സ്നേഹാദരം : സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും 100% വിജയം നേടിയ വിദ്യാലയങ്ങളെയും ആദരിക്കുന്ന പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

എഇഒ എം.ആർ. രാജീവ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ശിവൻകുട്ടി, പി.എസ്. മനു, കെ.പി. കണ്ണൻ, പ്രിൻസിപ്പൽ എം.കെ. മുരളി, പ്രധാന അധ്യാപകരായ കെ.എസ്. സുഷ, പി.എ. അസീന എന്നിവർ ആശംസകൾ നേർന്നു.

ബിപിസി കെ.ആർ. സത്യപാലൻ സ്വാഗതവും ബിപിസി നീതു സുഭാഷ് നന്ദിയും പറഞ്ഞു.

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : വള്ളിവട്ടം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം സി.ബി. ഷക്കീല ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡൻ്റ് സി.ആർ. സോജൻ അധ്യക്ഷനായി.

സുരേഷ് പണിക്കശ്ശേരി, കെ.കെ. വത്സരാജ്, വി.ആർ. സുരേഷ് എന്നിവർ പ്രസംഗിച്ചു.

വിജയോത്സവം നടത്തി

ഇരിങ്ങാലക്കുട : ലിറ്റിൽ
ഫ്ലവർ കോൺവെൻ്റ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി.

2025-26 അധ്യയന വർഷത്തിൽ വിജയികളായ 284 വിദ്യാർഥിനികളെയും ഒപ്പം തന്നെ ഇരിങ്ങാലക്കുട രൂപതാതലത്തിൽ നടന്ന വേദോപദേശ സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയവരെയും കെ.സി.എസ്.എൽ. സംസ്ഥാനതല വിജയികളെയും, ഡി.സി.എൽ. സ്കോളർഷിപ്പ് പരീക്ഷയിലെ സംസ്ഥാനതല വിജയികളെയും, രാജ്പുരസ്കാർ അവാർഡ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു.

ഉദയ എജുക്കേഷൻ കൗൺസിലർ സിസ്റ്റർ മരിയറ്റ് അധ്യക്ഷത വഹിച്ചു.

ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. ഷൈല ഉദ്ഘാടനം ചെയ്തു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, വാർഡ് കൗൺസിലർ പി.വി. ശിവകുമാർ, പി.ടി.എ. പ്രസിഡൻ്റ് ജയ്ഫിൻ ഫ്രാൻസിസ്, വിജയോത്സവം കൺവീനർ ജെയ്‌സൺ കരപറമ്പിൽ, അധ്യാപക പ്രതിനിധി സിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

വിദ്യാർഥി പ്രതിനിധി പി.ജി. വരദ മറുപടി പ്രസംഗം നടത്തി.

പ്രധാന അധ്യാപിക സിസ്റ്റർ സുദീപ സ്വാഗതവും അധ്യാപിക ജെൻസി നന്ദിയും പറഞ്ഞു.

മാധവനാട്യഭൂമിയിലെ ദശരൂപക മഹോത്സവത്തിൽ “രുഗ്മിണി ഹരണം”

ഇരിങ്ങാലക്കുട : കൂടിയാട്ട ഇതിഹാസം അമ്മന്നൂർ മാധവ ചാക്യാരുടെ സ്മരണാർത്ഥം ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യഭൂമിയിൽ നടക്കുന്ന ഗുരുസ്‌മരണ ദശരൂപക മഹോത്സവത്തിൻ്റെ മൂന്നാം ദിവസം ഡോ. അപർണ നങ്ങ്യാർ സംവിധാനം ചെയ്ത “രുഗ്‌മിണി ഹരണം” കൂടിയാട്ടം അരങ്ങേറി.

കൂടിയാട്ടത്തിന് മുൻപ് ഡോ. വി.ആർ. മുരളീധരൻ “ദശരൂപകങ്ങളിലെ ഈഹാമൃഗം – രുഗ്‌മിണി ഹരണം ഗ്രന്ഥത്തിൻ്റെ സാഹിതീയത” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

രുഗ്‌മിണിയും സഖിയായ മകരന്ദികയും തമ്മിൽ കൃഷ്‌ണ ഗുണങ്ങളെക്കുറിച്ച് പറയുന്നതും രുഗ്‌മിണി കൃഷ്‌ണൻ്റെ ചിത്രം കണ്ട് അനുരാഗവിവശയാവുന്നതും ആയിരുന്നു പ്രധാന അഭിനയരംഗങ്ങൾ.

