ കൊച്ചയ്യപ്പൻ മകൻ കുട്ടൻ (72) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച (ജൂൺ 08) രാവിലെ 11.30ന് പെരിഞ്ഞനം നിദ്ര ക്രിമിറ്റോറിയത്തിൽ.

ഭാര്യ : ഓമന

മക്കൾ : സന്ധ്യ, സന്ദീപ്, സലീഷ്

മരുമക്കൾ : കുമാരൻ, കല

കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചുറ്റുമതിലിലെ നിയമവിരുദ്ധ രാഷ്ട്രീയ ചുമരെഴുത്തുകൾ മാറ്റണം : യുവമോർച്ച

ഇരിങ്ങാലക്കുട : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചുറ്റുമതിലിലെ നിയമവിരുദ്ധ ഡിവൈഎഫ്ഐ/എസ്എഫ്ഐ രാഷ്ട്രീയ ചുവരെഴുത്തുകൾ നീക്കം ചെയ്യുന്നതിനായി അടിയന്തിര നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി യുവമോർച്ച കാറളം പഞ്ചായത്ത്‌ കമ്മിറ്റി.

പരാതി കൊടുത്തത്തിന്റെ പിന്നാലെ അത്‌ നീക്കം ചെയ്യാൻ മുന്നോട്ടുവന്ന സ്കൂൾ അധികൃതരെയും പരാതി കൊടുത്ത യുവമോർച്ച പഞ്ചായത്ത്‌ ഭാരവാഹികളെയും ഭീഷണിപ്പെടുത്തിയതായും ആരോപണം. ഇതിനെ തുടർന്ന് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി.

ഇനിയും സ്കൂൾ അധികൃതരെ ഭീഷണിപ്പെടുത്തി ചുമരെഴുത്തുകൾ നീക്കം ചെയ്യുന്നത് തടയാൻ ശ്രമിച്ചാൽ യുവമോർച്ച നേരിട്ട് ചുമരെഴുത്തുകൾ നീക്കം ചെയ്യുമെന്ന് യുവമോർച്ച ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ഇരട്ട സ്വർണം നേടി ദേശീയ ചാമ്പ്യനായി കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ

ഗുവാഹത്തി : അസമിലെ ഗുവാഹത്തിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ. ദേശീയ ഗ്രാപ്പ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ -62 കിലോഗ്രാം വിഭാഗത്തിൽ Gi, No-Gi ഇനങ്ങളിലായി മത്സരിച്ച കോണത്തുകുന്ന് സ്വദേശി ഷമീലുദ്ദീൻ ഇരട്ട സ്വർണമെഡൽ നേടി ദേശീയ ചാമ്പ്യനായി.

രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.

കഴിഞ്ഞ 8 വർഷത്തോളമായി കോച്ച് അഷ്കർ ബഷീറിന്റെ കീഴിൽ കോണത്തുകുന്ന് ആസ്ഥാനമായുള്ള ജി.എഫ്.സി. കോംപാറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഷമീലുദ്ദീൻ, അതേ സ്ഥാപനത്തിലെ പരിശീലകനായും പ്രവർത്തിച്ചുവരുന്നു.

ദേശീയ വേദിയിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ ഷമീലുദ്ദീന്റെ ഈ നേട്ടത്തിന് കായികരംഗത്തുനിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ഒഴുകിയെത്തുകയാണ്.