രുഗ്‌മിണിയായി ഡോ. അപർണ നങ്ങ്യാരും മകരന്ദികയായി സരിത കൃഷ്‌ണകുമാറും രംഗത്തെത്തി.

രുഗ്‌മിണി ഹരണം അവതരണത്തിൽ മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ,
കലാമണ്ഡലം നാരായണൻ നമ്പ്യാർ എന്നിവരും ഇടയ്ക്കയിൽ കലാനിലയം ഉണ്ണികൃഷ്‌ണൻ, മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും താളത്തിൽ ആതിര ഹരിഹരൻ, ഗുരുകുലം വിഷ്ണുപ്രിയ, ഗുരുകുലം ഋതു, ഗുരുകുലം ഗൗരി, മേധ നങ്ങ്യാർ എന്നിവരും പങ്കെടുത്തു.

നാലാം ദിവസമായ ശനിയാഴ്ച മാർഗിമധു ചാക്യാർ സംവിധാനം ചെയ്ത “രസസദനം” ഭാണം അരങ്ങേറും. ഏകപാത്ര അവതരണമായ ഭാണത്തിൽ മാർഗി മധു ചാക്യാർ ‘വിടനാ’യി രംഗത്തെത്തും.

ഭാണം അവതരണത്തിന് മുൻപ് ദിലീപ് രാജ “ഭാണം – കാവ്യഭംഗിയും അഭിനയ വഴികളും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

നിര്യാതനായി

അയ്യപ്പൻ

ഇരിങ്ങാലക്കുട : സൗഹൃദ റെസിഡന്റ്‌സ് അസ്സോസിയേഷൻ സ്ഥാപക നേതാവും ദീർഘകാല പ്രസിഡന്റും, പൊതുരംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന കിട്ടമേനോൻ റോഡിൽ പണിക്കവീട്ടിൽ അയ്യപ്പൻ (80) നിര്യാതനായി.

സംസ്കാരം പിന്നീട്.

മൃതദേഹം കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ മോർച്ചറിയിൽ.

ഭാര്യ : സുമ

മക്കൾ : സുധീർ (ദുബായ്), ആശ (അധ്യാപിക, സഹൃദയ കോളെജ്, കൊടകര)

മരുമക്കൾ : മഞ്ജു, സുധീഷ് (അധ്യാപകൻ, എൻജിനീയറിങ് കോളെജ്, തൃശൂർ)

കാറളം പഞ്ചായത്ത് കൃഷിഭവനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് കൃഷിഭവനിൽ ആരംഭിച്ച ഞാറ്റുവേല ചന്ത ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അജയൻ തറയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്‌മാൻ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ വൃന്ദ, പ്രസീന, വാർഡ് മെമ്പർമാരായ ഷമീർ, സരിത, നീതു, അഞ്ജു, പ്രിയ അനിൽ, വിജിൽ, പ്രദീപ്‌, രാജൻ, പ്രീത, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കൃഷി ഓഫീസർ അനഘ വി. ഗോപാൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് അക്ഷയ്കുമാർ നന്ദിയും പറഞ്ഞു.

കൃഷിഭവനിൽ ജൂലൈ 3, 4 തിയ്യതികളിലായി രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ചന്ത ഉണ്ടായിരിക്കുന്നതാണ്.

ലഹരിവിരുദ്ധ സന്ദേശവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൻ്റെ ‘മുക്തി’ വെബ്സൈറ്റ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ദ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളെജിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ചടങ്ങിൽ ക്രൈസ്റ്റ് കോളെജിന്റെ ലഹരിവിരുദ്ധ വെബ്സൈറ്റായ ‘മുക്തി’യുടെ ലോഞ്ചിങ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം നിർവ്വഹിച്ചു.

തുടർന്ന് വിദ്യാർഥികളുമായി അദ്ദേഹം ലഹരി എന്ന വിപത്തിനെതിരെ സംവദിക്കുകയും ചെയ്തു.

തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സലീഷ് ശങ്കർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സിനോ സേവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ലഹരി വിരുദ്ധ സന്ദേശം പകരുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

ദേശീയ ഡോക്ടേഴ്സ് ദിനാചരണം : മെറ്റ്‌സ് കോളെജിൽ കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് മാള മെറ്റ്‌സ് കോളെജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫൈൻ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിച്ചു.

വിദ്യാർഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മത്സരം സംഘടിപ്പിച്ചത്.

ബിഎസ്‌സി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മൂന്നാം സെമസ്റ്റർ വിദ്യാർഥി എൻ.എസ്. അപർണ്ണ റാണി ഒന്നാം സ്ഥാനവും, ബിഎസ്‌സി അഞ്ചാം സെമസ്റ്റർ വിദ്യാർഥി പ്രണയ ദാസ്, ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥി ആനന്ദകൃഷ്ണൻ പി. മധു എന്നിവർ രണ്ടാം സ്ഥാനവും, ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർഥി ഹരീസൺ പോളി മൂന്നാം സ്ഥാനവും നേടി.

വിജയികളെ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ്, അധ്യാപകർ ഫൈൻ ആർട്സ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

ജൻ സമ്മേളനങ്ങൾ നടത്തി മുരിയാട് പഞ്ചായത്ത്

ഇരിങ്ങാലക്കുട : വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്കർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ദേശീയതല ഉദ്ഘാടനത്തിന്റെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ വിവിധ വാർഡുകളിലായി ജൻ സമ്മേളനങ്ങൾ നടത്തി.

സമ്മേളനത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ്‌ സരള വിക്രമൻ നിർവഹിച്ചു.

യോഗത്തിൽ ഭരണസമതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

വിബിജി- റാംജി സാധ്യതകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

ദശരൂപക മഹോത്സവത്തിൽ പ്രഹസനം അരങ്ങേറി

ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ ദശരൂപകമഹോത്സവത്തിൻ്റെ രണ്ടാം ദിവസം മാർഗി മധു ചാക്യാർ സംവിധാനം ചെയ്ത മത്തവിലാസ പ്രഹസനം അരങ്ങേറി.

കൂടിയാട്ടത്തിന് മുൻപ് പ്രഹസനങ്ങളെ കേന്ദ്രീകരിച്ച് മധു ചാക്യാർ പ്രഭാഷണം നടത്തി.

മത്തവിലാസം കൂടിയാട്ടത്തിൽ കപാലിയായി നേപത്ഥ്യ യദുകൃഷ്ണൻ, ദേവസോമയായി നേപത്ഥ്യ ആരതി, ഉന്മത്തകനായി നേപത്ഥ്യ ശ്രീഹരി ചാക്യാർ, പാശുപതനായി ഗുരുകുലം തരുൺ, ശാക്യഭിക്ഷുവായി നേപത്ഥ്യ രാഹുൽ ചാക്യാർ എന്നിവർ രംഗത്തെത്തി.

മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ, നേപത്ഥ്യ ജിനേഷ് ചാക്യാർ,
നേപത്ഥ്യ അശ്വിൻ, നേപത്ഥ്യ ആദർശ് എന്നിവരും, ഇടയ്ക്കയിൽ കലാനിലയം രാജൻ, താളത്തിൽ സരിത കൃഷ്ണകുമാർ, ആതിര ഹരിഹരൻ, ഗുരുകുലം വിഷ്‌ണുപ്രിയ എന്നിവരും, ചമയത്തിൽ കലാനിലയം ഹരിദാസ്, കലാനിലയം സുന്ദരൻ എന്നിവരും പങ്കെടുത്തു.

മൂന്നാം ദിവസമായ വെള്ളിയാഴ്ച ഡോ. അപർണ നങ്ങ്യാർ സംവിധാനം ചെയ്ത രുഗ്‌മിണീഹരണം കൂടിയാട്ടം അരങ്ങേറും.

കൃഷ്‌ണനിൽ അനുരക്തയായ രുഗ്‌മിണി സഖിയായ മകരന്ദികയോട് കൂടി കൃഷ്‌ണകഥകളെ വർണ്ണിക്കുന്നതാണ് കഥാഭാഗം.

രുഗ്‌മിണിയായി ഡോ. അപർണ നങ്ങ്യാരും മകരന്ദികയായി സരിത കൃഷ്‌ണകുമാറും രംഗത്തെത്തും.

രുഗ്‌മിണീഹരണം കൂടിയാട്ടത്തിന് മുൻപ് “ദശരൂപകങ്ങളിലെ ഈഹാമൃഗം – രുഗ്മിണീഹരണം നാടകത്തിൻ്റെ ഗ്രന്ഥ സാഹിതീയത” എന്ന വിഷയത്തിൽ ഡോ. മുരളീധരൻ പ്രഭാഷണം നടത്തും.